Saturday, March 8, 2014

ജാതിഭ്രംശം


പ്രകൃതി രമണീയമായ ഒരു പ്രദേശത്തെ, നേർത്ത  അലകൾ ഞൊറിഞ്ഞൊഴുകുന്ന ഒരു പുഴയോരത്തായിരുന്നു വേദി .സാമാന്യം തൃപ്തികരമായ സദസ്സ് ...വേദിയിൽ ഉദ്ഘാടകന്റെ പ്രസംഗം പടിപടിയായി കത്തിക്കയറുകയാണ്. കഥകൾ, അനുഭവങ്ങൾ എന്നിവയൊക്കെക്കൂടി  നല്ല രസകരമായി മുന്നേറിയ  പ്രസംഗത്തിനിടയിൽ കടന്നു വന്ന ഒരു വിഷയം ജാതിചിന്തയെക്കുറിച്ചുള്ളതായിരുന്നു ...ഒരു മത സൗഹാർദ്ദ യോഗത്തിലെ  പ്രസംഗത്തെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്.

പ്രശസ്തനും പ്രഗത്ഭ വാഗ്മിയും ആയിരുന്ന മണ്‍ മറഞ്ഞ പ്രൊഫസർ ടി പി സുകുമാരൻ എന്ന ആളാണ് സംഭവത്തിലെ പ്രധാനി. അടുത്തയാൾ ഒരു ജോസഫ് ...പിന്നെ ഡബിൾ മുസ്ലിം എന്ന് പേര്  സൂചിപ്പിക്കുന്ന നമ്മുടെ ഈ ഉദ്ഘാടകനും. അദ്ദേഹം തുടർന്നു .

"നമ്മുടെ സുകുമാരൻ അന്ന് പ്രസംഗത്തിനിടയിൽ പറഞ്ഞു.
"ഞാൻ ഒരു തീയനാണ്."
അപ്രതീക്ഷിതമായ ആ പ്രഖ്യാപനം കേട്ട് വേദിയിലും സദസ്സിലും ഇരുന്നവർ അമ്പരന്നു.പിന്നെ എന്നെ ചൂണ്ടി പറഞ്ഞു. 
"നിങ്ങളും ഒരു തീയനാണ്" 
അമ്പരക്കാൻ സമയം കിട്ടും മുമ്പേ വിശദീകരണം വന്നു. 
"മുഹമ്മതീയൻ "
ഇത്രയുമായപ്പോഴേയ്ക്കും സദസ്സിൽ  ചിരി മുഴങ്ങാൻ തുടങ്ങി.അപ്പോൾ ജോസഫ് സാറിനെ ചൂണ്ടിയായി പ്രഖ്യാപനം.
"നിങ്ങളും തീയനാണ് "
സാക്ഷാൽ യേശു ഭക്തനായ ജോസഫ്സാർ എങ്ങനെ തീയനാകും...?
അതിനും ഉടൻ വിശദീകരണം ഉണ്ടായി 
"ക്രിസ്തീയൻ"
അങ്ങനെ നമ്മൾ എല്ലാ തീയന്മാരും കൂടുമ്പോൾ ആരാകും...?ആരാകും ? 
 "ഭാരതീയൻ"
കേട്ട് കൊണ്ടിരുന്നവരുടെ ചിരി  കണ്ട് ഉദ്ഘാടകനും സന്തോഷത്തോടെ തന്റെ കർമ്മം പൂർത്തിയാക്കി.
അവിടം കൊണ്ട് ഈ വിവരണം നിർത്താമായിരുന്നു.

പക്ഷെ പിന്നീട് പ്രസംഗങ്ങളുടെയും ആശംസകളുടെയും ഘോഷയാത്രയ്ക്കിടയിൽ
മൈക്ക് കയ്യിൽ  കിട്ടിയ ഒരാൾ അതി വാചാലനായി. ഉദ്ഘാടകൻ പറഞ്ഞ സംഭവത്തിന്‌ ഇയാളും സാക്ഷിയായിരുന്നൂത്രേ .അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നൊരു പ്രസ്താവനയ്ക്കു ശേഷം മുൻ പ്രസംഗം ആവർത്തിക്കപ്പെട്ടു...ഉദ്ഘാടകന്റെ പ്രസംഗം കേട്ട് ചിരിച്ച സദസ്സിനെ ഒരിക്കൽക്കൂടി ചിരിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ ആവർത്തന പ്രസംഗത്തിൽ സംഭവിച്ചത് അപ്രതീക്ഷിതമായ ചില മാറ്റങ്ങളാണ് . പ്രൊഫസർ സുകുമാരൻ  സുകുമാർ അഴീക്കോടായി. മുഹമ്മതീയൻ എന്ന പ്രയോഗം കുറച്ചുകൂടി വ്യക്തമായി സദസ്സ്യർ ഗ്രഹിക്കാൻ മുഹമ്മദ്‌ 'തീയൻ' എന്നും ക്രിസ്തീയൻ എന്നത് ക്രിസ്തു 'തീയൻ' എന്നുമായി മാറി.
ചിരിക്കണോ...? കരയണോ...?
ആടിനെ പട്ടിയാക്കാൻ കഴിയുന്നത് ഇങ്ങനെയായിരിക്കും.
എന്തായാലും ഒടുവിൽ  പറഞ്ഞ ഭാരതീയന് മാത്രം ജാതിഭ്രംശം വന്നില്ല എന്നത് ആശ്വാസം.

1 comment:

വീകെ said...

ചുരുക്കത്തിൽ ഭാരതമക്കളെല്ലാം തീയ്യന്മാരാണ്. ഭാരത മക്കൾക്ക് ഒരൊറ്റ മതം, ഒരൊറ്റ ജാതി, ഒരൊറ്റ ദൈവം....!!