Friday, June 20, 2008

കമലയോട്‌...............




കമലേ, നീയെന്തിനീ
നീര്‍മാതളത്തിന്റെ
കദനം നിനയ്ക്കാ-
തൊളിച്ചുപോയി...?
കരളില്‍ പ്രണയത്തിന്
‍തിരി തെളിച്ചാരുനിൻ
‍കനവുകള്‍ പോലും
കവര്‍ന്നെടുത്തു..?
നീലാംബരികളും
നീര്‍ത്തടാകങ്ങളും
നീ പരിപാലിച്ച
പൂവനവും,
നിന്റെ-നിശ്വാസ-
മുറഞ്ഞ പ്രകൃതിയും,
നിന്റെ സങ്കല്‍പം
നിറച്ച ദിനങ്ങളു-
മെന്തിനു വിസ്മൃത
വീഥിയില്‍ തള്ളി നീ-
യെന്തിനു പോയി
മരീചി തേടി...?
പരശതം സ്വപ്നങ്ങൾ
‍നിന്നാദര്‍ശത്തിനെ
പടുതയിടീക്കാ-
നൊരുങ്ങിയെന്നോ?
മറക്കുടക്കുള്ളില്‍നി-
ന്നിനിയും പുറത്തേയ്ക്കു
മറനീക്കിയെത്തുവാ-
നൊക്കുമെന്നോ?
ജരയും നരയും
പ്രകൃതിതന്‍ കല്‍പന-
യ്ക്കെതിരില്ല,സ്വാര്‍ഥത-
യേറുകിലും,
കാലം കനിഞ്ഞു നല്‍-
കീടും ജരാനര
മക്കനക്കുള്ളില്‍
ഒതുങ്ങീടുമോ?

Friday, June 6, 2008

നീ വരൂ .............

നീ വരൂ, സ്നേഹാല്‍
ക്ഷണിക്കുന്നു ഗായകാ
നീയെന്നരികത്തൊരല്‍പമിരിക്കുക,
ആദികവിയുടെ വാത്മീകമാണിതില്‍
ശാന്തി, സനാതന ശാന്തി നിറക്കുക...

നീവരൂ ഗായകാ..,ചാരത്തിരിക്കുക.
പാടാന്‍ മറന്നു വിതുമ്പുമെന്‍ മാനസ
ഗാന സാമ്രാജ്യത്തിന്‍ പാഴ്‌ ശ്രുതിമാറ്റുക,
നിന്റെ കരാംഗുലി ലാളനത്താല്‍, വീണാ
തന്ത്രിയില്‍ രാഗവും താളവും ചേര്‍ക്കുക

ഈ നിത്യ ശാന്തി തന്‍
ധന്യത പൂണ്ടു ഞാന്‍
എല്ലാം മറന്നൊന്നു പാടിടും നാള്‍ വരെ
നീയെന്നരികത്തു ചേര്‍ന്നൊന്നിരിക്കുക
നീ വരൂ ഗായകാ, ചാരത്തിരിക്കുക