Saturday, December 29, 2012

അണയാത്ത ജ്യോതി...


http://www.youtube.com/kottottikkaran


അണയാത്ത ജ്യോതി..
**********************

പോകുക സഖി,വിടയേകുന്നു കണ്ണീരോടെ,
കാമഭ്രാന്തരില്ലാത്ത മറ്റൊരു ലോകത്തേക്ക്.

അന്നു നീ കൊളുത്തിയപ്രതിഷേധത്തിന്‍, അഗ്നി
കത്തിജ്ജ്വലിക്കുന്നിന്നും;ഭാരതഹൃദയത്തില്‍.
*** *** ***

ഓര്‍ക്കുകയാണ് ഞാനെന്‍ മാതൃഭൂമിതന്‍ മഹാ -
സംസ്കൃതി വിളങ്ങിയ നല്ല നല്ല നാളുകള്‍

ഭാരതം,സംസ്കാരത്തിന്‍ മാതൃകാ സ്ഥാനം,സ്ത്രീയെ,
മാന്യയായ്‌ കരുതിയ പുണ്യമാം പൂങ്കാവനം.

നാടിനെ സ്നേഹിച്ചവര്‍ അറിവിന്‍ മൊഴി മുത്താല്‍
നല്ലത് ചൊല്ലി, സ്ത്രീയെ ദേവതയായിക്കണ്ടു .!


അവള്‍ക്കായ് കാവ്യമെത്ര രചിച്ചു, പ്രകൃതിതന്‍
പ്രതിബിംബമെന്നെത്ര സ്തുതിഗീതികള്‍ പാടി...?! .

അവള്‍ക്കായ് സ്മാരകങ്ങള്‍ ഉയര്‍ത്തി പ്രഭൃതികൾ,
അവള്‍ക്കായ്‌ സാമ്രാജ്യങ്ങള്‍ ത്യജിച്ചു സുകൃതികള്‍ !

വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തിയായിരുന്നവള്‍,
ലോക സംസ്കാരത്തിന്റെ അടിസ്ഥാനമായവള്‍ ....!

എത്രയോ വസന്തങ്ങള്‍ വിടര്‍ത്തിയവള്‍, സ്നേഹ -
വര്‍ത്തിയായ്‌,ഭൂവില്‍ ശാന്തിവിളക്കായ് തെളിഞ്ഞവള്‍....!

ത്യാഗമാണവള്‍,ക്ഷമാശീലയാണവള്‍, സീതാ -
ദേവിയാണവള്‍,ഝാന്‍സിറാണിയായ് ശോഭിച്ചവള്‍ ....!

ഐശ്വര്യലക്ഷ്മിയവള്‍ അക്ഷര സിദ്ധിയവള്‍
ഭദ്രകാളിയായ് ദുഷ്ടനിഗ്രഹം നടത്തുവോള്‍ ...!!

ഭാരത മാതാവിന്റെ അരുമപ്പെണ്‍കൊടികള്‍,
ഏറെയുണ്ടേറ്റു പാടാന്‍ അവര്‍ തന്‍ മാഹാത്മ്യങ്ങള്‍...!!

കൌതുകക്കുഞ്ഞായവള്‍ ഭൂമിയില്‍ ജനിക്കുന്നു;
ബാല്യകൌമാരങ്ങള്‍തന്‍ വേദിയില്‍, ആറാടുന്നു....!

യൗവനം പ്രകൃതിതന്‍ നിലനില്പിൻ, ഭാഗമായ്
പ്രണയമുഹൂര്‍ത്തങ്ങള്‍ തീര്‍ത്തവള്‍ രാജിക്കുന്നു...!!

ഭാര്യയായ് പുരുഷനെ പൂര്‍ണ്ണനാക്കുന്നു, പിന്നെ
അമ്മയായ് തലമുറ വളര്‍ത്തിയെടുക്കുന്നു,

'സ്ത്രീ'യെന്നതൊരു നാമം എങ്കിലും ജയിപ്പവള്‍
ജീവിതയാത്രയിതില്‍ ഭിന്നമാം വേഷങ്ങളില്‍.

കാലചക്രങ്ങള്‍ എത്ര കടന്നേ പോയ്, ഭാരതം
ഹീനമാം സംസ്കാരത്തിന്‍ ചുഴിയില്‍ പുതഞ്ഞുപോയ്‌.

എപ്പൊഴോ ദുര്‍ഭൂതങ്ങളിത്തിരു മണ്ണിന്‍ മാറില്‍
ദുഷ്ടത തന്‍ വിത്തുകള്‍ കൃത്യമായ് വിതച്ചു പോയ്...!

അമ്മ,പെങ്ങന്മാര്‍,കുഞ്ഞുമക്കളെന്നില്ല ഭേദം
അധമജന്മങ്ങള്‍ മണ്ണില്‍ പുളച്ചു മദിക്കുന്നു....!

സൗമ്യ,ശാരിമാര്‍,ജ്യോതി പേരിലെന്തിരിക്കുന്നു ?!
ജീവിതം പൊലിഞ്ഞതാം എത്രയോ പെണ്‍കിടാങ്ങള്‍......!!

അവരെ വീണ്ടുംവീണ്ടും കശക്കി ഞെരിക്കുവാന്‍
വാക്ശരങ്ങളുമായി കാത്തിരിക്കുന്നു ചിലര്‍ .. !

മാധ്യമങ്ങളീ വാര്‍ത്ത ഘോഷമാക്കുന്നു,പ്രാണന്‍
പിടയും പെണ്ണിന്‍ മാനം പിന്നെയും പന്താടുന്നു ...!

അച്ഛനെ ശങ്കയോടെ നോക്കിയിരിപ്പു മകള്‍,
മകളെ സ്നേഹിക്കുവാന്‍ അച്ഛനും പേടിക്കുന്നു....!

ചേട്ടനും കാട്ടീടുമോ ചീത്ത സ്വഭാവങ്ങള്‍,എ -
ന്നോര്‍ത്തനുജത്തി,യന്തര്‍മുഖിയായ് മാറീടുന്നു.?!

മകളെ മാറോടു ചേര്‍ത്തമ്മ വെന്തുരുകുന്നു,
അമ്മതന്‍ സ്വാന്തനവും അവളെ ഞടുക്കുന്നു...!!

തന്നിലേയ്ക്കൊതുങ്ങുവാന്‍ പെണ്ണവള്‍ പിടയുന്നു,
ചുറ്റിലും ഭയം മൌനസ്ഫോടനം തുടരുന്നു....!!

സ്വസ്ഥത സമാധാനം വെറും പാഴ് കിനാവുകള്‍
ഭാരതമശാന്തിതന്‍ തീയിലൂടൊഴുകുന്നു ...!

മാറുമോ സ്ഥിതിയിത് ?മാറണം! മനുഷ്യത്വം-
മരവിച്ചൊരു ലോകം നശിക്കുന്നതേ ഭേദം ..!

ഉണർന്നീടുക യുവജനതേ ,യലസത -
വെടിഞ്ഞീ രണഭൂവില്‍ ധീരമായ് പൊരുതുക ...!

ദുഷിച്ച ജന്മങ്ങളെ വേര്‍തിരിച്ചറിയുക
യുക്തമാം ശിക്ഷാവിധി നടപ്പില്‍ വരുത്തുക

ഒട്ടുമേ വേണ്ട, ദയാദാക്ഷിണ്യം, കടും ശിക്ഷ
കൊടുക്കുന്നതേ നല്ലൂ,കാലവിളംബമെന്യേ....!

കൊല്ലരുത്,വേരോടെ ഛേദിച്ചു കളയണം,
പുഴുത്തു ചത്തീടട്ടെ വിഷവിത്തുകള്‍ മൊത്തം ...!

നീതിപീഠമേ കണ്ണു തുറക്കൂ, പുതിയൊരു
ന്യായ വ്യവസ്ഥ വ്യക്തം എഴുതിച്ചേര്‍ക്കൂ ശക്തം...!!!

Sunday, December 23, 2012

ചേതയുടെ പ്രസവവും എനിക്കു കിട്ടിയ ഓഫറും..
                   ഗവണ്മെന്റ്റിന്റെ പുതിയ തീരുമാനമനുസരിച്ച്, തൊഴിൽ ഉറപ്പു പദ്ധതിയുടെ സഹായം  ആവശ്യമുള്ള സ്ഥലമുടമകൾ തൊഴിലാളികളോടൊപ്പം പണിയെടുത്മതിയാകു എന്നതിനാൽ കഴിഞ്ഞ 32 കൊല്ലങ്ങളായി മണ്ണിൽ തൊടാത്ത എനിക്ക് എന്റെ രണ്ട് വയസ്സുള്ളറബ്ബർക്കുഞ്ഞുങ്ങൾക്കു പുതയിടാൻ മണ്ണിലിറങ്ങേണ്ടി വന്നു.
എന്റെ ബാല്യകൌമാരങ്ങൾക്ക്  ആഘോഷ വേദിയായിരുന്ന വീടും പറമ്പും  ...വർഷങ്ങൾക്കു ശേഷം പണ്ടത്തെ ആ നാടൻ പെണ്ണിലേയ്ക്കുള്ള യാത്ര എനിക്കുനൽകിയ ആനന്ദം വർണ്ണനാതീതമായിരുന്നു....
ഞങ്ങളുടെ വാർഡിലെ മസ്റ്റർ റോളിൽ പേരുള്ള മറ്റു സ്ത്രീകളൊടൊപ്പം ഞാനും അവരേപ്പോലെ വെയിലിൻ നിന്നും രക്ഷപ്പെടാൻ ആവശ്യമായ മുൻ കരുതലുകളോടെ കുന്നിൻ ചെരുവിലെ ചുട്ടുപൊള്ളുന്ന വെയിലത്ത് പ്ലാറ്റുഫോമുകൾക്കിടയിലെ  കാടു തെളിച്ച് അത് റബ്ബറിനു പുതയാക്കുന്ന ജോലിയിൽ മുഴുകി.
ഈ വർഷത്തെ മഴയുടെ പ്രത്യേകതകൊണ്ട് പതിവിലധികം വളർന്ന കാരമുള്ളുകൾ നിറഞ്ഞ കാടു തെളിക്കുക ശ്രമകരമായി രുന്നു.എന്നിട്ടും ഞാനത് ആസ്വദിച്ചു.
നടപ്പ് എന്നത് ഏറെക്കാലമായി ഞാൻ ഉപേക്ഷിച്ച ഒരു കാര്യം ആയിരുന്നു...നടന്നു പോകേണ്ടുന്ന ലക്ഷ്യമാണെങ്കിൽ ആ യാത്രയേ വേണ്ടെന്ന നിലപാടായിരുന്നു എന്റേത്...പക്ഷേ പണിനടക്കുന്ന കുന്നിൻ മുകളിലേക്കു  കുടിവെള്ളവും ചായയുമായി പലവട്ടം കയറാനും ഇറങ്ങാനും കെ പണിയനും എനിക്കു ഒരു മടിയും തോന്നിയില്ല.
ഇതിനേക്കാളേറെ എന്നെ സന്തോഷിപ്പിച്ചത് നാട്ടിൻ പുറത്തെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ നേരിട്ടു മനസ്സിലാക്കാൻ അവരം കിട്ടി എന്നതാണ്..
പണിയെടുക്കുന്നതിനിടയിലും വിശ്രമസമയത്തും വീട്ടു വിശേഷങ്ങൾ...നാട്ടു വിശേഷങ്ങൾ... തുടങ്ങി അവർ സംസാരിക്കാത്ത വിഷയങ്ങൾ ഇല്ല. അങ്ങനൊരു വേളയിലാണ് ശ്വേതയുടെ പ്രസവം വിഷയമായത്....
“എന്തൊരു നാണം കെട്ട പരിപാടിയാണത് ”എന്നാണ് തുടങ്ങിയത്....കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ അവർ മനസ്സു തുറന്നു ചർച്ചചെയ്തു.
സിനിമയ്ക്കുവേണ്ടി അത് ഷൂട്ട് ചെയ്ത ബ്ലെസ്സിയേയും അവർ വെറുതെ വിട്ടില്ല...
‘ടീവിയിലൊക്കെ അതു വരുമ്പോൾ കുട്ടികളോടൊപ്പമിരുന്നു കാണാൻ പറ്റുമോ...?ശ്വേത അതിനു സമ്മതിച്ചാലും ബ്ലെസ്സി അതു ഷൂട്ടു ചെയ്യാൻ പോകരുതായിരുന്നു ..’.
കർക്കശസ്വരത്തിലാണവർ ഓരോന്നും പറഞ്ഞത്...
‘ഐശ്വര്യ റായ് ആയിരിക്കും അങ്ങനെയൊക്കെ  ചെയ്യാൻ തയ്യാറാകുക എന്നായിരുന്നു കരുതിയത്. പക്ഷെ അവൾ എത്ര ഡീസെന്റാ.....ആ കുഞ്ഞിനെ ആരുടേയും മുന്നിൽ പ്രദർശിപ്പിക്കാ‍ൻകൂടി അവൾ തയ്യാറായിട്ടില്ല.’
സംസാരത്തിന്റെ തീവ്രത കൂട്ടാൻ ഞാൻ ഇടയ്ക്കിടെചില ചോദ്യങ്ങൾ ചോദിച്ചു....
‘എന്താണ് ഷൂട്ട് ചെയ്തതെന്ന് ആരെങ്കിലും കണ്ടിരുന്നോ..?ആ സിനിമ പുറത്തിറങ്ങിയതു പോലുമില്ല....പിന്നെന്തിന്റെ പേരിലാണ് ഇങ്ങനെ രോഷം കൊള്ളുന്നത്...?പിന്നെ കുട്ടികളായാലും ‘നിന്നെ പത്തു മാസം ചുമന്നു നൊന്തു പെറ്റു’ എന്നൊക്കെ അമ്മമാർ പറയുന്നതല്ലേ കേട്ടിട്ടുള്ളു...ആ വേദനയും വിഷമവും എന്തെന്ന് ഒന്നു കണ്ടറിയാനുള്ള അവസരം നൽകാൻ ശ്വേതയെങ്കിലും തയ്യാറായതിൽ അഭിമാനം തോന്നുകയല്ലേ വേണ്ടത്...?നിങ്ങളിൽ ആരെങ്കിലും അതിനു തയ്യാറാകുമായി രുന്നൊ ...?വിദേശ രാജ്യങ്ങളിലൊക്കെ കുട്ടികൾ ഇതൊക്കെ കണ്ടുമനസ്സിലാക്കി പഠിക്കുന്നു...ഇംഗ്ലീഷു സിനിമകളിലും മറ്റും ഇത്തരം രംഗങ്ങൾ ഒരു പുതുമയേ അല്ല...’
സന്ദർഭത്തിനനുസരിച്ച് ഞാൻ ചോദിക്കുകയും പറയുകയും ചെയ്ത വാക്കുകൾ പൂർത്തിയാകും മുൻപ് അവർ അതിനെ ഖണ്ഡിക്കുും മോദ്യങ്ങോദിക്കുകും അവരുടെ മനസ്സിലുള്ളത് പുകും യ്യും..
‘മറ വേണ്ട കാര്യങ്ങൾ മറച്ചു തന്നെ ചെയ്യണം ...അല്ലാതെ നാണോം മാനോം ഇല്ലാതെ എല്ലാം തുറന്നു വച്ചു ചെയ്യുകയല്ല വേണ്ടത്.. എന്നാപ്പിന്നെ അതൊണ്ടാക്കിയപ്പോളത്തേതു കൂടി അങ്ങു കാണിച്ചുകൂടായിരുന്നോ അവൾക്ക്...’.
(ആ പ്രയോഗത്തിൽ എനിക്കൊരു ചമ്മലുണ്ടായി)
അമർഷം തീരുന്നില്ല
‘ഒരു ചേത....അതിനെല്ലാം കൂട്ടു നിക്കാൻ ഒരുകെട്ട്യോനും.....! ഒണ്ടല്ലോ കൊറേ സംഘടനകളും പെണ്ണുങ്ങളും ഒക്കെ.. ഒരുത്തിയുണ്ടോ ഇതിനെതിരെ എന്തേലും പറയാൻ...?’

‘നിങ്ങൾക്കും  പ്രതികരിക്കാം കെട്ടൊ.’
ഞാനവരെ സമാധാനിപ്പിച്ചു.
‘ഞങ്ങൾ ഇവിടെക്കിടന്നു പറഞ്ഞിട്ടെന്തു കാര്യം.... ആരെങ്കിലും കേൾക്കുമൊ?‘
‘ശരി നിങ്ങളുടെ പ്രതിഷേധം ഞാൻ ബ്ലോഗിലും ഫെയിസ് ബുക്കിലും ഇടാം...ലോകം മുഴുവൻ അറിഞ്ഞു കൊള്ളും ...’

അപ്പോഴാണ് എനിക്ക് ആ ഓഫർ കിട്ടിയത്.
“ചേച്ചി  അപ്പറഞ്ഞപോലെ(ബ്ലോഗും ഫെയിസ് ബുക്കും അവർക്ക് അപരിചിതമായ കാര്യങ്ങൾ) ചെയ്യുകയാണെങ്കിൽ   മസ്റ്റർ റോളോ കൂലിയോ ഒരു തുള്ളി വെള്ളം പോലുമോ  വേണ്ട  രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ ഞങ്ങൾ ഈ പറമ്പിൽ പണിയെടുത്തു തരാം...”

അവരുടെ വാക്കുകൾ സത്യത്തിൽ എന്റെ വായടപ്പിച്ചു....ഞാൻ കരുതിയതിലും എത്രയോഅധികം സാമൂഹിക പ്രതിബദ്ധത അവരിൽ ഉണ്ട്...ഇന്നു സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും എത്ര ഗഗനമായാണ് അവർ ചർച്ച ചെയ്യുന്നത്...ശരിക്കും അവർ ഒരുങ്ങിയിറങ്ങിയാൽ ആർക്കാണ് അവരെ തടയാൻ , തകർക്കാൻ കഴിയുക.
ഒരു കാര്യം കൂടി ഞാൻ ചോദിച്ചു.
“ശ്വേതയെ നിങ്ങളുടെ മുന്നിൽ കിട്ടിയാൽ എന്താണ് നിങ്ങൾ അവരോടു പറയുക...?”
“ പറയുകയല്ല...ആദ്യം കൈ നിവർത്ത് അവളുടെ കരണത്ത് രണ്ടു പൊട്ടിക്കും...എന്നിട്ടേ ഉള്ളു മറ്റെല്ലാം...”
ആ വാക്കുകളിലെ ഊറ്റം....ആ കണ്ണുകളിലെ തിളക്കം....
എനിക്കതു മറക്കാൻ കഴിയുന്നില്ല...


തൊഴിലിരിപ്പ് എന്ന് പരിഹസിക്കേണ്ട ....ശരിക്കും പണിചെയ്തു മടുത്തപ്പോഴാ ഒന്നിരുന്നത്. ഇപ്പോള്‍ കിട്ടുന്ന ഈ ചായയ്ക്കും കടിക്കും എന്ത് രുചിയാണെന്നോ 


ചെറിയ കാടൊന്നും അല്ല .കമ്മ്യൂനിസ്റ്റ് പച്ച യ്ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്ന കൂറമുള്ള് ആണ് വില്ലന്‍ .


പുതിയ വേഷവും പുതിയ കൂട്ടുകാരും...എപ്പടി...?

Sunday, December 9, 2012


കൊല്ലൂർ മൂകാംബിക.


                                                                    സൌപർണ്ണിക

                           തടയണകെട്ടി നിര്‍ത്തിയിരിക്കുന്ന വെള്ളം 

                                  
                                 ഡിസംബർ ആയപ്പോഴേയ്ക്കും വെള്ളംഒഴുകാന്‍ മറന്നു തുടങ്ങിയിക്കുന്നു

                                അല്പം ആഴമുള്ളഭാഗമാകട്ടെ അപകടമേഖലയായി നിലകൊള്ളുന്നു

                                      കൊല്ലൂരിലെ സൂര്യാസ്തമയം  2012 ഡിസംബർ 8


കൊല്ലൂര്‍ മൂകാംബികാ ടെമ്പിള്‍  
  
സ്വര്‍ണ്ണ രഥം 

                                                                           ദീപ സ്തംഭം


                                                                      മുരുടേശ്വര്‍
                                 കന്യാകുമാരിയെ ഓര്‍മ്മിപ്പിക്കും വിധം  മൂന്നു ഭാഗവും കടലാണ്

                                     
                                              കടല്‍ക്കാഴ്ച

                                       

                                                          മറുഭാഗം

                                     ഗോപുരത്തിന്റെ പതിനെട്ടാം നിലയില്‍ നിന്നുള്ള ദൃശ്യം
                                                                 ഗോപുരം
                                                              സമീപകാഴ്ചകള്‍
  സമീപകാഴ്ചകള്‍ 
 
  സമീപകാഴ്ചകള്‍

 

                                                                   മുരുടേശ്വര ക്ഷേത്രം

                                         മുരുടേശ്വര ക്ഷേത്രവും  മുരുടേശ്വര പ്രതിമയും Wednesday, November 14, 2012

നാം ആശിക്കുന്നതും ദൈവം കല്‍പ്പിക്കുന്നതും

നാം ആശിക്കുന്നതും  ദൈവം കല്‍പ്പിക്കുന്നതും 

 അയല്‍ക്കാരും സുഹൃത്തുക്കളും ആയ ഞങ്ങള്‍ കുറച്ചു ഫാമിലി എല്ലാവര്‍ഷവും ഓരോ  യാത്ര പോകുക എന്ന പതിവ് തുടങ്ങിയിട്ടു ഒരുപാട് നാളുകളായി ...അതനുസരിച്ച് ഞങ്ങളുടെ കഴിഞ്ഞ യാത്ര  ഡല്‍ഹിയിലേക്കായിരുന്നു. അടുത്ത ലക്‌ഷ്യം ഹൈദ്ര ബാദും ...കഴിഞ്ഞ ഡിസംബറില്‍ നടക്കേണ്ടിയിരുന്ന യാത്ര പലപല കാരണങ്ങള്‍ കൊണ്ട് തിയതികള്‍ മാറിമാറി ഈ നവമ്പര്‍ 8ന്
എന്ന് തീര്‍ച്ചയായി.ട്രെയിനില്‍ പോകാനും ഫ്ലൈറ്റില്‍ മടങ്ങാനും മുന്‍ കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തു. ഓരോരുത്തരും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്തു തുടങ്ങി.

പക്ഷെ ഞങ്ങളുടെ മനസ്സില്‍ മാത്രം ഒരുല്‍സാഹം ഉണ്ടായില്ല. കാരണം  ചന്ദ്രേട്ടന്റെ അമ്മ പ്രായത്തിന്റെ  അസ്കിതയില്‍ കിടപ്പിലായിരുന്നു.കാൽ മുട്ടിനു വേദന ഉള്ളതിനാല്‍ നടക്കാന്‍ കഴിയില്ലെന്നതൊഴിച്ചാല്‍ മറ്റു ബുദ്ധിമുട്ടുകള്‍ അത്രയൊന്നും ഉണ്ടായിരുന്നില്ല എങ്കിലും മക്കളൊക്കെ, പ്രത്യേകിച്ച്  ഏകമകന്‍  (അമ്മയ്ക്ക് ഒരു മകനും    അഞ്ചുപെണ്മക്കളും  ആണുള്ളത്)  അടുത്ത്  ഉണ്ടാകണമെന്നത്   വലിയ ആശയാണ് .ദിവസത്തില്‍ ഒരു പ്രാവശ്യമെങ്കിലും കണ്ടില്ലെങ്കില്‍ "മോന്‍ എവിടെപ്പോയി...?"എന്ന അന്വേഷണമാണ് .

തറവാട്ടില്‍ അവിവാഹിതരായ രണ്ടു പെണ്മക്കള്‍ ആണ് അമ്മയെ നോക്കിയിരുന്നത് .അധിക ദൂരത്തല്ല  ഞങ്ങള്‍ .അതുകൊണ്ട്  എല്ലാ ദിവസവും മകന്‍ അമ്മയുടെ അടുത്തെത്തും ..ഇതിനിടയില്‍ നടക്കുമായിരുന്ന ചില യാത്രകള്‍(ഒരു ദുബായ് യാത്രയും മുംബൈ യാത്രയും ഉള്‍പ്പെടെ ) ഞങ്ങള്‍ ഒഴിവാക്കിയത് അമ്മയുടെ വിഷമം ഓര്‍ത്തു തന്നെയാണ്.പോകാനുള്ള അനുവാദം അമ്മയോട് ചോദിച്ചാല്‍ ഉടന്‍ പറയും "വേണ്ട മോനെ....ഞാന്‍ പോയിട്ട് നീ എവിടെ വേണേലും പൊയ്ക്കോ "എന്ന്.എന്തായാലും അമ്മയെ വിഷമിപ്പിച്ചൊരു യാത്ര വേണ്ടെന്നു ഞങ്ങള്‍ കരുതി.

പക്ഷെ ,ഹൈദ്രബാദ് യാത്ര ഞങ്ങളുടെ മാത്രം കാര്യമല്ലാതിരുന്നതിനാല്‍ ഞങ്ങളുടെ പിന്മാറ്റം ഒരു പ്രശ്നമായിരുന്നു.എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനാകാതെ ഞങ്ങള്‍ വിഷമിച്ചു.പോകാനും പോകാതിരിക്കാനും വയ്യാത്ത ഒരവസ്ഥ ....ഒടുവില്‍ അമ്മയെ പറഞ്ഞ് അനുനയിപ്പിച്ച് മൂത്ത പെങ്ങള്‍ അനുവാദം വാങ്ങിത്തന്നു.

എങ്കിലും പോകാനുള്ള ദിവസം അടുക്കുന്തോറും ഞങ്ങളുടെ അസ്വസ്തത കൂടി വന്നു.തലേ ദിവസമായിട്ടും പോകാനുള്ള ഒരുക്കം  ഞങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല.ഇതിനിടയില്‍ ഒരു ദിവസം അമ്മയെ ആസ്പത്രിയില്‍ കിടത്തി ശരീരത്തിന് അല്പം ഊര്‍ജ്ജം ലഭിക്കാനുള്ള ചികിത്സ
ഞങ്ങള്‍ ചെയ്തിരുന്നു....മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി സംതൃപ്ത ജീവിതം നയിക്കുന്ന അമ്മ ....പെട്ടെന്നൊരു  നിത്യ നിദ്രയിലേയ്ക്ക് വീഴുമെന്ന നിലയില്‍ ആയിരുന്നില്ലെന്നത് അരമനസ്സോടെയുള്ള ഞങ്ങളുടെ യാത്രാ ഒരുക്കങ്ങള്‍ക്ക് പ്രേരണയായി.
അഞ്ചു ദിവസത്തെ യാത്രയാണ്. 8നു പുലര്‍ച്ചയ്ക്ക് പുറപ്പെട്ടാല്‍ 13നു സന്ധ്യക്ക്‌ തിരിച്ചെത്തും .
മകന്റെ ഭാര്യയും കുഞ്ഞും വീട്ടിലുണ്ട്. അവരെ അവളുടെ വീട്ടില്‍ കൊണ്ടാക്കണം ...അവളും അതിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. പതിവുപോലെ അമ്മയെ കണ്ട് ഉച്ച കഴിഞ്ഞാണ് ചന്ദ്രേട്ടന്‍ വീട്ടില്‍ വന്നത്. ഊണ് കഴിക്കും മുന്‍പേ ഒരു ബാഗില്‍ ഡ്ര സ്സുകളും മറ്റ് അത്യാവശ്യ സാധനങ്ങളും എടുത്തു വച്ചു . എന്റെ ഡ്രസ്സുകള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഊണ്  കഴിഞ്ഞാകാം എന്ന് ഞാന്‍ ഒഴിഞ്ഞു മാറി...

ഭക്ഷണം കഴിഞ്ഞ് ഞാന്‍ പാത്രങ്ങള്‍ കഴുകാന്‍ തുടങ്ങിയപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു .ഫോണ്‍  സംഭാഷണം കഴിഞ്ഞ് ചന്ദ്രേട്ടന്റെ ഭാവമാറ്റം കണ്ടപ്പോള്‍ എനിക്ക്   എന്തോ അരുതായ്ക തോന്നി....

"അമ്മയ്ക്ക്...?" എന്റെ ചോദ്യത്തിന്  "ഒന്നുമില്ല ...മാധവിക്കു തലചുറ്റല്‍ പോലും "എന്നാ മറുപടിയാണ് കിട്ടിയത്.അമ്മയോടൊപ്പമുള്ള ഇളയ പെങ്ങളാണ് മാധവി.പുലര്‍ച്ചയ്ക്ക് എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ചാവി തിരിച്ചു വിട്ട പാവയെപ്പോലെ വിശ്രമം ഇല്ലാതെ പണിയെടുക്കുന്ന ഒരപൂര്‍വ ജന്മമാണത്.ആര്‍ക്ക് എന്ത് സഹായം വേണമെങ്കിലും അറിഞ്ഞു ചെയ്യും അവള്‍.ഒരു പനിയോ തലവേദനയോ വന്നു ഒന്ന് കിടക്കുന്നത്  ആരും കണ്ടിട്ടില്ല.അഥവ
അങ്ങനെന്തെങ്കിലും ഉണ്ടായാല്‍ തന്നെ ഡോക്ടറെ കാണാനോ മരുന്ന് വാങ്ങാനോ അവള്‍ സമ്മതിക്കുകയുമില്ല. അങ്ങനെയുള്ള മാധവിക്കാണ് തല ചുറ്റല്‍ എന്ന് അറിയിച്ചത്... 

അതുകൊണ്ടുതന്നെ ഒട്ടും വൈകാതെ, എന്നെപ്പോലും കൂട്ടാതെ ചന്ദ്രേട്ടന്‍ ഉടന്‍ വണ്ടിയെടുത്ത്  തറവാട്ടിലെത്തി .പ്രഷര്‍ കൂടിയതാണോ എന്ന് ചെക്ക് ചെയ്തു നോക്കുമ്പോള്‍ ഒരു റിസള്‍ട്ടും കിട്ടിയില്ല.അപ്പോള്‍ ത്തന്നെ കാറില്‍ കയറ്റി ആസ്പത്രിയിലേക്ക് പുറപ്പെട്ടു.തൊട്ടടുത്ത വീട്ടിലെ സ്ത്രീ കൂടെയുണ്ടായിരുന്നു.ആസ്പത്രിയില്‍ എത്തിയില്ല .അതിനുമുമ്പേ .......!!

 അവിടം കൊണ്ട് ഒന്നും തീര്‍ന്നില്ല...തുടങ്ങിയതെ ഉള്ളു.ആസ്പത്രിയിലേക്ക് പുറപ്പെടും മുമ്പ് എന്നെ വിളിച്ച് "നീ വേഗം ആസ്പത്രിയിലേക്ക്  വാ"എന്ന് മാത്രം ചന്ദ്രേട്ടന്‍ പറഞ്ഞു.
ആ വാക്കുകളിലെ ഇടര്‍ച്ച എനിക്ക് മനസ്സിലായി.സീരിയസ്സാണ് കാര്യം എന്നേ തോന്നിയുള്ളൂ.കൂടി വന്നാല്‍ ഐ സി യു വിലാണ് എന്ന് കേള്‍ക്കും എന്ന വിചാരത്തിലാണ് ഞാന്‍ അവിടെ എത്തിയത്.പക്ഷെ....നെഞ്ചുവിങ്ങിക്കരയുന്ന ചന്ദ്രേട്ടന്‍...വിളറി വെളുത്ത് തരിച്ചിരിക്കുന്ന അയല്‍ക്കാരി.{അവരുടെ മടിയില്‍ കിടന്നാണല്ലോ.... )ബന്ധുക്കളെ വിവരം അറിയിക്കുന്ന സുഹൃത്തുക്കള്‍...എല്ലാരേയും അറിയിക്കാം ..

.പക്ഷെ.....പോയി വരുമെന്ന പ്രതീക്ഷയോടെ അനുജത്തിയെ   കാറില്‍ പിടിച്ചു കയറ്റി അയച്ച ചേച്ചിയോട്  എങ്ങനെ പറയും...?
"വണ്ണം കുറഞ്ഞാലും എന്റെ മക്കളുടെ എണ്ണം കുറയല്ലേ ദേവി "എന്ന് നിത്യവും പ്രാര്‍ഥിക്കുന്ന അമ്മയെ എങ്ങനെ അറിയിക്കും?

അതൊരു പരീക്ഷണഘട്ടം ആയിരുന്നു.വിവരം  അറിഞ്ഞവര്‍ വിശ്വസിക്കാനാകാതെ സംശയം തീര്‍ക്കാന്‍ വീട്ടിലേയ്ക്ക് വിളിച്ചു.ആരും പറഞ്ഞില്ലെങ്കിലും തുടരെയുണ്ടായ അന്വേഷണം ചേച്ചിയില്‍  സംശയം ഉണര്‍ത്തി.ആ സംശയ നിവൃത്തിക്കായി അവര്‍ ഞങ്ങളെ വീണ്ടും വിളിച്ചു. അമ്മ അറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞങ്ങളും സത്യം  ചേച്ചിയെ അറിയിച്ചില്ല.
നേരിട്ട് പറയാം എന്ന തീരുമാനത്തോടെ , ബോഡി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍  ഏര്‍പ്പാട് ചെയ്ത ശേഷം ഞങ്ങള്‍ എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചിരുന്നു.

 ഉറക്കെക്കരയാനാകാതെ കരച്ചില്‍ ഉള്ളില്‍ ഒതുക്കി നെഞ്ചത്തടിക്കുന്ന ചേച്ചിയെ കണ്ടു നില്ക്കാന്‍ കഴിയുമായിരുന്നില്ല .ദൂരെയുണ്ടായിരുന്ന പെണ്മക്കള്‍ അമ്മയുടെ മരണം ആണ് പ്രതീക്ഷിച്ചത്  .വീട്ടിലെത്തി സത്യം അറിഞ്ഞപ്പോള്‍....!!.ഉച്ചത്തില്‍ കരയരുതേ എന്ന്‍ യാ ചിക്കാനെ  എനിക്ക് കഴിഞ്ഞുള്ളൂ ...

അമ്മയോട് ആരും പറഞ്ഞില്ല പക്ഷെ എല്ലാം അമ്മ അറിയുന്നുണ്ടായിരുന്നു എന്നത് സ്പഷ്ടം.അഞ്ചു മിനിറ്റ് കാണാതിരുന്നാല്‍ മോളെ...മോളെ...എന്ന് വിളിക്കുന്ന അമ്മ അന്നേ ദിവസം ഒന്നും മിണ്ടിയില്ല കണ്ണ് തുറന്നില്ല ആരുവിളിച്ചിട്ടും പ്രതികരിച്ചില്ല .വെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കിയില്ല.രാത്രി ഇരുണ്ടു വെളുത്തു ...

ഒറ്റ രാത്രി കൊണ്ട് അമ്മ ഊ ര്‍ജ്ജം  എല്ലാം ചോര്‍ന്ന ഒരെല്ലിന്‍ കൂടായി....ആര്‍ക്കാണ്  അപകടം സംഭവിച്ചിരിക്കുന്നതെന്നകാര്യം അമ്മയ്ക്ക് വ്യക്തമായിരുന്നില്ല....മാധവി ഒഴികെ എല്ലാ മക്കളെയും അമ്മ വിളിച്ചു.എല്ലാരും അമ്മയെ മുഖം കാണിച്ചു.എന്നാലും  ഇനിയും ആരെയോ തേടുകയായിരുന്നു ആ കണ്ണുകള്‍ ....ബോഡി കൊണ്ടുവന്നപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു."അമ്മയ്ക്ക് മാധവിയെ കാണണോ ...?"അമ്മ തല അനക്കി.
ഒന്ന് കാണിക്കാതെ കൊണ്ട് പോയാല്‍ പിന്നെ ഒരിക്കലും സാധിക്കില്ലല്ലോ.എഴുന്നേറ്റിരിക്കാന്‍ അമ്മയ്ക്ക് കഴിയുമായിരുന്നില്ല. അമ്മയുടെ അരികിലേയ്ക്ക് ആ ബോഡി കൊണ്ട് വന്നു കാണിച്ചു.അമ്മ ഒന്നും മിണ്ടാതെ കണ്ണടച്ചതെ ഉള്ളു.....
ഏത്  മുജ്ജന്മ പാപമാണ് അമ്മക്ക് അവസാനകാലത്ത്  ഈ തീരാ ദുഃഖം നല് കിയത്.....?

എല്ലാരുടെയും മനസ്സില്‍ ഞടുക്കമുണര്‍ത്തുന്ന ഓര്‍മ്മയായി മാധവി പോയി....!ആര്‍ക്കും ഒരു ഭാരമാകാതെ....ആരെയും കാത്തു നില്‍ക്കാതെ....!നല്ല മരണം ....!

പക്ഷെ...അമ്മ....!ഓരോ നിമിഷവും എണ്ണി ത്തീ ര്‍ക്കുകയാണ്...അമ്മയുടെ മുന്‍പില്‍ കരയാതെ പിടിച്ചു നില്‍ക്കുന്ന ചേച്ചിയോട് ചിലപ്പോള്‍ ചോദിക്കും ...
"മോളെ...നീയിതെങ്ങനെ സഹിക്കുന്നു..?."
സഹനത്തിന്റെ പാരമ്യതയില്‍ അമ്മ ആവശ്യപ്പെടുന്നു....
" എനിക്ക്....മരുന്നുതാ  മോളെ..."
"എന്തിനു..?"
കുഴഞ്ഞ ശബ്ദത്തില്‍ മറുപടി.
"വേഗം പോകാന്‍...?"
അതിനുള്ള കാത്തിരിപ്പിലാണ് അമ്മയിപ്പോള്‍.
 ***                                 **                          ***

തലേന്ന് അമ്മ പൊടുന്നനെ ചന്ദ്രേട്ടനോട് പറഞ്ഞു..
"നീ പോകേണ്ട മോനെ"  .
അപ്പോള്‍ പെങ്ങള്‍ അമ്മയെ ഓര്‍മ്മിപ്പിച്ചു .
"അങ്ങനെ പറയരുതെന്ന് പറഞ്ഞില്ലേ .അവര്‍ പോയി വരട്ടെ".
ഒരു പക്ഷെ ഞങ്ങള്‍ പുറപ്പെട്ട ശേഷമാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍....???
അമ്മയ്ക്ക് ഉള്‍വിളി ഉണ്ടായിരുന്നുവോ?
                                                 ******                    Saturday, September 22, 2012

മുറിപ്പാടുകള്‍

മൌനം ചിലപ്പോള്‍
എത്ര ഭീകരമായ അവസ്ഥയാണ്
സൃഷ്ടിക്കുന്നത്.
പതറാതെ,
ഇടറാതെ ഒരു വാക്ക്
പുറത്ത്‌ വന്നിരുന്നെങ്കില്‍
ഈ ദുരനുഭവങ്ങള്‍
ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
ചിലകാര്യങ്ങള്‍
അങ്ങനെയാണ്.
അനുഭവിക്കേണ്ട ക്രൂര നിമിഷങ്ങള്‍
എന്ന് എഴുതപ്പെട്ടവ
അനുഭവിച്ചേ തീരു.
അതിനു നിമിത്തമാകുന്നതും
വേദനാകരമായ അനുഭവം ആണല്ലോ.
എങ്കിലും പറയുന്ന കാര്യങ്ങള്‍
എന്ത്,
ആരോട്,
എവിടെ വച്ച്,
അതിന്റെ ഭവിഷ്യത്ത് എന്താകാം ...,
എന്ന്   ചിന്തിക്കാന്‍ അല്പം സമയം 
എടുത്തിരുന്നെങ്കില്‍ ....???
മനസ്സിന്റെ അപക്വത
അവിടെ അരങ്ങു വാഴുകയാണല്ലോ..!!
ചെകുത്താന്റെ സ്വാധീനം
ഉച്ച ശക്തിയില്‍ നില്‍ക്കുമ്പോള്‍
തുറന്ന വായില്‍ നിന്നും 
അടക്കമില്ലാത്ത നാവിന്റെ 
രൌദ്രമാര്‍ന്ന ജല്പനങ്ങള്‍...!!
മൂര്‍ച്ചയേറിയ ഏതെല്ലാം ആയുധങ്ങള്‍  ആണ്
നിമിഷങ്ങള്‍ കൊണ്ട്  
ചുറ്റും നിരന്നത്... !!  
മനസ്സിനും അഭിമാനത്തിനും മേല്‍
കൊടുംകാറ്റായി ,
പ്രളയമായി ,
മഹാപ്രവാഹമായി
ആഞ്ഞടിക്കുകയായിരുന്നു.
ഒരു തെറ്റും ചെയ്യാതെയാണ്
ഈ വേദനകള്‍ ഏറ്റു വാങ്ങുന്നത് 
എന്നത് വേദനയുടെ ആഴത്തിന്
അതിരില്ലതാക്കി .
എന്നിട്ടും    
നിശ്ശബ്ദം നിന്നു. 
എല്ലാം പെയ്തൊഴിഞ്ഞപ്പോള്‍
മഹാസമാധിയില്‍ നിന്നും
ഒരു മടങ്ങി വരവ്....!
കീറിപ്പറിഞ്ഞ ഹൃദയശകലങ്ങള്‍  കൂട്ടിച്ചേര്‍ത്ത്
സ്വയം ഊതി ഊതി മുറിവുകള്‍
ഉണക്കാന്‍,
മറക്കാന്‍,
കഠിനമായ ശ്രമം ...!
പ്രത്യാക്രമണം ഉണ്ടാകാത്തതിന്റെ  
നിരാശയില്‍ ആവണം, 
പശ്ചാത്താപത്തിന്റെ 
വെണ്ണയില്‍ 
ചില തലോടലുകള്‍....!
എത്ര പൊതിഞ്ഞാലും
കാണാതിരിക്കുമോ....,
എത്ര ശ്രമിച്ചാലും 
മായ്ക്കാന്‍ കഴിയുമോ 
ആ മുറിപ്പാടുകള്‍  ..? !!


Thursday, September 6, 2012

സ്വന്തം നാട്


 
അക്ഷരത്തിനു പകരം നല്‍കാന്‍
 വെട്ടുവഴിയില്‍
അന്‍പത്തിയൊന്നു 

മുറിപ്പാടുകള്‍,
മലയാളി എന്നഭിമാനിക്കാന്‍
മടവാളില്‍
നിറഭംഗി ചേര്‍ന്ന 

ചായങ്ങള്‍ ,
ദൈവത്തിന്റെ നാടെന്നു 

ഉറക്കെ ഘോഷിക്കാന്‍
നാവരിഞ്ഞിട്ട ചാപ്പകള്‍ ...
ഇവിടെ വിളയുന്നത്
നികുതി വേണ്ടാത്ത 

വിളവുകള്‍,
ഇറക്കുമതിക്കു
തീവ്രവാദ ചിന്തകള്‍ ,
അന്തരംഗം 

അഭിമാന പൂരിതമാക്കും
സാത്താന്റെ  വചനങ്ങള്‍.
ഇത് നാട് ...
എന്റെയും
ദൈവത്തിന്റെയും
സ്വന്തം നാട്.

Thursday, August 2, 2012

പെയ്തൊഴിയാതെ

കാര്‍മുകില്‍മാല കരിം ശീല  വിരിച്ചിതാ  എന്‍
ഹൃദയാകാശത്തെ മൂടിപ്പൊതിഞ്ഞങ്ങിരിക്കുന്നു,
താണ്ഡവമാടും കൊടുങ്കാറ്റിൻ മുരൾച്ചയിലെൻ
ആത്മാവു പോലും പാരം ഞടുങ്ങി വിറയ്ക്കുന്നു.
ഗർവിതഭാവമാർന്നങ്ങൊഴുകുന്നില്ല മഴ,
മോചനമില്ലാതെയെൻ   ഹൃദയം തപിക്കുന്നു;

ഉച്ചവെയിൽ പരത്താൻ സൂര്യനും കഴിയാതെ
മെച്ചമായ് മുകിൽ തന്റെ വല നെയ്തിരിക്കുന്നു;
കാനനച്ഛായവീണ്ടും ഇരുളിൻ വളർച്ചയിൽ
ഭീകരരൂപം പൂണ്ടങ്ങകലെ ചലിക്കുന്നു;
നിര്‍വൃതിയില്ല,നിർവികാരത പേറീടുന്ന
നീലയാമങ്ങളും വന്നെത്തി നോക്കുന്നു മന്ദം;

ആരവമില്ലാതെങ്ങും മൂകത മാത്രം തിങ്ങി
സമയരഥം മെല്ലെ കടന്നു പോയീടുന്നു.

Monday, July 16, 2012

പ്രണയം

 പ്രണയം 
അവനെ ഞാന്‍ പ്രണയിച്ചിരുന്നു ,
അവനറിയാതെ.
അവനെന്നെ പ്രണയിച്ചിരുന്നു ,
ഞാനറിയാതെ.
പറഞ്ഞില്ലവനോടെന്‍
പ്രണയത്തിന്നാഴം,
അവനും പറഞ്ഞില്ല ഒന്നും...
അറിയാതെ പറയാതെ
ഹൃദയത്തിന്‍ നോവുമായ്
വഴിപിരിഞ്ഞെങ്ങോ നടന്നു .
കാലം ഒരു പാട് കാതം കടന്നു .
അന്നേ അറിഞ്ഞുള്ളു ഞങ്ങള്‍ പരസ്പരം
പ്രണയാര്‍ദ്രരായിരുന്നെന്ന സത്യം....!!

Saturday, June 9, 2012

ഭ്രാന്ത്

ഭ്രാന്ത്
ഭ്രാന്താണത്രെയെനിക്ക് ,യെന്‍
ചിന്തയില്‍ പുളയ്ക്കുന്നു പുഴുക്കള്‍.
തെരുവിലൂടലയുവാന്‍ വയ്യ,
കാണികള്‍ ആര്‍ത്തു ചിരിക്കുന്നു;
ഭ്രാന്തിയെന്നുച്ചത്തില്‍ കൂവുന്നു,
കൈയാട്ടി.യാട്ടിയകറ്റുന്നു,
എറിയുവാന്‍ കല്ലെടുക്കുന്നു.

ചുറ്റിലും വേതാള രൂപികള്‍,
നിഴല്ക്കുത്ത് മുറുകുന്നു,
ഇരുള്‍ഭൂതങ്ങളുണരുന്നു,
ഗതിയില്ലാപ്രേതങ്ങളലയുന്നു.
കൂരകള്‍തകര്‍ത്തെത്തും കശ്മലര്‍,
ഉടയാടത്തുമ്പില്‍ കൈമുറുക്കും വിടന്മാര്‍;
മുമ്പില്‍,
പാല്‍ മണം മാറാക്കുഞ്ഞുപൈതങ്ങള്‍ ,
അസ്ഥികള്‍ക്കുള്ളില്‍ വെറുംസ്പന്ദനം മാത്രം
പേറും വൃദ്ധകള്‍;അമ്മ പെങ്ങന്മാര്‍
(എന്തിന് ....?!
കോലില്‍ തുണിചുറ്റിയപോല്‍ ഒരു പെണ്‍രൂപം)
ഭേദം തിരിയാതെ,പകല്‍ മാന്യന്മാര്‍, അന്ധര്‍,
കാമം പെയ്തു തീര്‍ക്കുന്നു ...
കാമം പെയ്തുതീര്‍ക്കുന്നു...

പെരുവഴിയില്‍ വെടിയൊച്ച
വടിവാളിന്‍ തിളക്കം,
കുരുതിക്കളങ്ങള്‍ .....രുധിരപ്പുഴകള്‍ ...
ഹൃദയംതകര്‍ക്കും പ്രാണരോദനങ്ങള്‍ ....
തെരുവില്‍ കാത്തിരിക്കും കഴുകന്മാര്‍
അറിയാതെത്തും പാവമിരകള്‍,
കൊത്തിയരിഞ്ഞു പകതീര്‍ത്ത്
ധനാര്‍ത്തിപൂണ്ട കശാപ്പുകാര്‍,
കൈകഴുകും രാജാക്കള്‍
കൂടെ മ്ലേച്ഛക്കൂട്ടങ്ങള്‍ ..
വാക്ശരങ്ങള്‍, .....ചെളിയേറുകള്‍,
വീഴ്ച്ചകള്‍ ....,ഉരുളു നേര്‍ച്ചകള്‍
കാഴ്ച്ചകള്‍ അങ്ങനെ തുടരുന്നു.
ചുറ്റും കാണികള്‍,
അപ്പോഴും വിളിച്ചാര്‍ക്കുന്നു ..
ഭ്രാന്താണത്രെയെനിക്ക്...കൊടും
ഭ്രാന്താണത്രെയെനിക്ക്....

അതെ , ഭ്രാന്തി !!

ഞാനൊരുഭ്രാന്തി, ബുദ്ധിഭ്രമമുള്ളവള്‍,
ചുറ്റുംനടക്കും നടിപ്പുകള്‍ കണ്ടുരസിക്കുന്നവള്‍.
എങ്കിലും പുഴുക്കളില്ലെന്റെ ചിന്തയിലിപ്പോള്‍
ഉള്ളതോ, ജ്വലിക്കുന്നപ്രതികാരാഗ്നി മാത്രം.
.
അമ്മതന്‍ചാരെ സ്വസ്ഥമുറങ്ങും പൊന്‍കുഞ്ഞിനെ
റാഞ്ചുവാന്‍ തക്കംപാര്‍ത്ത് കഴുകന്‍ പറക്കുമ്പോള്‍,
എന്‍സോദരിമാര്‍ മാനംകാക്കുവാന്‍ പിടയുമ്പോള്‍
എന്റെ പെറ്റമ്മപോലും ഞടുങ്ങിവിറയ്ക്കുമ്പോള്‍,
ചുറ്റും ചെന്നായ്ക്കള്‍ സ്വൈര്യം മദിച്ചുപുളയ്ക്കുമ്പോള്‍,
'വാളെടുത്തവന്‍ വാളാല്‍' എന്നോതിയോനും പേടി-
ച്ചൊളിക്കാന്‍ കുരിശ്ശിന്റെ മറവുതേടീടുമ്പോള്‍,
സ്ഥാനമാനത്തിന്‍ പിടിമുറുക്കാന്‍ നാണംകെട്ട്
ഒത്തുതീര്‍പ്പിനായ് രാജ്യം പതിച്ചുകൊടുക്കുമ്പോള്‍,
ഭ്രാന്തുമായ് ചിരിച്ചാര്‍ത്തുനടക്കാനല്ല എന്റെ -
ജന്മമെന്നറിഞ്ഞു ഞാന്‍ നില്ക്കുന്നീരണഭൂവില്‍.

കുത്തിയവനെ കുത്തിക്കൊല്ലുവാന്‍ തരിക്കുന്ന
കത്തിയുമായ്‌ തെരുവിലെത്തിയതാണീ,ഭ്രാന്തി !

രക്തത്തില്‍പങ്കില്ലെന്ന് കൈകഴുകുന്നവന്റെ
ശിരസ്സുതകര്‍ക്കുവാന്‍ ഉറച്ചെത്തിയീ,ഭ്രാന്തി !

കുരുതിക്കളംതീര്‍ക്കാന്‍ അടവുപയറ്റുന്ന
ശകുനികള്‍തന്‍ നാശം കാത്തിരിപ്പിവള്‍,ഭ്രാന്തി...!

അരുതെന്ന് കേഴുന്നോരബലകള്‍ തന്‍ മാനം
കാത്തുരക്ഷിക്കാന്‍ മാര്‍ഗ്ഗം കാട്ടുവോളിവള്‍,ഭ്രാന്തി ...!

ശവഭോഗത്തിന്നായിട്ടെത്തിടും കാട്ടാളരെ
ഷണ്ഡരാക്കുവാന്‍ വരംനേടിയോളിവള്‍,ഭ്രാന്തി...!

ഒറ്റുവാന്‍, ഒതുക്കുവാന്‍, പണം എന്നാര്‍ക്കുന്നോന്റെ
പണിതീര്‍ക്കുവാന്‍ തക്കംപാര്‍ത്തിരിപ്പിവള്‍,ഭ്രാന്തി...!

ഭ്രാന്തിയാണ് ഞാന്‍, എന്റെ ചിന്തകള്‍ക്കെല്ലാം ഭ്രാന്തിന്‍-
പിന്‍ബലം,നിയമത്തിന്‍ പരിരക്ഷയും,പോരേ...?!!

ഇനിയും അത്യുച്ചത്തില്‍ ആര്‍ത്തു വിളിക്കൂ,ഭ്രാന്തിന്‍
വിത്തുകള്‍ എന്‍സിരയില്‍ ഊര്‍ജ്ജമായ് ഒഴുകട്ടെ.
ഇനിയും അത്യുച്ചത്തില്‍ ആര്‍ത്തു വിളിക്കൂ,ഭ്രാന്തിന്‍
വിത്തുകള്‍ എന്‍സിരയില്‍ ഊര്‍ജ്ജമായ് ഒഴുകട്ടെ.

Tuesday, April 10, 2012

ഇഷ്ടം

ഇഷ്ടം 
നമ്മുടെ മുറ്റത്തെ മുല്ല പൂത്തു ,
നിറയെ  വെ ണ്‍  മുത്തുപോലെ .
എത്ര നാളുകളായി ഈ കാഴ്ചയ്ക്ക് വേണ്ടി 
നാം കാത്തിരുന്നു .
ചെങ്കല്‍പ്പാറയ്ക്കിടയിലെ 
അല്പമാം മണ്ണില്‍ നട്ട    
മുല്ലവള്ളികള്‍ എത്രയോ വട്ടം ഉണങ്ങി 
വളര്‍ച്ച മുരടിച്ച്  നമ്മളില്‍ ഖേദം വളര്‍ത്തി...!
കടംകൊണ്ട മണ്ണില്‍ മടിച്ചു മടിച്ച് 
വേരുന്നിയ ചെറു സസ്യങ്ങള്‍ 
ഉണങ്ങിയും അഴുകിയും പാറകള്‍ അലിയിച്ച് ,
ഇന്നീ മുല്ലകള്‍ മുറ്റിത്തഴച്ച്  വളരാന്‍ 
വര്‍ഷങ്ങള്‍....എത്ര....എത്ര...??!!!

ഈ മാറ്റത്തിനൊപ്പം നീയും വളര്‍ന്നു.
പൊള്ളുന്ന മണലാരണ്യത്തിലെ 
ഏ സി  മുറിയില്‍ 
എകാന്തതയുടെ ചൂടില്‍ ഉരുകുന്ന നിന്നെ 
ഞങ്ങള്‍ക്ക് കാണാം.
എന്തിനാണ്  തള്ളക്കോഴി തന്റെ ചിറകിനടിയില്‍ നിന്നും 
കുഞ്ഞുങ്ങളെ കൊത്തി മാറ്റുന്നത് ...!!
അതെ സ്വന്തം കാലില്‍ നില്ക്കാന്‍ 
നീയും പ്രാപ്തനാകണം.  

മുകളില്‍ 
നിന്റെ മുറിയുടെ  ജനലിലേയ്ക്ക്
വലിച്ചു കെട്ടിയ കേബിളിന്റെ പകുതിയോളം എത്തി 
നിറയെ പൂവുകള്‍ നീട്ടി നില്‍ക്കയാണ്‌  ഈ മുല്ല.
അതിന്റെ നിറവും സുഗന്ധവും ഈ അമ്മയുടെ
പ്രാര്‍ത്ഥനകളായി  നിന്നെ     പൊതിയുന്നുണ്ട്.
ഇപ്പോള്‍,
നിനക്കതു തൊട്ടറിയാന്‍ കഴിയും,
ഈ വാത്സല്യം....സ്നേഹ സാമീപ്യം....
അതെ ,
നിന്നെ ഞങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമാണ്.

Sunday, March 25, 2012

പൂവും മുള്ളും


പൂവും മുള്ളും 
 
പനിനീർ മലർ തന്ന്
നീയെന്നെയാഹ്ലാദത്തിൻ
ഗിരിശൃംഗത്തിൽ കേറ്റി -
യിരുത്തി കനിവോടെ.
എത്ര സുന്ദരമീപ്പൂ....
എത്ര സുഖദ ഗന്ധം...
എനിക്കായ്  തന്ന പൂക്കൾ-
ക്കൊക്കെയും നന്ദി.... നന്ദി....

അറിഞ്ഞതില്ലെ ,നെഞ്ചിൽ
തറഞ്ഞമുള്ളാൽ,,നിണം-
പടർന്നൊഴുകി, പനീർ -
പ്പൂവിന്നു വർണമേറി .

ഭംഗിയേറിയ പൂവിൻ
പിന്നിലുണ്ടല്ലൊ,കൂർത്ത-
മുള്ളുകൾ, ലോകതത്വം
എന്നുമോർമ്മിച്ചീടുവാൻ.

സത്യമാണീ മുൾ കളാ-
ലെൻ ഹൃദ് നിണമൊഴുക്കിൽ
മുക്കിയല്ലാതെ പണ്ടേ
തന്നതില്ലൊരു പൂവും.

എന്തിനെന്നു ഞാൻ നിന്നോ-
ടാരായുന്നതേയില്ല,
തന്നിടുന്നല്ലൊ പൂവും
മുള്ളുകൾക്കിടയിലും.Monday, March 19, 2012

സാമീപ്യം


സാമീപ്യം 

കാഞ്ചനക്കൂട്ടിലിരുന്ന് നീ കുറുകുന്നത് ഞാൻ അറിയുന്നു
നിന്റെ ശബ്ദത്തിലെ നൊമ്പരം
നിന്റെ നെഞ്ചിലെ പിടയൽ...
ഒക്കെയും എനിക്കനുഭവിക്കാൻ കഴിയുന്നു.
മോണിട്ടറിൽ തെളിയുന്ന നിന്റെ രൂപം തൊട്ട്             
നിന്റെ സാമീപ്യവും എനിക്കറിയാൻ പറ്റുന്നുണ്ട്.
നിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ
ഓടിവന്ന് കെട്ടിപ്പിടിച്ച്, പരാതിയും പരിഭവവും
ആവശ്യങ്ങളും എന്റെ ചെവിയിൽ പട്ടികയായി നിരത്തുന്ന
നിന്റെ ബാല്യ കൌമാരങ്ങളാണെന്റെ ഓർമ്മയിൽ
ന്റെ ഒപ്പമായിരുന്നതിനേക്കാൾ നൂറിരട്ടിയായി
ഇന്നു നിന്നെ ഞാൻ ഓർക്കുന്നു,
നിന്നോടു സംസാരിക്കുന്നു.
നിന്നെഞാൻ സ്നേഹിക്കുന്നു..
എന്റെ മുന്നിലെ നേർത്ത തിരശ്ശീലയ്ക്കപ്പുറം നീയുണ്ട്.
എന്റെ കാതിൽ സ്പർശിക്കുന്ന പതുപതുത്ത പഞ്ഞിക്കുള്ളിൽ
നിന്റെ സ്വരമുണ്ട്.
നീ അകലെയല്ല ,നമ്മൾക്കിടയിൽ ദൂരമില്ല.
നീ ഒറ്റയ്ക്കുമല്ല;
എപ്പൊഴും നിന്നോടൊപ്പം
ഞങ്ങളും ഉണ്ടല്ലൊ. 
 പ്രവാസികളായ എല്ലാ മക്കള്‍ക്കുമായി ഈ കവിത സമര്‍പ്പിച്ചിരിക്കുന്നു.

Monday, March 5, 2012

വിഭ്രാന്തികള്‍
***************

അറിയാമെനി,ക്കങ്ങുണ്ടാദിത്യന്‍ 
ആകാശത്തി,ലമ്പിളി ക്കീറും,പിന്നെ
താരകക്കുഞ്ഞുങ്ങളും ,
നീറുമീ,മീനച്ചൂടില്‍ തേടിടും കുളിര്‍നീരും.
കൈകളിലൊതുക്കുവാന്‍
നേരമിന്നധികമായ് .
      ആരുമറിയാത്തോരീ  വീഥിയില്‍ ജ്വലിക്കുമീ-
തീക്കനല്‍ തണുപ്പിക്കാന്‍ പോന്നിടും വിരല്‍സ്പര്‍ശം,
 ഏറിടും പ്രണയത്തീത്തിരതന്‍  വേലിയേറ്റം ,
എങ്ങനെ കരേറുമെന്നറിയാതുഴറുന്നു ....?!

   ഏറുമങ്ങുച്ചസ്ഥമായ്,തിരിച്ചോരിറക്കത്തിന്‍
ഊക്കി,ലെങ്ങെവിടെയ്ക്കീ  യാത്രയെന്നറിവീല.

പാതിയടഞ്ഞ മിഴി ജാലകം തുറക്കുവാന്‍
ആരോരാള്‍ പ്രണയപ്പൂച്ചാവിയുമായി വരും ...?
ലാവപോല്‍ ഉറഞ്ഞോരെന്‍  ഹൃത്തിതില്‍ നിന്നും കുളിര്‍
നീരുറവൊഴുക്കുവാന്‍   എത്തുമോ പ്രിയനവന്‍...?
                ********************

Wednesday, January 4, 2012

മരം

മരം
*******

പെരുവഴിയോരത്തുണ്ടൊരുമരം
പൊരി വെയിലേറ്റു തളര്‍ന്ന
പാന്ഥന്‌  തണലേകുവാന്‍
വെയിലേറെക്കൊണ്ടതാണീമരം.

ഇലകള്‍ പൊഴിച്ചും തളിര്‍ത്തും,
പൂവിരിയിച്ചും,
കൂടൊരുക്കാന്‍ കിളികള്‍ക്കു
ചില്ലകള്‍ കൊടുത്തും,
ഇത്തിക്കണ്ണികള്‍ക്കു ജീവന്‍ പകുത്തും
നാളേറെയായ്‌ നില്‍പ്പതുണ്ടീമരം.

വെയിലേറ്റു തളരാതെ,
കൊടുങ്കാറ്റിലിടറാതെ,
പെരുമഴയിലടിപതറാതെ,
കുത്തിയൊഴുകിപ്പോം മണ്ണിനെ
ഇറുക്കിപ്പിടിച്ചും,
കുട്ടിക്കുറുമ്പുകള്‍ മുറിവേല്‍പ്പിച്ച
തനുവില്‍ കലകള്‍ ബാക്കിവച്ചും
നില്‍ക്കയാണീമരം, നാളേറെയായ്‌.

ഓര്‍ക്കുവാനുണ്ടതിനേറെ പ്രതാപങ്ങള്‍
കാത്തു സൂക്ഷിച്ച സല്‍കൃത്യങ്ങള്‍,
പൊയ്പോയ കാല ചരിത്രങ്ങള്‍,
പഴം പുരാണങ്ങള്‍,
അശ്വമേധങ്ങള്‍,പടപ്പുറപ്പാടുകള്‍,
പാതിയില്‍ നിര്‍ത്തിയ സാമ്രാജ്യസ്വപ്നങ്ങള്‍,
പേരുകള്‍,പെരുമകള്‍,ക്രൂര നിയമങ്ങള്‍,
തേര്‍വാഴ്ചകള്‍,
താന്‍ പോരിമ കാട്ടിയ ഗര്‍വ്വുകള്‍,
സ്ഥാനമാനങ്ങള്‍ തന്‍ ആക്രാന്തങ്ങള്‍,
ബലപരീക്ഷകള്‍,നേട്ടങ്ങള്‍,
കോട്ടങ്ങള്‍ ,
വീര മൃത്യുവിന്‍ പതക്കങ്ങള്‍
ഓര്‍ക്കുവാനിനിയുമുണ്ടേറെ....

പ്രണയം.....മഹാസ്മാരകമായതും
സാമ്രാജ്യം ത്യജിച്ചതും,
പ്രണയം... വൈരൂപ്യത്തെ
ഹൃദയത്തിലേറ്റതും,
മഹായുദ്ധമായ്‌ പരിണമിച്ചതും,
പ്രണയം.... എരിതീയില്‍ മുളച്ചതും,
തനിയെ വളര്‍ന്നതും,
പ്രണയം ....തകര്‍ന്നതും ,
ഉന്മാദമായ്ത്തീര്‍ന്നതും ,
മരണം മാടി വിളിച്ചതും ,
ഫലമായ്‌ ചില്ലയില്‍ പിടഞ്ഞതും....
ഓര്‍ക്കുവാനുണ്ടതി നിനിയുമെ ത്രയോ ബാക്കി.

ഉണ്ടായിരുന്നു നന്മ തുളുമ്പുന്ന
ബന്ധങ്ങള്‍,
സ്നേഹ വിശ്വാസങ്ങള്‍ ,
ആദരവുകള്‍,
കള്ളവും ചതിയേതുമില്ലാ ദിനങ്ങള്‍,
ജ്ഞാന സുകൃതങ്ങള്‍....,
എന്തിനുചൊല്ലുന്നീ പഴം കഥപ്പാട്ടുകള്‍
എല്ലാം മനസ്സിലൊതുക്കി നില്‍ക്കയാണീമരം
നാളുകളേറെയായ്‌.


പിന്നെയുമൊതുങ്ങാത്തൊരോര്‍മ്മകള്‍...
മാനം മറന്ന നാടിന്റെ നോവുകള്‍,
മാറത്തടിച്ചു വിലപിക്കും മനസ്സുകള്‍,
നഷ്ട സ്വപ്നങ്ങള്‍,
വിലയറ്റവ്യക്തി ബന്ധങ്ങള്‍,
വിലപേശി വില്‍ക്കും മാംസങ്ങള്‍,
കടിച്ചു കീറപ്പെട്ട ബാല്യ കൗമാരങ്ങള്‍,
ചതിക്കുഴിയൊരുക്കി
കാത്തിരിക്കുന്ന കഴുകന്മാര്‍,
ഒറ്റക്കൈയിലും ശക്തി
സ്വരുക്കൂട്ടിയ ദുഷ്ട ജന്മങ്ങള്‍,
പരിഹാസച്ചെയ്തികള്‍,
ആയുധങ്ങള്‍ക്കു ദാഹമാറ്റുവാന്‍
പാവമിരകള്‍,
ഒരിക്കലുമടങ്ങാത്ത പകകള്‍,
അണപൊട്ടിയൊഴുകും രക്ത നദികള്‍....
പറയുവാനിനിയുമുണ്ടേറെ.

അല്ലെങ്കില്‍ എന്തു ചൊല്ലുവാന്‍...?
പുതു കഥയിതൊന്നുമാത്രം

പൊരിവെയിലേറ്റു തളര്‍ന്ന പാന്ഥന്‌
തണലേകി..
വെയിലേറെക്കൊണ്ട്‌
ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം.
************************