Thursday, September 30, 2010

പൊക്കിള്‍

പൊക്കിള്‍

പിറന്നു വീണതേ
അറ്റു പോയി ബന്ധം..
ശേഷിപ്പ്‌ ,
നുറുങ്ങു ചെളി
നിക്ഷേപ സ്ഥാനം
ഒട്ടുമേ വേണ്ടതില്ല,
ഉപയോഗശൂന്യം....
ഉപകാര ശൂന്യം...
ഈ,
കുഴി,
ചുഴി,
എങ്കിലും
ഓര്‍മ്മ ബന്ധിക്കും
ഒരേയൊരിടം
അമ്മ...!അമ്മ...!

ലീല എം ചന്ദ്രന്‍

Wednesday, September 22, 2010

ലളിതഗാനം



ലളിതഗാനം
രചന .   ലീല എം ചന്ദ്രന്‍
സംഗീതം .രമേഷ് നാരായണന്‍
പാടിയത് .  വിദ്യാ ഖാലിദ് 

 
മൂകമായ്......

************
മൂകമായ് പാടുമീ വിപഞ്ചിക
മോഹ മായ് തേടുമീ വിപഞ്ചിക..
മധുരമാം ഓര്‍മ്മയില്‍
ഇതളിട്ടു നില്‍ക്കുന്ന
ജീവരാഗമാണ് നീ.

മോഹങ്ങളകന്നോരീ തീരഭൂവില്‍
ആരെയോ കാത്തിരുന്നു
വരുമെന്നും വരില്ലെന്നും മൊഴിപാടി
ഒരുകിളി ഇതുവഴി പറന്നുപോയി

താളങ്ങള്‍ പിഴച്ചോരീ ശൂന്യ വേദിയില്‍
ഏകയായ് ഞാനിരുന്നു
കരയാനും ചിരിക്കാനും കഴിയാതെ
മലരുകള്‍ മധുമാസം മറന്നു പോയി

Tuesday, September 21, 2010

ജീവിതം

ജീവിതം
*************
കാണാന്‍ മോഹം
കണ്ടാലോ
കരളില്‍
കനവിന്‍
പെരുന്നാള്‍ ത്തിറ .
ഒന്ന് തൊടാന്‍...പിന്നെ,
ഒരുവാക്ക് കേള്‍ക്കാന്‍
മിണ്ടാന്‍,
മുന്നില്‍
വഴിതെളിക്കാന്‍,
പിന്നില്‍
നിഴലാകാന്‍ ...
പിന്നെ ,
വിങ്ങി
വിതുമ്പി,
അലറിക്കരഞ്ഞ് ,
കരഞ്ഞു പിഴിഞ്ഞ് ,
ഒരു മൂലയില്‍ ...
ജീവിതം.



*************

Sunday, September 12, 2010

ഇരുട്ട്‌

ഇരുട്ട്‌

വെളിച്ചത്തില്‍
കുളിച്ചതു
കൊണ്ടാകണം
കണ്ണുകളില്‍ എന്നും
നിറഞ്ഞത്‌
ഇരുട്ട്‌ .
വെളിച്ചമാണു
വഴി
നടത്തിയത്‌,
അപ്പൊഴേ അറിഞ്ഞുള്ളു
ഇരുട്ടിലായിരുന്നു
ഞാന്‍ ഇത്ര നാള്‍

Tuesday, September 7, 2010

വെളിച്ചം

വെളിച്ചം

എന്റെ കരുതലുകളില്‍
എവിടെയാണ് പാകപ്പിഴകള്‍
സംഭവിച്ചത്?
എനിക്കറിയില്ല.
വെളിച്ചമെന്ന്
നിനച്ചത്...
ഇരുട്ടിന്റെ സമുദ്രമായിരുന്നു.
ഒരു ചെറു തിര പോലും
നിറഭേദം
വരുത്താത്ത
കൂരിരുട്ടിന്റെ സമുദ്രം .
ഇരുട്ടിനെ
സ്നേഹിച്ചു
തുടങ്ങിയപ്പോഴാണ്
എന്റെ
അകക്കണ്ണ്
തുറന്നത്.
വെളിച്ചം എത്രയോ
അകലെ.