Friday, January 23, 2009

രാധാ മാധവം

നിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചു, എന്തേ-
യിന്നോളം നീ വിളിച്ചീലാ?
നിന്നെ വിളിക്കാന്‍ മടിച്ചു, നിന-
ക്കെന്നോടു കോപമായാലോ?

നിന്‍ കഥകള്‍ക്കായ്‌ തുടിച്ചു,മനം
ജന്മ സായൂജ്യമതെന്നാല്‍
എന്‍ കഥ ചൊല്ലിയതില്ല,നിന്റെ -
മാനസം നൊന്തു പോയാലോ?

നിന്‍ മുരളീരവം കേള്‍ക്കേ,ഉള്ളം
തുള്ളിത്തുളുമ്പുമെന്നാലും
പിന്‍ പാട്ടു പാടിയതില്ല, ശ്രുതി-
ഭംഗമായ്‌ ഞാന്‍ മാറിയാലോ?
നിന്‍ മിഴിക്കോണില്‍ത്തിളങ്ങും, പ്രേമ
വൈഡൂര്യമെന്‍ സ്വന്തമാക്കാന്‍
മോഹമെന്‍ ഹൃത്തിലുണ്ടെന്നാല്‍, അതി-
മോഹമായ്‌ നീ നിനച്ചാലോ?

നിന്‍ നിഴലായ്‌ നടന്നീടാന്‍,എന്നും
നിന്നിലലിയാന്‍ കൊതിച്ചു,
എങ്കിലും ദൂരെ ഞാന്‍ നിന്നു, മമ
ദര്‍ശനം ദോഷമായാലോ?

2

എല്ലാം മറക്കാന്‍ സഹിക്കാന്‍, മനം
കല്ലാക്കി മാറ്റാന്‍ ശ്രമിച്ചു
ഒന്നും സഫലമായില്ല കണ്ണാ
എങ്ങനെ നിന്നെ മറക്കാന്‍?

എങ്ങു തിരിഞ്ഞാലും കാണ്മൂ, നിന്റെ
ലീലാവിലാസ മാഹാത്മ്യം
എന്തിലും ദര്‍ശിപ്പതൊന്നേ, കണ്ണാ-
നിന്‍ പ്രതിച്ഛായകള്‍ മാത്രം.

നിന്‍ മുഖമോ? സന്ദേഹിച്ചു,വാനില്‍
പൗര്‍ണ്ണമിത്തിങ്കളെ കാണ്‍കെ,
നിന്‍ നറും പുഞ്ചിരിപ്പാലോ? നിശ
മന്ദമായ്‌ പാരിലൊഴുക്കി?

നിന്നധരത്തിന്‍ ചുവപ്പോ? സന്ധ്യ
തന്‍ ചായക്കിണ്ണത്തില്‍ ചേര്‍ത്തു?
നിന്നുടയാടതന്‍ ചേലോ? കണി-
ക്കൊന്നയില്‍ പൂക്കളായ്ത്തീര്‍ന്നൂ?

നിന്‍ നയനത്തിന്നഴകു ചേര്‍ത്തോ
നാന്മുഖന്‍ താമര തീര്‍ത്തൂ?
നിന്‍ പാദ പത്മം മുകര്‍ന്നോ, തത്ത-
തന്‍ മലര്‍ച്ചുണ്ടു ചുവന്നു?

നിന്‍ നിറം ഗര്‍ഭം ധരിച്ചോ? കടല്‍-
തന്‍ മണിക്കുഞ്ഞിനെപ്പെറ്റു?
നിന്നളകത്തിന്‍ ചുരുളോ? കടല്‍
വന്‍ തിരമാലയ്ക്കു നല്‍കീ?

നിന്‍ കിങ്ങിണി തന്‍ സ്വനമോ?, കാട്ടു-
ചോലകള്‍ തന്‍ സ്വന്തമാക്കീ?
നിന്‍ വേണു നാദത്തികവോ, കുയി-
ലിന്‍ സ്വരമാധുര്യമേറ്റീ?

നിന്‍ മാറില്‍ ചേര്‍ത്തതു കൊണ്ടോ, പൂര്‍ണ്ണ
ചന്ദ്രനും ശ്രീവത്സമുണ്ടായ്‌?
മൗലിയില്‍ ചൂടുകയാലോ, മയില്‍-
പ്പീലിതന്‍ ചാരുതയേറീ?

നിന്‍ സ്പര്‍ശനത്തിന്‍ കുളിരോ, ഇളം
കാറ്റിന്റെ കൈയില്‍ കൊടുത്തൂ?
നിന്‍ ദയാ വായ്പ്പിന്നമൃതോ, ആത്മ
ശാന്തിയായെന്നെപ്പുണര്‍ന്നു?

കാറിലും കാറ്റിലും കായല്‍ തിര-
ക്കോളിലും നിന്നെ ഞാനോര്‍ക്കേ,
ഇല്ല, മറക്കുവാ,നെന്നാല്‍ ,നിന-
ക്കെല്ലാം മറക്കാന്‍ കഴിഞ്ഞോ?

കാളിന്ദി തീരം മറന്നോ? ഗോക്കള്‍
മേയുന്ന മേടും മറന്നോ?
ഗോപികമാരൊത്തു ചേര്‍ന്ന, രാസ
ക്രീഡകളെല്ലാം മറന്നോ?

3

നിന്‍ വേണു കേള്‍ക്കാതെ കണ്ണാ, ഗോപ-
വൃന്ദങ്ങള്‍ക്കുണ്ടാമോ തോഷം?
ഇന്നില്ല പൂക്കള്‍ക്കു ഗന്ധം, വര്‍ണ്ണം
സന്ധ്യകള്‍ പോലും നിരാഭം.

പൂങ്കുയില്‍ പാടുന്നതില്ല, കരി-
വണ്ടു മുരളുന്നതില്ല,
ആണ്മയിലാടുന്നുമില്ല, എങ്ങും
വിങ്ങും വിമൂകത മാത്രം

ഈ യമുന നദി തീരത്തെന്നും
കാത്തിരിപ്പൂ നിന്നെ രാധ,
കണ്ണാ നീയില്ലാത്ത ജന്മം,എനി-
ക്കെന്നെന്നും നിര്‍ജ്ജീവമല്ലോ.

പോയ വസന്തമീത്തോപ്പില്‍ നറും
പൂക്കള്‍ വിടര്‍ത്തുമോ വീണ്ടും?
കേള്‍ക്കുവാനൊക്കുമോ കാതില്‍
തേനിമ്പം വളര്‍ത്തിടും രാഗം?

പണ്ടുനാമൊന്നായ്‌ രചിച്ച, ഗീതം
പാടുവാനൊക്കുമോ വീണ്ടും?
കാര്‍മുകില്‍ വര്‍ണ്ണാ,യെന്‍ കണ്ണാ
കനിഞ്ഞേകുമോ ദര്‍ശനഭാഗ്യം?

വഴി തെറ്റിയെങ്കിലുമൊന്നീ-യിട
വഴിയെ നീ വന്നെത്തിയെങ്കില്‍...!
രാജീവ നേത്രനേ,രാധയ്ക്കെന്നും
മോഹങ്ങള്‍ മാത്രമോ ബാക്കീ.....?
....................................
ഈ മാസത്തെ "തുഷാരം" ഓണ്‍ലൈന്‍ മാഗസീനില്‍ വന്ന കവിത ..
http://www.thusharam.com/article.asp?artId=319