Thursday, August 2, 2012

പെയ്തൊഴിയാതെ

കാര്‍മുകില്‍മാല കരിം ശീല  വിരിച്ചിതാ  എന്‍
ഹൃദയാകാശത്തെ മൂടിപ്പൊതിഞ്ഞങ്ങിരിക്കുന്നു,
താണ്ഡവമാടും കൊടുങ്കാറ്റിൻ മുരൾച്ചയിലെൻ
ആത്മാവു പോലും പാരം ഞടുങ്ങി വിറയ്ക്കുന്നു.
ഗർവിതഭാവമാർന്നങ്ങൊഴുകുന്നില്ല മഴ,
മോചനമില്ലാതെയെൻ   ഹൃദയം തപിക്കുന്നു;

ഉച്ചവെയിൽ പരത്താൻ സൂര്യനും കഴിയാതെ
മെച്ചമായ് മുകിൽ തന്റെ വല നെയ്തിരിക്കുന്നു;
കാനനച്ഛായവീണ്ടും ഇരുളിൻ വളർച്ചയിൽ
ഭീകരരൂപം പൂണ്ടങ്ങകലെ ചലിക്കുന്നു;
നിര്‍വൃതിയില്ല,നിർവികാരത പേറീടുന്ന
നീലയാമങ്ങളും വന്നെത്തി നോക്കുന്നു മന്ദം;

ആരവമില്ലാതെങ്ങും മൂകത മാത്രം തിങ്ങി
സമയരഥം മെല്ലെ കടന്നു പോയീടുന്നു.