Friday, July 31, 2015

സ്വരക്ഷ

                 നിറഞ്ഞുമുറ്റിയ കാടു വെട്ടിത്തെളിക്കാനാണ് പതിവ് ജോലിക്കാരിയായ മേരി മുതലാളിയുടെ പറമ്പിൽ എത്തിയത്.... ഒറ്റയ്ക്കെയുള്ളു .അല്പം പേടി തോന്നിയെങ്കിലും അത് കാര്യമാ ക്കാതെ നല്ല മൂർച്ചയുള്ള വാക്കത്തി കൊണ്ട് മുൾപ്പടർപ്പുകളും കുറ്റി ച്ചെടികളും വെട്ടി നിരത്തിക്കൊണ്ടിരുന്നു. പലപ്പോഴും പാമ്പും പഴുതാരയും മറ്റു ക്ഷുദ്രജീവികളുമൊക്കെ മേരിയെ നോട്ടമിട്ടിട്ടുള്ളതാ ണ്. പക്ഷെ മേരി അതൊന്നും കാര്യമാക്കാറില്ല. മുതലാളി പറഞ്ഞ ജോലി ആത്മാർത്ഥമായി ചെയ്യുക എന്നതാണ് മേരിയുടെ ലക്‌ഷ്യം.              
            അപ്പോഴതാ കുറ്റിക്കാട്ടിൽ നിന്നും ഓടിവന്ന ഒരു കുറുക്കൻ മേരിയുടെ നേരെ കുതിച്ചു ചാടി കയ്യിൽ ഒറ്റക്കടി. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പേടിച്ചു പോയ മേരി നിലവിളിയോടെ ശക്തി യിൽ കൈകുടഞ്ഞപ്പോൾ കുറുക്കൻ തെറിച്ചു ദൂരെ വീണു...എണീറ്റ്‌ നിന്ന കുറുക്കന്റെ വായിൽ നിന്നും നുരയും പതയും ഒഴുകുന്നുണ്ടായി രുന്നു. പേ കുറുക്കനാണെന്ന് തിരിച്ചറിഞ്ഞ മേരി ശരിക്കും അന്ധാ ളിച്ചു. ഉച്ചത്തിലുള്ള കരച്ചിലിനിടയിൽ കുറുക്കനെ ആട്ടിയോടി ക്കാൻ ശ്രമിച്ചെങ്കിലും കുറുക്കൻ അവരുടെ നേരെ വീണ്ടും കുതിച്ചെ ത്തി. കുറുക്കനും മേരിയും തമ്മിലുള്ള കടിപിടിക്കൊടുവിൽ തന്റെ കയ്യിലിരുന്ന മൂർച്ചയുള്ള വാക്കത്തികൊണ്ട് മേരി കുറുക്കന്റെ കഴു ത്തിനു തന്നെ പലതവണ വെട്ടി. കുറുക്കൻ ചത്തു. 
              നിലവിളികേട്ട് മുതലാളിയും മറ്റുള്ളവരും വരുമ്പോൾ കാ ണുന്നത് രക്തം ഒഴുകുന്ന കൈകളുമായി നിൽക്കുന്ന മേരിയേയും ചത്തുകിടക്കുന്ന കുറുക്കനെയും ആണ്. എല്ലാവരും കൂടി മേരിയുടെ മുറിവുകൾ കഴുകി വൃത്തിയാക്കി നേരെ ആസ്പത്രിയിലെത്തിച്ചു . പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് മേരിക്കു മാത്രമല്ല മുതലാ ളിക്കും കുടുംബത്തിനും കൂടി വേണ്ടി വന്നു...
   (ഇനി മേരിക്ക് വേറെ ശിക്ഷ ഉണ്ടാകുമോ എന്നറിയില്ല, വെട്ടിക്കൊല്ലുന്നതിനു പകരം കുറുക്കനെ പിടിച്ചു വന്ധ്യംകരണം നടത്താത്തതിന്)

Tuesday, July 7, 2015

പ്ലിംഗ്. പ്ലിംഗ്


             കഴിഞ്ഞ ദിവസം പുസ്തകസംബന്ധമായ ആവശ്യത്തിനായി ഞങ്ങൾ കണ്ണൂർ പോയി. പോയകാ ര്യം കഴിഞ്ഞപ്പോൾ സമയം ഒരു മണി. ഇനി ഭക്ഷണം കഴിച്ചിട്ടു പോകാം. ഞങ്ങൾ തീരുമാനിച്ചു .ഞങ്ങൾ സാധാരണ പോകുന്ന ഒരു ഹോട്ടലുണ്ട്. അവിടെയ്ക്ക് തന്നെ വെച്ച് പിടിച്ചു. 
                സാമാന്യം നല്ല തിരക്കുള്ള ഒരു കൊച്ചു ഹോട്ടൽ. ആളൊഴിയുന്നതിനനുസരിച്ചു ഓരോരുത്തർ ഭക്ഷണം കഴിക്കും .അല്പസമയത്തിനു ള്ളിൽ ഞങ്ങൾക്കും സീറ്റ് കിട്ടി. ഇലയിട്ടു ഭക്ഷണം വിളമ്പു ന്ന തിനിടയിൽ രണ്ടുപേർ ഞങ്ങളുടെ അരികിലൂടെ അകത്തേയ്ക്ക് വന്ന് കൈകഴുകാനായി വാഷ്‌ ബേസിനടു ത്തേയ്ക്ക് പോയി. പലരും അങ്ങനെ വന്നു പോയെങ്കിലും ഇവരെ ശ്രദ്ധിക്കാൻ പ്രത്യേ ക കാരണമുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അച്ഛനും മകളുമാണെന്നു മനസ്സിലാകും. പക്ഷെ മകളുടെ മുടിയെക്കാൾ നീണ്ടമുടിയാണ് അച്ഛനുള്ളത് . രണ്ടാളും അത് അഴിച്ചു വിടർത്തിയിട്ടിരിക്കുകയാണ്. കളറൊക്കെ തേച്ചു ഭംഗിയാക്കിയതെങ്കിലും അത് ചോറിൽ പാറി വീണാൽ പണിയാകു മല്ലോ എന്ന് പറഞ്ഞു ഞങ്ങൾ ചിരി അടക്കി..
              അച്ഛന്റെ വേഷം പാന്റ്സും ഷർട്ടുമാണ്. മോൾക്ക് ഒരു ത്രീ ഫോർത്ത് പാന്റ്സും ടീ ഷർട്ടും .ഞങ്ങൾ ഭക്ഷണം കഴിച്ചു തുടങ്ങിയതിൽ പിന്നെയാ ണ് അവർക്ക് കിട്ടിയത്.
പെട്ടെന്ന് തെല്ലു ഞടുക്കത്തോടെ, ആകാംക്ഷയോടെ, ഞങ്ങളാ കാഴ്ച കണ്ടു. ആ അച്ഛൻ ഏകദേശം പതിനേഴോ പതിനെട്ടോ വയസ്സു പ്രായമുള്ള മകൾക്ക് വാരിക്കൊടുക്കുന്നു. 

                    അയ്യോ... എന്തോ വൈകല്യം ഉള്ള മോളാണല്ലോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? പക്ഷെ കയ്യിൽ ഉള്ള മൊബൈ ലിൽ ചാറ്റ് തുടരുന്ന മകൾക്ക് പ്രകടമായ കുറവുകൾ ഒന്നും കണ്ടില്ല. എല്ലാവരുടെയും ശ്രദ്ധ അവരിലാ യിരുന്നു.പക്ഷെ അവരോ ...അവരുടെ മാത്രം ലോകത്തും.
                എന്നിലെ നിശ്ശബ്ദ വിപ്ലവകാരി ആളിക്കത്തി. ചെന്ന് അവരുടെ കാരണക്കുറ്റിക്കു ഒന്ന് പൊട്ടിക്കണം.ഇങ്ങനെയാണോടോ മക്കളെ വളർത്തണത് എന്ന് ചോദിച്ച് അച്ഛനിട്ടും, നാണം കെട്ടവളെ..എന്ന് വിളിച്ച് മോൾക്കിട്ടും..(അങ്ങനെ മനുഷ്യർക്ക് എന്തൊക്കെ മോഹങ്ങൾ അല്ലെ?)
ഞങ്ങൾ ഭക്ഷണം കഴിഞ്ഞ് കാശും കൊടുത്ത് ഇറങ്ങിപ്പോരാൻ നേരം ചന്ദ്രേട്ടനും പരിചയക്കാര നായ കാഷ്യറും എന്തോ സംസാരിക്കുന്നത് കണ്ട് ഞാൻ തിരിച്ചു ചെന്നു. ഇത്രയേ ഞാൻ കേട്ടുള്ളൂ.
"എന്തൊക്കെയോ ബിസിനസ്സുമായി നടക്കുന്ന ആളാ ...ഇത് സ്ഥിരം കാഴ്ചയാ.... ഓരോരോ ശീലങ്ങൾ ...അവനു അയാൾ പഠിപ്പിച്ചു കൊടുത്ത ഈ സ്വഭാവ വൈകല്യമല്ലാതെ മറ്റൊരു കുഴപ്പവുമില്ല...."
ഞാൻ ചന്ദ്രേട്ടനെ തോണ്ടി.
"മകനോ?''
ചിരിയോടെ ചന്ദ്രേട്ടൻ പറഞ്ഞു.
"അതെ...അത് പെണ്ണല്ല, ആണാ.അയാളുടെ മകൻ..."
(പ്ലിംഗ്)