Sunday, December 5, 2010

മോഹഭ്രമങ്ങള്‍

മോഹഭ്രമങ്ങള്‍
ലീല എം ചന്ദ്രന്‍

മണിനാലടിച്ചല്ലൊ
പടി വാതിക്കല്‍ച്ചെന്നു
സ്കൂള്‍ബസ്സു വരുന്നതും
കാത്തു നില്‍ക്കയായി ഞാന്‍,
കൃത്യമായിരുപതു
മിനിറ്റേ വേണ്ടൂ, ഇന്ന്
ബസ്സില്ല,
ഇരുപത്തിമൂന്നു മിനിറ്റായിതാ..

ഉത്‌കണ്ഠ പെരുകുന്നു
നയനം തുടിക്കുന്നു
ദുശ്ചിന്ത ഹൃദന്തത്തിന്‍

ചലനം തെറ്റിക്കുന്നു

നിത്യവും ദുരന്തത്തിന്‍
വാര്‍ത്തയേ കേള്‍ക്കാനുള്ളു
റോഡിലും റെയിലിലും
വ്യോമ പാതയില്‍പ്പോലും.

പ്രാര്‍ഥനാഗീതങ്ങളെന്‍
ഹൃത്തില്‍ നിന്നുയരുന്നു
അര്‍പ്പിതമാകുന്നെല്ലാം
വിശ്വ നിയന്തിതാവില്‍.

ക്ലോക്കിലേക്കൊരു വട്ടം
കൂടി നോക്കുവാന്‍ പേടി,
എന്തിനിത്ര വേഗത്തില്‍
സൂചികള്‍ കറങ്ങുന്നു?!
ഉത്‌കണ്ഠ പ്പിശാചിനെ
തുരത്തിയിതാ ബസ്സി-
ന്നിരമ്പം, മനം തുള്ളി 'യീശ്വരാ...എത്തിപ്പോയി..!'

മുതുകില്‍ കനം തൂങ്ങും
സ്കൂള്‍ബാഗും പേറി
ബസ്സിന്‍ പടികളിറങ്ങുന്നു
പാടുപെട്ടെന്നോമന.

ഓടിച്ചെന്നാ ഭാരമ
തേറ്റു വാങ്ങി,യാകുലം
തളര്‍ന്നൊരാ തൂമുഖം
ആര്‍ദ്രമായ്ത്തഴുകി,യാ-
കൈ പിടിച്ചകത്തേയ്ക്ക,
ങ്ങാനയിക്കവെ,യവള്‍
പതിവായ്‌ ചൊല്ലും കൊച്ചു
വാര്‍ത്തയ്ക്കായ്‌ ചെവിയോര്‍ത്തു.

'ചായതാ വിശക്കുന്നു,'
'സായിദ ചീത്തക്കുട്ടി,
കണക്കു ചെയ്തില്ലവള്‍
കണക്കിന്നടി കിട്ടി'
'അപ്പു ഇന്നൊരു പുത്തന്‍ കുപ്പായമിട്ടു,അച്ഛന്‍,
പട്ടാളക്കാരന്‍,കൊടുത്തയച്ചതാണു പോലും'
'പട്ടാളക്കാര്‍ക്കിങ്ങനെ
കിട്ടുമോ കുപ്പായങ്ങള്‍?'
സംശയം തീര്‍ക്കാന്‍ ചോദ്യ-
മെന്റെ നേര്‍ക്കയക്കുന്നു.

'ഇംഗ്ലീഷു ടീച്ചര്‍ വെരി
ഗുഡെന്നെഴുതി നോട്ടില്‍,
ഹോം വര്‍ക്കുണ്ടേറെച്ചെയ്യാന്‍
ഹെല്‍പു ചെയ്യണമമ്മ'

ഇങ്ങനെ പ്രവഹിക്കു
മക്കിളിക്കൊഞ്ചല്‍,പക്ഷെ,-
യിന്നെന്തോ.. ചാരുമുഖം
മ്ലാനമായ്ത്തന്നെ കാണ്മൂ...!!?

കുടിച്ചതില്ല ചായ,കളിക്കാനോടിയില്ല,
ഹോംവര്‍ക്കു ചെയ്യാന്‍ തെല്ലുമുത്സാഹം കാണിച്ചീല,

ആഫീസില്‍ നിന്നുമച്ഛനെത്തുവാന്‍ വൈകീടുകില്‍
ചോദ്യശരങ്ങളെയ്യും പൊന്നുമകളിന്നച്ഛന്‍
വന്നതും വിളിച്ചതും അറിയാത്തതു പോലെ-
യലസം തന്‍ ചിന്തയില്‍ മുഴുകി നടക്കുന്നു..

'വയറ്റില്‍ സുഖമില്ലെ?
തല വേദനിക്കുന്നോ?
പനിക്കുന്നുണ്ടോ? ക്ലാസ്സില്‍-
കുഴപ്പം..? പറയു നീ '

'ഒന്നുമില്ലെ'ന്നു വീണ്ടും ചൊല്ലിയെന്‍ തങ്കം മുഖം
തിരിച്ചു നട'ന്നച്ഛന്റമ്മണി'ക്കെന്താണാവോ?

സാരമില്ലെന്നു ചൊല്ലി
സന്ത്വനിപ്പിച്ചു പ്രിയന്‍
'നാളെ രാവിലെ പോയി
ചെക്കപ്പു നടത്തീടാം'
* * * *** ***
രാത്രിയേറെയായ്‌ നിദ്ര പൂകിയിട്ടില്ലാ മകള്‍,
ആര്‍ദ്രമെന്‍ ഹൃദന്തത്തിന്‍ നോവുകളുച്ചസ്ഥമായ്‌,
നേര്‍ത്തൊരു കൂര്‍ക്കം വലി,അച്ഛനുറങ്ങി-
യെന്നാലക്കരം കവചമായ്‌ മകളെ പൊതിയുന്നു.

തൊട്ടൂ വിളിച്ചു മാറില്‍
ചേര്‍ത്തണ,ച്ചരുമയോ-
ടോതി'യെന്റെ പൊന്മണീ
പറയൂ വിഷമങ്ങള്‍'

ഏറെ നിര്‍ബന്ധത്തിന്നും സാമവചസ്സുകള്‍ക്കും
ശേഷ,മെന്മുത്തിന്‍ വാക്കു-കേട്ടു ഞാന്‍ ഞടുങ്ങിപ്പോയ്‌.

'അച്ഛനും പോണം ഗള്‍ഫില്‍,
അടുത്തവര്‍ഷം ലീവില്‍-
വരുമ്പോള്‍ 'എയറോഡ്രോ'മില്‍
കൂട്ടുവാന്‍ നാമും പോണം.

ഒത്തിരി ഫോറിന്‍ സാരി,കുപ്പായം, പെര്‍ഫ്യൂം,പെന്‍സില്‍
പുസ്തക സഞ്ചി, സ്വര്‍ണബിസ്കറ്റും വീസിയാറും
നിറച്ച സ്യൂട്ട്‌ കേസുകള്‍ അംബാസിഡറിന്‍ ടോപ്പില്‍
കെട്ടി വച്ചിവിടേയ്ക്കു പോരണം നമുക്കൊപ്പം,

പിറ്റേന്നു സ്കൂളില്‍ കൊണ്ടു-
പോകണം ഫോറിന്‍ ടോഫീസ്‌
കൂട്ടുകാര്‍ക്കൊക്കെ മൂന്നും
രണ്ടുമായ്‌ കൊടുക്കണം.

സൈബുവിന്റുപ്പക്കെന്താകൊമ്പുണ്ടോ ?എന്റച്ഛനും
ഗള്‍ഫിലാ, ണവളുടെയഹങ്കാരം തീര്‍ക്കണം'

കൂടുതല്‍ കേള്‍ക്കാന്‍ വയ്യ, മകളെ നിന്‍ കുരുന്നു
മനസ്സും മോഹിപ്പിക്കും ഭ്രമങ്ങള്‍ക്കടിപ്പെട്ടോ..?!

അക്കരപ്പച്ചയെന്ന വിഭ്രമത്തുരുത്തില്‍ നി-
ന്നെപ്പോഴീ യാഥാര്‍ഥ്യത്തിന്‍ തൂമുഖം ദര്‍ശിക്കും നീ!

മകളേ മനസ്സോടെ കേള്‍ക്കുകെന്‍ വചനങ്ങള്‍
സൈബുവിനില്ലാത്തതാം നമ്മള്‍തന്‍ സൗഭാഗ്യങ്ങള്‍..

അച്ഛനുണ്ടൊരു ജോലി,
നമ്മളെ പുലര്‍ത്തുവാന്‍
കൊച്ചു കണ്മണി,നിന്റെ-
യിച്ഛകള്‍ സാധിക്കുവാന്‍,

അച്ഛനോടൊപ്പം നിത്യം സദ്യയുണ്ണുവാന്‍,ഭയ-
മൊട്ടുമില്ലാതെ രാവില്‍ നിദ്രയെപ്പുണരുവാന്‍...

അച്ഛന്റെയുരുളയ്ക്കായ്‌
ചോരിവായ്‌ തുറക്കുവാന്‍
അച്ഛന്റെവാക്കു കേട്ട്‌-
ചിരിച്ചുല്ലസിക്കുവാന്‍,

അച്ഛനാഫീസില്‍പ്പോകെ മുത്തമേകുവാന്‍,തിരി-
ച്ചെത്തവെ ചോക്ലേറ്റിന്നായ്‌ പടിക്കല്‍ കാത്തീടുവാന്‍,

അച്ഛന്റെ കൈയില്‍ത്തൂങ്ങി
അമ്പലത്തില്‍,ബസാറില്‍,
അഞ്ചുവാന്റി തന്‍ വീട്ടില്‍
അമ്മയേം കൂട്ടിപ്പോകാ-
നൊക്കുമോ.,അച്ഛന്‍ ഗള്‍ഫില്‍പ്പോകുകില്‍? നമ്മള്‍ തനി-
ച്ചെത്ര നാള്‍..?[ഒരു തേങ്ങല്‍ എന്നുള്ളില്‍ തുളുമ്പിയോ...?]

ഒത്തിരിപ്പണം വേണ്ട ഇത്തിരി സുഖം, സ്വസ്ഥം,
കിട്ടുവാനച്ഛന്‍ നമ്മോടൊപ്പമുണ്ടായീടണം.

ഒന്നു നീയോര്‍മ്മിക്കുക സൈബുവിന്നാഡമ്പരം
ദിനങ്ങള്‍ മാത്രം, പിന്നീടെത്ര നാള്‍ കഴിയണം?

നമ്മള്‍ തന്‍ സൗഭാഗ്യങ്ങള്‍ നിത്യമായ്‌ നില നില്‍ക്കാന്‍
പൊന്നു മോള്‍ ദൈവത്തോട്‌ നിത്യവും പ്രാര്‍ഥിക്കണം.

ഒട്ടു ഞാന്‍ നിര്‍ത്തീ തേങ്ങല്‍ കേട്ടുവോ? സത്യം, മുഖം
പൊത്തിയെന്‍ കുരുന്നിതാ വിതുമ്പിക്കരയുന്നു.

'അച്ഛനു ദേഷ്യമക്വോ...?
ഞാന്‍ ചുമ്മാ...'വീണ്ടും തേങ്ങല്‍
എന്തു പറയാന്‍..?ശബ്ദ-
മടഞ്ഞേനൊരു മാത്ര..!

പെട്ടെന്നു കേട്ടു സ്നേഹസാന്ദ്രമാം സ്വരം 'കണ്ണേ,
ഉറങ്ങൂ മിഴി പൂട്ടി,അച്ഛനുണ്ടരികത്ത്‌'.'

പിടഞ്ഞാള്‍ തിരിഞ്ഞാള്‍ പി-
ന്നച്ഛന്റെമാറില്‍ മുഖ-
മൊളിപ്പിച്ചൊരു മന്ത്രം
കേട്ടു ഞാന്‍ 'പൊന്നിന്റച്ഛാ...'!!

കരളില്‍ കുളിര്‍ വര്‍ഷം, കണ്ണുകള്‍ തുളുമ്പുന്നു
കരങ്ങള്‍ നെഞ്ചില്‍ച്ചേര്‍ന്നു ,കരുണേശ്വരാ..സ്വസ്തി...!!!