Friday, January 4, 2013

പാപനാശിനിയിലേക്കൊരു യാത്ര.                

                          പൊടുന്നനെ ഞങ്ങളെ വിട്ടു പോയ സഹോദരിയുടെ ചിതാഭസ്മം പാപനാശിനിയില്‍ നിമഞ്ജനം ചെയ്ത് കര്‍മ്മങ്ങള്‍ നടത്തുവാനാണ് ഞങ്ങള്‍ തിരുനെല്ലിയില്‍ പോയത് .ഇളയ രണ്ടു സഹോദരിമാരും   ഒരു മരുമകനും ചന്ദ്രേട്ടനും പിന്നെ ഞാനും ഞങ്ങളുടെ   കാറില്‍ പുലര്‍ച്ചെ 4.30ന് വീട്ടില്‍ നിന്നും പുറപ്പെട്ടു.വയനാട് ചുരം കയറുമ്പോള്‍ ഇരുട്ട് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ...ആഴത്തിന്റെയും ഉയരത്തിന്റെയും അത്ഭുതങ്ങളില്‍ കുളിര്‍ന്ന്  ചുരം കയറി ഞങ്ങള്‍  മാനന്തവാടിയിലെത്തി .അവിടെ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിച്ച് വീണ്ടും യാത്ര തുടര്‍ന്നു .
                        വനമേഖലയിലൂടെയാണ്  പോകുന്നത് ..ആനയും കടുവയുമൊക്കെ  ഇറങ്ങാറുള്ള വഴി...ഞാനാണെങ്കില്‍ പുലര്‍ച്ചയ്ക്ക് ഒരു സ്വപ്നം കണ്ടിരുന്നു; ഞങ്ങളുടെ വണ്ടിക്കു മുന്നില്‍ ഒരാന വന്നു നില്‍ക്കുന്നത്.പുലര്‍ച്ചയ്ക്ക് കാണുന്ന സ്വപ്നം ഫലിക്കുമെന്ന ഒരു മിഥ്യാ ധാരണ എന്റെ അബോധ മനസ്സില്‍ ഉണ്ടായിരുന്നതിനാല്‍ ഞാന്‍ ആനയെ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ ആന പോയിട്ട്  ഒരു ചേന പോലും ഞങ്ങള്‍ക്ക് കാണാനായില്ല .
                         ഭയം കലര്‍ന്ന കൗതുകം ഉണര്‍ത്തുന്ന ഇട തൂര്‍ന്ന ഒരു കാട് എന്നതായിരുന്നു ആ പ്രദേശത്തെക്കുറിച്ച് എനിക്കുണ്ടായിരുന്ന സങ്കല്‍പം .അങ്ങനൊരു കാലം ഉണ്ടായിരുന്നിരിക്കാം .
മനുഷ്യന്റെ കടന്നു കയറ്റം കാടിന്റെ കാടത്തം നഷ്ടപ്പെടുത്തിയത് പോലെ തോന്നി. മാത്രമല്ല കാടിന്റെ ഏറെ ഭാഗവും പ്രാമാണികത്വം പുലര്‍ത്തിയിരുന്ന മുളം കൂട്ടങ്ങള്‍ ഏതോ രോഗ ബാധയാല്‍ നിശ്ശേഷം നശിച്ചു കിടക്കുന്ന കാഴ്ച ശരിക്കും വേദനാകരം ആണ്.കണ്ണെത്തുന്ന ദൂരത്തെല്ലാം ആ കാഴ്ചതന്നെ.അവയില്‍ നിന്നും കേടുപാടില്ലാതെ എടുക്കാന്‍ പറ്റിയ മുളകള്‍ വെട്ടിക്കൂട്ടിയതും കണ്ടു.
                           വയനാടന്‍ മലകളെ പ്പറ്റി ഓര്‍ക്കുമ്പൊഴെല്ലാം കാപ്പിത്തോട്ടങ്ങളുടെയും തേയിലത്തോട്ടങ്ങളുടെയും  മനോഹാരിതയാണ് മനസ്സില്‍ തെളിയുക.പക്ഷെ അതും നിരാശാ ജനകം ആയിരുന്നു.അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രമേ  അങ്ങനെ കാണാന്‍ കഴിഞ്ഞുള്ളൂ.
വേനല്‍ക്കാലത്ത് ഇങ്ങനെ തന്നെ ആയിരിക്കുമോ? എന്തായാലും വഴിക്കാഴ്ചകള്‍ അത്ര സന്തോഷം ഒന്നും തന്നില്ല.
                             ഏകദേശം ഒന്‍പതു മണിയോടെ ഞങ്ങള്‍ തിരുനെല്ലിയില്‍ എത്തി.ചിതാഭസ്മം നിമഞ്ജനം ചെയ്ത് കുളിച്ചു വന്ന് ക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമേ കര്‍മ്മം നടത്താന്‍ പറ്റു .ക്ഷേത്രത്തിനു വലതുഭാഗത്തു ള്ള  ഇടവഴിയിലൂടെ നടന്നു ചെല്ലുമ്പോള്‍ താഴേയ്ക്കുള്ള പടികള്‍ കാണാം.പടികളിറങ്ങി നേരെ നടന്നാല്‍ ഇടതു ഭാഗത്ത് പഞ്ചതീര്‍ഥക്കുളം .അതില്‍  നീലത്താമര വിരിഞ്ഞു നില്ക്കുന്നുണ്ട് .കല്ല്‌ പാകിയ വഴിയും അവിടെ വരയെ ഉള്ളു. പിന്നെ നടന്നു തേഞ്ഞ വലിയ കല്‍ക്കൂട്ടങ്ങളുടെ മുകളിലൂടെയാണ്‌ നടക്കേണ്ടത്. ചെറിയ ഒരു കയറ്റത്തിന്റെ പകുതി എത്തുമ്പോള്‍  ചിതാഭസ്മം ഒഴുക്കേണ്ട സ്ഥലത്തേക്കുള്ള ബോര്‍ഡ് ഇടതു ഭാഗത്ത്  കാണാം.നേരെ പോകുന്നത് പാപനാശിനിയിലേക്കും.
                                     
അവിടെ എത്തിയപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി. കുറഞ്ഞപക്ഷം  നിറയെ വെള്ളമുള്ള ഒരു തോട് എങ്കിലും ആയിരിക്കും അതെന്നു ഞാന്‍ കരുതിയിരുന്നു.  പക്ഷെ നൂലുപോലെ ചാലിലൂടെ ഒഴുകിയെത്തുന്ന വെള്ളം കെട്ടിനിര്‍ത്തിയിട്ടുള്ള ഒരു  കുഴി ....അതിലാണ് ആളുകള്‍ മുങ്ങിക്കുളിക്കുന്നത്.അതില്‍ നിന്നും കല്ലുകള്‍ക്കിടയിലൂടെ കിനിഞ്ഞിറങ്ങുന്ന വെള്ളം  കല്ലുകെട്ടിയ ചാലിലൂടെ താഴേയ്ക്ക് ഒലിച്ചു പോകുന്നു. 

ആ ചാലില്‍ ഇറങ്ങിനിന്നാണ് ആളുകള്‍ ബലിയിടല്‍ കര്‍മ്മം ചെയ്യുന്നത്.തിരക്കുള്ളപ്പോള്‍ ഒരേ സമയം ഒരു പാട് പേര്‍ നിരന്നു നിന്ന് ബലിയിടുന്നു.എല്ലാം പറഞ്ഞു കൊടുക്കാനും മന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കാനും  സ്വാമിമാര്‍ ഉണ്ട്.ദക്ഷിണയും വാങ്ങി അടുത്ത ഊഴം കാത്തിരിക്കും അവര്‍.
വീണ്ടും വെള്ളത്തില്‍ മുങ്ങി കയറി വന്ന് ഈറന്‍ മാറ്റിയ ശേഷം ക്ഷേത്രത്തില്‍ പോയി മനസ്സ് നിറഞ്ഞു പ്രാര്‍ഥിച്ച് സന്തോഷത്തോടെ ഭക്തര്‍ മടങ്ങിപ്പോകുന്നു.
                                   ആളൊഴിയുന്നതും കാത്തിരിക്കുന്ന വാനരക്കൂട്ടങ്ങള്‍ അവിടെ ധാരാളം ഉണ്ട്.
ബലി ശേഷിപ്പുകള്‍ക്കായി അവര്‍ കടിപിടികൂടുന്നതും സ്ഥിരം കാഴ്ചയാണത്രേ. മാത്രമല്ല ആളുകളുടെ സഞ്ചികളും വസ്ത്രങ്ങളുമൊക്കെ അടിച്ചെടുക്കാനും മിടുക്കരാണവര്‍... ചിലപ്പോള്‍ അവ മനുഷ്യരെ ഉപദ്രവിക്കയും ചെയ്യും.
                             മരിച്ച സഹോദരി വിവാഹിതയല്ലാത്തതിനാല്‍  മൂത്ത സഹോദരിയുടെ മകനാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്.ഞാനൊഴികെ മറ്റു നാലുപേരും ബലിയിട്ടു.തണുത്ത വെള്ളത്തില്‍ മുങ്ങി ഈറനോടെ ചാലില്‍ പരന്നൊഴുകുന്ന കുറച്ചു വെള്ളത്തില്‍ കാല്‍ നനച്ചു നിന്ന് സ്വാമി ചൊല്ലി ക്കൊടുത്ത മന്ത്രങ്ങള്‍ ഏ റ്റു ചൊല്ലി അവര്‍ സഹോദരിക്കായും പരേതരായ  മറ്റു കുടുംബാംഗങ്ങള്‍ക്കായും  പ്രാര്‍ഥിക്കുന്നത് ഞാന്‍  കരയില്‍  കണ്ടു നിന്നു. അവരുടെ വാച്ച്,ഫോണ്‍,പേഴ്സ്,മാറ്റിയുടുക്കാനുള്ള വസ്ത്രങ്ങള്‍ എല്ലാം എന്റെ കൈവശം ഉണ്ടായിരുന്നു.എന്റെ അടുത്തുള്ള മരത്തില്‍ രണ്ടു മൂന്ന് വൃത്തികെട്ട  കുരങ്ങന്മാര്‍ എന്നെ ലക്‌ഷ്യം വച്ച് നോക്കുന്നത് എന്നില്‍ ഭീതിയുളവാക്കി .
മറ്റു ബുദ്ധിമുട്ടുകളൊന്നും കൂടാതെ കര്‍മ്മം കഴിഞ്ഞ് മുങ്ങിക്കയറി ഈറന്‍ മാറ്റി.ഞങ്ങള്‍ തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് നടന്നു.
പടിയിറങ്ങിപ്പോകാന്‍ എളുപ്പമായിരുന്നെങ്കിലും കയറി വരാന്‍ അല്പം കിതയ്ക്കേണ്ടി വന്നു.
                           
 മഹാവിഷ്ണുവിന്റെ പേരിലുള്ള ക്ഷേത്രമാണിത്.ദൂര ദേശ ങ്ങളില്‍ നിന്നു  പോലും ധാരാളം പേര്‍ ഇവിടെ വന്നു തൊഴുതു പോകുന്നു.അമ്പലം അത്ര വലിപ്പമുള്ളതല്ല ...പക്ഷെ വിശ്വാസം ...അതല്ലേ എല്ലാം. അമ്പലത്തിന്റെ പുനര്‍ നവീകരണം നടക്കുന്നുണ്ട്.പാപനാശിനി യില്‍ ഫോട്ടോ എടുക്കുന്നതിനു വിലക്കുണ്ട്.കുളി സീന്‍ പകര്‍ത്തുമെന്ന ഭയമാകാം.ആരും ഇല്ലാത്ത നേരം നോക്കി എന്റെ ക്യാമറ രണ്ടു മൂന്ന് പ്രാവശ്യം കണ്ണ് ചിമ്മി .  അമ്പലത്തിലും അങ്ങനെ തന്നെ .എങ്കിലും നവീകരണ ഫണ്ടിലേക്ക് നല്‍കിയ തുക ആ വിലക്കിനെ ഒന്ന് മയപ്പെടുത്തി.അമ്പല  മുറ്റത്ത് നിന്നുള്ള  പരിസരക്കാഴ്ച വളരെ മനോഹരം ആണ് .
                               തൊഴുത് വഴിപാടുകള്‍ നടത്തി പ്രസാദവും വാങ്ങി ഞങ്ങള്‍  മടങ്ങി.

തിരിച്ചു വരുമ്പോള്‍ വഴിയരികില്‍ നിര്‍ത്തിയ ഒരു കാറിനരികില്‍ നിന്ന് വെള്ളം കുടിക്കുന്ന ഒരാളെ മുന്‍പ് കണ്ട പരിചയം തോന്നി. മനോജ്‌ രവീന്ദ്രന്‍ എന്ന നിരക്ഷരനെപ്പോലൊരാള്‍ .'അയ്യോ അത് നീരുവല്ലെ ..! ഒന്ന് വണ്ടി നിര്‍ത്തു' എന്ന് പറയുമ്പോഴേയ്ക്കും കുറെ ദൂരം പിന്നിട്ടിരുന്നു.

                               പിന്നീടുള്ള യാത്രയില്‍ എന്റെ ക്യാമറ പലകാഴ്ചകളിലേയ്ക്കും കണ്ണ് തുറന്നു.
പിന്നെ കണ്ണ് തുറക്കാതെയായി .കാരണം അതിന്റെ ബാറ്ററി  പോരും മുമ്പ് ചാര്‍ജ് ചെയ്തിരുന്നില്ല .
 (തലേന്ന് രാത്രി വരെ  കൂടെ പുറപ്പെടാനിരുന്ന സുഹൃത്ത് ഒഴിവായപ്പോള്‍ ആ  ഒഴിവിലേയ്ക്കു  എനിക്ക് ചാന്‍സ് കിട്ടുകയായിരുന്നു.പോകാനിറങ്ങുമ്പൊഴാണ്    ക്യാമറയുടെ കാര്യം ഓര്‍ത്തതും ബാഗില്‍  എടുത്തു വച്ചതും.)ക്യാമറ മാറ്റി  വച്ച്   മൊബൈല്‍ കയ്യിലെടുത്തു.പിന്നെ അഭ്യാസം മുഴുവന്‍ അതിലായി.  
                                 മാനന്തവാടിയില്‍ എത്തി കോഫി ഹൌസില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു .
വയനാട്ടില്‍ വന്നു മടങ്ങുമ്പോള്‍ നല്ല ചായപ്പൊടി വാങ്ങാതെ വരുന്നതെങ്ങനെ..?അതിനു പെരിയ പീക്കില്‍ പോകുന്നതാണ് നല്ലത് എന്ന് കോഫി ഹൌസില്‍ ജോലിചെയ്യുന്ന ഞങ്ങളുടെ അയല്‍   വാസി പ്പയ്യന്‍  പറഞ്ഞതിന്‍  പ്രകാരം   ഞങ്ങള്‍ റൂട്ട് ഒന്ന് മാറ്റി.പോയത് കൊട്ടിയൂര്‍ .ബോയിസ് ടൌണ്‍ വഴിയായിരുന്നു .തിരിച്ചു പെരിയ പീക്ക് - നെടുംപോയില്‍ -പേരാവൂര്‍ വഴി    ആക്കി.
പെരിയ പീക്കില്‍ വണ്ടി നിര്‍ത്തി അവിടുത്തെ മനോഹരമായ തോട്ടത്തിന്റെ ഷോപ്പില്‍ നിന്നും നാലഞ്ച് കിലോ ചായപ്പൊടിയും വാങ്ങിയായി പിന്നീടുള്ള യാത്ര.

 വഴിയരികില്‍ എമു വിനെ കാണാന്‍ പറ്റി

                             
 കൂട്ടിന്‌ വേറെയും പക്ഷികള്‍ ഉണ്ട്


 


 


 ഇതെന്താണെന്നറിയാമോ?

 

എമുവിന്റെ മുട്ടയാണ്‌ .ഒന്നിന് 300 രൂപയാണ് വില വഴിയില്‍  ഉടനീളം  എന്റെ മൊബൈല്‍   വളവുകളും തിരിവുകളും കുന്നുകളും താഴ്വരകളും പകര്‍ത്തിക്കൊണ്ടിരുന്നു. ഒരു വളവില്‍ വണ്ടി നിര്‍ത്തണമെന്നു ഞാന്‍ ചന്ദ്രേട്ടനോട് ഇറക്കം തുടങ്ങുമ്പോഴേ ആവശ്യപ്പെട്ടിരുന്നു .പക്ഷെ പല വളവുകള്‍ കടന്നു പോന്നിട്ടും നല്ല സ്പീഡില്‍ വണ്ടി പോയതല്ലാതെ നിര്‍ത്തിയില്ല ... അടുത്ത വളവിലെത്തുമ്പോള്‍ 'എന്തേ മറന്നോ?' എന്ന് ചോദിക്കണമെന്ന്  ഞാന്‍   വിചാരിച്ചു.പക്ഷെ ചോദിയ്ക്കാന്‍ തുടങ്ങും മുമ്പ് വണ്ടി ഒന്ന് പാളിയതുപോലെ തോന്നി .വളവു തിരിയാതെ വണ്ടി നേരെ പോകുകയാണ്."എന്തെ ഇത്..?" എന്ന്  ഞാനും "മാമ" എന്ന് മരുമോനും ഒരുമിച്ചു വിളിച്ചു.ഒരു ഞൊടിയിട...!!ചന്ദ്രേട്ടന്‍ സ്റ്റിയറിങ്ങ് ഇടത്തേയ്ക്ക് തിരിച്ചു ...അഗാധമായ കൊക്കയിലേയ്ക്ക് പോയില്ല.റോഡില്‍ എത്തിയുമില്ല. വലിയൊരു ശബ്ദത്തോടെ മുന്നില്‍ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് വണ്ടി നിന്നു . അഞ്ചു പേരും പരസ്പരം നോക്കി. ജീവന്‍ ബാക്കിയുണ്ടെന്ന അറിവ് ഞങ്ങള്‍ക്ക് നല്‍കിയ ആശ്വാസം പറഞ്ഞറിയിക്കാന്‍ പ്രയാസം..

        ചുരം കയറി വന്ന ഒരു ലോറിയിലെ ആള്‍ക്കാര്‍ സഹായഹസ്തം നീട്ടി.ഇടിയുടെ ശക്തിയില്‍
വണ്ടി ജാമായിപ്പോയിരുന്നു.ഒരു വിധത്തില്‍ പിന്നോട്ട് തള്ളി അത് റോഡ്‌ സൈഡില്‍ ഒതുക്കി.
മെക്കാനിക്കിന്റെ സഹായം ഇല്ലാതെ വണ്ടി എടുക്കാന്‍ ആയില്ല .22 കി.മി.  ദൂരെ പേരാവൂരിലേ
അടുത്ത വര്‍ക്ക്‌ ഷോപ്പ് ഉള്ളു .അവിടെപ്പോയി മെക്കാനിക്കിനെ കൂട്ടി വരുവോളം ഞങ്ങള്‍ റോഡില്‍  തന്നെ ഇരുന്ന് ദൈവം നമ്മോടൊപ്പം ഉണ്ട് എന്ന വിശ്വാസം അരക്കിട്ടുറപ്പിച്ചു. ആലോചിക്കുന്തോറും  ആ നിമിഷങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തി...അല്ലറ ചില്ലറ ചതവും പരുക്കും ഞങ്ങള്‍ സസന്തോഷം സ്വീകരിച്ചു . ഒരിക്കലും ചന്ദ്രേട്ടന്‍ അശ്രദ്ധമായി ഡ്രൈവ്  ചെയ്യാറില്ല.കാറിലായാലും ബൈക്കിലായാലും വളരെ കൂളായി കൂടെയിരിക്കാം.പക്ഷെ എന്നുംഉച്ച ഭക്ഷണം   കഴിഞ്ഞ് അഞ്ചു മിനിറ്റ് ഉറക്കം പതിവാണ് .ആ പതിവാകാം ഒരു നിമിഷം കണ്ണ് ചിമ്മാന്‍ ഇടയാക്കിയത്...എന്തായാലും ദൈവം ഞങ്ങളെ കൈവിട്ടില്ല .
     മെക്കാനിക് വന്നിട്ടും   വര്‍ക്ക്‌ഷോപ്പിലെത്തിക്കാതെ  ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല . മറ്റൊരു കാറില്‍  ഞങ്ങള്‍  പേരാവൂരെത്തി. വേറൊരു വണ്ടി അയച്ച് കെട്ടി വലിച്ചാണ് ഞങ്ങളുടെ  വണ്ടി കൊണ്ടു  വന്നത്....പെട്ടെന്ന് നന്നാക്കി അതില്‍ തന്നെ പോകാമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ കുറച്ചു സമയം അവിടെത്തന്നെ നിന്നു.പക്ഷെ  ഒരാഴ്ചത്തെ പണിയെങ്കിലും വേണമെന്നറി ഞ്ഞ്  ഞങ്ങള്‍ ബസ്സില്‍ മടങ്ങിപ്പോന്നു.4മണിക്ക് വീട്ടില്‍ തിരിച്ചെത്തേണ്ട ഞങ്ങള്‍ ദൈവാനുഗ്രഹം കൊണ്ട്  നാല് മണിക്കൂര്‍ വൈകിയെങ്കിലും വീട്ടില്‍ തിരിച്ചെത്തി .