Monday, January 31, 2011

യാത്ര.യാത്ര.


പടിക്കലെത്തി ഞാന്‍
തരിച്ചു നില്‍ക്കുന്നു
പടി കടക്കാതെ
തിരിച്ചു പോകുന്നു,

ഒരു യാത്രാ മൊഴിപറയാനാകാതെ
ഒരിക്കല്‍ക്കൂടി ഞാന്‍ വരുമെന്നോതാതെ
മടക്കയാത്രയ്ക്കായൊരുക്കം കൂട്ടാതെ
മരണശാന്തിക്കായ്‌ തിടുക്കം കാട്ടാതെ

തുണയ്ക്കാളെക്കാത്തു മടിച്ചു നില്‍ക്കാതെ
തുളുമ്പും നീര്‍ മുത്തിന്‍ കണക്കെടുക്കാതെ
തുടിക്കും നെഞ്ചിലെ പിടച്ചിലോര്‍ക്കാതെ
തുടിതന്നൊച്ചയില്‍ ലയിച്ചു നില്‍ക്കാതെ

വിറയ്ക്കും കാലിന്റെ
തളര്‍ച്ച നോക്കാതെ
വിതുമ്പും മോഹത്തിന്‍
തകര്‍ച്ച കാണാതെ

മധു ലഹരിയിലലിഞ്ഞൊഴുകാതെ
മദ ഭരിതമാം നിനവറിയാതെ
മിഴിച്ച കണ്ണിലെ തിമിരം മാറ്റാതെ
മനക്കണ്ണിന്‍ വാതിലടയ്ക്കാന്‍ നില്‍ക്കതെ

ഉദയ സൂര്യന്റെ കിരണമേല്‍ക്കാതെ
ഉടു തുണി വലിച്ചെറിയാനാവാതെ

അര വയറിന്റെ വിശപ്പു മാറ്റാതെ
അരുമക്കുഞ്ഞിന്റെ ഞരക്കം കേള്‍ക്കാതെ
നിറഞ്ഞ സ്തന്യത്തിന്നുറവുണക്കാതെ
നിറനിലാവിന്റെ കുളിരണിയാതെ

തിരിച്ചു പോംവഴി
തിരിച്ചറിയാതെ
തിരിവില്‍ കാത്തിടും
ദുരന്തമോരാതെ,

മലചവിട്ടുവാന്‍ വൃതമെടുക്കാതെ
മലമുകളിലെ മഹിമയോര്‍ക്കാതെ
ഇരുമുടിക്കെട്ടൊന്നൊരുക്കി വയ്ക്കാതെ
ഇരുളിന്‍ ചീളുകള്‍ തുടച്ചു മാറ്റാതെ,

ഒരു മെഴുതിരി കൊളുത്തി വയ്ക്കാതെ
ഒരു ദീപത്തിലും നറുനെയ്‌ ചേര്‍ക്കാതെ
ഇടറി വീഴ്‌വതിനിടവും തേടാതെ
ഇട വഴിയിലെ കുഴികള്‍ കാണാതെ

ഇടയ്ക്കൊരത്താണി
സ്മരിച്ചു കേഴാതെ
ഇടയ്ക്കിടെ നിന്നു
തളര്‍ച്ച മാറ്റാതെ

ഇടയച്ചെക്കന്റെ കുഴലു കേള്‍ക്കാതെ
ഇടയന്‍ ചൊല്ലിയ വചനമോര്‍ക്കാതെ
അയല്‍ക്കാരെ കഴു മരത്തിലേറ്റാതെ
അവര്‍ക്കായി മരക്കുരിശ്ശു നീട്ടാതെ

അര മുറുക്കാതെ
അണിഞ്ഞൊരുങ്ങാതെ
അണിയറയിലെ
തിരക്കു തീര്‍ക്കാതെ,

തിരക്കില്‍ നിന്നുടല്‍ തിരിച്ചെടുക്കാതെ
തിലകം ചാര്‍ത്തുവാന്‍ വിരലനക്കാതെ

ചിലങ്ക കെട്ടാതെ
കളം വരയ്ക്കാതെ
ചുവടു വയ്ക്കുവാന്‍
തലകള്‍ കാണാതെ

തിരിച്ചു പോകുന്നൂ.......
തിരിച്ച് പോകുന്നെ ........

തിരിച്ചു പോകുന്നു, ചിരപരിചിതം
തിളച്ച പാതയില്‍ തിടുക്കമേറുന്നു.....
വഴിയ്ക്കൊരായിരം മുഖങ്ങള്‍ കാണുന്നു
വെളിച്ചം മങ്ങിയ നിഴല്‍ രൂപങ്ങളായ്‌,

അടുപ്പമുള്ളവര്‍
അകന്നു നില്‍ക്കുന്നു,
അകന്നു നിന്നവര്‍
അപഹസിക്കുന്നു.....

ചിരിച്ചു കാട്ടുവാന്‍, കളിവാക്കോതുവാന്‍,
ചതുപ്പില്‍ നിന്നു കൈപിടിച്ചു കേറ്റുവാന്‍
തുറിച്ച കണ്ണിലെ കനലണയ്ക്കുവാന്‍
തരളചിത്തത്തിന്‍ തപം കുറയ്ക്കുവാന്‍
കഴിയാതെന്‍ വഴി അടഞ്ഞു നില്‍ക്കുന്നു
കരള്‍ വിറയ്ക്കുന്നു കദനമേറുന്നു....

തിരിച്ചു പോകാതെയിരിക്കുവാന്‍ വയ്യ
തിരിച്ചു പോകുന്നേ ...
തനിച്ചു പോകുന്നേ....

തിരിച്ചറിവിന്റെ ഞടുക്കം, വീണ്ടുമാ-
പടിക്കലെത്തി ഞാന്‍ തരിച്ചു നില്‍ക്കുന്നു,
പടി കടക്കുവാന്‍ വഴിയറിയാതെ,
പടി കടന്നാലെ,ന്തതുമറിയാതെ,

തിരിച്ചു പോകാതെ
പടി കടക്കാതെ,
തരിച്ചു നില്‍ക്കുന്നു
പടിക്കല്‍ത്തന്നെ ഞാന്‍.,
തനിച്ചു നില്‍ക്കുന്നു
പടിയ്ക്കല്‍ത്തന്നെ ഞാന്‍....
*******************

Saturday, January 1, 2011

എന്റെ സ്വപ്നം


ലീല എം ചന്ദ്രന്‍


***ഒന്ന് ***

എനിക്കുണ്ടൊരു സ്വപ്നം എന്നുടെ നാടും വീടും
വിശ്വപ്രേമത്തിന്റെ ഉറവിടമാകണം.

ചോര ചോരയെയറിഞ്ഞാദരിക്കണം
അന്യരല്ലെന്ന ബോധം നമ്മിലുളവായ്ത്തീര്‍ന്നീടണം,

ചിരിച്ചു വരുന്നവര്‍ക്കുള്ളിലെഭാവം പാര്‍ത്ത്‌
പടിക്കു പുറത്തുനാമിറക്കി നിറുത്തണം.

മേനി വാക്കുകള്‍ക്കുള്ളിലൊളിക്കും ചതിയുടെ
തിളക്കം കാണാനുള്‍ക്കണ്ണെപ്പൊഴും തുറക്കണം,

പണ്ടു മാബലി വാണ നാടായിത്തീര്‍ന്നീടണം
നന്മകളെന്‍ നാടിന്റെ മുഖമുദ്രയാകണം.

ഇല്ലൊരവതാരവും നന്മയെ പാതാളത്തില്‍
തള്ളുവാനെത്തില്ലെന്റെ നാട്ടിലെന്നെന്നുമോണം .

ഗാന്ധിജി
പിറന്നൊരു നാടിത്‌, വേറെത്രയോ-
പുണ്യാവതാരങ്ങള്‍ക്കു ജന്മമേകിയീ ഗൃഹം ,

നാടിനെ സ്നേഹിച്ചവര്‍ നല്‍കിയൊരാദര്‍ശങ്ങള്‍
മറന്നോര്‍, കരിതേയ്ക്കാന്‍ മത്സരിച്ചവര്‍ നമ്മള്‍,

പിതൃഹത്യ ചെയ്തവര്‍ മാതൃ ഹത്യ ചെയ്തവര്‍
സോദരനേയും ക്രൂരം കൊന്ന ശാപമേറ്റവര്‍,

നമ്മളീ നാടിന്നധ:പ്പതനം കൊതിപ്പവര്‍
നമ്മള്‍ നമ്മളെത്തിന്നു കൊഴുപ്പാന്‍ ശ്രമിപ്പവര്‍,

നമ്മളീ മണ്ണുഴുത്‌ വിദ്വേഷം വിതപ്പവര്‍
നമ്മളീ മണ്ണില്‍ വൃഥാ ചെഞ്ചോരയൊഴുക്കുവോര്‍.

നമ്മളീനാട്ടില്‍ നൂറു മതിലു കെട്ടി ,ബാധ-
യേറ്റപോല്‍ നാടിന്‍ മുഖം വൈകൃതമാക്കിത്തീര്‍ത്തോര്‍ ,

നമ്മളമ്മതന്‍ നെഞ്ചും പിളര്‍ന്നു പിച്ചിച്ചീന്തി,
എന്റേതി,തെന്റേത,തെന്നവകാശം സ്ഥാപിപ്പോര്‍,

പത്തു കാശിന്നായ്‌ കാലുനക്കുവോര്‍, നടുറോഡില്‍
പെറ്റ തള്ളതന്‍ തുണിയുരിക്കാ,നുളുപ്പറ്റോര്‍,

പെങ്ങളെ വിലപേശി വില്‍ക്കുവോര്‍, വധുക്കളെ
പൊന്നിനായ്‌, പണത്തിനായഗ്നിയിലെരിക്കുവോര്‍,

സജ്ജനങ്ങളെത്തുപ്പി പുലഭ്യം പറയുവോര്‍,
ദുര്‍ജ്ജനങ്ങള്‍ക്കായ്‌ പ്രാണനൊടുക്കാനുത്സാഹിപ്പോര്‍,

കൊള്ളയും കൊള്ളിവയ്പ്പും ഗുണമായ്‌ ചിന്തിക്കുവോര്‍,
കോഴയും ശുപാര്‍ശയും ഫാഷനായ്‌ കരുതുവോര്‍...!

കഷ്ടം..!എന്തപരാധം...!എത്ര ഹീനമാം കൃത്യം..!
എന്തിനിങ്ങനെ മണ്ണില്‍ ദുഷ്ടത പെരുകുന്നു...?!

തങ്ങളില്‍ തിരിയാതെ തല്ലിയും കൊന്നും തിന്നും
എന്തിനായ്‌ കായേന്മാരീമന്നിതിലലയുന്നു...?!

* * ******രണ്ട്‌ *********

ആരെനിക്കന്യന്മാര്‍..? പിന്നാരാണെന്‍ ശത്രു...?സത്യം,
ഏവരും എന്‍ ബന്ധുക്കള്‍ എത്രയും വെണ്ടപ്പെട്ടോര്‍.

ക്രിസ്റ്റഫറാണെന്‍ താതന്‍, വിഷ്ണുവെന്‍ പ്രിയ കാന്തന്‍
അബ്ദുവും അന്തോനിയും അര്‍ജുനനുമെന്‍ മക്കള്‍

ലൈലയെന്‍ സ്നുഷ,യാക്കോബെന്നുടെ മരുമകന്‍
രാമനും മുഹമ്മദും എന്‍ പ്രിയ സഹോദരര്‍,

ആമിന സഹോദര പത്നിയാ,ണിസഹാക്കോ, രാമന്റെ
ശ്വശുരനാ,ണിസ്മയില്‍ ശ്വശ്രുഭ്രാതന്‍...

സത്യമാണുറ്റോര്‍, വേണ്ടപ്പെട്ടവര്‍,ശത്രുക്കളെ-
യിത്തറവാട്ടില്‍ നിന്നും തുരത്താനൊന്നിക്കേണ്ടോര്‍.


* * ******മൂന്ന്*********

ജസുരി എനിക്കേകു,ദേവനാഥ, നിന്‍ മറ്റു-
വിശിഷ്ടായുധമെല്ലാം കനിവില്‍ നിരത്തുക,

കൃഷ്ണ പാഞ്ചജന്യം,സുദര്‍ശന ചക്രം, പോരാ-
യെനിക്കു വേണം നിന്റെ ബുദ്ധിയും തന്ത്രങ്ങളും,

അര്‍ജുനാ ഗാണ്ഡീവവുംപാശുപതാസ്ത്രവും,പി-
ന്നമ്പൊഴിഞ്ഞീടാത്ത നിന്നാവനാഴിയും വേഗം.

സൃഷ്ടി, സ്ഥിതി, സംഹാരശക്തിയെന്‍ കരങ്ങള്‍ക്ക്‌
കിട്ടുവാനനുഗ്രഹം കനിവോടരുളുക.

അക്രമപ്പിശാചിനെ തുരത്തീടട്ടെ, ദുഷ്ട-
ധര്‍മ്മികളെ ജസുരി വീശി ഞാനൊതുക്കട്ടെ,

ഇനിയും ഗാന്ധിമാരെ കൊല്ലുവാന്‍ തോക്കേന്തുന്ന
ഗോഡ്സെമാരുടെ നെഞ്ചില്‍ അമ്പു ഞാനയക്കട്ടെ,

പത്തവതാരങ്ങള്‍ക്കും സാദ്ധ്യമാകാത്ത ദുഷ്ട
നിഗ്രഹത്തിന്നായ്‌ മറ്റൊരവതാരമാകട്ടെ

* ** ****നാല് *******

ശുദ്ധമാമൊരു മനം മര്‍ത്യരില്‍ പുലരുവാന്‍
ഇപ്പൊഴീക്കെട്ടും വേഷമഴിച്ചു മാറ്റീടണം.

ചിരിച്ചു കാണിപ്പവര്‍ക്കുള്ളിലെ ദ്വയഭാവം
തുടച്ചു നീക്കി പുത്ത നൈശ്വര്യമേറ്റിടണം

മനസ്സില്‍
മാലാഖമാര്‍ സ്വസ്തികള്‍ പാടീടണം
അധരം തിരു നാമം തുടരെ ജപിക്കണം

ആത്മാവില്‍ വിശ്വപ്രേമ മുറവിട്ടൊഴുകണം
പുണ്യ ഗംഗകളായി ഭൂതലം നിറയണം.

ആരെയും നിന്ദിക്കായ്ക, ആരെയും ദ്രോഹിക്കായ്ക,
ആരിലും ശത്രുഭാവം വളര്‍ത്താന്‍ ശ്രമിക്കായ്ക,

ക്രിസ്തുവും ശ്രീബുദ്ധനും ഗാന്ധിയും പകര്‍ന്നൊരാ-
സത്യ ധര്‍മ്മാദികളാം സദ്ഗുണഗണമെല്ലാം

നിറഞ്ഞാത്മാവില്‍ സ്നേഹമുജ്ജലിക്കണം അതിര്‍-
തിരിച്ച മതിലുകള്‍ തകര്‍ത്തങ്ങെറിയണം

തിന്മയെ പാതാളത്തില്‍ ചവുട്ടിത്താഴ്ത്തീടണം
നന്മതന്‍ ശ്വാദ്വലങ്ങള്‍ മുളപ്പിച്ചെടുക്കണം..

എനിക്കുള്ളതാ സ്വപ്നം എന്നുടെ വീടും നാടും
പ്രപഞ്ചത്തില്‍ സ്വര്‍ഗ്ഗം എന്ന പേര്‍ നേടീടണം.
******* ****** *****