Wednesday, January 4, 2012

മരം

മരം
*******

പെരുവഴിയോരത്തുണ്ടൊരുമരം
പൊരി വെയിലേറ്റു തളര്‍ന്ന
പാന്ഥന്‌  തണലേകുവാന്‍
വെയിലേറെക്കൊണ്ടതാണീമരം.

ഇലകള്‍ പൊഴിച്ചും തളിര്‍ത്തും,
പൂവിരിയിച്ചും,
കൂടൊരുക്കാന്‍ കിളികള്‍ക്കു
ചില്ലകള്‍ കൊടുത്തും,
ഇത്തിക്കണ്ണികള്‍ക്കു ജീവന്‍ പകുത്തും
നാളേറെയായ്‌ നില്‍പ്പതുണ്ടീമരം.

വെയിലേറ്റു തളരാതെ,
കൊടുങ്കാറ്റിലിടറാതെ,
പെരുമഴയിലടിപതറാതെ,
കുത്തിയൊഴുകിപ്പോം മണ്ണിനെ
ഇറുക്കിപ്പിടിച്ചും,
കുട്ടിക്കുറുമ്പുകള്‍ മുറിവേല്‍പ്പിച്ച
തനുവില്‍ കലകള്‍ ബാക്കിവച്ചും
നില്‍ക്കയാണീമരം, നാളേറെയായ്‌.

ഓര്‍ക്കുവാനുണ്ടതിനേറെ പ്രതാപങ്ങള്‍
കാത്തു സൂക്ഷിച്ച സല്‍കൃത്യങ്ങള്‍,
പൊയ്പോയ കാല ചരിത്രങ്ങള്‍,
പഴം പുരാണങ്ങള്‍,
അശ്വമേധങ്ങള്‍,പടപ്പുറപ്പാടുകള്‍,
പാതിയില്‍ നിര്‍ത്തിയ സാമ്രാജ്യസ്വപ്നങ്ങള്‍,
പേരുകള്‍,പെരുമകള്‍,ക്രൂര നിയമങ്ങള്‍,
തേര്‍വാഴ്ചകള്‍,
താന്‍ പോരിമ കാട്ടിയ ഗര്‍വ്വുകള്‍,
സ്ഥാനമാനങ്ങള്‍ തന്‍ ആക്രാന്തങ്ങള്‍,
ബലപരീക്ഷകള്‍,നേട്ടങ്ങള്‍,
കോട്ടങ്ങള്‍ ,
വീര മൃത്യുവിന്‍ പതക്കങ്ങള്‍
ഓര്‍ക്കുവാനിനിയുമുണ്ടേറെ....

പ്രണയം.....മഹാസ്മാരകമായതും
സാമ്രാജ്യം ത്യജിച്ചതും,
പ്രണയം... വൈരൂപ്യത്തെ
ഹൃദയത്തിലേറ്റതും,
മഹായുദ്ധമായ്‌ പരിണമിച്ചതും,
പ്രണയം.... എരിതീയില്‍ മുളച്ചതും,
തനിയെ വളര്‍ന്നതും,
പ്രണയം ....തകര്‍ന്നതും ,
ഉന്മാദമായ്ത്തീര്‍ന്നതും ,
മരണം മാടി വിളിച്ചതും ,
ഫലമായ്‌ ചില്ലയില്‍ പിടഞ്ഞതും....
ഓര്‍ക്കുവാനുണ്ടതി നിനിയുമെ ത്രയോ ബാക്കി.

ഉണ്ടായിരുന്നു നന്മ തുളുമ്പുന്ന
ബന്ധങ്ങള്‍,
സ്നേഹ വിശ്വാസങ്ങള്‍ ,
ആദരവുകള്‍,
കള്ളവും ചതിയേതുമില്ലാ ദിനങ്ങള്‍,
ജ്ഞാന സുകൃതങ്ങള്‍....,
എന്തിനുചൊല്ലുന്നീ പഴം കഥപ്പാട്ടുകള്‍
എല്ലാം മനസ്സിലൊതുക്കി നില്‍ക്കയാണീമരം
നാളുകളേറെയായ്‌.


പിന്നെയുമൊതുങ്ങാത്തൊരോര്‍മ്മകള്‍...
മാനം മറന്ന നാടിന്റെ നോവുകള്‍,
മാറത്തടിച്ചു വിലപിക്കും മനസ്സുകള്‍,
നഷ്ട സ്വപ്നങ്ങള്‍,
വിലയറ്റവ്യക്തി ബന്ധങ്ങള്‍,
വിലപേശി വില്‍ക്കും മാംസങ്ങള്‍,
കടിച്ചു കീറപ്പെട്ട ബാല്യ കൗമാരങ്ങള്‍,
ചതിക്കുഴിയൊരുക്കി
കാത്തിരിക്കുന്ന കഴുകന്മാര്‍,
ഒറ്റക്കൈയിലും ശക്തി
സ്വരുക്കൂട്ടിയ ദുഷ്ട ജന്മങ്ങള്‍,
പരിഹാസച്ചെയ്തികള്‍,
ആയുധങ്ങള്‍ക്കു ദാഹമാറ്റുവാന്‍
പാവമിരകള്‍,
ഒരിക്കലുമടങ്ങാത്ത പകകള്‍,
അണപൊട്ടിയൊഴുകും രക്ത നദികള്‍....
പറയുവാനിനിയുമുണ്ടേറെ.

അല്ലെങ്കില്‍ എന്തു ചൊല്ലുവാന്‍...?
പുതു കഥയിതൊന്നുമാത്രം

പൊരിവെയിലേറ്റു തളര്‍ന്ന പാന്ഥന്‌
തണലേകി..
വെയിലേറെക്കൊണ്ട്‌
ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം.
************************