Sunday, December 18, 2011

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍

ലാഭ നഷ്ടങ്ങളുടെ കുരുക്കു
തീര്‍ക്കുന്ന
കണക്കുകള്‍ക്കിടയില്‍
നീ ജീവിതം മറന്നു,
സ്നേഹം മറന്നു,
പ്രണയം മറന്നു.
എന്നെയും നിന്നെത്തന്നെയും,
എത്ര വേഗം ......??!!!

കുളിരൂറുന്ന ഓര്‍മ്മകളും
നനുത്ത സ്പര്‍ശന സുഖവും
വര്‍ണ പുഷ്പങ്ങളും
ചിത്രശലഭങ്ങളും
ഹരിതാഭമായ പ്രകൃതി ഭംഗിയും
മലകളും പുഴകളും
എല്ലാം എല്ലാം
ഇന്നു നിനക്കന്യം

എന്നോടു നിനക്കും
നിന്നോടെനിക്കുമുണ്ടെന്നു
ഞാന്‍ അഹങ്കരിച്ചിരുന്ന
എല്ലാ സൗഹൃദങ്ങളും
വറ്റി വരളാന്‍
ഇത്രമേല്‍ വേഗത്തില്‍
വന്നു ഭവിച്ചത്‌
ഏതു പ്രകൃതി ദുരന്തമായിരുന്നു...?
എനിക്കറിയില്ലല്ലൊ.


Sunday, November 20, 2011

അമ്മ


അമ്മ
ആദ്യമായ് ചൊല്ലിയ നാമം -അമ്മ
ആനന്ദ ദായക നാമം
ആരിലും സ്നേഹം വളര്‍ത്തും -നിത്യം
ആശ്രയ കേദാരമമ്മ
നല്ലത് ചൊല്ലിത്തരുന്ന -പൂര്‍ണ്ണ
നന്മയണെന്നുമെന്നമ്മ
ത്യാഗനിധിയാണ് ,വീട്ടിനെന്നും
ഐശ്വര്യ ദാതാവെന്നമ്മ
*** *** ***

Tuesday, September 6, 2011

ഓണമാണല്ലോ നാളെ.


ഓണമാണല്ലോ നാളെ
ഓമനേ നിന്‍ തൂമുഖം
തെളിഞ്ഞീടാത്തതെന്തേ
പിണക്കം തീര്‍ന്നില്ലെന്നോ?

ഉത്രാടപ്പൂക്കള്‍ നിറ-
ച്ചുറ്റ തോഴരിങ്ങെത്തി
നിന്റെ പൂക്കൂട മാത്രം
ഇപ്പോഴും ശൂന്യമെന്നോ?

തുമ്പച്ചെടികള്‍ നീളെ
വെള്ളപ്പൂ ചാര്‍ത്തിയിട്ടും
തുമ്പികള്‍ മോദമോടെ
പാറിയുല്ലസിച്ചിട്ടും,

നെല്‍ വയലേലകളില്‍
പൊന്‍ കതിര്‍ വിളഞ്ഞിട്ടും
വെള്ളിലം കാടിന്നുള്ളില്‍
കിളികള്‍ ചിലച്ചിട്ടും,

കാക്കപ്പൂ പറിക്കുന്ന
കരുമാടികള്‍ ചുമ്മാ
തങ്ങളില്‍ കളിയാക്കി-
പ്പാട്ടുകള്‍ പാടിയിട്ടും,

പുത്തനാം പൂക്കള്‍ തേടി-
പ്പോകും നിന്‍ തോഴര്‍ കുന്നില്‍-
ക്കുത്തനെയോടിക്കേറി-
ക്കളിച്ചു തിമിര്‍ത്തിട്ടും,

മുക്കുറ്റിപ്പെണ്ണിന്‍ മൂക്കി-
ന്ററ്റത്തു പൊന്‍ മൂക്കുത്തി
മൂവന്തി വെളിച്ചത്തി-
ലൊളി തൂകി നിന്നിട്ടും,

മുറ്റത്തു ചേലില്‍ തീര്‍ത്ത-
പ്പൂക്കളം ചിങ്ങവെയില്‍-
ച്ചൂടിനാല്‍ വാടിത്തളര്‍-
ന്നലസം കിടന്നിട്ടും,

മുത്തേ, നിന്‍ മുഖത്തെന്തേ
കാര്‍ മുകില്‍ പടരുന്നു..?
നിന്റെ നീള്‍ നയനങ്ങള്‍
നിറഞ്ഞു തുളുമ്പുന്നു...?

ചെത്തിയും ചേമന്തിയും
ചെമ്പരത്തിയും റോസും
ചെറ്റരികത്താത്തോപ്പില്‍
നിനക്കായ്‌ വിടര്‍ന്നിട്ടും,

തൃക്കാക്കരപ്പന്റുച്ചി-
ത്തടത്തില്‍ കുടയാകാന്‍
വേലിയില്‍ വീണ്ടപ്പൂക്കള്‍
കണ്ണുകള്‍ മിഴിച്ചിട്ടും,

വരിക്ക പ്ലാവിന്‍ കൊമ്പില്‍
കെട്ടിയയൂഞ്ഞാല്‍ കാറ്റില്‍
തനിച്ചാടിടാന്‍ മടി-
ച്ചോമലെ വിളിച്ചിട്ടും ,

ഓണ സദ്യയ്ക്കായ്‌ മുമ്പേ-
യെത്തിയ കാക്കക്കൂട്ടം
പിന്നിലെ വാഴക്കൈയി-
ലിരുന്നു ക്ഷണിച്ചിട്ടും,

നന്മ തന്‍ അവതാരം
മാബലി മന്നന്‍ വാണ
കുന്നലനാട്ടിന്‍ മക്കള്‍-
ക്കുത്സാഹമേറിയിട്ടും,

ജലഘോഷങ്ങള്‍ക്കായി
ചുണ്ടനും ചുരുളനും
ഓടി, പള്ളിയോടങ്ങ-
ളൊക്കെയുമൊരുങ്ങീട്ടും,

നാടാകെയുണര്‍വ്വിന്റെ
പുത്തനുടുപ്പണിഞ്ഞ-
ങ്ങോണമാ,യോണമാ,യെ-
ന്നുറക്കെ ഘോഷിച്ചിട്ടും,

കണ്മണീ,നിന്മുഖത്തെ
കാര്‍മുകില്‍ മാത്രം മാഞ്ഞി-
ല്ലെന്തിനീപ്പരിഭവം,
കരളു വിങ്ങും ഭാവം..?

കൂട്ടുകാരെന്തെങ്കിലും
പറഞ്ഞിട്ടാണോ കളി-
വാക്കുകള്‍, പുത്തനുടു-
പ്പിഷ്ടമാകാഞ്ഞിട്ടാണോ...?

അച്ഛനമ്മമാരോടോ..,
കൊച്ചനുജത്തിയോടോ..,
നിന്‍ കോപം...?പറഞ്ഞെന്നാല്‍
പിണക്കം തീരുമല്ലോ..

കള്ളവും ചതിയേതു-
മില്ലാതെയെല്ലാവരും
സന്തോഷത്തോടെ വാഴാ-
നിടയേകിയ മന്നന്‍,

നിന്റെയീ ഭാവം പാര്‍ത്തു
സങ്കടപ്പെടുകില്ലേ..?
ചിരിക്കൂ, മനം തെളിഞ്ഞോ-
ണമാണല്ലോ നാളെ.
.........................

Sunday, August 14, 2011

സ്വാതന്ത്ര്യം...!

സ്വാതന്ത്ര്യം...!

അമ്മയുടെ നെഞ്ചിലെ
തീക്കനല്‍
അച്ഛന്റെ കണ്ണിലെ
നിസ്സഹായത
അരുമ മകളുടെ
പേടിച്ചരണ്ട മുഖം
അവകാശമില്ലാത്തവരുടെ
അഹങ്കാരം
തെരുവ് വിളക്കിന്റെ
വിളറിയ നിഴല്‍
നടു റോഡിലെ
അഗാധമായ കയം
സൈറണ്‍ മുഴക്കുന്ന വാഹനം
അരിവാളിന്റെ തിളക്കം
ഖദറിന്റെ വെളുപ്പ്‌
വിഡ്ഢിപ്പെട്ടിയിലെ
ആഘോഷം
വിഡ്ഢികളുടെ ആര്‍പ്പ്
വിശപ്പിന്റെ കാര്‍ന്നു തിന്നല്‍
വയലിന്റെ ശൂന്യത
പുഴയുടെ വരള്‍ച്ച
പുകമറയ്ക്കുള്ളില്‍ നിന്നുയരുന്ന
വീണ്‍ വാക്കുകള്‍....
സ്വാതന്ത്ര്യം ....!
ഊമകളുടെ ഉരിയാടല്‍
അന്ധന്റെ വഴി കാട്ടല്‍
പിന്നെ,
നിറം മാറിയ വെറും കൊടി .




Tuesday, July 19, 2011

ദുരിത യാത്ര


ഡല്‍ഹി യാത്ര കഴിഞ്ഞ്‌ വളരെ പ്രതീക്ഷയോടെയാണ് ജൂലായ്‌ 7 ന് മുംബൈയിലേക്ക് പുറപ്പെട്ടത്.അവിടെ ജൂലായ്‌ പത്തിന് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കണം എന്നതായിരുന്നു പ്രധാനപരിപാടി.അതിനു ശേഷം ഒരു മുംബൈ ദര്‍ശനം .....കഴിഞ്ഞതവണ മുംബൈയില്‍ ഒരു ഓട്ട പ്രദിക്ഷണം നടത്തിയിരുന്നെങ്കിലും ഒന്നും വേണ്ട വിധത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല അതിന്റെ കുറവ് പരിഹരിച്ച് ഇപ്രാവശ്യത്തെ യാത്ര ഗംഭീരമാക്കണമെന്ന് കരുതി വേണ്ടത്ര തയ്യാറെടുപ്പുകള്‍ പോകും മുന്‍പേ ചെയ്തിരുന്നു.

ജൂലായ്‌ പത്തിനുള്ള പരിപാടി ഗംഭീരമായി നടന്നു.

പക്ഷെ പിറ്റേന്ന് മഴ മുംബൈ ദര്‍ശന്‍ യാത്ര മുടക്കി.മഴയില്ലെങ്കില്‍ യാത്ര വ്യാഴാഴ്ച എന്ന് ഉറപ്പിച്ചു.

അടുത്ത ദിവസം പൂനയില്‍ ഒരു ബന്ധുവിനെ കാണാന്‍ പോയി.പൂനയിലേയ്ക്കുള്ള എക്സ്പ്രസ് ഹൈവേയും പ്രകൃതി ദൃശ്യങ്ങളും ചെറു മഴയിലും ആഹ്ലാദകരമായിരുന്നു













പോയത് ബസ്സിലും തിരിച്ചു പോന്നത് ട്രെയിനിലും ആണ്.
താനയില്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത് .
എന്നാല്‍ ഞങ്ങള്‍ സഞ്ചരിച്ച ലാസ്റ്റ് ബോഗി പ്ലാറ്റ് ഫോമിനു പുറത്താണ് നിന്നതെന്നതിനാല്‍ താനയിലെത്തിയ കാര്യം ഞങ്ങളറിഞ്ഞില്ല.
സംശയം തോന്നി ബോഗിയുടെ മുന്‍ വാതിലിലെത്തി നോക്കുമ്പോഴാണ് കാര്യം വ്യക്തമായത്.

അപ്പെഴെയ്ക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.
വരും വരായ്കകളെപ്പറ്റി ചിന്തിക്കാന്‍ നേരം ഉണ്ടായില്ല.
മുന്‍പില്‍ നിന്ന ഞാന്‍ ആദ്യം ചാടിയിറങ്ങി. അകലേയ്ക്ക് ഓടി മാറണം എന്നാണ് ആഗ്രഹിച്ചെങ്കിലും വണ്ടി എന്നെ വല്ലാതെ ആകര്‍ഷിച്ചു പിടിച്ചടിപ്പിക്കുന്നു എന്നാണ് തോന്നിയത്.എന്തായാലും പിന്നാലെ ചാടിയിറങ്ങിയ എന്റെ രക്ഷകന്റെ കൈകള്‍ എന്നെ വണ്ടിക്കു വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.അപ്പോഴൊന്നും തോന്നിയില്ലെങ്കിലും എല്ലാരും ആ നിമിഷത്തിന്റെ ഭീകരതയെപ്പറ്റി ഉത്ക്കണ്‍ഠ
പ്പെട്ടപ്പോള്‍ ശരിക്കും പേടിച്ചു പോയി.

അടുത്ത ദിവസവും പുറത്ത്‌ പോകാനുള്ള സൗകര്യം കിട്ടിയില്ല.അന്നായിരുന്നു മുംബൈയെ വിറപ്പിച്ച ബോംബു സ്ഫോടനം
.അതിന്റെ പരിണിത ഫലമായി മുംബൈദര്‍ശന്‍ പ്ലാനും ക്യാന്‍സല്‍ ആയി. മാത്രമല്ല അന്ന് പെരുമഴയും ആയിരുന്നു.

അന്ന് ഞങ്ങളുടെ സുഹൃത്തിന്റെ രണ്ട്‌ ബന്ധുക്കള്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ നേത്രാവതിക്ക് ടിക്കറ്റെടുത്തിരുന്നു.അവര്‍ സ്റ്റേഷനിലെക്ക് വരാന്‍ ഏര്‍പ്പാടാക്കിയ ടാക്സി മഴകാരണം വരില്ലെന്ന് അറിയിച്ചു അതിനാല്‍ കിട്ടിയ ബസ്സില്‍ അവര്‍ സ്റ്റേഷനിലെ യ്ക്ക് പുറപ്പെട്ടു.

പക്ഷെ റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ ബസ്സ്‌ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ വഴിയില്‍ ആയി.അവര്‍ക്ക് ട്രെയിനില്‍ പോകാനായില്ല എന്നുമാത്രമല്ല ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുള്ള സൌകര്യവും കിട്ടിയില്ല മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വെള്ളം ഇറങ്ങാതെ വന്നതിനാല്‍ അവര്‍ ലഗ്ഗേജുകളും ചുമന്നു അരയൊപ്പം വെള്ളത്തിലൂടെ കിലോമീറ്ററുകള്‍ നടന്നു എങ്ങനൊക്കയോ സുഹൃത്തിന്റെ വീട്ടില്‍ തിരിച്ചെത്തി.

മഴ ഞങ്ങളുടെ യാത്രയും അവതാളത്തില്‍ ആക്കുമോയെന്ന വിഭ്രാന്തിയിലായി ഞങ്ങള്‍.ശനിയാഴ്ച ഉച്ചയ്ക്ക് കുര്‍ളയില്‍ നിന്നെത്തുന്ന നേത്രാവതിഎക്സ്പ്രസ്സില്‍ തന്നെയാണ് ഞങ്ങള്‍ക്കും മടങ്ങേണ്ടത്.എന്നാല്‍ വെള്ളിയാഴ്ച മഴ പെയ്യാതിരുന്നത് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍ ശനിയാഴ്ച രാവിലെ അന്തരീക്ഷം വല്ലാതെ മൂടിക്കെട്ടി ക്കിടന്നു.ഇടയ്ക്കിടെ ശക്തമല്ലാത്ത മഴയും ഉണ്ടായി.എങ്കിലും നേരത്തെ ഇറങ്ങിയതിനാല്‍ കുഴപ്പമൊന്നും കൂടാതെ പതിനൊന്നു മണിയായപ്പോഴെയ്ക്കും ഞങ്ങള്‍ താന സ്റ്റേഷനില്‍ എത്തി അപ്പോഴേയ്ക്കും മഴയും തുടങ്ങി.

കൃത്യ സമയത്തുതന്നെ ട്രെയിന്‍ വന്നു.ലഗ്ഗെജുകളുമായി ഞങ്ങള്‍ കയറി .സീറ്റിലും താഴെയുമൊക്കെ ചെളിയും വെള്ളവും...
വെള്ളമി
ല്ലാത്ത സ്ഥലം നോക്കി ലഗ്ഗെജുകള്‍ ഒതുക്കിവച്ചു.
ഞങ്ങളുടെ മടക്കയാത്ര തുടങ്ങി
കൂപ്പയിലെ മറ്റു യാത്രക്കാരെ പരിചയപ്പെട്ടു.

വരുമ്പോള്‍ കരുതിയിരുന്ന ഉച്ചഭക്ഷണം കഴിച്ചു .
ആശ്വാസത്തോടെ കിനാവുകള്‍ കണ്ടു.
പതിനെട്ടു മണിക്കൂര്‍ മതി നേത്രാവതി കണ്ണൂരെത്താന്‍ .മഴക്കാലമായതിനാല്‍ യാത്രാസമയം രണ്ടുമണിക്കൂര്‍ അധികമാക്കിയതുകൊണ്ട് ഇരുപതു മണിക്കൂര്‍ വേണം.എങ്ങനെ ആയാലും നാളെ പത്തുമണിക്ക് മുന്‍പ് വീട്ടിലെത്താം.

ഷട്ടര്‍ ഇട്ടിരുന്നതിനാല്‍ പുറം കാഴ്ചകള്‍ സാധ്യമായില്ല .കുറെ നേരം വെറുതെ ഇരുന്നു പിന്നെ കിടന്നു ...ഉറങ്ങിയും ഉണര്‍ന്നും സമയം കടന്നുപോയി.

രാത്രി എട്ട് മണിയായപ്പോള്‍ ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു.രാത്രി ഭക്ഷണവും കഴിഞ്ഞ്‌ എല്ലാവരും ഉറക്കത്തിനുള്ള ഒരുക്കത്തിലായി.വണ്ടി പുറപ്പെട്ടിട്ട് ആകാം ഉറക്കം എന്ന് കരുതിയവര്‍
വലഞ്ഞു ഒന്‍പതു മണിയായിട്ടും വണ്ടി പോകുന്നില്ല.
പത്തു മണി...പതിനൊന്നുമണി... പന്ത്രണ്ടുമണി.....
മുറു മുറു പ്പുകള്‍ക്കിടയില്‍ വീണ്ടും വണ്ടി ഓട്ടം തുടങ്ങി ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു ശേഷം ഏതോ സ്റ്റേഷനില്‍ വണ്ടി നില്‍ക്കുമ്പോഴേയ്ക്കും അധികം പേരും നല്ല ഉറക്കത്തിലായിരുന്നു.

നാട്ടിലെത്താന്‍ ഇനി രണ്ട്‌ മൂന്ന് മണിക്കൂറുകള്‍ മതിയല്ലോ എന്ന സമാധാനത്തോടെയാണ് ഉണര്‍ന്നത്.
അപ്പോഴാണ് അറിയുന്നത് ,രണ്ട്‌ മണിക്ക് ശേഷം വണ്ടി അനങ്ങിയിട്ടെയില്ല.
പാളത്തില്‍   മണ്ണിടിഞ്ഞു വീണു കിടക്കുന്നു.
മണ്ണ് മാറ്റല്‍ തുടരുകയാണ്.
എട്ടുമണി ആകുമ്പോഴേയ്ക്കും വണ്ടി പുറപ്പെട്ടെക്കും ....
അത് പ്രതീക്ഷമാത്രം .
അത് പത്തുമണി എന്നായി
പന്ത്രണ്ടു മണി എന്നായി.
മണ്ണ് മാത്രമല്ല പാറയും ഇടിഞ്ഞു വീണു എന്ന സൂചനകള്‍ കിട്ടി.

മണ്ണും പാറയും നീക്കുന്തോറും പിന്നെയും പിന്നെയും വീണുകൊണ്ടിരിക്കുന്നു
മാത്രമല്ല പാറ വീണ് പാളം
വളഞ്ഞെന്നും അത് മാറ്റുകയാണ് എന്നും അറിഞ്ഞു.

അതിന്റെ രൂക്ഷത അറിയാഞ്ഞിട്ടാകാം യാത്രക്കാരുടെ ക്ഷമ അറ്റു.ചിലര്‍ സ്റ്റേഷന്‍ മാസ്റ്ററും ആയി കലഹിച്ചു.
അയാളെന്തു ചെയ്യാന്‍ .ബഹളം മൂത്തപ്പോള്‍ വണ്ടി പുറപ്പെടാന്‍ അയാള്‍ സിഗ്നല്‍ കൊടുത്തു.

അരമണിക്കൂര്‍......

അടുത്ത സ്റ്റേഷന്‍ വരെ .
വണ്ടി വീണ്ടും അവിടെനിന്നു .ഇനി രണ്ട്‌ മണിക്ക് യാത്രതുടരുമെന്ന അറിയിപ്പ് .രണ്ടര....മൂന്ന്‌....മൂന്നര
നാല്....വീണ്ടും ഇങ്ക്വിലാബ് മുഴങ്ങി...ഒച്ച.... ബഹളം ...

ധാരാളം പോലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.

ചാനലുകാര്‍ എത്തി...അവര്‍ക്ക് ചുറ്റും കൂട്ടം കൂടിനിന്ന്
യാത്രക്കാര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
ഭക്ഷണത്തിന് മാത്രം കുറവില്ല.പഴം പൊരിയും വടയും ധാരാളം .

എന്നാല്‍ കൈകഴുകാന്‍ വെള്ളമില്ല
വെള്ളമില്ലാതെ കക്കൂസുകള്‍ ദുര്‍ഗന്ധപൂരിതമായി.
അപ്പോള്‍ അറിയിപ്പുകിട്ടി.ബസ്സില്‍ ഷിഫ്റ്റ് ചെയ്യാന്‍ യാത്രക്കാര്‍ തയ്യാറാകണമെന്ന്
ലെഗ്ഗേജുകളും കെട്ടിപ്പെറുക്കി ഇറങ്ങി...
ഏറെനേരം ആയിട്ടും ബസില്ല . റോഡില്‍ വെള്ളം കൂടിയതിനാല്‍ ബസ് വരില്ലെന്ന് ...
ബഹളം വര്ധിച്ചപ്പോഴെയ്ക്കും മൂന്ന്‌ നാല് ബസ്സുകള്‍ എത്തി .എല്ലാരും വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോഴെയ്ക്കും  പിന്നെയും അറിയിപ്പ് അതേ ട്രെയിനില്‍ തന്നെ യാത്രക്കാര്‍ കയറണം എന്നും വണ്ടി ഉടന്‍ പുറപ്പെടുന്നതാണ്‌ എന്നും .

ഭാരമേറിയ ലഗ്ഗേജുകളും ചുമന്നു തിരികെ വണ്ടിയിലേയ്ക്ക് നനഞ്ഞു കുളിച്ച്.

സമയം അഞ്ചര .....
കൂക്കിവിളിയോടെ നേത്രാവതി പിന്നെയും ഓടിത്തുടങ്ങി ....കടന്നു പോരുമ്പോള്‍ കണ്ടു പ്രശ്ന ബാധിത സ്ഥലം...
രണ്ട്‌ ജെ സി ബി ...പാറകള്‍ മുറിച്ചു മാറ്റാനുള്ള മെഷ്യനുകള്‍....പത്തിരുപതു ജോലിക്കാര്‍ ....വീണുകിടക്കുന്ന വലിയ പാറ....മാറ്റി ഇട്ടിരിക്കുന്ന മണ്കൂനകള്‍
കമ്പി മതില്‍ തകര്‍ന്നു കിടക്കുന്നു ...ഇനിയും തീര്‍ന്നില്ല ഇപ്പോള്‍ വീഴും എന്ന മട്ടില്‍ തൂങ്ങി നില്‍ക്കുന്ന പാറക്കല്ലുകള്‍....
നേത്രാവതിക്ക് മുന്‍പേ പോയ ഹാപ്പ എക്സ്പ്രസ് കടന്നു നിമിഷങ്ങള്‍ക്കകമാണ് മണ്ണിടിഞ്ഞതും വലിയ പാറ വീണതും ...

ഭൂമിയറിയാതെയെന്ന വിധം ട്രെയിന്‍ മെല്ലെ പ്രശ്ന സ്ഥലം കടന്നു ..

കടന്നുപോരുമ്പോള്‍ ഞങ്ങളെപ്പോലെ കുടുങ്ങിക്കിടന്ന പല വണ്ടികളും കണ്ടു.
ഞങ്ങളുടെ പിന്നാലെ പുറപ്പെട്ട വണ്ടികളും ഇതേപോലെ കാത്തുകെട്ടി കിടക്കുകയായിരുന്നില്ലേ...?ഭക്ഷണസൌകര്യം ഇല്ലാത്ത വണ്ടികളും അക്കൂട്ടത്തില്‍ ഉണ്ടായിരിക്കില്ലേ...?എന്തായാലും ജീവിതത്തില്‍ ഇങ്ങനൊരനുഭവം ആദ്യം.
അനുഭവം.....! അതും വേണമല്ലോ .
പിന്നീട് അനിഷ്ട സംഭവങ്ങള്‍ ഏതുമില്ലാതെ ഞങ്ങള്‍ ഒരു ദിവസം വൈകി വീട്ടിലെത്തി.









വീഴാന്‍ മുട്ടി നില്‍ക്കുന്ന പാറക്കഷണങ്ങള്‍





വീണ് കിടക്കുന്ന പാറ


.തിരുവനന്തപുരം -കുര്‍ള നേത്രാവതി എക്സ്പ്രസ്.(ട്രെയിനില്‍ നിന്നുള്ള ദൃശ്യം )

Wednesday, June 29, 2011

ചലോ ഡല്‍ഹി



പതിനാല്.


വിട പറയുകയാണ്‌ .
അക്ഷര്ധാമിന്റെ വര്‍ണ്ണനയില്‍ കുറച്ച് കൂടി ആസ്വാദക പങ്കാളിത്തം എന്റെ സുഹൃത്തുക്കളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നു .എന്താണാവോ?യാത്രചെയ്തു തളര്ന്നിട്ടുണ്ടാകും.
അതുകൊണ്ടുകൂടിയാണ് വിട പറയുന്നത്.സ്വരം നല്ലതായിരിക്കുംപോള്‍ പാട്ടു നിര്‍ത്തിയേക്കാം.

(
ചുമ്മാതാണേ )


എത്രപെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത്.
അക്ഷര്‍ധാം കണ്ടു വന്നപ്പോഴാണ് ഓര്‍ത്തത് ഇനി നാളെ രാവിലെ മടങ്ങണമല്ലോ എന്ന്.
കണ്ട കാഴ്ചകള്‍ എത്ര സുന്ദരം കാണാത്തവ തീര്‍ച്ചയായും അതി സുന്ദരം തന്നെ യാകും.
ജന്തര്‍ മന്ദിര്‍ ,ജമാ മസ്ജിത്,ഹുമയൂണിന്റെ ശവകുടീരം,സഫ്ടര്‍ജങ്ങിന്റെ ശവകുടീരം ,ഛത്തര്‍പൂര്‍ ടെമ്പിള്‍ ,ഫിറോഷ് ഷാ കോട് ,ഇസ്കാന്‍ ടെമ്പിള്‍,മോത്തി മസ്ജിദ് തുടങ്ങി എത്രയെത്ര സ്ഥലങ്ങള്‍ ....അത് അടുത്ത വരവിലേയ്ക്ക് മാറ്റിവച്ചു.
അക്ഷര്‍ധാം കണ്ടു മടങ്ങിയെത്തിയത് നാല് മണിക്കാണ് .ഞങ്ങള്‍ക്കായി തയ്യാറാക്കിയിരുന്ന ഉച്ചഭക്ഷണം ചൂട് കാലാവസ്ഥ കാരണം മോശം ആയിപ്പോയിരുന്നു .
പിന്നെ മറ്റൊരു ഹോട്ടലില്‍ പോയി ശാപ്പാട് കഴിച്ച്‌ വന്നു.അന്നത്തെ വിശപ്പും സമയം തെറ്റിയുള്ള ഭക്ഷണവും പലരുടെയും ശാരീരിക അസ്വസ്ഥതയ്ക്ക് കാരണം ആയി.

അവശേഷിച്ച
മെട്രോയാത്രകൂടി കഴിഞ്ഞപ്പോള്‍ തലവേദനയെന്ന ഭൂതാവേശത്താല്‍ ഞാന്‍ നേരത്തെ പുതച്ചു മൂടിക്കിടന്നുറങ്ങി. മറ്റുള്ളവര്‍ കിട്ടിയ സമയം കൊണ്ട് അവശേഷിച്ച പര്ചെയിസിങ്ങും കഴിച്ചു.

പിറ്റേന്ന് രാവിലെ റെയില്‍വേ സ്റ്റേ ഷനിലെയ്ക്ക് പോകാന്‍ ഞങ്ങളുടെ ബസ്സ് കാത്തു നില്‍ക്കുമ്പോഴാണ് ഞാന്‍ അമ്പരന്നത്.

ഞങ്ങള്‍ക്കുമാത്രം പോകുമ്പോള്‍ ഉള്ളതിനേക്കാള്‍ ലഗ്ഗേജുകളുടെ എണ്ണം കുറവ് .(ഭക്ഷണവും വെള്ളവുംകരുതിയിരുന്ന ബാഗുകള്‍ മറ്റു ബാഗിന്നുള്ളിലാക്കിയിരുന്നു )
മറ്റുള്ളവര്‍
ഡല്‍ഹി ഒന്നടങ്കം വാങ്ങിക്കൊണ്ടു പോകും പോലെ....ബാഗുകളുടെ എണ്ണം ഇരട്ടിയിലേറെ .....എന്തായാലും എല്ലാവരും വളരെ ഹാപ്പി ആയിരുന്നു.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടിയ്ക്ക് ചില്ലറ അസുഖം ഉണ്ടായത് ഒഴിവാക്കിയാല്‍ യാത്രയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കൂടാതെ വീട്ടില്‍ തിരിച്ചെത്തി...ജീവിതത്തിന്റെ മറ്റു തിരക്കുകളിലെയ്ക്ക് കടന്നു.



ഇതുവരെ എന്റെ കൂടെ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും എന്നെ സഹിച്ചതിന് നന്ദി പറയുകയാണ്‌.പലരും എത്തി നോക്കി കടന്നു പോയത് മനസ്സിലായി.
ചിലര്‍ ഇടയ്ക്കുമുങ്ങിയതും ...എന്റെ വിവരണം അവര്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടുണ്ടാകില്ല.അതാകാം
എന്തായാലും പറഞ്ഞിരുന്ന പോലെ പോകും മുന്‍പ് തെളിവ് തരുന്നു.

മുകിലും ഒത്ത് ചില്ലറ കുശലം .....



അപ്പോള്‍ പോകട്ടെ ....അല്ല പോയി വരാം .അടുത്ത ആഴ്ചയില്‍ ഒരു മുംബൈ യാത്രയുണ്ട്...പറ്റിയാല്‍ അവിടെയും നമുക്കൊന്ന് ചുറ്റിയടിക്കാന്നെ ..ബൈ .

Sunday, June 26, 2011

ചലോ ഡല്‍ഹി

പതിമൂന്ന്





അക്ഷര്‍ധാം ടെമ്പിള്‍

Akshardham-Temple Delhi

ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്തവും അത്യാകര്‍ഷവുമായ ഒരു കാഴ്ചയിലേയ്ക്ക് ആണ് ഇന്നത്തെ യാത്ര.
അക്ഷര്‍ധാം .ഇതൊരു അമ്പലമാണ് .സ്വാമി നാരായണ ടെമ്പിള്‍ എന്നും ഇതറിയപ്പെടുന്നു.നാഷണല്‍ ഹൈ വേയിലൂടെ യുള്ള യാത്രയില്‍ ദൂരെ നിന്നു തന്നെ ഇതിന്റെ ഭംഗി നമ്മെ ആകര്‍ഷിക്കും
ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അക്ഷര്‍ധാം ടെമ്പിളിന്റെ നേര്പതിപ്പാണ് ഇതും .പ്രമുഖ ഹിന്ദു നേതാവായിരുന്ന യോഗിജി മഹാരാജാണ് യമുനയുടെ തീരത്ത് ഈ സ്മാരകം പണിയാന്‍ 1968 -ഇല്‍ മുന്കയ്യ് എടുത്തത്‌ .പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചില്ല .അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യനായ പ്രമുഖ സ്വാമി മഹാരാജ് ഗുരുവിന്റെ ആഗ്രഹം അനുസരിച്ചു യമുനയുടെ തീരത്ത് തന്നെ ഇത് പണികഴിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.2000 ത്തില്‍ ആണ് ഇതിന്റെ പണിതുടങ്ങിയത് 2005 ല്‍ പൊതു ജനങ്ങള്‍ക്കായിഇത് തുറന്നു കൊടുത്തു.

Akshardham Temple - Delhi


നൂറ് ഏക്കറിലേറെ വിസ്തൃതിയില്‍ ആണ് ഈ സമുച്ചയം സ്ഥിതി ചെയ്യുന്നത്.മറ്റേതൊരു ക്ഷേത്രത്തില്‍ നിന്നും വിഭിന്നമായ കാഴ്ചകള്‍ അവിടെ നമ്മെ കാത്തിരിക്കുന്നു.

മതില്‍ക്കെട്ടിനു പുറത്ത് വാഹനം പാര്‍ക്ക് ചെയ്ത്‌ വിശാലമായ നടപ്പാതയിലൂടെയാണ് നാം അകത്തേയ്ക് പോകേണ്ടത്..
നടക്കുന്നതിനിടയില്‍ ഒന്ന് നോക്കിക്കൊള്ളു 2010 ല്‍ കോമണ്‍ വെല്‍ത്ത് ഗെയിംസ് നടന്ന ഗെയിംസ് വില്ലേജിനരികിലൂടെയാണ് നാം പോകുന്നത്.
അകത്തേയ്ക്ക് കടത്തിവിടുന്നതിനു മുന്പ് അടിമുടി പരിശോധനയുണ്ട്.ബാഗ്‌ ,പേഴ്സ് ,മൊബൈല്‍ ,തോല്‍ സഞ്ചികള്‍ എന്തിന്‌ ബെല്‍റ്റ്‌ വരെ വാങ്ങി വയ്ക്കും.(പാന്റ്സ് ലൂസാണെങ്കില്‍ ഒരു ചാക്ക് നൂല് കരുതിക്കൊള് കേട്ടോ പിടിച്ച്‌ കെട്ടാന്‍.)
ഒരു സാധനവും കൂടെ കൊണ്ടുപോകാന്‍ സമ്മതിക്കില്ല.
നൂറ് മില്ല്യന്‍ ഡോളറുകള്‍ ആണ് ഇതിന്റെ നിര്‍മ്മാണച്ചിലവ് .ഒരു പ്രത്യേകത ഒരു തരി ഉരുക്കോ കൊണ്ക്രീറ്റോ ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടില്ല എന്നതാണ്.
മണല്‍ ക്കല്ലും വെണ്ണ ക്കല്ലും പ്രത്യേക കൂട്ടു കളും ആണ് ഉപയോഗിച്ചിട്ടുള്ളത്.
കൊത്തു പണികളോട് കൂടിയ നൂറുകണക്കിന് തൂണുകളും കുംഭഗോപുരങ്ങളും മനോഹരങ്ങളായ ആയിരക്കണക്കിന് മൂര്‍ത്തി ശില്‍പ്പങ്ങളും അവിടെകാണാം.ഗജേന്ദ്ര ശില്പങ്ങള്‍ ആണ് ഏറെയും..ആചാര്യന്മാര്‍ ,സന്ന്യാസികള്‍, മൃഗങ്ങള്‍ ,പക്ഷികള്‍ എന്നിവയുടെ ശില്പങ്ങളും ധാരാളമുണ്ട്


Vibhuti Mandapam
.
അമ്പലത്തിനുള്ളില്‍ കടന്നാല്‍ ശരിക്കും സ്വര്‍ഗ ലോകത്ത് എത്തിയ പ്രതീതിയാണ് .(ഞാന്‍ പോയിട്ടില്ല. ഭാവനയാ...)
ദൈവപ്രതിമകളും ചുമരുകളും മേല്‍ക്കൂരയും എല്ലാം പല വര്‍ണ്ണത്തില്‍ വെട്ടിത്തിളങ്ങുകയാണ്.ഒരുഭാഗ ത്തല്ല നാനാഭാഗത്തും..
പ്രധാന കുംഭഗോപുരത്തിന് താഴെ സ്വാമി നാരായണന്റെ 11 അടി പൊക്കമുള്ള പഞ്ചലോഹ ശില്പമുണ്ട്.ചുറ്റും മറ്റു ശില്‍പ്പങ്ങളും.

Hari Mandapam






..വേണമെങ്കില്‍ സ്വാമി നാരായണനെ വന്ദിക്കാം ഇഷ്ട ദൈവങ്ങളെ വന്ദിക്കാം.
വേണ്ടെങ്കില്‍ വന്ദിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല (നിന്ദിക്കാതിരുന്നാല്‍ നന്ന്)

Prasadi Mandapam

ഒരു നല്ല കാഴ്ചക്കാരനായി എല്ലാം നോക്കിക്കണ്ടോളൂ.ഓരോ മുക്കും മൂലയും നമ്മുടെ കണ്ണിനും മനസ്സിനും കുളിര് പകരും.
എന്തൊരു പൂര്‍ണ്ണത യാണെന്നോ അവിടുള്ള ഓരോ വര്‍ക്കിനും.


Akshardham Temple Kund

അമ്പലത്തിനു ചുറ്റുമായി ജല വീഥി യുണ്ട് അതിനരികിലുള്ള മതിലില്‍ ഉറപ്പിച്ചിട്ടുള്ള പശു ത്തല യുടെ പ്രതിമയില്‍ നിന്നും വെള്ളം ഒഴുകി വീഴുന്നത് കാണാന്‍ നല്ല രസമാണ്


Akshardham Temple


















ശില്പ ചാരുതയോടെ പണിതീര്‍ത്ത പടവുകളും അതിനു മധ്യത്തിലായി മ്യുസിക്കല്‍ ഫൌണ്ടനുള്ള സംവിധാനവും ഉണ്ട്.പടവുകളിലിരുന്നു ഫൌണ്ടന്‍ ആസ്വദിക്കാം രാത്രിയിലാണ് അതിന്റെ പൂര്‍ണ്ണമായ ശോഭ.ഫൌണ്ടന്റെയും അക്ഷര്ധാമിന്റെയും.Musical Fountain

Akshardham-Temple Delhi

ഇനിയും ഉള്ളിലേയ്ക്ക് കയറാന്‍ വേറെ ടിക്കറ്റ് എടുക്കണം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സൌജന്യനിരക്കുണ്ട്.അവിടെ സവിശേഷ പ്രദര്‍ശനങ്ങള്‍ ആണുള്ളത് .
നാട്ടിലെ സാധാരണ പ്രദര്‍ശനങ്ങള്‍ കണ്ടു മടുത്ത കൂടെയുള്ളവര്‍ ' ഓ...എന്ന കാണാനാ ..." എന്ന അഭിപ്രായം പറഞ്ഞിരുന്നു.പക്ഷെ ഈ അവസരം വേണ്ടെന്നു വച്ചാലുള്ള നഷ്ടം അവരെ ബോധ്യപ്പെടുത്തി ഞങ്ങള്‍ അകത്തു കടന്നു.ഞങ്ങള്‍ക്ക് വേണ്ടി ത്യാഗം ചെയ്യുന്ന പോലെ മറ്റുള്ളവരും.(പക്ഷെ അവിടെ ഒരു തോട്ടപ്പണി യെങ്കിലും കിട്ടി ത്തങ്ങാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന് അവര്‍ ആശിച്ചിടത്ത് കാര്യങ്ങള്‍ എത്തി എന്നത് പിന്നീട് സംഭവിച്ചത്.)
അവിടെ ഒന്നിന് പിന്‍പ് ഒന്നായി കാഴ്ചകളുടെ പ്രവാഹമായിരുന്നു.

ഭഗവാന്‍ സ്വാമി നാരായണന്റെ ജീവിതത്തിലെ ഓരോരോ സംഭവങ്ങള്‍ നേര്‍കാഴ്ചകള്‍ പോലെ നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് അവിടുത്തെ ഒരു സവിശേഷതയാണ്.

ഒരു വലിയ സ്ക്രീനില്‍ സ്വാമി നാരായണന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ലഘുചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്.
Hall 2 - Sat-Chit-Anand

പതിനൊന്നു വയസ്സുള്ള നീലകണ്ട്‌ എന്ന കുട്ടി യോഗ ദണ്ടും കമണ്ടലുവുമായി വീടുവിട്ട് ഇറങ്ങുന്നതുമുതല്‍ കാല്‍ നടയായി നമ്മളും ഭാരത പര്യടനത്തിന് ഒപ്പം പോകുന്നു.നീല കണ്ടന്റെ വളര്‍ച്ചയുടെ പടവുകള്‍ നമ്മളും കാണുന്നു.ഗുജറാത്തില്‍ നിന്നും പുറപ്പെട്ട് കാല്‍നടയായി എല്ലാ സംസ്ഥാനത്തിലൂടെയുംകാടും പുഴയും മരുഭൂമിയും വന്മലയും പര്‍വതശിഖരങ്ങളും ഹിമാലയ സാനുക്കളും കടന്നുള്ള യാത്ര.
നീലകണ്ടനില്‍ നിന്നും സ്വാമി നാരായണനിലെയ്ക്കുള്ള വളര്‍ച്ച....വന്യമൃഗങ്ങള്‍ ആ കുഞ്ഞു നീലകണ്ടന്റെ അരികില്‍ മാന്‍ പേടയെപ്പോലെ ചേര്‍ന്ന് നില്‍ക്കുന്നതും ക്രൂര രാക്ഷസര്‍ ആ യുവ തേജസ്വിയുടെ മുന്നില്‍ അടിയറവു പറഞ്ഞ് നന്മയുടെ പാത സ്വീകരിക്കുന്നതുമെല്ലാം നമുക്ക് അനുഭവവേദ്യ മാകുന്നു...
സംസ്കൃതി വിഹാര്‍ എന്ന് പേരുള്ള ബോട്ട് യാത്രയില്‍ ഇന്ത്യയുടെ ചരിത്ര കാലം നമ്മുടെ മുന്നില്‍ തെളിഞ്ഞു കാണുന്നു.
മനുഷ്യകുലത്തിന്റെ വിവിധ മേഖലകളുടെ നൂറ്റാണ്ടുകളിലൂടെയുള്ള വളര്‍ച്ചയാണ് ഈ ഒരു യാത്രയില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത്.

Garden








ധാരാളം പുല്‍ത്തകിടികളും മരങ്ങളും പൂച്ചെടികളും കൊണ്ട് നിറഞ്ഞ നല്ലൊരു ഉദ്യാനം ഉണ്ട്.
ഭാരത ഉപവന്‍ എന്നാണ് അതിന്റെ പേര് .ചെമ്പില്‍ നിര്‍മ്മിച്ച ധാരാളം പ്രതിമകള്‍ അവിടെ കാണാം.ഇന്ത്യാചരിത്രത്തിലെപ്രധാന വ്യക്തികളും വീര പുരുഷന്മാരും ഇതിഹാസ വനിതകളും എല്ലാം അവിടെ ജീവനുള്ളത് പോലെ കാണപ്പെടുന്നു.



Research Center
ഒരു റിസേര്‍ച് സെന്ററും ധാരാളം പുസ്തകങ്ങള്‍ അടങ്ങിയ വലിയൊരു ലൈബ്രറിയും അക്ഷര്ധാമിന്റെ മുതല്‍ ക്കൂട്ടാണ്.




ഓ ...ഒരു കാര്യം മറന്നു.
ഡല്‍ഹി ബ്ലോഗര്‍ ആരാണെന്ന് പറഞ്ഞില്ലല്ലേ .മുകിലാണ് കേട്ടോ .ആദ്യം പറഞ്ഞവര്‍ക്കും പിന്നെ പറഞ്ഞവര്‍ക്കുമെല്ലാം പ്രത്യേകനന്ദി...
എന്ത് ? വിശ്വാസമാകുന്നില്ലേ ...തെളിവ് തരാം. അല്പം കാത്തിരിക്കു.

(ചിത്രങ്ങള്‍ ക്ക് ഗൂഗിളിനോടും വിക്കിയോടും കടപ്പാട്.)

Wednesday, June 22, 2011

ചലോ ഡല്‍ഹി







പന്ത്രണ്ട്
ആത്മാക്കള്‍ക്ക് ചുറ്റിനടക്കാന്‍ വിശാലമായ ഭൂപ്രദേശം ആണുള്ളത് .പുല്‍മേടുകളും മരങ്ങളും തടാകങ്ങളും നിറഞ്ഞ പ്രദേശം .അവരുടെ സ്മാരകങ്ങള്‍ക്ക് പേരുകളുമുണ്ട്
നമ്മുടെ മഹാത്മജിയുടെ അന്ത്യവിശ്രമകേന്ദ്രമാണ് രാജ് ഘട്ട് ,
ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെത് വിജയഘട്ട് ,ഇന്ദിര ഗാന്ധിയുടെ ശക്തി സ്ഥല്‍ ,രാജീവ് ഗാന്ധിയുടെ വീര്‍ ഭൂമി, ജവഹര്‍ലാല്‍ നെഹ്രുവിന്റെ ശാന്തിവന്‍,
ജഗജീവന്‍ റാമിന്റെ സമതാ സ്ഥല്‍
ചൌധരി ചരണ്‍ സിംഗിന്റെ കിസാന്‍ ഘട്ട്,
ഗ്യാനി സെയില്‍ സിംഗിന്റെ ഏകത സ്ഥല്‍ എന്നിങ്ങനെ...ഓരോപേരിനും അവരവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളും ജീവിത രീതികളുമായി നല്ല ബന്ധമുണ്ട്.

1965 ലെ ഇന്‍ഡോ പാക് യുദ്ധത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഓര്‍മ്മയ്ക്കായാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ സ്മൃതി മണ്ഡപത്തിനു വിജയഘട്ട് എന്ന പേര് നല്‍കിയത്.

അതിനടുത്താണ് ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ദേഹവും സംസ്കരിച്ചിട്ടുള്ളത് .

കര്‍ഷക പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ചൌധരി ചരണ്‍ സിംഗിന്റെ അന്ത്യവിശ്രമ കേന്ദ്രത്തിനു കിസാന്‍ ഘട്ട് എന്ന പേര് ഏറ്റവും അനുയോജ്യം തന്നെ .അദ്ദേഹത്തിന് കൂട്ടായി കര്‍ഷകരുടെ മറ്റൊരു നേതാവായിരുന്ന ചൌധരി ദേവിലാലും അടുത്തുണ്ട്.
ശാന്തിവനത്തിലെ വിശാലമായ സ്ഥലം മനോഹരമായ ലോണ്‍ കളാല്‍ സമ്പന്നമാണ്.

ഇന്ദിരാഗാന്ധിയുടെ ശക്തിസ്ഥലില്‍ ഗ്രേയും ചുവപ്പും കലര്‍ന്ന ഒരു വലിയ ഒറ്റക്കല്ല് സ്ഥാപിച്ചിട്ടുണ്ട്.
https://869789182725854870-a-shaktisthal-com-s-sites.googlegroups.com/a/shaktisthal.com/www/Home/IMG_0332.JPG?attachauth=ANoY7crA3ydaYB4ehA5LK3dFShBvQ6ioeSIBIeeL-byT8bD5P5-LaybbxNMNMJtlXWvHC96cnXLB0L_lFbL98ClJwp92Gmm3y_ncrkDSMyxdnkKSB4kKjRswcs_-MGZ2GDWtMVMI7CmPg5DoA0JxFd02PlNZfaHTcB3NigmHctd79ODLGE7HKdfsiB6sZ01CAsRGdTxyIJrA&attredirects=0


ചുറ്റുമുള്ള പുല്‍ പ്രദേശങ്ങളില്‍ പലയിടത്തും കല്ലുകളും പ്രതിമകളും കാണാം.താമരപ്പൂവ് വിടര്‍ന്നു നില്‍ക്കുന്ന ചെറിയ തടാകങ്ങളും അവിടുണ്ട്.

അവിടെനിന്നും ചെന്നെത്തുന്നത് വീര്‍ഭൂമി യിലേയ്ക്കു ആണ് .നടുക്ക് ഒരു വലിയ താമരപ്പൂവും ചുറ്റും അദ്ദേഹം ജീവിച്ചിരുന്ന വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 46 ചെറിയ താമരപ്പൂവുകളും മനോഹരമായി കല്ലില്‍ തീര്‍ത്തു വച്ചിട്ടുണ്ട്.





അടുത്തുതന്നെ ഒരു ചുമരില്‍ രാജീവ്‌ ഗാന്ധിയുടെ യും ചെറിയകുട്ടികളുടെയും കല്ലില്‍ കൊത്തിവച്ച ചിത്രങ്ങള്‍ കാണാം.
UPA Chairperson Sonia Gandhi paying tribute to former Prime Minister Rajiv Gandhi on his 20th death anniversary at Veer Bhumi in New Delhi on Saturday.   Photo: Sujan Singh



പുല്‍ മേടുകള്‍ നടന്നു കയറി ചെന്നെത്തുന്നത് മഹാത്മജിയുടെ അരികിലേയ്ക്ക് ആണ് .


രാജ്ഘട്ട് .രാഷ്ട്രപിതാവിന്റെ സമാധി സ്ഥലം ...യമുനാ നദീതീരത്തുനിന്നും ഏറെ അകലെയല്ല ഇത്.ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തെട്ടു ജനുവരി മുപ്പതിന് ആണ് ഗോഡ്സെ ഗാന്ധിജിയെ വെടിവച്ചു കൊന്നത്.മുപ്പത്തി ഒന്നിന് സംസ്കാരം നടന്നു.ചതുരാകൃതിയിലുള്ള കറുത്ത കല്ലിനാല്‍ ഈ സ്മാരക മണ്ഡപം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അവിടെ ഒരു കെടാവിളക്ക് നിത്യം പ്രകാശം പകര്‍ന്നുകൊണ്ട് കത്തുന്നുണ്ട്.





എല്ലാ വെള്ളിയാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനും രക്തസാക്ഷി ദിനമായ ജനുവരി മുപ്പതിനും അനുസ്മരണങ്ങള്‍ നടക്കുന്നു.
ഈ മണ്ഡപത്തിനു ചുറ്റിലും സാധാരണ മതിലുകള്‍ ആണുള്ളത് വിശാലമായ പുല്‍ പ്പരപ്പും പലതരം മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും ശാന്തതയും ശീതളിമയും പകരുന്നു.

മറ്റു സ്മാരകങ്ങള്‍ ഒരു തരം കൌതുകവും ആകാംക്ഷയുമാണ് മനസ്സില്‍ തോന്നിച്ചിരുന്നത്.എന്നാല്‍ അതിനേക്കാള്‍ ഉപരിയായ ഒരു ചേതോവികാരം ആത്മാവിനെ പ്പോലും കുളിരണിയിച്ച അനുഭൂതി യാണ് ഗാന്ധി സമാധി മണ്ഡപം തന്നത്...അത് പറഞ്ഞറിയിക്കാന്‍ ആവുന്നില്ല.

ഓ....കുറച്ച് ദൂരമൊന്നുമല്ല നടന്നത്...സൂര്യന്‍ പോലും തളര്‍ന്നു....ദേ പടിഞ്ഞാറോട്ട് മറയാന്‍ പോകുന്നു...ഞങ്ങള്‍ നേരെ ഹോട്ടലിലേയ്ക്ക്...........
കുളിച്ചു ഫ്രഷ്‌ ആയി പലരും ചന്തയ്ക്കുപോയി....ഞങ്ങള്‍ മാത്രം പോയില്ല.
കാരണം ഒരു പ്രശസ്ത ബ്ലോഗര്‍ ഞങ്ങളെ തേടി വരുന്നു....ഇങ്ങു തെക്ക് നിന്നും അങ്ങു വടക്കെത്തി , ഒരു പാട് പരിചയമുണ്ടെങ്കിലും ആദ്യമായി നേരില്‍ കാണാന്‍ പെരുത്ത ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്ന ആള്‍ ആരാണെന്ന് പറയാമോ?
എന്താ ക്ലു വേണമെന്നോ...ആകാമല്ലോ.
മഴക്കാലമല്ലേ. കാര്മേഘവുമായി ബന്ധമുള്ള പേരാ..


Thursday, June 16, 2011

ചലോ ഡല്‍ഹി

പതിനൊന്ന്‌

പിന്നീടുള്ള യാത്ര ജവഹര്‍ ലാല്‍ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍ മൂര്‍ത്തി ഭവനിലേയ്ക്ക് . രാഷ്‌ട്രപതി ഭവന് അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കവാടത്തിനു പുറത്ത്‌ മൂന്ന് പ്രതിമകള്‍ നില്‍ക്കുന്നതുകൊണ്ടാണ് ഇതിനു തീന്‍ മൂര്‍ത്തി ഭവന്‍ എന്ന് പേര് വന്നത്.

നെഹ്രുവിന്റെ മരണശേഷം ഇത് സ്മാരകമായി നിലനിര്‍ത്തി.

ഇതിനുള്ളില്‍ ലൈബ്രറി, മ്യുസിയം ,



മഹാന്മാരുടെ മെഴുകു പ്രതിമകള്‍ നിരന്നിരിക്കുന്ന സമ്മേളന ഹാള്‍



(അവിടെ നെഹ്രുപ്രതിമ പ്രസംഗിക്കുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യാം )


ഓരോ രാജ്യത്തു നിന്നും പ്രമുഖ വ്യക്തികളില്‍ നിന്നും ലഭിച്ച പാരിതോഷികങ്ങള്‍


മറ്റു പ്രദര്‍ശനവസ്തുക്കള്‍






വാര്‍ത്താ ശേഖരങ്ങള്‍ ചിത്ര ശേഖരങ്ങള്‍ ഒക്കെ കാണാം ....




ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ പങ്കെടുത്ത മഹാന്കാരുടെയും


അതിപ്രശസ്തരായ വ്യക്തികളുടെയും പൂര്‍ണ്ണ കായപ്രതിമകളുടെ നിരതന്നെ വിശാലമായ പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുണ്ട്.

കവാടത്തിനു അരികിലാണ് നെഹ്‌റു പ്ലാനട്ടേറിയം .അവിടെ കയറി ഞങ്ങള്‍ പ്രദര്‍ശനം കണ്ടു ....അശ്വതി മുതല്‍ രേവതി വരെയുള്ള ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ വിശദമായ വിവരണമാണ് അന്നുണ്ടായിരുന്നത്.

ഷോയ്ക്കിടയില്‍ ചിലയിടങ്ങളില്‍ നിന്നും കൂര്‍ക്കം വലി കേട്ടത് പിന്നീട് പറഞ്ഞു ചിരിക്കാനുള്ള വകയായി.




നട്ടുച്ചയുടെ
ചൂടില്‍ തിളച്ചാണ് ഇന്ത്യഗേറ്റില്‍ എത്തിയത്.സൈനികരുടെ സ്മാരകത്തില്‍ തെളിഞ്ഞു കത്തുന്ന അമര്‍ ജ്യോതിയുടെ മുന്നില്‍ ശിരസ്സ്‌ നമിച്ചു.
സ്വാതന്ത്ര്യ ദിനത്തിലും റിപബ്ലിക് ദിനത്തിലും പ രേ ഡു നടക്കുന്ന രാജപാതയിലൂടെ അല്പദൂരം നടന്നു.








ദൂരെ
പാര്‍ ലമെന്റ് മന്ദിരം തലയുയര്ത്തി നില്‍ക്കുന്നു



രാഷ്‌ട്രപതി ഭവന്‍

കഴിഞ്ഞതവണ വന്നപ്പോള്‍ നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നു.
അതുകൊണ്ട് ഒരുപാട് നൂലാമാലകള്‍ തരണം ചെയ്ത് രാജ്യ സഭയിലും ലോകസഭയിലും കടന്നു നിയമസഭ നടപടികള്‍ വീക്ഷിക്കാന്‍ കഴിഞ്ഞു .
രണ്ടോ മൂന്നോസ്ഥലങ്ങളില്‍ അടിമുടി പരിശോധന ...കയ്യില്‍ ഒരു സാധനവും കൊണ്ടു പോകാന്‍ അനുവാദമില്ല.
ഏറ്റവും ദുസ്സഹമായി തോന്നിയത് താഴെ നടക്കുന്ന പ്രസംഗങ്ങളും ചര്‍ച്ചകളും കേട്ട് ഗാലറിയില്‍ ശ്വാസം പോലും നിയന്ത്രിച്ചിരുന്ന നിമിഷങ്ങളാണ്.
ഇപ്രാവശ്യം പാര്‍ ല മെന്റ് സന്ദര്‍ശനത്തിനുള്ള അനുമതി കിട്ടിയിരുന്നില്ല.
അതുകൊണ്ട് രാജവീഥിയിലൂടെ രണ്ട്‌ മൂന്ന് പ്രാവശ്യം വാഹനത്തില്‍ കറങ്ങി ദൂരകാഴ്ച കൊണ്ട് തൃപ്തിപ്പെട്ടു.
യാത്ര തുടര്‍ന്നെത്തിയത് ചെങ്കോട്ടയിലാണ്.


Lal Qilla Agra

ചെങ്കോട്ട

ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച കോട്ട ആണിത്.കോടിക്കണക്കിനു പണം അന്ന് ഇതിനുവേണ്ടി ചെലവിട്ടു.ചുവന്ന മണല്‍ ക്കല്ലാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
ഏകദേശം രണ്ടര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഇതിനുണ്ട്.


http://upload.wikimedia.org/wikipedia/commons/e/e5/Red_Fort_courtyard_buildings.jpg



പ്രധാനപ്പെട്ട രണ്ട്‌ ഗേറ്റുകള്‍ ഉണ്ട്.ഇതില്‍ ലഹോറി ഗേറ്റിലൂടെയാണ് ഉള്ളില്‍ പ്രവേശിക്കുന്നത്.ആവഴി കൊട്ടാരങ്ങള്‍ക്കു മുന്പിലെത്തുന്നു. നദിയോട് ചേര്‍ന്നാണ് കൊട്ടാരങ്ങള്‍ ഉള്ളത്.ആറ് രാജകൊട്ടാരങ്ങളില്‍ പ്രധാനം മുംതാസ് മഹല്‍ ആണ്. അതിനു മുന്നിലൂടെ ഒഴുകുന്ന അരുവി പറുദീസയുടെ പ്രവാഹം എന്നറിയപ്പെടുന്നു.
മുഗള്‍ ഭരണകാലത്തെ വാസ്തു കലാചാതുരി ഇതിലെ എല്ലാ മന്ദിരങ്ങളിലും ദര്‍ശിക്കാന്‍ കഴിയും.

Red Fort - Delhi]



Red Fort - Delhi



പൊതു ജനങ്ങള്‍ക്ക്‌ ആയുള്ള ദിവാന്‍ ഐ ആം ,വിഐപികള്‍ ക്ക് ആയുള്ള ദിവാന്‍ ഐ ഖാസ് ,ഔറംഗ സേബിന്റെ സ്വകാര്യ പ്രാര്‍ത്ഥനാലയം മോത്തി മസ്ജിത് ഡ്രം ഹൌസ് തുടങ്ങിയവയെല്ലാം അതിനുള്ളില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

Red Fort - Delhi



സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത് ചെങ്കോട്ടയിലാണ്.










ഓ ....സമയം കുറെയായി ....ഉച്ചഭക്ഷണം കിട്ടിയില്ല അതാണ് ഒരു ക്ഷീണം....ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നുണ്ട്.
ഇനി അത് കഴിഞ്ഞാകാം യാത്ര.
(തുടരും)