Sunday, March 16, 2014

ആദ്യമായ് കണ്ട മൂട്

ആദ്യമായ് കണ്ട മൂട് 
******************

കുറെ നാള്  മുമ്പാണ്‌ ...ഞാനും സഹാദ്ധ്യാപികയും കൂടി സ്കൂൾ വിട്ട്  നടന്നു വരും വഴി ടൌണിൽ ഉള്ള ഒരു ഷോപ്പിൽ തമിൾ നാട്ടുകാരാരോ നടത്തുന്ന ഒരു എക്സിബിഷൻ ഹാളിൽ വെറുതെ കയറി...വെറുതെ എന്ന് വച്ചാൽ എല്ലാം ഒന്ന് കാണാം... ഇഷ്ട പ്പെടുന്നതെന്തെങ്കിലും കണ്ടാൽ വാങ്ങാം എന്ന ചെറിയ ഒരു ഉ ദ്ദേശ്യവും ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ മുട്ടിനു മുട്ടിനു സൂപ്പർ  മാർക്കറ്റ് ഒന്നും അന്നുണ്ടായിരുന്നില്ല. ഇങ്ങനെ വല്ല പ്പോഴും വന്നു കുറെ ദിവസങ്ങൾക്കു ശേഷം മറ്റു സ്ഥലം തേടിപ്പോകുന്ന ചില്ലറ വില്പ്പനകേന്ദ്രങ്ങൾ മാത്രം ....
ഒരുപാട് സാധനങ്ങൾ..... ആകർഷകമായ രീതിയിൽ ഒരുക്കി വച്ചിരിക്കുന്നു. തൊട്ടും പിടിച്ചും വില ചോദിച്ചും  വിലപേശിയും ചില സാധനങ്ങൾ വാങ്ങിയും ഞങ്ങൾ നടന്നു നടന്ന് ഇരുമ്പുസാധനങ്ങളുടെ സെക്ഷനിൽ എത്തി. കത്തി,അരിവാൾ ചുറ്റിക, മമ്മട്ടി, തൂമ്പ, കപ്പി, ബക്കറ്റ്,  താഴ്...ചങ്ങല ..എന്തിന് ചെവിത്തോണ്ടി വരെ അവിടെയുണ്ടായിരുന്നു....കൂട്ടത്തിൽ ഒരു കൊച്ചു സാധനം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.എടുത്തു നോക്കിയപ്പോൾ സാധനം ചെറുതെങ്കിലും നല്ല ഭാരം ...അടിഭാഗം ഉരുണ്ട് ഫ്ലാസ്ക്കിന്റെ പുറത്തെ അടപ്പുപോലെ ഒന്ന്....ഞങ്ങൾ പരസ്പരം അതെന്താണെന്ന് ചോദിക്കുകയും ഉത്തരം കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. പക്ഷെ ഞങ്ങൾക്ക് കണ്ടെത്താൻ ആയില്ല.എന്തെങ്കിലും സാധനം വാങ്ങുന്നുണ്ടോ എന്നറിയാൻ ആകാംക്ഷ യോടെ വിൽപ്പനക്കാരൻ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയ പ്പോൾ ചമ്മലോടെ ഞങ്ങൾ സാധനം തിരിച്ചു വച്ചു. ഉള്ളിൽ  ചിരിപൊട്ടുന്നുണ്ടായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. എന്തുകണ്ടാ ലും ഒരു ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന പ്രായം...
അവിടെ നിന്നും കണ്ണിൽക്കണ്ണിൽ നോക്കി ചിരി അമർത്തി നടക്കാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു...
"എന്തെ....വേണ്ടേ...?"
ഓ...മലയാളി ആയിരുന്നോ...കണ്ടാൽ അസ്സൽ ഒരു തമിഴ് ലുക്ക്‌ ....
ആശ്വാസത്തോടെ ഞങ്ങൾ സംശയ നിവാരണത്തിനായി ചോദിച്ചു...
"അതെ....ഈ സാധനം എന്തുവാ...?''
"ഇതോ..''...അയാൾ അത് കയ്യിലെടുത്ത് ശ്രീകൃഷ്ണൻ സുദർശന ചക്രം തിരിക്കുമ്പോലെ വിരലിൽ കറക്കിക്കൊണ്ട് പറഞ്ഞു.
" ഒലക്കേടെ മൂട് ..''
ഞങ്ങളുടെ ചിരിമാഞ്ഞു....
ഛെ ...ശപ്പൻ ...!വഷളൻ ...! ഇവനെയൊക്കെ വിൽപ്പനക്കാരൻ ആക്കിയവനെ തൊഴിക്കണം...!!
ഞങ്ങളുടെ ധാർമ്മിക രോഷം ആളിക്കത്തി....
എന്നാൽ അയാൾ വളരെ ശാന്തനായി ചുമരിൽ ചാരിവച്ചിരിക്കുന്ന ഉലക്കയിൽ നിന്നും ഒന്നെടുത്ത് അതിന്റെ താഴെയുള്ള ഭാഗം കാണിച്ചു കൊണ്ട് വിശദീകരിച്ചു....
" ദാ ...ഇതാണ്...അത്..ഒലക്കേടെ മൂട് "
ശരി തന്നെ...ഞങ്ങൾ ഉലക്കകണ്ടിട്ടുണ്ട് ...അത് കൊണ്ടുള്ള ജോലികൾ ,നെല്ല് കുത്തുക, അവൽ ഇടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്...പക്ഷെ അതൊക്കെ സെറ്റിൽഡ് ഉലക്കകൾ ....അതിന്റെ മൂടും തലയും വേറിട്ടുള്ള ഞങ്ങളുടെ ആദ്യകാഴ്ചയായിരുന്നത്....പിന്നത്തെ പൂരം പറയേണ്ട ല്ലോ...ആളുകൾ  കേൾക്കാതെയും ...കാണാതെയും, പൊട്ടി ത്തെറിച്ച  ചിരിയുടെ അമിട്ട് നെഞ്ചിൽ ഒതുക്കി , വിങ്ങിപ്പൊട്ടി പുറത്ത് എപ്പോൾ എത്തിയെന്ന് ചോദിച്ചാൽ  മതി....
അതൊന്നു ചിരിച്ചു തീർക്കാൻ എത്ര നാളുകൾ വേണ്ടി വന്നെന്നോ.
തീർന്നെന്നു പറയാൻ വയ്യ....ഇപ്പോഴും ആ ഓർമ്മ മതി ഉള്ളിൽ  നിന്നും ആ ചിരി പൊട്ടിയുണരാൻ...

6 comments:

Cv Thankappan said...

കാര്യം ഇത്രേയുള്ളൂ!
എന്തൊക്കെ നിരൂപിച്ചു!!
രസകരമായി......
ആശംസകള്‍

ജന്മസുകൃതം said...

thank u chettaa....

ജന്മസുകൃതം said...

thank u chettaa....

Aarsha Sophy Abhilash said...

നല്ല മൂട് :)

Bipin said...

ഒലക്കേടെ മൂട് കണ്ടു എന്ന് അഹങ്കരിക്കാൻ വരട്ടെ. ഇപ്പഴും നിങ്ങൾ മൂട് മൊത്തം കണ്ടില്ല. ഇതിനൊരു മറു വശമുണ്ട്. ഇതേ സാധനം, അടപ്പില്ലാത്തത്. അതാണ്‌ മറ്റേ അറ്റത്തിടുന്നത് ഒലക്കേടെ മറ്റൊരു മൂട്.

Girija Navaneethakrishnan said...

ഇതിനു സമാനമായ മറ്റൊരു കഥ പറയട്ടെ ടീച്ചർ. കഥാപാത്രങ്ങൾ എന്റെ അമ്മാവനും അമ്മായിയും തന്നെ. അമ്മാവൻ തമാശ പറയുന്നതിലും ദേഷ്യപ്പെടുന്നതിലും ഒരു പോലെ മുമ്പൻ. ഒരു ദിവസം ഒരു ചെറിയ
സൗന്ദര്യപ്പിണ ക്കത്തിനു ശേഷം ധൃതിയിൽ വേഷം മാറി പുറത്തേയ്ക്ക് പോകാനൊരുങ്ങിയ അമ്മാവനോട് അമ്മായി ചോദിച്ചു,

"ഇതെവിടെയ്ക്കാപ്പൊ ഈ നേരത്ത്?"

"കടേല് പോണം" - ഗൌരവം വിടാതെ അമ്മാവൻ

"എന്ത് മേടിക്കാൻ?" - അമ്മായി

"പിണ്ണാക്ക് " - കുറച്ചു കൂടി ഗൌരവത്തിൽ അമ്മാവൻ

ശകലം പരിഭവത്തോടെ അമ്മായി " എന്ത് മേടിക്കാനാന്നല്ലേ ചോദിച്ചുള്ളൂ. അതിനെന്തിനാ ഇത്ര ദേഷ്യം?"

"പറഞ്ഞില്ലേ, പിണ്ണാക്ക് ..." കുറച്ചു കൂടി ഉച്ചത്തിൽ അമ്മാവൻ.

എന്നിട്ട് അമ്മാവൻ സൈക്കിൾ എടുത്തു പുറത്തേയ്ക്ക് പോകുന്നു. അമ്മായി പരിഭവത്തോടെ അകത്തേയ്ക്കും.

ഈ സംഭാഷണമെല്ലാം കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു ഞങ്ങൾ കുട്ടികൾ. അമ്മാവനും അമ്മായിയും പിണങ്ങിയോ എന്ന് ഞങ്ങൾ സംശയിച്ചു.

അധികം വൈകാതെ അമ്മാവൻ ഒരു ചെറിയ ചാക്ക് കെട്ടുമായി തിരികെയെത്തി.

സൈക്കിളിന്റെ ബെല്ല് കേട്ട് എത്തിയ അമ്മായിയോട് , " ഇത് ആ ചായപ്പില്ക്ക് വയ്ക്യോ.

"എന്താദ് ?" അമ്മായി വീണ്ടും

"പിണ്ണാക്ക്...... നാളെ പശൂന് കൊടുക്കണങ്കിലേയ് ഇവടെ വല്ലതൂണ്ടോ?"

പിന്നെ അവിടെ ഉയർന്നത് ഒരു കൂട്ടച്ചിരിയായിരുന്നു.