Sunday, December 25, 2016

ചില കാര്യങ്ങൾ അങ്ങനെയാണ്.

 
      തിരക്കിട്ട ദിവസങ്ങളാണ് കടന്നു പോകുന്നത് ഡിസംബർ 28 നുപുസ്തക പ്രകാശനോത്സവ ത്തിനു  ഇനി കേവലം രണ്ടു ദിവസങ്ങൾ കൂടി മാത്രം. ക്രിസ്മസ് ദിവസം എല്ലാവർഷവും പപ്പയോ ടൊപ്പമാണ് ആഘോഷമെന്നതിനാൽ തിരക്കിനിടയിൽ സമയമുണ്ടാക്കി നാട്ടിലെത്തി. എല്ലാരും ഒന്നിച്ചിരുന്നു ഉച്ചഭക്ഷണവും കഴിച്ച് അധികം വൈകാതെ തിരിച്ചു പോന്നു.     പ്രകാശനോത്സവത്തിന്റെ ഒരുക്കങ്ങൾ ഇനിയും ബാക്കിയുണ്ട്. പ്രിയപ്പെട്ടവരെ ഫോണിലും നേരിട്ടു കണ്ടും നോട്ടീസ് കൊടുത്തും വാട്ട്സ് ആപ്പിലും എഫ് ബിയിലും മെസ്സേജയച്ചും ക്ഷണിച്ചുകൊണ്ടിരിക്കുന്നതേ  ഉള്ളു.
മടങ്ങിവരും വഴി സീമയെ പ്രത്യേകം ക്ഷണിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തവണ അവിടെ ചെന്നപ്പോഴും അവളെ കാണാൻ പറ്റിയില്ല.
     സീമ എന്റെ ആരാണെന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ഒരു മറുപടിതരാൻ  എനിക്കാവില്ല. പക്ഷേ  അവളെപ്പറ്റി ഒരു സൂചന എന്റെ ഒരു കഥയിൽ സൂചിപ്പിച്ചിരുന്നു.ടി ടി സി ക്കിടയിലെ സഹവാസക്യാമ്പിൽ വെച്ച് എന്റെ ജീവിതത്തിലെ  ഒരു നിർണ്ണായക തീരുമാനമെടുക്കാനുള്ള സാഹചര്യം വിശദമാക്കിയപ്പോൾ.....
 മറ്റുള്ളവരുടെ ദുഷ്പ്രേരണ നിമിത്തം എന്നെ ചോദ്യം ചെയ്യാൻ അസ്സംബ്ലിഹാളിലേയ്ക്ക് സൈക്കോളജി ടീച്ചർ വിളിച്ചതിനു കാരണമായത്   ''സീമയുടെ ഇക്കയും ഞങ്ങളുടെ ഫാമിലി ഫ്രണ്ട് മാത്രമായിരുന്ന ചന്ദ്രേട്ടനും എന്റെ പപ്പാ കൊടുത്തയച്ച ഒരു കയ്യെഴുത്തുമാസിക എനിക്ക് തരാൻ വന്നതായിരുന്നു'' എന്ന് പറഞ്ഞി രുന്നില്ലേ..   ആ സീമതന്നെ.അവളുടെ ഇക്കയെ വളരെ ചെറുപ്പം മുതൽ എനിക്കറിയാവുന്നതായിരുന്നു. പിന്നീടാണ് സീമ എന്ന നസീമയുടെ ജീവിതസഖാവാണ് ഈ ഇക്ക എന്ന് ഞാനറിയുന്നത്.
ആകുലതകളിൽ സാന്ത്വനം ഏകുന്നവരാണ് നല്ല മിത്രങ്ങൾ. ആ കാലത്ത് ഭൂരിഭാഗത്തിന്റെയും അവഗണനയും കുത്തുവാക്കുകളും കേട്ട് മനസ്സ് മരവിച്ച എനിക്കെന്നും സാന്ത്വനമായിരുന്നു അവൾ ...ലീ ...എന്ന അവളുടെ വിളി പോലും എനിക്ക് ആശ്വാസം നല്കിയിരുന്നു.
ടി ടി സി കഴിഞ്ഞ് അവളും ഞാനും ടീച്ചർമാരായി....ഞങ്ങൾ തമ്മിൽ വളരെ അപൂർവമായേ കാണാറുണ്ടായിരുന്നുള്ളു.ഫോൺ വിളിയും കുറവായിരുന്നു.
ഇക്കയുമൊത്ത് അവൾക്കു ഒരുപാടു നാളുകൾ കഴിയാൻ പടച്ചവൻ അവൾക്ക്  ഇട നല്കിയില്ല. എങ്കിലും തന്റെ ഓമനമക്കൾക്കായി അവൾ ജീവിച്ചു....മകളുടെ കല്യാണം കഴിഞ്ഞു ഉമ്മുമ്മയായി ...പുതിയ വീട് വെച്ചു .......അടുത്ത മാർച്ചിൽ പെൻഷൻ പറ്റാനുള്ള തയ്യാറെടുപ്പിൽ .....
   അവളുടെ വീടിനു മുന്നിൽ കാർ നിർത്തി ഞാൻ അവൾക്കു കൊടുക്കാനുള്ള ക്ഷണക്കത്തുമായി ഗേറ്റു കടന്ന് മുറ്റത്തെത്തി.അകത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കാം.ഞാൻ ബെല്ലടിച്ചു
മകളുടെ കുട്ടികളാണ് വാതിൽക്കൽ വന്നത്.
"സീമ...?"അവൾ വീട്ടിൽ ഉണ്ടോ എന്ന അർത്ഥത്തിൽ ഞാൻ ചോദിച്ചു.
"അതെ " സീമയുടെ വീടിതു തന്നെ എന്നായിരിക്കാം കുട്ടികൾ ഉദ്ദേശിച്ചത്. ...അവൾ ഉണ്ടെന്നു എനിക്ക് ഉറപ്പായി.കഴിഞ്ഞതവണ കാണാൻ പറ്റാത്തതിന്റെ പരിഭവം കൂടി ഇന്ന് പറഞ്ഞു തീർക്കണം എന്ന് ഞാൻ തീർച്ചയാക്കി. ഞാൻ കുട്ടികളോട് പറഞ്ഞു.
"മക്കളെ ഉമ്മുമ്മയെ ഒന്ന് വിളിച്ചേ..."
അവർ പറഞ്ഞ മറുപടി ഞാൻ കേട്ടില്ല ...അതോ എനിക്ക് മനസ്സിലാകാഞ്ഞതോ...?
എന്റെ വായ് പൊളിഞ്ഞതു കണ്ടാകാം അവർ ഒരിക്കൽ കൂടി ആവർത്തിച്ചു
"മരിച്ചു. ആറു  ദിവസായി."
അടിമുടി ഒരു തണുപ്പ് ഇഴഞ്ഞു കയറുന്നത് ഞാൻ അറിഞ്ഞു. എന്റെ അവസ്ഥ കണ്ടാകണം ചന്ദ്രേട്ടനും ഇറങ്ങി വന്നു.
"ആരാ അകത്തുള്ളത് ...ആരെയെങ്കിലും ഒന്ന് വിളിക്കാമോ?"
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. കുട്ടി അകത്തെ മുറിയുടെ വാതിൽക്കലെത്തി എന്തോ പറയുന്നതും പിന്നെ മുകളിലെ മുറിയിലുള്ള ആമിനതാത്തയെ വിളിക്കുന്നതും ഞാൻ കണ്ടു. അവരുവരുന്നത് കാത്ത് നില് ക്കാതെ ഞാൻ അകത്തേക്ക് ചെന്നു അവിടെ മോളുണ്ടായിരുന്നു.
"എന്താ മോളെ ഉണ്ടായത്...?''
രോഗമായിരുന്നോ ..?എന്താണ്..?എപ്പോഴാണ് ? എങ്ങനെയാണ് ...?ഒരുപാടു ചോദ്യങ്ങൾ എന്റെ ഉള്ളിൽ കിടന്നു വീർപ്പുമുട്ടി. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ കാര്യങ്ങൾ അറിയിച്ചു.
 
    അസുഖം ഒന്നും ഉണ്ടായിരുന്നില്ല.സ്കൂൾ സംബന്ധമായ ആവശ്യത്തിന് ഓഫിസിൽ പോയതാണ്. അവിടുന്ന് കുഴഞ്ഞു വീണു .അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവർ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. അവിടെ എത്തിയെങ്കിലും ഹൈ ബി പി കാരണം ഒന്നും ചെയ്യാൻ പറ്റിയില്ല. വെന്റിലേറ്ററിൽ ആക്കിയെങ്കിലും രാത്രിയായപ്പോഴേയ്ക്കും....'
 
     ആറു ദിവസം മുമ്പ്...പുസ്തകപ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തിരുവനന്തപുരത്തു
ഉണ്ടായിരുന്ന സമയത്ത്...
പേപ്പറിൽ നിന്നും പോലും അറിയാതെ..(പിറ്റേന്നത്തെ പേപ്പർ വായിച്ചിരുന്നെങ്കിലും ഈ വാർത്ത അവിടുത്തെ എഡിഷനിൽ ഉണ്ടായിരുന്നില്ല. ..)  
      സീമയുടെ മകളോട് യാത്രപറഞ്ഞ് അവിടെനിന്നും മടങ്ങുമ്പോഴും എന്റെ ഞടുക്കം വിട്ടു മാറിയില്ല...
ലീ   ...എന്ന വിളിയും ആ ചിരിക്കുന്ന മുഖവും ....
ഇല്ല സീമ ...നീ സ്കൂളിൽ എന്തോ ആവശ്യത്തിന് പോയത് കൊണ്ടാണ് എനിക്ക് കാണാൻ പറ്റാതിരുന്നത്...അല്ലെ... അടുത്ത തവണയും ആവഴി വരുമ്പോൾ ഞാനവിടെ വരും...അന്ന് ഓരോ ആവശ്യം പറഞ്ഞു നീ എവിടെയെങ്കിലും പോയാലുണ്ടല്ലോ, നോക്കിക്കോ ഞാൻ നിന്നോട് മിണ്ടൂല്ല.

(പ്രിയ സഖി എവിടെയാണെങ്കിലും നീ സന്തോഷമായിരുന്നാൽ മതി."