Friday, May 9, 2008

വൈദേഹി

വയലില്‍ നുകക്കീഴില്‍ പോത്തുകള്‍ കുതിക്കുന്നു,
ഉഴവുചാലില്‍ വീണ്ടും വൈദേഹി ജനിക്കുന്നു.
സീരദ്ധ്വജന്മാര്‍ പുത്രീ ലാഭത്താല്‍ കുഴങ്ങുന്നു 
 
മുളയ്ക്കും ചെടി പറ്റെക്കിളച്ചു മറിക്കുന്നു .

ശലഭക്കൂട്ടം വിണ്ണില്‍ രസിച്ചു പറക്കുന്നു,
കഴുകന്‍ മരക്കൊമ്പില്‍ ഒളിച്ചു വസിക്കുന്നു.
യൗവനം പുതു വര്‍ണപ്പുതപ്പില്‍ത്തരിക്കുന്നു,
ശൈവ ശാപങ്ങള്‍ എത്ര ലളിതം, കുലയ്ക്കുന്നു!

സ്ത്രീധനപ്പിശാചിന്റെ നീരാളിപ്പിടുത്തത്തില്‍
‍സീതയും സോദരിമാരൊക്കെയും പിടയുന്നു,
തേന്‍ പദ പ്രവാഹത്തിന്‍ തേരുകളുരുളുന്നു,
ജാനകി ഉടുവസ്ത്രം മടിയാതുരിയുന്നു.

കൈകേയി യുദ്ധത്തിന്നായ്‌ പടക്കോപ്പണിയുന്നു,
ലക്ഷ്മണന്‍ വിടുപണി   കൃത്യമായ്‌ ത്തുടരുന്നു.
രാമന്റെ അവതാരം പൂര്‍ണമാകുന്നു,സീത-
ഗര്‍ദ്ദഭ ജന്മം പേറി ഗമനം തുടരുന്നു.

രാവണന്‍ വേഷം കെട്ടി ആറാട്ടു നടത്തുന്നു
മാരീചന്‍ തക്കം നോക്കി മാനുടുപ്പണിയുന്നു.
രാമബാണങ്ങള്‍ ചുറ്റും മരണം വിതക്കുന്നു,
അഗ്നി പുച്ഛവും പൊക്കി മാരുതി ചിരിക്കുന്നു

രാമന്റെ
നേതൃത്വത്തില്‍ അയോദ്ധ്യ വളരുന്നു,
അഗ്നിയില്‍ നിത്യം സീത ശുദ്ധി വീണ്ടെടുക്കുന്നു
മകള്‍ക്കായ്‌ ചുരത്തിയ മുലപ്പാലില്‍ ചെം നിണം
കലരുന്നതു കാണ്‍കെ വസുധ വിളറുന്നു.

അംശാവതാരങ്ങള്‍തന്‍ കണക്കേറുന്നു,
ക്ഷമ-നശിച്ച ക്ഷിതി നെഞ്ചത്തടിച്ചു കരയുന്നു.
അക്ഷയ പാത്രം നല്‍കാന്‍ ആദിത്യന്‍ മടിക്കുന്നു,
പാഞ്ചാലി കാമാര്‍ത്തയായ്‌ പകല്‍ രാവാക്കീടുന്നു

ശകുനി കള്ളച്ചൂതിന്‍ അടവു മാറ്റീടുന്നു,
ദുശ്ശാസനന്റെ കൈകള്‍ വിശ്രമം മറക്കുന്നു.
കൃഷ്ണതന്‍ നിലവിളി നിഷ്ഫലം മുഴങ്ങുന്നു,
കൃഷ്ണനോ രാധയ്ക്കൊപ്പം സ്വപ്നങ്ങള്‍ പങ്കിടുന്നു

മൂര്‍ത്തികള്‍ക്കുണര്‍വ്വേകി, 
സമസ്തൈശ്വര്യങ്ങള്‍ക്കായ്‌
അനസൂയ നഗ്നയായ്‌ 
ആതിഥ്യമരുളുന്നു.

മഴ പെയ്യുന്നു, മനം നിറഞ്ഞു കവിയുന്നു,
വരദാനങ്ങള്‍ മണ്ണില്‍ പുതഞ്ഞു കിടക്കുന്നു.
വയലില്‍ നുകം പേറി വൈദേഹി തളരുന്നു,
ഉഴവു ചാലുകാണാതുഴറി നടക്കുന്നു.