Sunday, March 1, 2009

ആശങ്ക

ആരാരും സമ്മതമോരാതെ നെഞ്ചിലെ
ആര്‍ദ്രത തന്നുറവൂറ്റിമാറ്റി,
ചിരകാല സ്വപ്നത്തിന്‍ പരിമളത്തില്‍, ചീറ്റി-
ച്ചിതറും നിണത്തിന്‍ ചീമണം കലര്‍ത്തി.
കല്‌ഹാര പുഷ്പങ്ങള്‍ പൂത്തിടും ചില്ലകള്‍
കാരുണ്യമെന്യേയറുത്തുമാറ്റി,
ഒരു സാന്ത്വനം കൊതിച്ചെത്തുന്നപ്രാണനെ-
യുടവാള്‍ മുനത്തുമ്പില്‍ കുത്തിനിര്‍ത്തി.
വിധുരയാം കന്യതന്‍ ഹൃദയ തടാകങ്ങള്‍
ചുടു കണ്ണു നീരാല്‍ നിറച്ചു വച്ചു,
അതിലെന്നും മുങ്ങിപ്പിടഞ്ഞിടാന്‍ നോവിന്റെ -
തിരിയെത്ര കത്തിച്ചവള്‍ക്കു നല്‍കി?
ഒരുനാളുമണയാത്ത പകയുടെ തീപ്പൊരി
ചുടുനിശ്വാസക്കാറ്റില്‍ പടര്‍ന്നിടുമ്പോള്‍
എവിടെയാണിതിനന്ത്യം..?എവിടെയാണാശ്രയം...?
ഒരുനാളുമണയില്ലേ മുക്തി മാര്‍ഗം...??

Friday, January 23, 2009

രാധാ മാധവം

നിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചു, എന്തേ-
യിന്നോളം നീ വിളിച്ചീലാ?
നിന്നെ വിളിക്കാന്‍ മടിച്ചു, നിന-
ക്കെന്നോടു കോപമായാലോ?

നിന്‍ കഥകള്‍ക്കായ്‌ തുടിച്ചു,മനം
ജന്മ സായൂജ്യമതെന്നാല്‍
എന്‍ കഥ ചൊല്ലിയതില്ല,നിന്റെ -
മാനസം നൊന്തു പോയാലോ?

നിന്‍ മുരളീരവം കേള്‍ക്കേ,ഉള്ളം
തുള്ളിത്തുളുമ്പുമെന്നാലും
പിന്‍ പാട്ടു പാടിയതില്ല, ശ്രുതി-
ഭംഗമായ്‌ ഞാന്‍ മാറിയാലോ?
നിന്‍ മിഴിക്കോണില്‍ത്തിളങ്ങും, പ്രേമ
വൈഡൂര്യമെന്‍ സ്വന്തമാക്കാന്‍
മോഹമെന്‍ ഹൃത്തിലുണ്ടെന്നാല്‍, അതി-
മോഹമായ്‌ നീ നിനച്ചാലോ?

നിന്‍ നിഴലായ്‌ നടന്നീടാന്‍,എന്നും
നിന്നിലലിയാന്‍ കൊതിച്ചു,
എങ്കിലും ദൂരെ ഞാന്‍ നിന്നു, മമ
ദര്‍ശനം ദോഷമായാലോ?

2

എല്ലാം മറക്കാന്‍ സഹിക്കാന്‍, മനം
കല്ലാക്കി മാറ്റാന്‍ ശ്രമിച്ചു
ഒന്നും സഫലമായില്ല കണ്ണാ
എങ്ങനെ നിന്നെ മറക്കാന്‍?

എങ്ങു തിരിഞ്ഞാലും കാണ്മൂ, നിന്റെ
ലീലാവിലാസ മാഹാത്മ്യം
എന്തിലും ദര്‍ശിപ്പതൊന്നേ, കണ്ണാ-
നിന്‍ പ്രതിച്ഛായകള്‍ മാത്രം.

നിന്‍ മുഖമോ? സന്ദേഹിച്ചു,വാനില്‍
പൗര്‍ണ്ണമിത്തിങ്കളെ കാണ്‍കെ,
നിന്‍ നറും പുഞ്ചിരിപ്പാലോ? നിശ
മന്ദമായ്‌ പാരിലൊഴുക്കി?

നിന്നധരത്തിന്‍ ചുവപ്പോ? സന്ധ്യ
തന്‍ ചായക്കിണ്ണത്തില്‍ ചേര്‍ത്തു?
നിന്നുടയാടതന്‍ ചേലോ? കണി-
ക്കൊന്നയില്‍ പൂക്കളായ്ത്തീര്‍ന്നൂ?

നിന്‍ നയനത്തിന്നഴകു ചേര്‍ത്തോ
നാന്മുഖന്‍ താമര തീര്‍ത്തൂ?
നിന്‍ പാദ പത്മം മുകര്‍ന്നോ, തത്ത-
തന്‍ മലര്‍ച്ചുണ്ടു ചുവന്നു?

നിന്‍ നിറം ഗര്‍ഭം ധരിച്ചോ? കടല്‍-
തന്‍ മണിക്കുഞ്ഞിനെപ്പെറ്റു?
നിന്നളകത്തിന്‍ ചുരുളോ? കടല്‍
വന്‍ തിരമാലയ്ക്കു നല്‍കീ?

നിന്‍ കിങ്ങിണി തന്‍ സ്വനമോ?, കാട്ടു-
ചോലകള്‍ തന്‍ സ്വന്തമാക്കീ?
നിന്‍ വേണു നാദത്തികവോ, കുയി-
ലിന്‍ സ്വരമാധുര്യമേറ്റീ?

നിന്‍ മാറില്‍ ചേര്‍ത്തതു കൊണ്ടോ, പൂര്‍ണ്ണ
ചന്ദ്രനും ശ്രീവത്സമുണ്ടായ്‌?
മൗലിയില്‍ ചൂടുകയാലോ, മയില്‍-
പ്പീലിതന്‍ ചാരുതയേറീ?

നിന്‍ സ്പര്‍ശനത്തിന്‍ കുളിരോ, ഇളം
കാറ്റിന്റെ കൈയില്‍ കൊടുത്തൂ?
നിന്‍ ദയാ വായ്പ്പിന്നമൃതോ, ആത്മ
ശാന്തിയായെന്നെപ്പുണര്‍ന്നു?

കാറിലും കാറ്റിലും കായല്‍ തിര-
ക്കോളിലും നിന്നെ ഞാനോര്‍ക്കേ,
ഇല്ല, മറക്കുവാ,നെന്നാല്‍ ,നിന-
ക്കെല്ലാം മറക്കാന്‍ കഴിഞ്ഞോ?

കാളിന്ദി തീരം മറന്നോ? ഗോക്കള്‍
മേയുന്ന മേടും മറന്നോ?
ഗോപികമാരൊത്തു ചേര്‍ന്ന, രാസ
ക്രീഡകളെല്ലാം മറന്നോ?

3

നിന്‍ വേണു കേള്‍ക്കാതെ കണ്ണാ, ഗോപ-
വൃന്ദങ്ങള്‍ക്കുണ്ടാമോ തോഷം?
ഇന്നില്ല പൂക്കള്‍ക്കു ഗന്ധം, വര്‍ണ്ണം
സന്ധ്യകള്‍ പോലും നിരാഭം.

പൂങ്കുയില്‍ പാടുന്നതില്ല, കരി-
വണ്ടു മുരളുന്നതില്ല,
ആണ്മയിലാടുന്നുമില്ല, എങ്ങും
വിങ്ങും വിമൂകത മാത്രം

ഈ യമുന നദി തീരത്തെന്നും
കാത്തിരിപ്പൂ നിന്നെ രാധ,
കണ്ണാ നീയില്ലാത്ത ജന്മം,എനി-
ക്കെന്നെന്നും നിര്‍ജ്ജീവമല്ലോ.

പോയ വസന്തമീത്തോപ്പില്‍ നറും
പൂക്കള്‍ വിടര്‍ത്തുമോ വീണ്ടും?
കേള്‍ക്കുവാനൊക്കുമോ കാതില്‍
തേനിമ്പം വളര്‍ത്തിടും രാഗം?

പണ്ടുനാമൊന്നായ്‌ രചിച്ച, ഗീതം
പാടുവാനൊക്കുമോ വീണ്ടും?
കാര്‍മുകില്‍ വര്‍ണ്ണാ,യെന്‍ കണ്ണാ
കനിഞ്ഞേകുമോ ദര്‍ശനഭാഗ്യം?

വഴി തെറ്റിയെങ്കിലുമൊന്നീ-യിട
വഴിയെ നീ വന്നെത്തിയെങ്കില്‍...!
രാജീവ നേത്രനേ,രാധയ്ക്കെന്നും
മോഹങ്ങള്‍ മാത്രമോ ബാക്കീ.....?
....................................
ഈ മാസത്തെ "തുഷാരം" ഓണ്‍ലൈന്‍ മാഗസീനില്‍ വന്ന കവിത ..
http://www.thusharam.com/article.asp?artId=319

Friday, December 26, 2008

ഇവര്‍ കുഞ്ഞു മാലാഖമാര്‍

പിഞ്ചു മക്കളെ നിങ്ങള്‍ നീറുമെന്‍

ഹൃത്തടത്തിലുറങ്ങിക്കിടക്കുക

ഇല്ല നിങ്ങളെ തൊട്ടുണര്‍ത്തുവാ-

നെങ്ങു നിന്നും വരില്ലൊരു തെന്നലും

അമ്മയാണിവള്‍ നെഞ്ചിതിലൂഷ്മള

സ്നേഹസാഗരം കാത്തു സൂക്ഷിപ്പവള്‍

‍കുഞ്ഞു മക്കളെ ചേര്‍ത്തു വച്ചീടുവാന്‍

നൂറു തൂവല്‍ ചിറകു വിരിപ്പവള്‍

ആഞ്ഞുവീശും കൊടുംകാറ്റില്‍ നിന്നുമ-

വന്‍ തിരമാലക്കോളില്‍ നിന്നും സദാ-

വന്നുചേരും വിപത്തേതാണെങ്കിലും

ധീരയായ്‌ തന്റെ മക്കളെ കാക്കുവോള്‍

എങ്കിലും ഞൊടിനേരത്തിലിപ്പെരു-

മണ്ണില്‍ വീണുചിതറിത്തെറിച്ചൊരാ

പത്തു പൂവുകള്‍(തീര്‍ന്നുവോ?സംശയം)

എങ്ങിനാശ്വസിച്ചീടുവതെന്‍ മനം?!

വര്‍ണമേറുമീ പൂമൊട്ടുകള്‍ പാരില്‍

നല്‍കിടുമേറെയാനന്ദ നിര്‍വൃതി

പാഞ്ഞടുക്കുന്ന ക്രൂര മൃഗത്തിനും

ശാന്തിയേകുമീകുഞ്ഞു മാലാഖമാര്‍

എന്തു സുന്ദര സ്വപ്നങ്ങളായിരു-

ന്നിത്ര നാളവര്‍ കണ്ടതെന്നോര്‍ക്കുക,

നന്മകള്‍തിങ്ങുമപ്പുണ്യ ജന്മങ്ങള്‍-

ക്കെത്ര ഹ്രസ്വമാം ജീവിതം ഭൂമിയില്‍

ഈയുലകത്തിനപ്പുറം ജീവിതം

നല്‍കുവാന്‍ കഴിവുള്ളവനീശ്വരന്

‍സ്വര്‍ഗ വാടിയലംകൃതമാക്കുവാന്‍

കൊണ്ടു പോയതാണീക്കുഞ്ഞു പൂവുകള്‍

ഒന്നു ചിന്തിക്കിലെത്രയോ ഭേദമാ-

ണീനരകത്തില്‍ നിന്നുള്ള മോചനം

അമ്മതന്‍ ഗര്‍ഭപാത്രത്തിനുള്ളിലും

രക്ഷയില്ലാതുഴറുന്നു ഭ്രൂണങ്ങള്‍

തമ്മില്‍ വെട്ടി മരിക്കുന്ന സോദരര്‍

‍തിന്മകള്‍ നിത്യം ചെയ്യുന്നു മാനവര്‍

തോക്കുകള്‍,വെടി,സ്ഫോടനം,ബോംബുകള്‍

‍കത്തിയും വടിവാളും കഠാരയും,

ആര്‍ത്തി പൂണ്ട മനുഷമൃഗങ്ങള്‍തന്‍

മൂര്‍ച്ചയേറും കുടില തന്ത്രങ്ങളും

തേനില്‍ മുക്കിയൊളിപ്പിച്ചു വച്ചൊരാ

തീവിഷം തുപ്പും വാക്കിന്‍ പ്രവാഹവും

അമ്മ പെങ്ങളെന്നുള്ള ബന്ധങ്ങള്‍ ത-

ന്നുള്ളറിയാത്ത രാക്ഷസക്കൂട്ടങ്ങള്‍

കണ്‍കളില്‍ കാമഭ്രാന്തുമായ്‌ ചുറ്റിലും

തക്കം പാര്‍ത്തങ്ങിരിപ്പൂ കഴുകന്മാര്‍

പിഞ്ചു മേനിയും പിച്ചിപ്പറിച്ചു കൊ-

ന്നട്ടഹാസം മുഴക്കുന്നു കശ്മലര്‍

പൊന്നു മക്കളെ നിങ്ങളീശന്റെ

നെഞ്ചിനുള്ളിലെ കുഞ്ഞു മാലാഖമാര്‍

മുന്നില്‍ ഗര്‍ത്തങ്ങള്‍ സങ്കടക്കടല്‍

ഒന്നിലും വീണുഴറാതിരിക്കുവാന്‍

സ്വര്‍ഗസീമയില്‍ ഉല്ലസിച്ചീടുവാന്‍

‍കൊണ്ടു പോയ്ദൈവം എത്രയോ നല്ലവന്‍...!!!

കുഞ്ഞു മക്കളെ നിങ്ങളോര്‍മ്മതന്‍

ഉള്‍ത്തടത്തിലുറങ്ങിക്കിടക്കുക.

Thursday, December 11, 2008

മഴയൊഴുകുന്നു

ഇന്നോളം ഞാന്‍
കണ്ടതില്ലിങ്ങനെ
നിറമനമോടെ,
നിര്‍വൃതിയോടെ
മഴയെ
ഉള്‍ക്കാമ്പിലേ-
ക്കാവാഹിക്കുമീ
പ്രകൃതിഭാവം.
ഇല്ലൊരു ചലനവുമീ-
ത്തൈത്തെങ്ങോലയില്‍,
ഉയരമേറുമീ വന്‍ ദാരുവില്‍,
തളിരില ചൂടുമീ മുരിങ്ങയില്‍,
ചെറു കായ്കള്‍ പേറുമീ പപ്പായയില്‍.
നിറമനമോടെ
നിര്‍വൃതിയോടെ
സ്വീകരിക്കയായ്‌
ഇളം കുളിരോടെ.
പുളിമരത്തിന്‍
ചെറുതാമിലകളും
വിറയാര്‍ന്നു നില്‍ക്കുന്നഹോ.
ഒരു കുഞ്ഞു തെന്നല്‍ പോലുമി-
വര്‍ഷപാതത്തിനെതിരായ്‌
വീശുന്നതില്ല,
പടഹധ്വനികളുമായ്‌
എത്തിയതില്ലിടിയും
കണ്ണഞ്ചിക്കുമൊരു
സൗദാമിനിയും.
കേള്‍ക്കുന്നതൊരു
മര്‍മ്മരം,
കാതിനിമ്പം
വളര്‍ത്തുമൊരു ഗീതം
പെയ്യുകയല്ലിതു മഴ
ഒഴുകുന്നു നിര്‍വിഘ്നം
പ്രിയ തരമൊരു
തലോടലിന്‍ സുഖ-
മറിഞ്ഞൊരു നേര്‍ത്ത വിറയല്‍...
സുന്ദരിതന്‍ മിഴിപ്പീലിയുടെ ചഞ്ചലത...
അതു മാത്രമീ പുല്‍ക്കൊടിത്തുമ്പിലും
പൂവിന്നിതളിലും.
കനിഞ്ഞൊഴുകുകയാണീ
മഴ
വെയിലിന്‍ കൊടും താപമേറ്റുഴറിയ
മേദിനിയില്‍ നിന്നുയരുമൊരു
ചുടുവീര്‍പ്പടക്കുവാന്‍
‍അകലേയ്ക്കകലേയ്ക്കല-
ഞ്ഞൊടുവില്‍ തളര്‍ന്നവശരാം
വേരുകള്‍ക്കാശ്വാസമേകുവാന്‍,
ഇടതടവില്ലാ-
തൊഴുകുകയാണീമഴ
പ്രകൃതിതന് ‍അപൂര്‍വ സുന്ദരമാ-
മൊരാര്‍ദ്രഭാവം...!
ഇതാണമ്മതന്‍
സ്നേഹ ലാളനം
പ്രിയതരമാം
ഒരാശ്ലേഷണം.

Saturday, November 1, 2008

വരം

ഞാനൊന്നു കരഞ്ഞോട്ടെ
വിങ്ങുമെന്‍ മനസ്സിന്റെ
നോവുകളാക്കണ്ണീരില്
‍കഴുകാന്‍ കഴിഞ്ഞാലോ,
തോല്‍വിതന്‍ ഭാരം പേറി-
ത്തളരാന്‍ വയ്യ, കൊടും-
തീ നെടുവീര്‍പ്പാല്‍
സ്വയംഉരുകീടാനും വയ്യ,
കനിഞ്ഞേകുമോ ദൈവം
വരമൊന്നെന്റെ മനം
കടുപ്പമേറും കരി-
ശിലയായ്‌ മാറീടുവാന്‍

Monday, September 8, 2008

വീണ്ടും ഒരോണം

ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍
‍സാന്ത്വനഗീതവുമായ്‌
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
‍പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
‍കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
‍കൂട്ടരോടൊത്തുതുള്ളാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
‍കോരനെ നീറ്റീടുമ്പോള്‍
‍കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
പായ്ക്കറ്റിലാക്കീടുമ്പോള്‍
‍ഓണക്കളികള്‍ക്കായി
ജാക്സനെ കാത്തീടുമ്പോള്‍
‍ഓര്‍മ്മ്കള്‍ മങ്ങിയൊ-
രോണനിലാവിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്
‍എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
‍പൊന്‍ വയലേലകളില്‍
‍ചെന്നിണം വാര്‍ന്നീടുമ്പോള്‍
‍കോമരം തുള്ളും തെരുക്കൂത്ത്‌,
നര്‍ത്തനംകണ്ടു രസിച്ചീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...???

Sunday, July 6, 2008

പ്രയാണം


പടിക്കലെത്തി ഞാന്‍
തരിച്ചു നില്‍ക്കുന്നു
പടി കടക്കാതെ
തിരിച്ചു പോകുന്നു,
ഒരു യാത്രാ മൊഴിപറയാനാകാതെ
ഒരിക്കല്‍ക്കൂടി ഞാന്‍ വരുമെന്നോതാതെ
മടക്കയാത്രയ്ക്കായൊരുക്കം കൂട്ടാതെ
മരണശാന്തിക്കായ്‌ തിടുക്കം കാട്ടാതെ
തുണയ്ക്കാളെക്കാത്തു മടിച്ചു നില്‍ക്കാതെ
തുളുമ്പും നീര്‍ മുത്തിന്‍ കണക്കെടുക്കാതെ
തുടിക്കും നെഞ്ചിലെ പിടച്ചിലോര്‍ക്കാതെ
തുടിതന്നൊച്ചയില്‍ ലയിച്ചു നില്‍ക്കാതെ
വിറയ്ക്കും കാലിന്റെ
തളര്‍ച്ച നോക്കാതെ
വിതുമ്പും മോഹത്തിന്‍
തകര്‍ച്ച കാണാതെ
മധു ലഹരിയിലലിഞ്ഞൊഴുകാതെ
മദ ഭരിതമാം നിനവറിയാതെ
മിഴിച്ച കണ്ണിലെ തിമിരം മാറ്റാതെ
മനക്കണ്ണിന്‍ വാതിലടയ്ക്കാന്‍ നില്‍ക്കതെ
ഉദയ സൂര്യന്റെ കിരണമേല്‍ക്കാതെ
ഉടു തുണി വലിച്ചെറിയാനാവാതെ
അര വയറിന്റെ വിശപ്പു തീര്‍ക്കാതെ
അരുമക്കുഞ്ഞിന്റെ ഞരക്കം കേള്‍ക്കാതെ
നിറഞ്ഞ സ്തന്യത്തിന്നുറവുണക്കാതെ
നിറനിലാവിന്റെ കുളിരണിയാതെ
തിരിച്ചു പോംവഴി
തിരിച്ചറിയാതെ
തിരിവില്‍ കാത്തിടും
ദുരന്തമോരാതെ,
മലചവിട്ടുവാന്‍ വൃതമെടുക്കാതെ
മലമുകളിലെ മഹിമയോര്‍ക്കാതെ
ഇരുമുടിക്കെട്ടൊന്നൊരുക്കി വയ്ക്കാതെ
ഇരുളിന്‍ ചീളുകള്‍ തുടച്ചു മാറ്റാതെ,
ഒരു മെഴുതിരി കൊളുത്തി വയ്ക്കാതെ
ഒരു ദീപത്തിലും നറുനെയ്‌ ചേര്‍ക്കാതെ
ഇടറി വീഴ്‌വതിനിടവും തേടാതെ
ഇട വഴിയിലെ കുഴികള്‍ കാണാതെ
ഇടയ്ക്കൊരത്താണി
സ്മരിച്ചു കേഴാതെ
ഇടയ്ക്കിടെ നിന്നു
തളര്‍ച്ച മാറ്റാതെ
ഇടയച്ചെക്കന്റെ കുഴലു കേള്‍ക്കാതെ
ഇടയന്‍ ചൊല്ലിയ വചനമോര്‍ക്കാതെ
അയല്‍ക്കാരെ കഴു മരത്തിലേറ്റാതെ
അവര്‍ക്കായി മരക്കുരിശ്ശു നീട്ടാതെ
അര മുറുക്കാതെ
അണിഞ്ഞൊരുങ്ങാതെ
അണിയറയിലെ
തിരക്കു തീര്‍ക്കാതെ,
തിരക്കില്‍ നിന്നുടല്‍ തിരിച്ചെടുക്കാതെ
തിലകം ചാര്‍ത്തുവാന്‍ വിരലനക്കാതെ
ചിലങ്ക കെട്ടാതെ
കളം വരയ്ക്കാതെ
ചുവടു വയ്ക്കുവാന്‍
തലകള്‍ കാണാതെ
തിരിച്ചു പോകുന്നൂ.......
തിരിച്ചു പോകുന്നു, ചിരപരിചിതം
തിളച്ച പാതയില്‍ തിടുക്കമേറുന്നു.....
വഴിയ്ക്കൊരായിരം മുഖങ്ങള്‍ കാണുന്നു
വെളിച്ചം മങ്ങിയ നിഴല്‍ രൂപങ്ങളായ്‌,
അടുപ്പമുള്ളവര്‍
അകന്നു നില്‍ക്കുന്നു,
അകന്നു നിന്നവര്‍
അപഹസിക്കുന്നു.....
ചിരിച്ചു കാട്ടുവാന്‍, കളിവാക്കോതുവാന്‍,
ചതുപ്പില്‍ നിന്നു കൈപിടിച്ചു കേറ്റുവാന്‍
തുറിച്ച കണ്ണിലെ കനലണയ്ക്കുവാന്‍
തരളചിത്തത്തിന്‍ തപം കുറയ്ക്കുവാന്‍
കഴിയാതെന്‍ വഴി അടഞ്ഞു നില്‍ക്കുന്നു
കരള്‍ വിറയ്ക്കുന്നു കദനമേറുന്നു....
തിരിച്ചു പോകാതെയിരിക്കുവാന്‍ വയ്യ
തിരിച്ചു പോകുന്നേ ...
തനിച്ചു പോകുന്നേ....
തിരിച്ചറിവിന്റെ ഞടുക്കം, വീണ്ടുമാ-
പടിക്കലെത്തി ഞാന്‍ തരിച്ചു നില്‍ക്കുന്നു,
പടി കടക്കുവാന്‍ വഴിയറിയാതെ,
പടി കടന്നാലെ,ന്തതുമറിയാതെ,
തിരിച്ചു പോകാതെ
പടി കടക്കാതെ,
തരിച്ചു നില്‍ക്കുന്നു
പടിക്കല്‍ത്തന്നെ ഞാന്‍.,
തനിച്ചു നില്‍ക്കുന്നു
പടിയ്ക്കല്‍ത്തന്നെ ഞാന്‍....