Monday, January 18, 2016

വഴിയരികിലെ മരം.

.
കടന്നു പോകവേ കൈകൾ വീശിയെൻ 
കുഞ്ഞിലകളെ ഞെരിച്ചതും
കുളിരുനല്കുവാൻ  കൊതിച്ചോരെൻശാഖ
ഒടിച്ചെടുക്കുവാൻ ശ്രമിച്ചതും
പ്രണയസ്വപ്നങ്ങൾ പങ്കുവെയ്ക്കവെ
വെറുതെയെൻ  തൊലി പൊളിച്ചതും
തകർന്ന ബന്ധത്തിൽ മനം മടുത്തെന്റെ
ഉടലിൽ നിൻ  പകതീർത്തതും
പകൽ വെളിച്ചത്തെ ഭയന്ന് നീയെന്റെ
മറവിൽ ക്ലാന്തയായ് ഒളിച്ചതും
വെറുതെ കല്ലെടുത്തെറിയും ഭ്രാന്തിന്റെ
മുറിവ് ഞാൻ മെയ്യിൽ ഏറ്റതും

വഴിയെ പോകുവോർ വടിയെടുത്തെന്റെ
മുതുകിൽ താളമടിച്ചതും
ഒഴുകിടുമെന്റെ ഹൃദയരക്തത്താൽ
കൊടികൾ തൻ നിറം തീർത്തതും
ശ്വസനവേരുകൾ പിഴുതെറിഞ്ഞെന്റെ
ചുടുനിശ്വാസം നീ തടഞ്ഞതും
വെറുതെയെന്നു  നീ പറയുമെങ്കിലും
വെറുതെ വേദന സഹിച്ചു ഞാൻ
ഒടുവിൽ എന്തിനായ് തണലു തന്നോരെൻ
ചില്ലയിൽ ഭാരം  അളന്നു നീ 

അധിക നൊമ്പരച്ചൂടിനാലെന്റെ
ഇലകൾ തുള്ളി വിറച്ചു പോയ്‌
അരുതരുതെന്നു കരഞ്ഞു കേണിട്ടും
അടിവേരുപോലും അറുത്തവർ

അടിപതറി ഞാൻ അടിയവേ സൂര്യൻ
അധികവീര്യനായ് ജ്ജ്വലിച്ചതും 
അധികദൂരമല്ലപകടമെന്നെൻ
അടയും നേത്രത്തിൽ തെളിഞ്ഞതും
അത് പറയവെ  ചെവികൾ ഇല്ലാത്ത
അഹങ്കാരം പരിഹസിച്ചതും.
തലയുയർത്തുവാൻ അറിയാത്ത പുതു
തലമുറ കേട്ട് ചിരിച്ചതും 

വെറുതെ എന്ന് ഞാൻ കരുതിടാം
എല്ലാം വെറുതെയാകുമെന്നറിയുക 

അരികിലെത്തുന്നോരപകടങ്ങളെ
അറിയുന്നില്ലെന്നെന്നു നടിക്കുവോർ
അറിയണമെങ്കിൽ  ചൊറിയണം അന്ന്
അറിയും വഴിയെല്ലാം അടഞ്ഞെന്ന്.