Wednesday, June 18, 2014

ശിവനന്ദ.

ശിവനന്ദ.
ജീവിതത്തിന്റെ നടവഴികളിൽ എപ്പോഴോ
എന്റെ ഓരം  ചേർന്ന് നടന്നു തുടങ്ങിയവൾ...
അവളെ പരിചയപ്പെടുത്തുക എന്നത്
എന്റെ കടമയും അവകാശവുമാണെന്ന് ഞാൻ അറിയുന്നു.

ജീവിതത്തിലെ വർണ്ണ ഭംഗികൾ മാത്രം കണ്ട്
 ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്ന കാലത്ത്
പ്രണയ സ്വപ്നങ്ങളുടെ മാസ്മരികതയിൽ അലിഞ്ഞു പോയവൾ ...
 പ്രണയത്തിനു കണ്ണും കാതുമില്ലെന്നു കേട്ടിട്ടുണ്ട്.
പക്ഷെ ചിന്താ ശക്തിയെക്കൂടി അത് കാർന്നു തിന്നുമെന്ന്
പിന്നീടേ അവൾക്കു മനസ്സിലായുള്ളൂ.
അപ്പോഴേയ്ക്കും അവളുടെ ജീവിതം പിടിവിട്ടു പോയിരുന്നു.
അത് പക്ഷെ മറ്റാരും സമ്മതിച്ചില്ല.
എല്ലാം തികഞ്ഞ ഭർത്താവ് ..
ആവശ്യത്തിലേറെ പണവും പ്രതാപവും ....
അരോഗദൃഡഗാത്രർ  ആയ കുട്ടികൾ ...
ഒക്കെ അവൾ കൂടെ കൂടിയതിനു ശേഷമുള്ള നേട്ടങ്ങൾ
അവളും അതിനോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.

കോളേജ്  കാമ്പസ്സുകളെ ഹരം കൊള്ളിച്ച
ഒരു തീപ്പൊരിയായിരുന്നവൾ ....
അനീതിക്കും അന്യായത്തിനുമെതിരെ
അവൾ മുഷ്ടി ചുരുട്ടി ഗർജ്ജിച്ചിരുന്നു. ..
അഹങ്കാരികളെ നിലയ്ക്ക് നിർത്താൻ ....
സങ്കടപ്പെടുന്നവർക്ക് സാന്ത്വനമാകാൻ.....
എന്തിനും ഏതിനും അവൾ മുൻപന്തിയിലുണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയായ അച്ഛനിൽ നിന്നും,
പറക്കമുറ്റാത്ത പിഞ്ചോമനകളെ
 നെഞ്ചോട്‌ ചേർത്ത് ജീവിത നദി 
 സധൈര്യം നീന്തിക്കടന്ന അമ്മയിൽ നിന്നും
 ആർജ്ജിച്ചെടുത്ത വിപ്ളവവീര്യം.....!!

പക്ഷെ അവൾ അതെല്ലാം ദാമ്പത്യത്തിന്റെ
 കെട്ടുറപ്പിനായി അവഗണിച്ചു.
നീക്കു പോക്കുകളിലൂടെ അടുക്കള ച്ചുമരുകൾക്കുള്ളിൽ
അടയിരിക്കാൻ അവൾ കഠിനമായി പരിശ്രമിച്ചു...
കണ്ണീരുറവകൾ അകത്തേക്കൊഴുക്കിയും,
എരിയുന്ന നെഞ്ചിലെ ഇടിമുഴക്കങ്ങൾ അടക്കിപ്പിടിച്ചും,
 പുഞ്ചിരിയുടെ അകമ്പടിയോടെ
ഉൾ  വികാരങ്ങൾ അത്രയും അവൾ വഴിതിരിച്ചു വിട്ടു.
സ്നേഹമയി ആയ ഭാര്യ ...!അമ്മ ....!!കുടുംബിനി !!!....
വേണമെന്ന് കരുതിയാലും അതിനപ്പുറമൊരു ലോകം
അവൾക്കെന്നേ നഷ്ടമായിക്കഴിഞ്ഞിരുന്നു
ഇനി  എഴുതരുത്....
ഒരു സൌഹൃദവും തുടരരുത്....
സ്വന്തമായി ഇനി ഒന്നും ഇല്ല. 
കണ്ണുകൾ ....കാതുകൾ.... ചിന്തകൾ ....
എല്ലാം യജമാനനിലൂടെമാത്രം....
ആജ്ഞാനുവർത്തിയായ ഒരു കൊടിച്ചിപ്പട്ടി....!!

മദ്യം മണക്കുന്ന രാത്രികൾ 

അവളുടെ ചിന്തകളെ കശക്കി ഞെരിച്ചു.
ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ
നെഞ്ചു പിളർന്നു മരിച്ചുപോകും എന്ന ഘട്ടത്തിൽ
വീണ്ടും അക്ഷരങ്ങൾ മാത്രം ആശ്വാസമേകാൻ
അവളെ തേടിച്ചെന്നു.
രാത്രികളെ
അവൾ കൂടുതൽ സ്നേഹിച്ചു തുടങ്ങി....
ഒരു സ്വിച്ച് ഓണ്‍ ആക്കിപ്പോലും
ആരെയും  ശല്യപ്പെടുത്താതെ
അടുക്കളയിൽ ഒരു കൊച്ചു മെഴുതിരി വെളിച്ചത്തിലിരുന്ന് 
തന്റെ തേങ്ങലുകൾ അത്രയും 
കുട്ടികളുടെ നോട്ടു ബുക്കിൽ നിന്നും കീറിയെടുത്ത കടലാസ്സുകളിൽ
പലപ്പോഴും അവൾ പകർത്തിവച്ചു ...
അതിന്റെ എണ്ണം കൂടിക്കൂടി വന്നു.
അപ്പോഴെല്ലാം അവൾക്കു തലയ്ക്കു ചുറ്റും കണ്ണുകളും
രക്ഷപ്പെട്ടോടാനുള്ള മാനിന്റെ ചടുലതയും
അപകട സൂചനകിട്ടിയ കാട്ടുമൃഗത്തിന്റെ ജാഗ്രതയും
 ഉണ്ടായിരുന്നു....
ഒളിച്ചു വയ്ക്കലിന്റെ അസ്വസ്ഥതകൾ അവൾ ഉൾക്കൊണ്ടു..
ഒരു വരി എഴുതുന്നത് ...വായിക്കുന്നത് ...മറ്റൊരാളോട് മിണ്ടുന്നത്...
എല്ലാം സംശയത്തിന്റെ ഏറ്റങ്ങൾ ആണെന്ന തിരിച്ചറിവ്
അവളെ അതിനു നിർബന്ധിതയാക്കിയതാണ്.
സംശയം ഒരു മാറാ രോഗമാണെന്ന സത്യവും
അവൾ അംഗീകരിക്കുകയായിരുന്നു.

അവളിലെ മാറ്റം പഴയസുഹൃത്തുക്കൾക്ക്
വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.
അവരുടെ നിരന്തരമായ പ്രോത്സാഹനമാണ്
അവളെ നിവർന്നു നിൽക്കാൻ പ്രേരിപ്പിച്ചത് .
ഇന്റർ നെറ്റിന്റെ അനന്ത സാധ്യതകളിലേയ്ക്ക്‌
വളരെ രഹസ്യമായി അവളെ അവർ കൈപിടിച്ചാനയിച്ചു..
ബ്ളോഗുകളിൽ...ഓണ്‍ ലൈൻ മാസികകളിൽ
അവളുടെ രചനകൾ  കോളിളക്കം സൃഷ്ടിച്ചു ...
ശിവ നന്ദ ...
ആരാണവൾ...?
അവളെ ഞാൻ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം. അവൾ എനിക്ക് പ്രിയങ്കരിയാണ്..

അവളുടെ അക്ഷരങ്ങളിൽ തിളയ്ക്കുന്നത്  
എന്റെ വിചാര വികാരങ്ങളാണ് .
ഇനി ഞാൻ  തന്നെയാണോ അവൾ ...?!!
അതും എനിക്ക് നിശ്ചയമില്ല.
ഒരു പക്ഷെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞേക്കും ..
ഒരു നേർത്ത തിരശ്ശീലയ്ക്കപ്പുറം സുരക്ഷിതയാക്കി നിർത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ  നിങ്ങൾക്കു പരിചയപ്പെടുത്തുവാൻ
ഞാൻ വരുന്നു .
അതെ ..ശിവനന്ദയുടെ കഥകൾ...

മഞ്ഞ്‌ പൂത്ത വെയിൽ  മരം.
കാത്തിരിക്കൂ ...

Saturday, June 7, 2014

എന്റെ തീരുമാനം.

എന്റെ തീരുമാനം.

ഞാൻ  ഗൌരവത്തിലാകാൻ തീരുമാനിച്ചു.
അത്ര പാവമൊന്നുമല്ല എന്ന്
നാലാൾ അറിയട്ടെ.
ചാഞ്ഞ മരത്തിൽ  ഓടിക്കയറാം ...
നനഞ്ഞിടം കുഴിക്കാം
വിശ്വസിക്കുന്നവരെ ചതിക്കാം
ഇതൊക്കെയാണ് പലരുടെയും വിചാരം.
അങ്ങനെയുള്ള  ചിന്തയുമായി
എന്റെ  അരികിലേയ്ക്ക് വരുന്നവരെ
ഇനി പടിക്ക് പുറത്തു നിർത്തണം
എന്റെ സഹായം ആവശ്യമുള്ളവരോട് ..
എനിക്ക് ഒരു കരുണയും തോന്നില്ല.
മറ്റുള്ളവരെ സഹായിക്കേണ്ട ആവശ്യം എനിക്കെന്താ...?
നല്ല വാക്കുകൾ പറയാൻ ....
നന്മകൾ ചെയ്യാൻ
 (ഓ ആർക്ക് വേണം ങ്ങ്ടെ സഹായം.....!!
പാലം കടക്കുവോളം നാരായണാ...നാരായണാ)
മറ്റുള്ളവർക്കായി
കുരിശുകൾ ഏറ്റു വാങ്ങാൻ
ഒരുകരണത്തടിക്കുന്നവന്
മറുകരണം കാണിച്ചു കൊടുക്കാൻ
എനിക്ക് മനസ്സില്ല.
അവഹേളിക്കപ്പെടുമ്പോഴും
അഗ്നി എരിയുന്ന മനസ്സുമായി
ചിരിച്ചുകൊണ്ടുനിൽക്കാൻ
എന്നെ കിട്ടില്ല.
മാപ്പ് പറയാൻ വരുന്നവന്റെ തലയിൽ 
എനിക്ക് കാളിയ മർദ്ദനം ആടണം.
വീട്ടിൽ കയറി വന്നു ആളാകാൻ നോക്കുന്നവനെ
നിഷ്ക്കരുണം ആട്ടിപ്പുറത്താക്കണം.
ദൂരെ നിന്ന് കൊഞ്ഞനം കാട്ടുന്നവനെ
തട്ടിക്കളയാൻ ക്വട്ടേഷൻ കൊടുക്കണം
എനിക്ക് രസിക്കാത്ത കർമ്മങ്ങൾ ചെയ്യുന്നവർ
ആരായാലും അവർക്കെതിരെ
ഉടവാളെടുക്കണം.
ഭർത്താവിനോട് നിരന്തരം കലഹിക്കുന്ന
ഫെമിനിസ്റ്റ് ആകണം
മക്കളെ വരച്ച വരയിൽ നിർത്തുന്ന
അമ്മയാകണം
മരുമക്കളെ സ്ത്രീധനം കുറഞ്ഞതിന്റെ
പേരിൽ  പീഡിപ്പിക്കുന്ന അമ്മായിയമ്മയാകണം.
പൊങ്ങച്ചം പറഞ്ഞ് ക്ളബ്ബിൽ കയ്യടി നേടണം
കുതന്ത്രങ്ങളിലൂടെ സ്ഥാനമാനങ്ങൾ
കയ്പ്പിടിയിലൊതുക്കണം.
സ്വസ്ഥമായിക്കഴിയുന്നവന്റെ
സ്വൈര്യം കെടുത്തണം
മീഡിയയുടെ മുന്നിൽ  ആളാകാൻ
ഉന്നത നേതാവിന്റെ പേര് പറഞ്ഞ്
നാറ്റക്കേസാക്കണം....
ഹോ.....മിനിമം ഇത്രയെങ്കിലും ആയാൽ
 സമാധാനമായി....

പിന്നണിയിൽ 
"ഉം.... എന്താ ചിരിക്കുന്നത് ...?"
ഗൌരവത്തോടെ   ചോദിക്കുന്നു.
"ഏയ്‌....ഒന്നൂല്ല...." 
ശാന്തമായ പ്രതികരണം..
പിന്നെ ആവശ്യം.
"രാവിലെ തമാശ പറയാതെ പോയി
ഒരു കപ്പ് ചായ ഉണ്ടാക്കി കൊണ്ടുവാ...."
റോ ...!! ....ബെർതെ ഒരു ബലൂണ്‍ ...!!!!
അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ ആശ്വസിച്ചു.
  ആരും കേട്ടില്ല. :)

Wednesday, May 28, 2014

ഒത്തുതീർപ്പ്

ഒത്തുതീർപ്പ്

തൽക്കാലം പ്രശ്നങ്ങളെല്ലാം മറക്കാം 
നമുക്കിനി മറ്റു കാര്യങ്ങൾ ചർച്ച ചെയ്യാം.
ഭരണമാറ്റത്തിന്റെ ഗതിവിഗതികളെപ്പറ്റി
കള്ളവോട്ടിന്റെ പ്രസക്തിയെപ്പറ്റി
അന്താരാഷ്‌ട്ര വിപണിയിലെ
വിലനിലവാരത്തെപ്പറ്റി..
ഇതൊന്നുമല്ലെങ്കിൽ
കുപിതരായ പക്ഷികളുടെ
കൂടെ കുറച്ചു നേരം കളിക്കാം.
ടോമിന്റെ തമാശയും
ജെറിയുടെ അമളികളും കണ്ട്
മനസ്സ് നിറഞ്ഞു ചിരിക്കാം.
അല്ലെങ്കിൽ സീരിയലുകളിലെ പാരവയ്പ്പും
സുഗമമായ കൊലപാതകങ്ങളും
സർവവിധ കൊള്ളരുതായ്മകളും
നിഷ്ക്രിയരായ പോലിസുവേഷങ്ങളും
നിയമമറിയാത്ത വക്കീൽ വേഷങ്ങളും നോക്കി
വായും പൊളിച്ച് ഇരിക്കാം ....
നാട്ടിൽ നടക്കാത്ത കഥയും
അതിന്റെ തലതിരിച്ചിലുകളും
രക്തം തിളപ്പിക്കുമെങ്കിൽ
മുന്നിലുള്ള ടി വി അടിച്ചു പൊളിക്കാം
പീഡനങ്ങളെക്കുറിച്ചു നമ്മൾക്ക്
ചര്ച്ച ചെയ്യേണ്ടതില്ലെന്ന് തോന്നുന്നു.
സർവസാധാരണമായിക്കഴിഞ്ഞ കാര്യങ്ങൾക്ക്
പുതുമകളൊന്നും ഇല്ലല്ലോ.
ഓ..രാത്രിയായത് അറിഞ്ഞില്ലേ...
അടുക്കളയിലെ കലമ്പൽ തീർത്ത്
മക്കളെ കിടത്തി ഉറക്കി
കെട്ട്യോനോട് ഇത്തിരി കൊച്ചു
വർത്താനം പറഞ്ഞ്
കിടന്നുറങ്ങാം ...
നാളത്തെ പ്രശ്നങ്ങളിലേയ്ക്ക്
ഉന്മേഷത്തോടെ ഉണരണമല്ലോ.

Friday, May 16, 2014

വിശ്വാസം.

വിശ്വാസം.

ദൈവമില്ലെന്ന വാദത്തിൽ 

നിരീശ്വര വാദി ഉറച്ചു നിന്നു .
ഉണ്ടെന്ന വിശ്വാസത്തിൽ ഭക്തനും .
ഭക്തൻ്റെ ധാരണ തിരുത്താൻ നിരീശ്വരവാദി 

പഠിച്ച പണി പതിനെട്ടും പയറ്റി...
പക്ഷേ ഭക്തൻ്റെ  വിശ്വാസം

 ഒന്ന് കൂടി വർദ്ധിച്ചതല്ലാതെ
ഒട്ടും കുറഞ്ഞില്ല.

 എന്ന് മാത്രമല്ല നിരീശ്വരവാദിയുടെ വാദങ്ങളെ 
ഭക്തൻ  പുച് ഛിച്ചു തള്ളുകയും ചെയ്തു.
ഒടുവിൽ  സഹികെട്ട് നിരീശ്വരവാദി 
നെഞ്ചിൽ  കൈവെച്ച് 
ആകാശത്തിലേയ്ക്ക് നോക്കി  പിറുപിറുത്തു.
 "എൻ്റെ ദൈവമേ ഞാനെങ്ങനെ ഇവനെ ദൈവമില്ലെന്നു വിശ്വസിപ്പിക്കും....?!!"

Monday, May 12, 2014

മംഗളാശംസകൾ

(ജീവിത വീഥിയിൽ കൈകോർത്ത് നടന്നു അറുപത്തിയേഴുസംവത്സരം പൂർ ത്തിയാക്കിയ മാതാപിതാക്കളെ ആദരിക്കുന്ന ഒരു ചടങ്ങിനു കഴിഞ്ഞ ദിവസം സാക്ഷിയായി.... അച്ഛനമ്മമാരെ പെരു വഴിയിൽ  തള്ളുന്ന മക്കളുടെ കഥകേട്ടു മടുത്ത മനസ്സിന് ഏറെ തൃപ്തിയും സമാധാനവും നൽകി ആ നിമിഷങ്ങൾ ....ഇത് പോലുള്ള  കുടുംബക്കൂട്ടായ്മകൾ ഈ തലമുറയെ ബോധവൽക്കരിക്കാൻ ആവശ്യം ആവശ്യമാണെന്ന് തോന്നിപ്പോയി.സ്വന്തം അച്ഛനമ്മമാരായി അവരെ മനസ്സിൽ കുടിയിരുത്തി ഞങ്ങളും അവർക്ക് മംഗളം ആശംസിച്ചു.)മംഗളാശംസകൾ
*****************
ജീവിതം മഹാ സാഗരം ദൂരെ
ദൂരയായ്  കര മാടി വിളിക്കയായ്‌
ഉണ്ടൊരു തോണി അവിടെയെത്തുവാൻ
ഉണ്ടിവൾ  ഭാര്യ കൂടെത്തുഴയുവാൻ 

പൊന്തിടും തിരമാലകൾ മുന്നിൽ
വന്മതിലുകൾ തീർക്കുന്നു സത്വരം
ആധി  വ്യാധി വറുതി വീഥിയിൽ
മാർഗ വിഘ്നം വരുത്തിയനിശ്ചിതം 

സ്വന്ത ബന്ധ കുടുംബ സമൂഹവും
ജന്മ നാടും പണയ പണ്ടങ്ങളായ്‌
അലമുറയിട്ടുണർന്നു നൂറായിരം
അടിമജന്മങ്ങൾ സ്വാതന്ത്ര്യകാംക്ഷികൾ
 
ഉടമകൾക്ക് കളിപ്പാട്ടമായവർ
ഉയിരുകാക്കുവാൻ നെട്ടോട്ടമോടിയോർ
അവരിലൊന്നായ് മഹയുദ്ധഭൂമിയിൽ
അനുഭവങ്ങൾ തൻ തീയിലുരുകിയോർ 


കഠിനദു:ഖങ്ങൾ മന:ധൈര്യത്തിനാൽ
മാറി കടന്നെത്തി വിജയ വീഥിയിൽ
വൻ കുഴിതാണ്ടി പെരുമലകേറി
ജീവിതം സൗമ്യമാമൊരു കാവ്യമായ് 

വർണ്ണ പുഷ്പം വിടർത്തി വസന്തങ്ങൾ
സ്വന്തമായ് ത്തീർന്നൊരുപാട് സ്വപ്നങ്ങൾ
പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കീടുകിൽ
കഷ്ടനഷ്ടത്തി ന്നോർമ്മയല്ലിന്നിത
സാരഹീനമാം ഭാവം ,അധരത്തിൽ
ഊറി എത്തുന്നു നേർത്തോരു പുഞ്ചിരി.

വിജയ ഗർവ്വോടറിവു തിരി  തെളി-
ഞ്ഞൊളി പരത്തു കയാണീ  കുടുംബകം
ഇവിടെയാനന്ദമായലങ്കാരമായ്‌
പിറവികൊണ്ടവർ ഏഴു പൊൻ മുത്തുകൾ
ഒറ്റമേനിപോൽ  ഒരുമനമോടെ
ദു:ഖ ഭാരങ്ങളെല്ലാമകറ്റിയോർ
നന്മതൻ വഴിച്ചൊല്ല് കേട്ടിതാ
നല്ലവരായ് വളർന്നു പടർന്നവർ
ശാഖകൾ ഉപശാഖകൾ  പുത്തനാം
നാമ്പുകൾ നവജീവിത ഗന്ധിയായ് 


എത്രവേഗമാണീ കാലചക്രത്തിൻ
തേരുരുളുന്നതോർക്കുകിൽ അത്ഭുതം
ഒക്കെയിന്നലെയായിരുന്നെ,ങ്ങനെ
പോന്നറുപത്തിയേഴ് സംവത്സരം
സത്യമാണ,തീ ദാമ്പത്യജീവിതം
 എത്ര വേഗം തികച്ചിത്ര വാസരം ...!!

തൃപ്തിയോടിന്നു നന്ദിചൊല്ലീടുവാൻ
മറ്റൊരാളില്ല ,എല്ലാം ഭഗത് കൃപ ..!

കേൾപ്പതുണ്ട് ഹൃദയം തകർക്കുന്ന
വാർത്ത നിത്യവും ദിക്ഭേദമില്ലാതെ
പെറ്റ്  പോറ്റി വളർത്തിയ മക്കളി-
ന്നച്ഛനമ്മമാരെ തട്ടി മാറ്റുന്നു
അന്ത്യനാളിൽ തുള്ളി വെള്ളം നനയാതാ
ചുണ്ടുകൾ മൌനം കുടിച്ചീടുന്നു.
മന്ദിരങ്ങളിൽ പോവത് മക്കളി-
ന്നമ്മയെ നട തള്ളൂവാൻ മാത്രമായ്‌
പൊന്നിനും തുണ്ട് ഭൂവിനും കാശിനും
പെറ്റ തള്ളയെ കുത്തി മലർത്തുന്നു
ജീവിതം തീർന്നു കിട്ടുവാനെത്രയോ
വൃദ്ധജന്മങ്ങൾ നൊന്തു വിതുമ്പുന്നു.

ശാന്തമാകു മനസ്സേ ...സൗഭാഗ്യമായ്
ശാന്തിയോടെ മരുവുന്നതീഗൃഹം .
കൃത്യമായൊഴുകി എത്തുന്നു നിർവിഘ്നം
സപ്ത ശാഖകൾ ഓണം വിഷുക്കളിൽ
ഇത്തറവാട്ടിൻ മുറ്റത്ത് മോദമായ്
ഒത്തുചേർന്നു മദിച്ചുല്ലസിക്കുവാൻ 
ഇപ്പോഴെത്തിയതേറെ മഹത്വമീ
ദൈവതുല്ല്യർതൻ വാർഷികവേളയിൽ
മക്കളും മരുമക്കളും പിൻമുറക്കൊപ്പമായ്
സ്നേഹാശംസകൾ ചൊല്ലിടാൻ 


പ്രേമനിർഭരജീവിതം രണ്ടിണ -
പ്രാവുപോലറുപത്തേഴു വർഷങ്ങൾ
കൂട്ടുകൂടി കുറുകി വന്നെത്തിയീ
മംഗള സുദിനത്തിൻ നിമിത്തമായ് 


നീണ്ടു പോകട്ടെ ഇവ്വിധം സന്തുഷ്ട
ജീവിതം ഞങ്ങൾക്കാത്മ ചൈതന്യമായ്
ഒത്തുചേർന്നാശംസിക്കുന്നു ഞങ്ങളും
മംഗളം പിതാ ..!മംഗളം മാതാവേ....!!


Saturday, March 29, 2014

പൂക്കണി

പൂക്കണി
********
കണിയൊരുക്കാന്‍
കര്‍ണ്ണികാരം
കവലയിലെ
പലചരക്കുകടയില്‍
പര്‍ചൈസ് നടത്തി.

Tuesday, March 25, 2014

പരസ്യം

പരസ്യം
********
പാമ്പന്‍ പാലത്തിന്റെ
ഉറപ്പുള്ള പരസ്യം ചുമന്ന്
വഴിയരികില്‍
ഒരു കാത്തിരിപ്പുകേന്ദ്രം
പതനം കാത്തിരുന്നു.

Sunday, March 23, 2014

മണിപ്ലാന്റ്

മണിപ്ലാന്റ്
*************
നയാപൈസ
വിലയില്ലാത്തൊരു
പൈസക്കാരി
മരത്തില്‍ പാഞ്ഞു കയറി
ചില്ലകളില്‍ തൂങ്ങിയാടി.

Saturday, March 22, 2014

നോ സ്റ്റോക്ക്‌

നോ സ്റ്റോക്ക്‌
***************
ആളൊഴിഞ്ഞു കണ്ട
മാവേലിസ്റ്റോറിനു
മുമ്പിലേയ്ക്ക്
ആഹ്ലാദത്തോടെ
ഓടിയെത്തിയ ഒരു
ഇംഗ്ലീഷ് അക്ഷരം
നിരാശയോടെ മടങ്ങി
.

Sunday, March 16, 2014

ആദ്യമായ് കണ്ട മൂട്

ആദ്യമായ് കണ്ട മൂട് 
******************

കുറെ നാള്  മുമ്പാണ്‌ ...ഞാനും സഹാദ്ധ്യാപികയും കൂടി സ്കൂൾ വിട്ട്  നടന്നു വരും വഴി ടൌണിൽ ഉള്ള ഒരു ഷോപ്പിൽ തമിൾ നാട്ടുകാരാരോ നടത്തുന്ന ഒരു എക്സിബിഷൻ ഹാളിൽ വെറുതെ കയറി...വെറുതെ എന്ന് വച്ചാൽ എല്ലാം ഒന്ന് കാണാം... ഇഷ്ട പ്പെടുന്നതെന്തെങ്കിലും കണ്ടാൽ വാങ്ങാം എന്ന ചെറിയ ഒരു ഉ ദ്ദേശ്യവും ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ മുട്ടിനു മുട്ടിനു സൂപ്പർ  മാർക്കറ്റ് ഒന്നും അന്നുണ്ടായിരുന്നില്ല. ഇങ്ങനെ വല്ല പ്പോഴും വന്നു കുറെ ദിവസങ്ങൾക്കു ശേഷം മറ്റു സ്ഥലം തേടിപ്പോകുന്ന ചില്ലറ വില്പ്പനകേന്ദ്രങ്ങൾ മാത്രം ....
ഒരുപാട് സാധനങ്ങൾ..... ആകർഷകമായ രീതിയിൽ ഒരുക്കി വച്ചിരിക്കുന്നു. തൊട്ടും പിടിച്ചും വില ചോദിച്ചും  വിലപേശിയും ചില സാധനങ്ങൾ വാങ്ങിയും ഞങ്ങൾ നടന്നു നടന്ന് ഇരുമ്പുസാധനങ്ങളുടെ സെക്ഷനിൽ എത്തി. കത്തി,അരിവാൾ ചുറ്റിക, മമ്മട്ടി, തൂമ്പ, കപ്പി, ബക്കറ്റ്,  താഴ്...ചങ്ങല ..എന്തിന് ചെവിത്തോണ്ടി വരെ അവിടെയുണ്ടായിരുന്നു....കൂട്ടത്തിൽ ഒരു കൊച്ചു സാധനം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.എടുത്തു നോക്കിയപ്പോൾ സാധനം ചെറുതെങ്കിലും നല്ല ഭാരം ...അടിഭാഗം ഉരുണ്ട് ഫ്ലാസ്ക്കിന്റെ പുറത്തെ അടപ്പുപോലെ ഒന്ന്....ഞങ്ങൾ പരസ്പരം അതെന്താണെന്ന് ചോദിക്കുകയും ഉത്തരം കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. പക്ഷെ ഞങ്ങൾക്ക് കണ്ടെത്താൻ ആയില്ല.എന്തെങ്കിലും സാധനം വാങ്ങുന്നുണ്ടോ എന്നറിയാൻ ആകാംക്ഷ യോടെ വിൽപ്പനക്കാരൻ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയ പ്പോൾ ചമ്മലോടെ ഞങ്ങൾ സാധനം തിരിച്ചു വച്ചു. ഉള്ളിൽ  ചിരിപൊട്ടുന്നുണ്ടായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. എന്തുകണ്ടാ ലും ഒരു ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന പ്രായം...
അവിടെ നിന്നും കണ്ണിൽക്കണ്ണിൽ നോക്കി ചിരി അമർത്തി നടക്കാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു...
"എന്തെ....വേണ്ടേ...?"
ഓ...മലയാളി ആയിരുന്നോ...കണ്ടാൽ അസ്സൽ ഒരു തമിഴ് ലുക്ക്‌ ....
ആശ്വാസത്തോടെ ഞങ്ങൾ സംശയ നിവാരണത്തിനായി ചോദിച്ചു...
"അതെ....ഈ സാധനം എന്തുവാ...?''
"ഇതോ..''...അയാൾ അത് കയ്യിലെടുത്ത് ശ്രീകൃഷ്ണൻ സുദർശന ചക്രം തിരിക്കുമ്പോലെ വിരലിൽ കറക്കിക്കൊണ്ട് പറഞ്ഞു.
" ഒലക്കേടെ മൂട് ..''
ഞങ്ങളുടെ ചിരിമാഞ്ഞു....
ഛെ ...ശപ്പൻ ...!വഷളൻ ...! ഇവനെയൊക്കെ വിൽപ്പനക്കാരൻ ആക്കിയവനെ തൊഴിക്കണം...!!
ഞങ്ങളുടെ ധാർമ്മിക രോഷം ആളിക്കത്തി....
എന്നാൽ അയാൾ വളരെ ശാന്തനായി ചുമരിൽ ചാരിവച്ചിരിക്കുന്ന ഉലക്കയിൽ നിന്നും ഒന്നെടുത്ത് അതിന്റെ താഴെയുള്ള ഭാഗം കാണിച്ചു കൊണ്ട് വിശദീകരിച്ചു....
" ദാ ...ഇതാണ്...അത്..ഒലക്കേടെ മൂട് "
ശരി തന്നെ...ഞങ്ങൾ ഉലക്കകണ്ടിട്ടുണ്ട് ...അത് കൊണ്ടുള്ള ജോലികൾ ,നെല്ല് കുത്തുക, അവൽ ഇടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്...പക്ഷെ അതൊക്കെ സെറ്റിൽഡ് ഉലക്കകൾ ....അതിന്റെ മൂടും തലയും വേറിട്ടുള്ള ഞങ്ങളുടെ ആദ്യകാഴ്ചയായിരുന്നത്....പിന്നത്തെ പൂരം പറയേണ്ട ല്ലോ...ആളുകൾ  കേൾക്കാതെയും ...കാണാതെയും, പൊട്ടി ത്തെറിച്ച  ചിരിയുടെ അമിട്ട് നെഞ്ചിൽ ഒതുക്കി , വിങ്ങിപ്പൊട്ടി പുറത്ത് എപ്പോൾ എത്തിയെന്ന് ചോദിച്ചാൽ  മതി....
അതൊന്നു ചിരിച്ചു തീർക്കാൻ എത്ര നാളുകൾ വേണ്ടി വന്നെന്നോ.
തീർന്നെന്നു പറയാൻ വയ്യ....ഇപ്പോഴും ആ ഓർമ്മ മതി ഉള്ളിൽ  നിന്നും ആ ചിരി പൊട്ടിയുണരാൻ...

Friday, March 14, 2014

നാപ്പോളി

നാപ്പോളി 
*******

കണ്ണൂരില്‍ ട്രെയിന്‍ ഇറങ്ങാന്‍ അയാള്‍ക്ക്‌ രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ...വളരെനാളായി കാണാന്‍ ആഗ്രഹിച്ച, ചൊവ്വയിലുള്ള  സുഹൃത്തിനെ കാണുക....തിരക്കിട്ട ബിസ്സിനസ്സ് യാത്രകള്‍ക്കിടയില്‍ സുഹൃത്തിനോടൊപ്പം ഒരു ദിവസം സ്വസ്ഥമായി ചെലവഴിക്കണം. രണ്ട് ...യാത്ര തുടര്‍ന്നാല്‍  മലപ്പുറത്തുള്ള വീട്ടിലെത്തുമ്പോള്‍ അസമയമാകും എന്നതിനാല്‍ അതിനും ഒരു പോംവഴി എന്നു കരുതി.
പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു അയാള്‍ ചൊവ്വയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. മുറ്റം നിറയെ കുട്ടികള്‍ ...അവര്‍ വൈകുന്നേരത്തെ കളിത്തിരക്കില്‍   അയാളെ അവര്‍ ശ്രദ്ധിച്ചത്‌ പോലും ഇല്ല. അതില്‍ ഒരാളെ പിടിച്ചു നിര്‍ത്തി അയാള്‍ ചോദിച്ചു
" ഇവിടെ ആരും ഇല്ലേ?''
"യില്ല്യ."
"എവിടെപ്പോയി...?"
"നാപ്പോളിക്ക് ..."
ഈശ്വരാ....അതെവിടെയാണീ നാപ്പോളി.....? വിളിച്ചു ചോദിക്കാന്‍ നമ്പര്‍ ഇല്ലാതെ പോയി...അല്ലെങ്കില്‍ വിളിച്ചിട്ട് വന്നാല്‍ മതിയായിരുന്നു...
"എപ്പോഴാ തിരിച്ചെത്തുക ..?"
"അറ്യപ്പ "
കുട്ടികളുടെ ഒച്ചയ്ക്കും  ബഹളത്തിനുമിടയില്‍ അയാള്‍ ഇനി എന്ത് വേണം എന്നറിയാതെ നിന്നു .
അപ്പോഴാണ്‌ ഒരു സ്ത്രീ കുട്ടയും തലയില്‍  വച്ച് അതുവഴി വന്നത്.
അയാള്‍ അവരോടു ചോദിച്ചു.
"ഈ   നാപ്പോളി എന്ന് പറയുന്ന സ്ഥലം എവിടെയാ...?"
"നാപ്പോളി...?!"
അവര്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ അയാളെ നോക്കി.അയാള്‍ വിശദീകരിച്ചു.
"അതേയ്...ഞാന്‍ കുറച്ചു ദൂരേന്നു വരുവാ...ഈ വീട്ടിലെ മന്‍സൂറിനെ കാണാന്‍. ...ചോദിച്ചപ്പോള്‍ ഈ കുട്ടികള്‍ പറഞ്ഞു . അവര്‍ നപ്പോളിക്ക് പോയെന്ന് ...അത്  ദൂരെയാണെങ്കില്‍ എപ്പോള്‍ വരുമെന്ന് കരുതിയ ഞാന്‍ ഇവിടെ കാത്ത് നില്ക്കേണ്ടത്...? അതുകൊണ്ട് ചോദിച്ചതാ...."
അവരുടെ ചുണ്ടില്‍ ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന മട്ടില്‍ ഒരു ചിരി വിടര്‍ന്നു....കുട്ട താഴെ വച്ച് തട്ടത്തിന്റെ തുമ്പുയര്‍ത്തി മുഖത്തെ ഭാവം തുടച്ചുകളഞ്ഞ് അവര്‍ ചോദിച്ചു...
"ങ്ങ് ക്കിപ്പ ഓറെ  കാണ് ണ ...? ന്റൊ പ്പം  ബരി .."
അവര്‍ വീണ്ടും കുട്ടയെടുത്ത് തലയില്‍  വച്ച് നടന്നു തുടങ്ങി.
ഓ...ഇത്രേം അടുത്താണോ ആ സ്ഥലം ...നടന്നു പോകാനുള്ള ദൂരം..!
ആശ്വാസത്തോടെ അവരുടെ പിന്നാലെ അയാള്‍  നടന്നു.
കുറച്ചകലെ ഒരു വീട്ടില്‍  എന്തോ ആഘോഷം നടക്കുന്നു.
" എന്താണവിടെ കല്ല്യാണമാണോ ..?."
അയാളുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു...
" ഏയ്‌...അല്ല...ബീയാത്തൂന്റെ നാപ്പോളീയാ  ...."
"നാപ്പോളി...??"
"ങാ...ഓള് പെറ്റിട്ട് നാപ്പത് ദെവസായെന്റെ ആഗോശം.."
അയാളുടെ ഭാവം ശ്രദ്ധിക്കാതെ, ഗേറ്റിനു മുകളില്‍ കേറി മറിയണ ഒരു കുട്ടിയെ വിളിച്ച് അവര്‍ പറഞ്ഞു.
"ഡാ...ശുക്കൂറെ .. ഇന്റു പ്പാനെ ചോയിച്ച് ഒരു ചെങ്ങായി ബന്നിറ്റ് ണ്ട്   പറ..."
ചെക്കന്‍ ഗേറ്റിന്നു ചാടി ഇറങ്ങി അകത്തേക്കോടി ....
അവര്‍ തിരിഞ്ഞു അയാളോട് പറഞ്ഞു .
"ഓറിപ്പ ബരും .."
അവര്‍ പോയി. ആകെ അസ്വസ്ഥതയോടെ അയാള്‍  ചങ്ങാ തിയെ കാത്തു നിന്നു .
കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തേയ്ക്ക് പോയ ചെക്കന്‍ തിരിച്ചു വന്നു പറഞ്ഞു .
"ന്ങ്ങയോട് പോവാമ്പറഞ്ഞു ..."
അയാള്‍ ഞെട്ടിപ്പോയി..
തന്റെ ചങ്ങാതി ഇത്രമാത്രം മര്യാദകേട്‌ കാണിക്കുമെന്നു അയാള്‍ ചിന്തിച്ചതേയില്ല.
ഇത്ര ദൂരെനിന്നു വന്ന തന്നെ ഒന്ന് കാണാന്‍ പോലും കൂട്ടാക്കാതെ.....അയാള്‍ നിരാശയോടെ തിരിച്ചു നടന്നു....
പെട്ടെന്ന് ഷുക്കൂര്‍ ചോദിച്ചു
"ഉപ്പാനെ കാണ് ണ്ടേ ...?"
അയാള്‍ അവനെ നോക്കി.
"അവത്തോട്ടു പോവാനാ പറഞ്ഞേ...."
സംശയിച്ചു നില്‍ക്കുമ്പോള്‍ ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് വരുന്ന മന്‍സൂര്‍ ...
"ബ് ടെ നിക്കാതെ അകത്തോട്ടു കയറി ബരി ....എത്ര നാളായി കണ്ടിട്ട് ..?എന്തായാലും നല്ല ദിവസം തന്നെ ബന്നത്..ഇന്ന് ഇക്കാക്കാന്റെ മോളുടെ നാല്‍പ്പതു കുളിയാ.....ബരി...നമുക്ക് ഭക്ഷണം കഴിച്ചിട്ട് വീട്ടിലേയ്ക്ക് പോകാം...."
മന്‍സൂറിന്റെ കയ്യും മെയ്യും  വാക്കുകളും അയാളെ അകത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ അയാളുടെ ചുണ്ടിലും ചിരി വിടര്‍ന്നു...

(ആറു്  നാട്ടില്‍ നൂറു ഭാഷ എന്ന് കേട്ടിട്ടുണ്ട്.പക്ഷെ മലയാളിക്ക് മാത്രം എത്ര ഭാഷാപ്രയോഗങ്ങള്‍...!!!)

Thursday, March 13, 2014

പ്രകൃതി

പ്രകൃതി
*************
കാലം എത്തും മുന്‍പേ പൂത്ത
കണിക്കൊന്നകള്‍
കണി കാണാൻ നിൽക്കാതെ
കടന്നു പോയി


 പ്രമാണം:Golden shower tree bloom.jpg

വികൃതി

വികൃതി
*********
അനാഥരായ
ആട്ടിന്‍പറ്റങ്ങള്‍
ആകാശത്തില്‍ അലഞ്ഞു
 തിരിയുന്നത് കണ്ട് 
അവയെ  ചോരയില്‍ കുളിപ്പിച്ച്
സൂര്യന്‍ പോയി 
കടലില്‍  ഒളിച്ചു .

Wednesday, March 12, 2014

ചെരുപ്പ്

ചെരുപ്പ്
********
വഴിവക്കിൽ 

പൊരിവെയിലത്ത്
പൊടിപിടിച്ചു കിടന്ന 

പച്ചക്കറികളെ നോക്കി
കണ്ണാടി മാളികയിലെ 

ശീതളിമയിൽ   ഇരുന്ന്
അഹങ്കാരത്തോടെ 
പരിഹസിച്ചു ചിരിച്ച സുന്ദരിയെ
ആളുകൾ  ചവുട്ടിക്കൊന്നു.

Saturday, March 8, 2014

ജാതിഭ്രംശം


പ്രകൃതി രമണീയമായ ഒരു പ്രദേശത്തെ, നേർത്ത  അലകൾ ഞൊറിഞ്ഞൊഴുകുന്ന ഒരു പുഴയോരത്തായിരുന്നു വേദി .സാമാന്യം തൃപ്തികരമായ സദസ്സ് ...വേദിയിൽ ഉദ്ഘാടകന്റെ പ്രസംഗം പടിപടിയായി കത്തിക്കയറുകയാണ്. കഥകൾ, അനുഭവങ്ങൾ എന്നിവയൊക്കെക്കൂടി  നല്ല രസകരമായി മുന്നേറിയ  പ്രസംഗത്തിനിടയിൽ കടന്നു വന്ന ഒരു വിഷയം ജാതിചിന്തയെക്കുറിച്ചുള്ളതായിരുന്നു ...ഒരു മത സൗഹാർദ്ദ യോഗത്തിലെ  പ്രസംഗത്തെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്.

പ്രശസ്തനും പ്രഗത്ഭ വാഗ്മിയും ആയിരുന്ന മണ്‍ മറഞ്ഞ പ്രൊഫസർ ടി പി സുകുമാരൻ എന്ന ആളാണ് സംഭവത്തിലെ പ്രധാനി. അടുത്തയാൾ ഒരു ജോസഫ് ...പിന്നെ ഡബിൾ മുസ്ലിം എന്ന് പേര്  സൂചിപ്പിക്കുന്ന നമ്മുടെ ഈ ഉദ്ഘാടകനും. അദ്ദേഹം തുടർന്നു .

"നമ്മുടെ സുകുമാരൻ അന്ന് പ്രസംഗത്തിനിടയിൽ പറഞ്ഞു.
"ഞാൻ ഒരു തീയനാണ്."
അപ്രതീക്ഷിതമായ ആ പ്രഖ്യാപനം കേട്ട് വേദിയിലും സദസ്സിലും ഇരുന്നവർ അമ്പരന്നു.പിന്നെ എന്നെ ചൂണ്ടി പറഞ്ഞു. 
"നിങ്ങളും ഒരു തീയനാണ്" 
അമ്പരക്കാൻ സമയം കിട്ടും മുമ്പേ വിശദീകരണം വന്നു. 
"മുഹമ്മതീയൻ "
ഇത്രയുമായപ്പോഴേയ്ക്കും സദസ്സിൽ  ചിരി മുഴങ്ങാൻ തുടങ്ങി.അപ്പോൾ ജോസഫ് സാറിനെ ചൂണ്ടിയായി പ്രഖ്യാപനം.
"നിങ്ങളും തീയനാണ് "
സാക്ഷാൽ യേശു ഭക്തനായ ജോസഫ്സാർ എങ്ങനെ തീയനാകും...?
അതിനും ഉടൻ വിശദീകരണം ഉണ്ടായി 
"ക്രിസ്തീയൻ"
അങ്ങനെ നമ്മൾ എല്ലാ തീയന്മാരും കൂടുമ്പോൾ ആരാകും...?ആരാകും ? 
 "ഭാരതീയൻ"
കേട്ട് കൊണ്ടിരുന്നവരുടെ ചിരി  കണ്ട് ഉദ്ഘാടകനും സന്തോഷത്തോടെ തന്റെ കർമ്മം പൂർത്തിയാക്കി.
അവിടം കൊണ്ട് ഈ വിവരണം നിർത്താമായിരുന്നു.

പക്ഷെ പിന്നീട് പ്രസംഗങ്ങളുടെയും ആശംസകളുടെയും ഘോഷയാത്രയ്ക്കിടയിൽ
മൈക്ക് കയ്യിൽ  കിട്ടിയ ഒരാൾ അതി വാചാലനായി. ഉദ്ഘാടകൻ പറഞ്ഞ സംഭവത്തിന്‌ ഇയാളും സാക്ഷിയായിരുന്നൂത്രേ .അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നൊരു പ്രസ്താവനയ്ക്കു ശേഷം മുൻ പ്രസംഗം ആവർത്തിക്കപ്പെട്ടു...ഉദ്ഘാടകന്റെ പ്രസംഗം കേട്ട് ചിരിച്ച സദസ്സിനെ ഒരിക്കൽക്കൂടി ചിരിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ ആവർത്തന പ്രസംഗത്തിൽ സംഭവിച്ചത് അപ്രതീക്ഷിതമായ ചില മാറ്റങ്ങളാണ് . പ്രൊഫസർ സുകുമാരൻ  സുകുമാർ അഴീക്കോടായി. മുഹമ്മതീയൻ എന്ന പ്രയോഗം കുറച്ചുകൂടി വ്യക്തമായി സദസ്സ്യർ ഗ്രഹിക്കാൻ മുഹമ്മദ്‌ 'തീയൻ' എന്നും ക്രിസ്തീയൻ എന്നത് ക്രിസ്തു 'തീയൻ' എന്നുമായി മാറി.
ചിരിക്കണോ...? കരയണോ...?
ആടിനെ പട്ടിയാക്കാൻ കഴിയുന്നത് ഇങ്ങനെയായിരിക്കും.
എന്തായാലും ഒടുവിൽ  പറഞ്ഞ ഭാരതീയന് മാത്രം ജാതിഭ്രംശം വന്നില്ല എന്നത് ആശ്വാസം.

Friday, February 28, 2014

ശുനകജന്മംപട്ടി നീ വെറും പട്ടി
നീ വെറും കാവൽപ്പട്ടി
ചങ്ങലത്തുണ്ടിൽ ജന്മം
തുലയ്ക്കുന്നവൻ പട്ടി.


കുരച്ചു ചോരന്മാരെ
തുരത്തുന്നവൻ പട്ടി
എറിയുമെച്ചിൽ വെട്ടി
വിഴുങ്ങുന്നവൻ പട്ടി 

കാരുണ്യമറ്റോർ തന്റെ
പുഴുത്ത കാൽ നക്കിയും
നന്ദിയില്ലാത്തോരിലും
നന്ദി കാട്ടുവോൻ  പട്ടി 

ഞൊടിച്ചു വിളിക്കുമ്പോൾ
ഓടിയടുത്തെത്തുവോൻ
വിരട്ടിയോടിക്കുമ്പോൾ
വിറച്ചു ചുരുളുന്നോൻ 

ഉറക്കം മറന്നിട്ടും
ഉറങ്ങും യജമാന്റെ
ജീവനും സമ്പത്തിനും
കാവൽ നില്ക്കുന്നോൻ പട്ടി
വിശക്കും മോഹങ്ങളെ
അടക്കുന്നവൻ  പട്ടി
വിധിക്കും ശിക്ഷയേറ്റു
കുഴങ്ങുന്നവൻ പട്ടി

നീളുമാ വിരൽത്തുമ്പിൻ
ആജ്ഞകളറിയുന്നോൻ
നീട്ടിയൊരു മൂളലിൽ
ജാഗ്രത പുലർത്തുന്നോൻ 


കഷ്ടമീപ്പട്ടി,സ്വന്തം
ഇഷ്ടങ്ങൾ മറക്കുന്നോൻ
സത്യമീപ്പട്ടി ,വെറും
പട്ടിയെന്നറിയാത്തോൻ
*    **   ***   **    *


(അത്ഭുതം ,അത്യത്ഭുതം
അമ്പരന്നീടുന്നു ഞാൻ ..
എങ്ങനെവന്നീപ്പട്ടി -
യ്ക്കെൻ തനി മുഖച്ഛായ....?)