Sunday, February 27, 2011

ഞാനാര്‌...?


ലീല എം ചന്ദ്രന്‍
1
ഞാനാര്‌സഖേ, നിന്നെ
തിരുത്താന്‍,നിന്‍ ഭാവന
കോറിയ വര്‍ണ്ണങ്ങളില്‍
കാര്‍ മഷി വാരിപ്പൂശാന്‍..?


നിന്നുടെ കുഞ്ഞിന്‍ ഗളം
ഞെരിക്കാന്‍ വന്ന ദുഷ്ട-
പ്പെണ്‍പ്പിശാചെന്നോമന-
പ്പേര്‍ വൃഥാ ചുമക്കുവാന്‍..?


കാക്കയും തന്‍ കുഞ്ഞിനെ
പൊന്നെന്നു കരുതുമ്പോള്‍
മറ്റെന്തു കരുതുവാന്‍
മര്‍ത്യരാം പുഴുക്കള്‍ നാം..?


ആശയില്ലേതും, ക്ഷമ
ചോദിപ്പൂ, കനിവോടെ
വിട്ടയക്കണേ പാവം
എന്നെ എന്‍ വഴിക്കേവം.

2

ഒക്കെനിന്‍ മനസ്സാക്ഷി

തട്ടിലേറ്റുക,പിന്നെ-
വെട്ടിയും തിരുത്തിയും
കൃത്യമായ്‌ ചൊരിയുക.

3

ഒന്നു നീയോര്‍മ്മിക്കുക-
യിത്തറവാട്ടിന്‍ മുറ്റ-
ത്തെത്രയോ മഹാത്മാക്കള്‍
കളിച്ചുല്ലസിച്ചീല..!

അവര്‍ തന്‍ ചരിതങ്ങള്‍
വീര ഗാഥകള്‍,സ്വൈര്യം
കിളിജാലങ്ങള്‍ മോദാ-
ലെങ്ങെങ്ങു പാടിയീല...!

അമ്മഹാന്മാര്‍ നടന്ന
പാതയെപ്പുണരുവാന്‍
മന്നിലെ രേണുക്കളു-
മെത്രയോ കൊതിച്ചീലാ..!?

4

ആട്ടി നീയകറ്റുക
ആലസ്യജ്യേഷ്
കളെ
സത്വരം പോറ്റീടുക
ചേതസ്സില്‍ ശീവോതിയെ.

മണ്ണിനെപ്പിരിഞ്ഞിട്ടും
പിരിയാത്തവര്‍ കൂട്ടി 

വെച്ചതാം അറിവിന്റെ
ഭണ്ഡാരം തുറക്കുക.

എത്രയോ വൈഡൂര്യങ്ങള്‍,
രത്നങ്ങള്‍, പവിഴങ്ങള്‍,
നാഗമാണിക്യാദിക-
ളൊക്കെയും കണ്ടീടുക...

ചിന്തയെയുണര്‍ത്തുക
സൂക്ഷ്മമായ്‌ തിരയുക
നിനക്കായ്‌ സൂക്ഷിച്ചവ
പെറുക്കിയെടുക്കുക..

ദ്വന്ദമാം ഭാവങ്ങളെ
മനനം ചെയ്തീടുക
പുണ്യ ഗംഗയെ മാത്രം
പുറത്തേയ്ക്കൊഴുക്കുക ...

Sunday, February 13, 2011

വാലന്റൈന്‍ ദിനാശംസകള്‍

വാലന്റൈന്‍ ദിനാശംസകള്‍

അന്നെന്റെ സ്വപ്നത്തില്‍ നീ വന്ന നാള്‍കളില്‍
ഉണ്ടായിരുന്നുവോ
വാലന്റൈന്‍ ഡേ സഖേ
ഇല്ലായിരുന്നാലും നമ്മുടെ ചിത്തത്തില്‍
ഒന്നായ് തുടിച്ചു
പ്രണയാര്‍ദ്ര ചിന്തകള്‍

കാലങ്ങള്‍ ഏറെകഴിഞ്ഞുപോയ് നോവിന്റെ
ഭാവ വൈചിത്ര്യങ്ങളെല്ലാമറിഞ്ഞു നാം
സായന്തനത്തിന്റെ വര്‍ണ്ണ സ്വപ്നങ്ങളില്‍
പ്രേമോല്സവത്തിന്‍ സ്മൃതികളിരമ്പവേ

അന്ന് പറയാന്‍ മറന്നൊരാ വാക്കുകള്‍
ആമോദ മോടിന്നു ചൊല്ലാം പരസ്പരം,
അല്ല ,പ്രണയികള്‍ ക്കെല്ലാമായോതുന്നു
വാലന്റൈന്‍ ദിനത്തിന്റെ യാശംസകള്‍ !!