Saturday, March 29, 2014

പൂക്കണി

പൂക്കണി
********
കണിയൊരുക്കാന്‍
കര്‍ണ്ണികാരം
കവലയിലെ
പലചരക്കുകടയില്‍
പര്‍ചൈസ് നടത്തി.

Tuesday, March 25, 2014

പരസ്യം

പരസ്യം
********
പാമ്പന്‍ പാലത്തിന്റെ
ഉറപ്പുള്ള പരസ്യം ചുമന്ന്
വഴിയരികില്‍
ഒരു കാത്തിരിപ്പുകേന്ദ്രം
പതനം കാത്തിരുന്നു.

Sunday, March 23, 2014

മണിപ്ലാന്റ്

മണിപ്ലാന്റ്
*************
നയാപൈസ
വിലയില്ലാത്തൊരു
പൈസക്കാരി
മരത്തില്‍ പാഞ്ഞു കയറി
ചില്ലകളില്‍ തൂങ്ങിയാടി.

Saturday, March 22, 2014

നോ സ്റ്റോക്ക്‌

നോ സ്റ്റോക്ക്‌
***************
ആളൊഴിഞ്ഞു കണ്ട
മാവേലിസ്റ്റോറിനു
മുമ്പിലേയ്ക്ക്
ആഹ്ലാദത്തോടെ
ഓടിയെത്തിയ ഒരു
ഇംഗ്ലീഷ് അക്ഷരം
നിരാശയോടെ മടങ്ങി
.

Sunday, March 16, 2014

ആദ്യമായ് കണ്ട മൂട്

ആദ്യമായ് കണ്ട മൂട് 
******************

കുറെ നാള്  മുമ്പാണ്‌ ...ഞാനും സഹാദ്ധ്യാപികയും കൂടി സ്കൂൾ വിട്ട്  നടന്നു വരും വഴി ടൌണിൽ ഉള്ള ഒരു ഷോപ്പിൽ തമിൾ നാട്ടുകാരാരോ നടത്തുന്ന ഒരു എക്സിബിഷൻ ഹാളിൽ വെറുതെ കയറി...വെറുതെ എന്ന് വച്ചാൽ എല്ലാം ഒന്ന് കാണാം... ഇഷ്ട പ്പെടുന്നതെന്തെങ്കിലും കണ്ടാൽ വാങ്ങാം എന്ന ചെറിയ ഒരു ഉ ദ്ദേശ്യവും ഉണ്ടായിരുന്നു. ഇന്നത്തെപ്പോലെ മുട്ടിനു മുട്ടിനു സൂപ്പർ  മാർക്കറ്റ് ഒന്നും അന്നുണ്ടായിരുന്നില്ല. ഇങ്ങനെ വല്ല പ്പോഴും വന്നു കുറെ ദിവസങ്ങൾക്കു ശേഷം മറ്റു സ്ഥലം തേടിപ്പോകുന്ന ചില്ലറ വില്പ്പനകേന്ദ്രങ്ങൾ മാത്രം ....
ഒരുപാട് സാധനങ്ങൾ..... ആകർഷകമായ രീതിയിൽ ഒരുക്കി വച്ചിരിക്കുന്നു. തൊട്ടും പിടിച്ചും വില ചോദിച്ചും  വിലപേശിയും ചില സാധനങ്ങൾ വാങ്ങിയും ഞങ്ങൾ നടന്നു നടന്ന് ഇരുമ്പുസാധനങ്ങളുടെ സെക്ഷനിൽ എത്തി. കത്തി,അരിവാൾ ചുറ്റിക, മമ്മട്ടി, തൂമ്പ, കപ്പി, ബക്കറ്റ്,  താഴ്...ചങ്ങല ..എന്തിന് ചെവിത്തോണ്ടി വരെ അവിടെയുണ്ടായിരുന്നു....കൂട്ടത്തിൽ ഒരു കൊച്ചു സാധനം ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.എടുത്തു നോക്കിയപ്പോൾ സാധനം ചെറുതെങ്കിലും നല്ല ഭാരം ...അടിഭാഗം ഉരുണ്ട് ഫ്ലാസ്ക്കിന്റെ പുറത്തെ അടപ്പുപോലെ ഒന്ന്....ഞങ്ങൾ പരസ്പരം അതെന്താണെന്ന് ചോദിക്കുകയും ഉത്തരം കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. പക്ഷെ ഞങ്ങൾക്ക് കണ്ടെത്താൻ ആയില്ല.എന്തെങ്കിലും സാധനം വാങ്ങുന്നുണ്ടോ എന്നറിയാൻ ആകാംക്ഷ യോടെ വിൽപ്പനക്കാരൻ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയ പ്പോൾ ചമ്മലോടെ ഞങ്ങൾ സാധനം തിരിച്ചു വച്ചു. ഉള്ളിൽ  ചിരിപൊട്ടുന്നുണ്ടായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. എന്തുകണ്ടാ ലും ഒരു ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന പ്രായം...
അവിടെ നിന്നും കണ്ണിൽക്കണ്ണിൽ നോക്കി ചിരി അമർത്തി നടക്കാൻ തുടങ്ങിയപ്പോൾ അയാൾ ചോദിച്ചു...
"എന്തെ....വേണ്ടേ...?"
ഓ...മലയാളി ആയിരുന്നോ...കണ്ടാൽ അസ്സൽ ഒരു തമിഴ് ലുക്ക്‌ ....
ആശ്വാസത്തോടെ ഞങ്ങൾ സംശയ നിവാരണത്തിനായി ചോദിച്ചു...
"അതെ....ഈ സാധനം എന്തുവാ...?''
"ഇതോ..''...അയാൾ അത് കയ്യിലെടുത്ത് ശ്രീകൃഷ്ണൻ സുദർശന ചക്രം തിരിക്കുമ്പോലെ വിരലിൽ കറക്കിക്കൊണ്ട് പറഞ്ഞു.
" ഒലക്കേടെ മൂട് ..''
ഞങ്ങളുടെ ചിരിമാഞ്ഞു....
ഛെ ...ശപ്പൻ ...!വഷളൻ ...! ഇവനെയൊക്കെ വിൽപ്പനക്കാരൻ ആക്കിയവനെ തൊഴിക്കണം...!!
ഞങ്ങളുടെ ധാർമ്മിക രോഷം ആളിക്കത്തി....
എന്നാൽ അയാൾ വളരെ ശാന്തനായി ചുമരിൽ ചാരിവച്ചിരിക്കുന്ന ഉലക്കയിൽ നിന്നും ഒന്നെടുത്ത് അതിന്റെ താഴെയുള്ള ഭാഗം കാണിച്ചു കൊണ്ട് വിശദീകരിച്ചു....
" ദാ ...ഇതാണ്...അത്..ഒലക്കേടെ മൂട് "
ശരി തന്നെ...ഞങ്ങൾ ഉലക്കകണ്ടിട്ടുണ്ട് ...അത് കൊണ്ടുള്ള ജോലികൾ ,നെല്ല് കുത്തുക, അവൽ ഇടിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തിട്ടുമുണ്ട്...പക്ഷെ അതൊക്കെ സെറ്റിൽഡ് ഉലക്കകൾ ....അതിന്റെ മൂടും തലയും വേറിട്ടുള്ള ഞങ്ങളുടെ ആദ്യകാഴ്ചയായിരുന്നത്....പിന്നത്തെ പൂരം പറയേണ്ട ല്ലോ...ആളുകൾ  കേൾക്കാതെയും ...കാണാതെയും, പൊട്ടി ത്തെറിച്ച  ചിരിയുടെ അമിട്ട് നെഞ്ചിൽ ഒതുക്കി , വിങ്ങിപ്പൊട്ടി പുറത്ത് എപ്പോൾ എത്തിയെന്ന് ചോദിച്ചാൽ  മതി....
അതൊന്നു ചിരിച്ചു തീർക്കാൻ എത്ര നാളുകൾ വേണ്ടി വന്നെന്നോ.
തീർന്നെന്നു പറയാൻ വയ്യ....ഇപ്പോഴും ആ ഓർമ്മ മതി ഉള്ളിൽ  നിന്നും ആ ചിരി പൊട്ടിയുണരാൻ...

Friday, March 14, 2014

നാപ്പോളി

നാപ്പോളി 
*******

കണ്ണൂരില്‍ ട്രെയിന്‍ ഇറങ്ങാന്‍ അയാള്‍ക്ക്‌ രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് ...വളരെനാളായി കാണാന്‍ ആഗ്രഹിച്ച, ചൊവ്വയിലുള്ള  സുഹൃത്തിനെ കാണുക....തിരക്കിട്ട ബിസ്സിനസ്സ് യാത്രകള്‍ക്കിടയില്‍ സുഹൃത്തിനോടൊപ്പം ഒരു ദിവസം സ്വസ്ഥമായി ചെലവഴിക്കണം. രണ്ട് ...യാത്ര തുടര്‍ന്നാല്‍  മലപ്പുറത്തുള്ള വീട്ടിലെത്തുമ്പോള്‍ അസമയമാകും എന്നതിനാല്‍ അതിനും ഒരു പോംവഴി എന്നു കരുതി.
പുറത്തിറങ്ങി ഒരു ഓട്ടോ പിടിച്ചു അയാള്‍ ചൊവ്വയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തി. മുറ്റം നിറയെ കുട്ടികള്‍ ...അവര്‍ വൈകുന്നേരത്തെ കളിത്തിരക്കില്‍   അയാളെ അവര്‍ ശ്രദ്ധിച്ചത്‌ പോലും ഇല്ല. അതില്‍ ഒരാളെ പിടിച്ചു നിര്‍ത്തി അയാള്‍ ചോദിച്ചു
" ഇവിടെ ആരും ഇല്ലേ?''
"യില്ല്യ."
"എവിടെപ്പോയി...?"
"നാപ്പോളിക്ക് ..."
ഈശ്വരാ....അതെവിടെയാണീ നാപ്പോളി.....? വിളിച്ചു ചോദിക്കാന്‍ നമ്പര്‍ ഇല്ലാതെ പോയി...അല്ലെങ്കില്‍ വിളിച്ചിട്ട് വന്നാല്‍ മതിയായിരുന്നു...
"എപ്പോഴാ തിരിച്ചെത്തുക ..?"
"അറ്യപ്പ "
കുട്ടികളുടെ ഒച്ചയ്ക്കും  ബഹളത്തിനുമിടയില്‍ അയാള്‍ ഇനി എന്ത് വേണം എന്നറിയാതെ നിന്നു .
അപ്പോഴാണ്‌ ഒരു സ്ത്രീ കുട്ടയും തലയില്‍  വച്ച് അതുവഴി വന്നത്.
അയാള്‍ അവരോടു ചോദിച്ചു.
"ഈ   നാപ്പോളി എന്ന് പറയുന്ന സ്ഥലം എവിടെയാ...?"
"നാപ്പോളി...?!"
അവര്‍ ഒന്നും മനസ്സിലാകാത്ത മട്ടില്‍ അയാളെ നോക്കി.അയാള്‍ വിശദീകരിച്ചു.
"അതേയ്...ഞാന്‍ കുറച്ചു ദൂരേന്നു വരുവാ...ഈ വീട്ടിലെ മന്‍സൂറിനെ കാണാന്‍. ...ചോദിച്ചപ്പോള്‍ ഈ കുട്ടികള്‍ പറഞ്ഞു . അവര്‍ നപ്പോളിക്ക് പോയെന്ന് ...അത്  ദൂരെയാണെങ്കില്‍ എപ്പോള്‍ വരുമെന്ന് കരുതിയ ഞാന്‍ ഇവിടെ കാത്ത് നില്ക്കേണ്ടത്...? അതുകൊണ്ട് ചോദിച്ചതാ...."
അവരുടെ ചുണ്ടില്‍ ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന മട്ടില്‍ ഒരു ചിരി വിടര്‍ന്നു....കുട്ട താഴെ വച്ച് തട്ടത്തിന്റെ തുമ്പുയര്‍ത്തി മുഖത്തെ ഭാവം തുടച്ചുകളഞ്ഞ് അവര്‍ ചോദിച്ചു...
"ങ്ങ് ക്കിപ്പ ഓറെ  കാണ് ണ ...? ന്റൊ പ്പം  ബരി .."
അവര്‍ വീണ്ടും കുട്ടയെടുത്ത് തലയില്‍  വച്ച് നടന്നു തുടങ്ങി.
ഓ...ഇത്രേം അടുത്താണോ ആ സ്ഥലം ...നടന്നു പോകാനുള്ള ദൂരം..!
ആശ്വാസത്തോടെ അവരുടെ പിന്നാലെ അയാള്‍  നടന്നു.
കുറച്ചകലെ ഒരു വീട്ടില്‍  എന്തോ ആഘോഷം നടക്കുന്നു.
" എന്താണവിടെ കല്ല്യാണമാണോ ..?."
അയാളുടെ നേരെ നോക്കി ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു...
" ഏയ്‌...അല്ല...ബീയാത്തൂന്റെ നാപ്പോളീയാ  ...."
"നാപ്പോളി...??"
"ങാ...ഓള് പെറ്റിട്ട് നാപ്പത് ദെവസായെന്റെ ആഗോശം.."
അയാളുടെ ഭാവം ശ്രദ്ധിക്കാതെ, ഗേറ്റിനു മുകളില്‍ കേറി മറിയണ ഒരു കുട്ടിയെ വിളിച്ച് അവര്‍ പറഞ്ഞു.
"ഡാ...ശുക്കൂറെ .. ഇന്റു പ്പാനെ ചോയിച്ച് ഒരു ചെങ്ങായി ബന്നിറ്റ് ണ്ട്   പറ..."
ചെക്കന്‍ ഗേറ്റിന്നു ചാടി ഇറങ്ങി അകത്തേക്കോടി ....
അവര്‍ തിരിഞ്ഞു അയാളോട് പറഞ്ഞു .
"ഓറിപ്പ ബരും .."
അവര്‍ പോയി. ആകെ അസ്വസ്ഥതയോടെ അയാള്‍  ചങ്ങാ തിയെ കാത്തു നിന്നു .
കുറച്ചു കഴിഞ്ഞപ്പോള്‍ അകത്തേയ്ക്ക് പോയ ചെക്കന്‍ തിരിച്ചു വന്നു പറഞ്ഞു .
"ന്ങ്ങയോട് പോവാമ്പറഞ്ഞു ..."
അയാള്‍ ഞെട്ടിപ്പോയി..
തന്റെ ചങ്ങാതി ഇത്രമാത്രം മര്യാദകേട്‌ കാണിക്കുമെന്നു അയാള്‍ ചിന്തിച്ചതേയില്ല.
ഇത്ര ദൂരെനിന്നു വന്ന തന്നെ ഒന്ന് കാണാന്‍ പോലും കൂട്ടാക്കാതെ.....അയാള്‍ നിരാശയോടെ തിരിച്ചു നടന്നു....
പെട്ടെന്ന് ഷുക്കൂര്‍ ചോദിച്ചു
"ഉപ്പാനെ കാണ് ണ്ടേ ...?"
അയാള്‍ അവനെ നോക്കി.
"അവത്തോട്ടു പോവാനാ പറഞ്ഞേ...."
സംശയിച്ചു നില്‍ക്കുമ്പോള്‍ ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് വരുന്ന മന്‍സൂര്‍ ...
"ബ് ടെ നിക്കാതെ അകത്തോട്ടു കയറി ബരി ....എത്ര നാളായി കണ്ടിട്ട് ..?എന്തായാലും നല്ല ദിവസം തന്നെ ബന്നത്..ഇന്ന് ഇക്കാക്കാന്റെ മോളുടെ നാല്‍പ്പതു കുളിയാ.....ബരി...നമുക്ക് ഭക്ഷണം കഴിച്ചിട്ട് വീട്ടിലേയ്ക്ക് പോകാം...."
മന്‍സൂറിന്റെ കയ്യും മെയ്യും  വാക്കുകളും അയാളെ അകത്തേയ്ക്ക് കൊണ്ടുപോകുമ്പോള്‍ അയാളുടെ ചുണ്ടിലും ചിരി വിടര്‍ന്നു...

(ആറു്  നാട്ടില്‍ നൂറു ഭാഷ എന്ന് കേട്ടിട്ടുണ്ട്.പക്ഷെ മലയാളിക്ക് മാത്രം എത്ര ഭാഷാപ്രയോഗങ്ങള്‍...!!!)

Thursday, March 13, 2014

പ്രകൃതി

പ്രകൃതി
*************
കാലം എത്തും മുന്‍പേ പൂത്ത
കണിക്കൊന്നകള്‍
കണി കാണാൻ നിൽക്കാതെ
കടന്നു പോയി


 പ്രമാണം:Golden shower tree bloom.jpg

വികൃതി

വികൃതി
*********
അനാഥരായ
ആട്ടിന്‍പറ്റങ്ങള്‍
ആകാശത്തില്‍ അലഞ്ഞു
 തിരിയുന്നത് കണ്ട് 
അവയെ  ചോരയില്‍ കുളിപ്പിച്ച്
സൂര്യന്‍ പോയി 
കടലില്‍  ഒളിച്ചു .

Wednesday, March 12, 2014

ചെരുപ്പ്

ചെരുപ്പ്
********
വഴിവക്കിൽ 

പൊരിവെയിലത്ത്
പൊടിപിടിച്ചു കിടന്ന 

പച്ചക്കറികളെ നോക്കി
കണ്ണാടി മാളികയിലെ 

ശീതളിമയിൽ   ഇരുന്ന്
അഹങ്കാരത്തോടെ 
പരിഹസിച്ചു ചിരിച്ച സുന്ദരിയെ
ആളുകൾ  ചവുട്ടിക്കൊന്നു.

Saturday, March 8, 2014

ജാതിഭ്രംശം


പ്രകൃതി രമണീയമായ ഒരു പ്രദേശത്തെ, നേർത്ത  അലകൾ ഞൊറിഞ്ഞൊഴുകുന്ന ഒരു പുഴയോരത്തായിരുന്നു വേദി .സാമാന്യം തൃപ്തികരമായ സദസ്സ് ...വേദിയിൽ ഉദ്ഘാടകന്റെ പ്രസംഗം പടിപടിയായി കത്തിക്കയറുകയാണ്. കഥകൾ, അനുഭവങ്ങൾ എന്നിവയൊക്കെക്കൂടി  നല്ല രസകരമായി മുന്നേറിയ  പ്രസംഗത്തിനിടയിൽ കടന്നു വന്ന ഒരു വിഷയം ജാതിചിന്തയെക്കുറിച്ചുള്ളതായിരുന്നു ...ഒരു മത സൗഹാർദ്ദ യോഗത്തിലെ  പ്രസംഗത്തെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്.

പ്രശസ്തനും പ്രഗത്ഭ വാഗ്മിയും ആയിരുന്ന മണ്‍ മറഞ്ഞ പ്രൊഫസർ ടി പി സുകുമാരൻ എന്ന ആളാണ് സംഭവത്തിലെ പ്രധാനി. അടുത്തയാൾ ഒരു ജോസഫ് ...പിന്നെ ഡബിൾ മുസ്ലിം എന്ന് പേര്  സൂചിപ്പിക്കുന്ന നമ്മുടെ ഈ ഉദ്ഘാടകനും. അദ്ദേഹം തുടർന്നു .

"നമ്മുടെ സുകുമാരൻ അന്ന് പ്രസംഗത്തിനിടയിൽ പറഞ്ഞു.
"ഞാൻ ഒരു തീയനാണ്."
അപ്രതീക്ഷിതമായ ആ പ്രഖ്യാപനം കേട്ട് വേദിയിലും സദസ്സിലും ഇരുന്നവർ അമ്പരന്നു.പിന്നെ എന്നെ ചൂണ്ടി പറഞ്ഞു. 
"നിങ്ങളും ഒരു തീയനാണ്" 
അമ്പരക്കാൻ സമയം കിട്ടും മുമ്പേ വിശദീകരണം വന്നു. 
"മുഹമ്മതീയൻ "
ഇത്രയുമായപ്പോഴേയ്ക്കും സദസ്സിൽ  ചിരി മുഴങ്ങാൻ തുടങ്ങി.അപ്പോൾ ജോസഫ് സാറിനെ ചൂണ്ടിയായി പ്രഖ്യാപനം.
"നിങ്ങളും തീയനാണ് "
സാക്ഷാൽ യേശു ഭക്തനായ ജോസഫ്സാർ എങ്ങനെ തീയനാകും...?
അതിനും ഉടൻ വിശദീകരണം ഉണ്ടായി 
"ക്രിസ്തീയൻ"
അങ്ങനെ നമ്മൾ എല്ലാ തീയന്മാരും കൂടുമ്പോൾ ആരാകും...?ആരാകും ? 
 "ഭാരതീയൻ"
കേട്ട് കൊണ്ടിരുന്നവരുടെ ചിരി  കണ്ട് ഉദ്ഘാടകനും സന്തോഷത്തോടെ തന്റെ കർമ്മം പൂർത്തിയാക്കി.
അവിടം കൊണ്ട് ഈ വിവരണം നിർത്താമായിരുന്നു.

പക്ഷെ പിന്നീട് പ്രസംഗങ്ങളുടെയും ആശംസകളുടെയും ഘോഷയാത്രയ്ക്കിടയിൽ
മൈക്ക് കയ്യിൽ  കിട്ടിയ ഒരാൾ അതി വാചാലനായി. ഉദ്ഘാടകൻ പറഞ്ഞ സംഭവത്തിന്‌ ഇയാളും സാക്ഷിയായിരുന്നൂത്രേ .അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നൊരു പ്രസ്താവനയ്ക്കു ശേഷം മുൻ പ്രസംഗം ആവർത്തിക്കപ്പെട്ടു...ഉദ്ഘാടകന്റെ പ്രസംഗം കേട്ട് ചിരിച്ച സദസ്സിനെ ഒരിക്കൽക്കൂടി ചിരിപ്പിക്കുക എന്നതായിരുന്നു ലക്‌ഷ്യം. പക്ഷെ ആവർത്തന പ്രസംഗത്തിൽ സംഭവിച്ചത് അപ്രതീക്ഷിതമായ ചില മാറ്റങ്ങളാണ് . പ്രൊഫസർ സുകുമാരൻ  സുകുമാർ അഴീക്കോടായി. മുഹമ്മതീയൻ എന്ന പ്രയോഗം കുറച്ചുകൂടി വ്യക്തമായി സദസ്സ്യർ ഗ്രഹിക്കാൻ മുഹമ്മദ്‌ 'തീയൻ' എന്നും ക്രിസ്തീയൻ എന്നത് ക്രിസ്തു 'തീയൻ' എന്നുമായി മാറി.
ചിരിക്കണോ...? കരയണോ...?
ആടിനെ പട്ടിയാക്കാൻ കഴിയുന്നത് ഇങ്ങനെയായിരിക്കും.
എന്തായാലും ഒടുവിൽ  പറഞ്ഞ ഭാരതീയന് മാത്രം ജാതിഭ്രംശം വന്നില്ല എന്നത് ആശ്വാസം.