Wednesday, June 18, 2014

ശിവനന്ദ.

ശിവനന്ദ.
ജീവിതത്തിന്റെ നടവഴികളിൽ എപ്പോഴോ
എന്റെ ഓരം  ചേർന്ന് നടന്നു തുടങ്ങിയവൾ...
അവളെ പരിചയപ്പെടുത്തുക എന്നത്
എന്റെ കടമയും അവകാശവുമാണെന്ന് ഞാൻ അറിയുന്നു.

ജീവിതത്തിലെ വർണ്ണ ഭംഗികൾ മാത്രം കണ്ട്
 ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്ന കാലത്ത്
പ്രണയ സ്വപ്നങ്ങളുടെ മാസ്മരികതയിൽ അലിഞ്ഞു പോയവൾ ...
 പ്രണയത്തിനു കണ്ണും കാതുമില്ലെന്നു കേട്ടിട്ടുണ്ട്.
പക്ഷെ ചിന്താ ശക്തിയെക്കൂടി അത് കാർന്നു തിന്നുമെന്ന്
പിന്നീടേ അവൾക്കു മനസ്സിലായുള്ളൂ.
അപ്പോഴേയ്ക്കും അവളുടെ ജീവിതം പിടിവിട്ടു പോയിരുന്നു.
അത് പക്ഷെ മറ്റാരും സമ്മതിച്ചില്ല.
എല്ലാം തികഞ്ഞ ഭർത്താവ് ..
ആവശ്യത്തിലേറെ പണവും പ്രതാപവും ....
അരോഗദൃഡഗാത്രർ  ആയ കുട്ടികൾ ...
ഒക്കെ അവൾ കൂടെ കൂടിയതിനു ശേഷമുള്ള നേട്ടങ്ങൾ
അവളും അതിനോട് പൊരുത്തപ്പെടാൻ ശ്രമിച്ചു.

കോളേജ്  കാമ്പസ്സുകളെ ഹരം കൊള്ളിച്ച
ഒരു തീപ്പൊരിയായിരുന്നവൾ ....
അനീതിക്കും അന്യായത്തിനുമെതിരെ
അവൾ മുഷ്ടി ചുരുട്ടി ഗർജ്ജിച്ചിരുന്നു. ..
അഹങ്കാരികളെ നിലയ്ക്ക് നിർത്താൻ ....
സങ്കടപ്പെടുന്നവർക്ക് സാന്ത്വനമാകാൻ.....
എന്തിനും ഏതിനും അവൾ മുൻപന്തിയിലുണ്ടായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയായ അച്ഛനിൽ നിന്നും,
പറക്കമുറ്റാത്ത പിഞ്ചോമനകളെ
 നെഞ്ചോട്‌ ചേർത്ത് ജീവിത നദി 
 സധൈര്യം നീന്തിക്കടന്ന അമ്മയിൽ നിന്നും
 ആർജ്ജിച്ചെടുത്ത വിപ്ളവവീര്യം.....!!

പക്ഷെ അവൾ അതെല്ലാം ദാമ്പത്യത്തിന്റെ
 കെട്ടുറപ്പിനായി അവഗണിച്ചു.
നീക്കു പോക്കുകളിലൂടെ അടുക്കള ച്ചുമരുകൾക്കുള്ളിൽ
അടയിരിക്കാൻ അവൾ കഠിനമായി പരിശ്രമിച്ചു...
കണ്ണീരുറവകൾ അകത്തേക്കൊഴുക്കിയും,
എരിയുന്ന നെഞ്ചിലെ ഇടിമുഴക്കങ്ങൾ അടക്കിപ്പിടിച്ചും,
 പുഞ്ചിരിയുടെ അകമ്പടിയോടെ
ഉൾ  വികാരങ്ങൾ അത്രയും അവൾ വഴിതിരിച്ചു വിട്ടു.
സ്നേഹമയി ആയ ഭാര്യ ...!അമ്മ ....!!കുടുംബിനി !!!....
വേണമെന്ന് കരുതിയാലും അതിനപ്പുറമൊരു ലോകം
അവൾക്കെന്നേ നഷ്ടമായിക്കഴിഞ്ഞിരുന്നു
ഇനി  എഴുതരുത്....
ഒരു സൌഹൃദവും തുടരരുത്....
സ്വന്തമായി ഇനി ഒന്നും ഇല്ല. 
കണ്ണുകൾ ....കാതുകൾ.... ചിന്തകൾ ....
എല്ലാം യജമാനനിലൂടെമാത്രം....
ആജ്ഞാനുവർത്തിയായ ഒരു കൊടിച്ചിപ്പട്ടി....!!

മദ്യം മണക്കുന്ന രാത്രികൾ 

അവളുടെ ചിന്തകളെ കശക്കി ഞെരിച്ചു.
ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ
നെഞ്ചു പിളർന്നു മരിച്ചുപോകും എന്ന ഘട്ടത്തിൽ
വീണ്ടും അക്ഷരങ്ങൾ മാത്രം ആശ്വാസമേകാൻ
അവളെ തേടിച്ചെന്നു.
രാത്രികളെ
അവൾ കൂടുതൽ സ്നേഹിച്ചു തുടങ്ങി....
ഒരു സ്വിച്ച് ഓണ്‍ ആക്കിപ്പോലും
ആരെയും  ശല്യപ്പെടുത്താതെ
അടുക്കളയിൽ ഒരു കൊച്ചു മെഴുതിരി വെളിച്ചത്തിലിരുന്ന് 
തന്റെ തേങ്ങലുകൾ അത്രയും 
കുട്ടികളുടെ നോട്ടു ബുക്കിൽ നിന്നും കീറിയെടുത്ത കടലാസ്സുകളിൽ
പലപ്പോഴും അവൾ പകർത്തിവച്ചു ...
അതിന്റെ എണ്ണം കൂടിക്കൂടി വന്നു.
അപ്പോഴെല്ലാം അവൾക്കു തലയ്ക്കു ചുറ്റും കണ്ണുകളും
രക്ഷപ്പെട്ടോടാനുള്ള മാനിന്റെ ചടുലതയും
അപകട സൂചനകിട്ടിയ കാട്ടുമൃഗത്തിന്റെ ജാഗ്രതയും
 ഉണ്ടായിരുന്നു....
ഒളിച്ചു വയ്ക്കലിന്റെ അസ്വസ്ഥതകൾ അവൾ ഉൾക്കൊണ്ടു..
ഒരു വരി എഴുതുന്നത് ...വായിക്കുന്നത് ...മറ്റൊരാളോട് മിണ്ടുന്നത്...
എല്ലാം സംശയത്തിന്റെ ഏറ്റങ്ങൾ ആണെന്ന തിരിച്ചറിവ്
അവളെ അതിനു നിർബന്ധിതയാക്കിയതാണ്.
സംശയം ഒരു മാറാ രോഗമാണെന്ന സത്യവും
അവൾ അംഗീകരിക്കുകയായിരുന്നു.

അവളിലെ മാറ്റം പഴയസുഹൃത്തുക്കൾക്ക്
വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല.
അവരുടെ നിരന്തരമായ പ്രോത്സാഹനമാണ്
അവളെ നിവർന്നു നിൽക്കാൻ പ്രേരിപ്പിച്ചത് .
ഇന്റർ നെറ്റിന്റെ അനന്ത സാധ്യതകളിലേയ്ക്ക്‌
വളരെ രഹസ്യമായി അവളെ അവർ കൈപിടിച്ചാനയിച്ചു..
ബ്ളോഗുകളിൽ...ഓണ്‍ ലൈൻ മാസികകളിൽ
അവളുടെ രചനകൾ  കോളിളക്കം സൃഷ്ടിച്ചു ...
ശിവ നന്ദ ...
ആരാണവൾ...?
അവളെ ഞാൻ കണ്ടിട്ടില്ല.
ജാതിയോ മതമോ നിറമോ ഒന്നും എനിക്കറിയില്ല
ഒന്നറിയാം. അവൾ എനിക്ക് പ്രിയങ്കരിയാണ്..

അവളുടെ അക്ഷരങ്ങളിൽ തിളയ്ക്കുന്നത്  
എന്റെ വിചാര വികാരങ്ങളാണ് .
ഇനി ഞാൻ  തന്നെയാണോ അവൾ ...?!!
അതും എനിക്ക് നിശ്ചയമില്ല.
ഒരു പക്ഷെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞേക്കും ..
ഒരു നേർത്ത തിരശ്ശീലയ്ക്കപ്പുറം സുരക്ഷിതയാക്കി നിർത്തി
ശിവനന്ദയെ അവളുടെ കഥകളിലൂടെ  നിങ്ങൾക്കു പരിചയപ്പെടുത്തുവാൻ
ഞാൻ വരുന്നു .
അതെ ..ശിവനന്ദയുടെ കഥകൾ...

മഞ്ഞ്‌ പൂത്ത വെയിൽ  മരം.
കാത്തിരിക്കൂ ...

Saturday, June 7, 2014

എന്റെ തീരുമാനം.

എന്റെ തീരുമാനം.

ഞാൻ  ഗൌരവത്തിലാകാൻ തീരുമാനിച്ചു.
അത്ര പാവമൊന്നുമല്ല എന്ന്
നാലാൾ അറിയട്ടെ.
ചാഞ്ഞ മരത്തിൽ  ഓടിക്കയറാം ...
നനഞ്ഞിടം കുഴിക്കാം
വിശ്വസിക്കുന്നവരെ ചതിക്കാം
ഇതൊക്കെയാണ് പലരുടെയും വിചാരം.
അങ്ങനെയുള്ള  ചിന്തയുമായി
എന്റെ  അരികിലേയ്ക്ക് വരുന്നവരെ
ഇനി പടിക്ക് പുറത്തു നിർത്തണം
എന്റെ സഹായം ആവശ്യമുള്ളവരോട് ..
എനിക്ക് ഒരു കരുണയും തോന്നില്ല.
മറ്റുള്ളവരെ സഹായിക്കേണ്ട ആവശ്യം എനിക്കെന്താ...?
നല്ല വാക്കുകൾ പറയാൻ ....
നന്മകൾ ചെയ്യാൻ
 (ഓ ആർക്ക് വേണം ങ്ങ്ടെ സഹായം.....!!
പാലം കടക്കുവോളം നാരായണാ...നാരായണാ)
മറ്റുള്ളവർക്കായി
കുരിശുകൾ ഏറ്റു വാങ്ങാൻ
ഒരുകരണത്തടിക്കുന്നവന്
മറുകരണം കാണിച്ചു കൊടുക്കാൻ
എനിക്ക് മനസ്സില്ല.
അവഹേളിക്കപ്പെടുമ്പോഴും
അഗ്നി എരിയുന്ന മനസ്സുമായി
ചിരിച്ചുകൊണ്ടുനിൽക്കാൻ
എന്നെ കിട്ടില്ല.
മാപ്പ് പറയാൻ വരുന്നവന്റെ തലയിൽ 
എനിക്ക് കാളിയ മർദ്ദനം ആടണം.
വീട്ടിൽ കയറി വന്നു ആളാകാൻ നോക്കുന്നവനെ
നിഷ്ക്കരുണം ആട്ടിപ്പുറത്താക്കണം.
ദൂരെ നിന്ന് കൊഞ്ഞനം കാട്ടുന്നവനെ
തട്ടിക്കളയാൻ ക്വട്ടേഷൻ കൊടുക്കണം
എനിക്ക് രസിക്കാത്ത കർമ്മങ്ങൾ ചെയ്യുന്നവർ
ആരായാലും അവർക്കെതിരെ
ഉടവാളെടുക്കണം.
ഭർത്താവിനോട് നിരന്തരം കലഹിക്കുന്ന
ഫെമിനിസ്റ്റ് ആകണം
മക്കളെ വരച്ച വരയിൽ നിർത്തുന്ന
അമ്മയാകണം
മരുമക്കളെ സ്ത്രീധനം കുറഞ്ഞതിന്റെ
പേരിൽ  പീഡിപ്പിക്കുന്ന അമ്മായിയമ്മയാകണം.
പൊങ്ങച്ചം പറഞ്ഞ് ക്ളബ്ബിൽ കയ്യടി നേടണം
കുതന്ത്രങ്ങളിലൂടെ സ്ഥാനമാനങ്ങൾ
കയ്പ്പിടിയിലൊതുക്കണം.
സ്വസ്ഥമായിക്കഴിയുന്നവന്റെ
സ്വൈര്യം കെടുത്തണം
മീഡിയയുടെ മുന്നിൽ  ആളാകാൻ
ഉന്നത നേതാവിന്റെ പേര് പറഞ്ഞ്
നാറ്റക്കേസാക്കണം....
ഹോ.....മിനിമം ഇത്രയെങ്കിലും ആയാൽ
 സമാധാനമായി....

പിന്നണിയിൽ 
"ഉം.... എന്താ ചിരിക്കുന്നത് ...?"
ഗൌരവത്തോടെ   ചോദിക്കുന്നു.
"ഏയ്‌....ഒന്നൂല്ല...." 
ശാന്തമായ പ്രതികരണം..
പിന്നെ ആവശ്യം.
"രാവിലെ തമാശ പറയാതെ പോയി
ഒരു കപ്പ് ചായ ഉണ്ടാക്കി കൊണ്ടുവാ...."
റോ ...!! ....ബെർതെ ഒരു ബലൂണ്‍ ...!!!!
അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ ആശ്വസിച്ചു.
  ആരും കേട്ടില്ല. :)