Tuesday, April 10, 2012

ഇഷ്ടം

ഇഷ്ടം 
നമ്മുടെ മുറ്റത്തെ മുല്ല പൂത്തു ,
നിറയെ  വെ ണ്‍  മുത്തുപോലെ .
എത്ര നാളുകളായി ഈ കാഴ്ചയ്ക്ക് വേണ്ടി 
നാം കാത്തിരുന്നു .
ചെങ്കല്‍പ്പാറയ്ക്കിടയിലെ 
അല്പമാം മണ്ണില്‍ നട്ട    
മുല്ലവള്ളികള്‍ എത്രയോ വട്ടം ഉണങ്ങി 
വളര്‍ച്ച മുരടിച്ച്  നമ്മളില്‍ ഖേദം വളര്‍ത്തി...!
കടംകൊണ്ട മണ്ണില്‍ മടിച്ചു മടിച്ച് 
വേരുന്നിയ ചെറു സസ്യങ്ങള്‍ 
ഉണങ്ങിയും അഴുകിയും പാറകള്‍ അലിയിച്ച് ,
ഇന്നീ മുല്ലകള്‍ മുറ്റിത്തഴച്ച്  വളരാന്‍ 
വര്‍ഷങ്ങള്‍....എത്ര....എത്ര...??!!!

ഈ മാറ്റത്തിനൊപ്പം നീയും വളര്‍ന്നു.
പൊള്ളുന്ന മണലാരണ്യത്തിലെ 
ഏ സി  മുറിയില്‍ 
എകാന്തതയുടെ ചൂടില്‍ ഉരുകുന്ന നിന്നെ 
ഞങ്ങള്‍ക്ക് കാണാം.
എന്തിനാണ്  തള്ളക്കോഴി തന്റെ ചിറകിനടിയില്‍ നിന്നും 
കുഞ്ഞുങ്ങളെ കൊത്തി മാറ്റുന്നത് ...!!
അതെ സ്വന്തം കാലില്‍ നില്ക്കാന്‍ 
നീയും പ്രാപ്തനാകണം.  

മുകളില്‍ 
നിന്റെ മുറിയുടെ  ജനലിലേയ്ക്ക്
വലിച്ചു കെട്ടിയ കേബിളിന്റെ പകുതിയോളം എത്തി 
നിറയെ പൂവുകള്‍ നീട്ടി നില്‍ക്കയാണ്‌  ഈ മുല്ല.
അതിന്റെ നിറവും സുഗന്ധവും ഈ അമ്മയുടെ
പ്രാര്‍ത്ഥനകളായി  നിന്നെ     പൊതിയുന്നുണ്ട്.
ഇപ്പോള്‍,
നിനക്കതു തൊട്ടറിയാന്‍ കഴിയും,
ഈ വാത്സല്യം....സ്നേഹ സാമീപ്യം....
അതെ ,
നിന്നെ ഞങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമാണ്.