Tuesday, September 6, 2011

ഓണമാണല്ലോ നാളെ.


ഓണമാണല്ലോ നാളെ
ഓമനേ നിന്‍ തൂമുഖം
തെളിഞ്ഞീടാത്തതെന്തേ
പിണക്കം തീര്‍ന്നില്ലെന്നോ?

ഉത്രാടപ്പൂക്കള്‍ നിറ-
ച്ചുറ്റ തോഴരിങ്ങെത്തി
നിന്റെ പൂക്കൂട മാത്രം
ഇപ്പോഴും ശൂന്യമെന്നോ?

തുമ്പച്ചെടികള്‍ നീളെ
വെള്ളപ്പൂ ചാര്‍ത്തിയിട്ടും
തുമ്പികള്‍ മോദമോടെ
പാറിയുല്ലസിച്ചിട്ടും,

നെല്‍ വയലേലകളില്‍
പൊന്‍ കതിര്‍ വിളഞ്ഞിട്ടും
വെള്ളിലം കാടിന്നുള്ളില്‍
കിളികള്‍ ചിലച്ചിട്ടും,

കാക്കപ്പൂ പറിക്കുന്ന
കരുമാടികള്‍ ചുമ്മാ
തങ്ങളില്‍ കളിയാക്കി-
പ്പാട്ടുകള്‍ പാടിയിട്ടും,

പുത്തനാം പൂക്കള്‍ തേടി-
പ്പോകും നിന്‍ തോഴര്‍ കുന്നില്‍-
ക്കുത്തനെയോടിക്കേറി-
ക്കളിച്ചു തിമിര്‍ത്തിട്ടും,

മുക്കുറ്റിപ്പെണ്ണിന്‍ മൂക്കി-
ന്ററ്റത്തു പൊന്‍ മൂക്കുത്തി
മൂവന്തി വെളിച്ചത്തി-
ലൊളി തൂകി നിന്നിട്ടും,

മുറ്റത്തു ചേലില്‍ തീര്‍ത്ത-
പ്പൂക്കളം ചിങ്ങവെയില്‍-
ച്ചൂടിനാല്‍ വാടിത്തളര്‍-
ന്നലസം കിടന്നിട്ടും,

മുത്തേ, നിന്‍ മുഖത്തെന്തേ
കാര്‍ മുകില്‍ പടരുന്നു..?
നിന്റെ നീള്‍ നയനങ്ങള്‍
നിറഞ്ഞു തുളുമ്പുന്നു...?

ചെത്തിയും ചേമന്തിയും
ചെമ്പരത്തിയും റോസും
ചെറ്റരികത്താത്തോപ്പില്‍
നിനക്കായ്‌ വിടര്‍ന്നിട്ടും,

തൃക്കാക്കരപ്പന്റുച്ചി-
ത്തടത്തില്‍ കുടയാകാന്‍
വേലിയില്‍ വീണ്ടപ്പൂക്കള്‍
കണ്ണുകള്‍ മിഴിച്ചിട്ടും,

വരിക്ക പ്ലാവിന്‍ കൊമ്പില്‍
കെട്ടിയയൂഞ്ഞാല്‍ കാറ്റില്‍
തനിച്ചാടിടാന്‍ മടി-
ച്ചോമലെ വിളിച്ചിട്ടും ,

ഓണ സദ്യയ്ക്കായ്‌ മുമ്പേ-
യെത്തിയ കാക്കക്കൂട്ടം
പിന്നിലെ വാഴക്കൈയി-
ലിരുന്നു ക്ഷണിച്ചിട്ടും,

നന്മ തന്‍ അവതാരം
മാബലി മന്നന്‍ വാണ
കുന്നലനാട്ടിന്‍ മക്കള്‍-
ക്കുത്സാഹമേറിയിട്ടും,

ജലഘോഷങ്ങള്‍ക്കായി
ചുണ്ടനും ചുരുളനും
ഓടി, പള്ളിയോടങ്ങ-
ളൊക്കെയുമൊരുങ്ങീട്ടും,

നാടാകെയുണര്‍വ്വിന്റെ
പുത്തനുടുപ്പണിഞ്ഞ-
ങ്ങോണമാ,യോണമാ,യെ-
ന്നുറക്കെ ഘോഷിച്ചിട്ടും,

കണ്മണീ,നിന്മുഖത്തെ
കാര്‍മുകില്‍ മാത്രം മാഞ്ഞി-
ല്ലെന്തിനീപ്പരിഭവം,
കരളു വിങ്ങും ഭാവം..?

കൂട്ടുകാരെന്തെങ്കിലും
പറഞ്ഞിട്ടാണോ കളി-
വാക്കുകള്‍, പുത്തനുടു-
പ്പിഷ്ടമാകാഞ്ഞിട്ടാണോ...?

അച്ഛനമ്മമാരോടോ..,
കൊച്ചനുജത്തിയോടോ..,
നിന്‍ കോപം...?പറഞ്ഞെന്നാല്‍
പിണക്കം തീരുമല്ലോ..

കള്ളവും ചതിയേതു-
മില്ലാതെയെല്ലാവരും
സന്തോഷത്തോടെ വാഴാ-
നിടയേകിയ മന്നന്‍,

നിന്റെയീ ഭാവം പാര്‍ത്തു
സങ്കടപ്പെടുകില്ലേ..?
ചിരിക്കൂ, മനം തെളിഞ്ഞോ-
ണമാണല്ലോ നാളെ.
.........................