Wednesday, June 23, 2010

വേലികള്‍

വേലികള്‍.
******
വേലികള്‍ വേലികള്‍ ചുറ്റിലും വേലികള്‍
വേലിയിതെന്തൊരു വേലി..!!!!

പിച്ചവച്ചീടുന്ന പിഞ്ചുകുഞ്ഞിന്‍ മുമ്പില്‍
കെട്ടിയൊരുനല്ല വേലി,

മുറ്റത്തു നില്‍ക്കുന്ന കൊച്ചുതൈത്തെങ്ങിന്റെ
ചുറ്റിലുമുണ്ടൊരു വേലി.

മേയും പശുക്കള്‍ പറമ്പില്‍ കടക്കാതെ
വേലിയൊന്നുണ്ട്‌ പടിക്കല്‍,

സ്വന്തം വളപ്പിനു ചുറ്റിലുമായ്‌ കരി-
ങ്കല്ലുകളാലൊരു വേലി.

ഗ്രാമങ്ങള്‍ നാടുകള്‍ രാജ്യങ്ങളൊക്കെയും
വേര്‍തിരിക്കാനുണ്ട്‌ വേലി.

മുള്ളുവേലി കമ്പിവേലി,കരിമ്പാറ-
ക്കല്ലാല്‍ ചമയ്ക്കുന്നു വേലി.

വേലിയുമായ്ബന്ധമില്ലെങ്കിലും മാ-
വേലിയിലുണ്ടൊരു വേലി,

വേലിയിപ്പോള്‍ വയ്യാവേലികളായ്‌ വന്നു
വേലിക്കല്‍ എത്തിനില്‍ക്കുന്നു .

വേലീലിരിക്കുന്ന വേണ്ടാതീനം
മടിശ്ശീലയിലോ വയ്യാവേലി

അമ്മയിയമ്മയും നാത്തൂന്മാരും
പുതുപ്പെണ്ണിനെന്നും പെരും വേലി

കെട്ടിയ പെണ്ണിനു തലിച്ചരടിനാല്‍
കെട്ടിയോന്‍ തീര്‍ക്കുന്നു വേലി

പള്ളികള്‍, മോസ്ക്കുകള്‍, അമ്പലം ചുറ്റിലും
നാനാതരമുണ്ടു വേലി

ആപത്തു സ്ഥാനങ്ങള്‍ കെട്ടിത്തിരിച്ചതാ-
കാണാം ഉറപ്പുള്ള(?) വേലി

നട്ടുനനച്ചതും കെട്ടിപ്പൊതിഞ്ഞതും
ഒക്കെ സൂക്ഷിക്കുവാന്‍ വേലി..

നന്മയും സോദര സ്നേഹവും സല്‍ഗുണ-
മൊക്കെയും വേലിക്കകത്തായ്‌...

വേലികള്‍ക്കുള്ളിലൊതുങ്ങുന്നു മാനവ
ജീവിത ചര്യകളെല്ലാം

വേലിയിവന്‍ താരം വേലിയിവന്‍ കേമന്‍
എങ്ങു തിരിഞ്ഞാലും വേലി.


ഗാന്ധിക്കു ചുറ്റിലും നാരായണ ഗുരു -
സ്വാമിക്കു ചുറ്റിലും വേലി

വേലികളെത്ര എന്നാലിവ യൊന്നുമ -
ല്ലീവിശ്വനാശത്തിന്‍ വേലി.

മര്‍ത്യ മനസ്സിനു ചുറ്റിലുമായ്‌ക്കാണും
കെട്ടാത്ത വേലിതാന്‍ വേലി.
******************************

Saturday, June 12, 2010

കാത്തിരിപ്പ്‌

എത്ര നാളുകളായി
കാത്തു ഞാനിരിക്കുന്നു
മിത്രമേ നീയെന്‍ ചാരെ-
യെത്തിടും നേരം നോക്കി,

ശപ്തമോഹങ്ങള്‍ നൂറു-
നൂറായി നിറഞ്ഞെന്റെ
തപ്തമാം ഹൃത്തില്‍ത്തുള്ളി-
ത്തുളുമ്പിയൊഴുകുന്നു.

വ്യാകുല സ്മരണയും
തേനുറും സ്വപ്നങ്ങളും
വ്യാധികളൊഴിഞ്ഞു പോം
നിമിഷം കൊതിക്കുന്നു.

സ്വാഗതം പറയുവാ-നീ
വിശ്വമൊക്കെയും നീ-
യാഗതനാകുന്നതും
കാത്തു കാത്തിരിക്കുന്നു.

നിനക്കായ്‌ കിളികുലം
രാഗങ്ങള്‍ മൂളീടുന്നു
നിനക്കായ്‌ മലരുകള്‍
പൂത്താലം ഒരുക്കുന്നു ,

കിഴക്കന്‍ ചക്രവാളം
ചെഞ്ചായമണിയുന്നു,
മഴവില്‍ക്കൊടി വര്‍ണ്ണ-
ത്തോരണം തൂക്കീടുന്നു

സ്വച്ഛനീലാംബരത്തില്‍
വെണ്‍ മേഘക്കുരുന്നുകള്‍
സ്വച്ഛന്ദം പദംവച്ചു
നര്‍ത്തനം ചെയ്തീടുന്നു,

പനിനീര്‍ മണം പേറും
മന്ദമാരുതന്‍ സ്നേഹാല്‍
പരിരംഭണത്തിന്നായ്‌
കരങ്ങള്‍ നീട്ടീടുന്നു,

കരളില്‍ പുളകത്തിന്‍
പൂക്കളങ്കുരിപ്പിക്കും
കുളിര്‍ നീരരുവികള്‍
കുണുങ്ങിപ്പാഞ്ഞീടുന്നു,


നീലസാഗരം നുര-
ക്കൈകളാല്‍ നിത്യം തീരം
നിനക്കായ്‌ വീണ്ടും വീണ്ടും
കഴുകിത്തുവര്‍ത്തുന്നു,

നിനക്കായ്‌ ഭൂഗോളങ്ങള്‍
ഭ്രമണം തുടരുന്നു
നിനക്കു മാത്രമായെന്‍
ഹൃദയം സ്പന്ദിക്കുന്നു,

എന്നിട്ടും അനുഗ്രഹം
ചൊരിയാന്‍ മടിച്ചെങ്ങോ
നിന്നിടും ചങ്ങാതിയെ
കാത്തു ഞാനിരിക്കുന്നു,

എപ്പോഴീ കാത്തിരിപ്പി-
ന്നന്ത്യമെന്നറിയാതെ,
എത്തുമോ എന്നെങ്കിലും
എന്നതുമറിയാതെ......
************************

ലീല എം ചന്ദ്രന്‍