Monday, June 8, 2015

എന്റെ കൊച്ചുഗ്രാമം


 
ഞെട്ടലോടെയാണ് ഞാൻ കേട്ടതാ വാർത്ത,
എന്റെ കൊച്ചുഗ്രാമവും കെട്ട വഴിയിൽ  ചരിക്കുന്നു.

മദ്യവിമുക്തമൊരു  നാടിനായ് സ്വപ്നം കണ്ട് 
ധീരമാം  പരിശ്രമം രാപകൽ തുടരുമ്പോൾ,

മറ്റൊരു വൻ വിപത്ത് വായ്പിളർന്നടുക്കുന്നു
സത്യമാവരുതെന്ന്  മോഹമുണ്ടെങ്കിൽ പോലും.

മയക്കു മരുന്നിന്റെ  ദുരിതം പേറി  എന്റെ 
മക്കളും ...? നെഞ്ചിടിപ്പിൻ വേഗമതേറീടുന്നു.
 ഒട്ടു നാളായി ശങ്ക തോന്നിയ വിഷയമാ-
ണെങ്കിലും വിശ്വസിക്കാൻ കഴിഞ്ഞില്ലിന്നേ വരെ.


അനഘയാണ് സത്യം വിശദമായിച്ചൊന്ന -
തെന്നത്‌ തന്നെ വിശ്വാസത്തിനു മാറ്റേറ്റുന്നു

അന്യയല്ല, നഘയെൻ മകളാണവൾ, എന്റെ
മാതൃ സങ്കൽപ്പത്തിനു പൂർണ്ണത നൽകിയവൾ

പ്രാണനായിരുന്ന തൻ  ഭാവി വരനെപ്പോലും
നീതിപീഠത്തിൻ മുന്നിൽ  നിർത്തി ധീരയായവൾ. 


കണ്ണുമൂടിയ നീതിദേവത നിസ്സഹായ
ദുർബലം വ്യവസ്ഥകൾ
കുറ്റവാളിതൻ പക്ഷം...
.
ദുർവഴികളിലൂടെ  നേടിയ  കോടികളാൽ
രക്ഷപ്പെട്ടീടുമവർ പ്രതികാരേച്ഛയുമായ്

കൂട്ടമായ്‌ ചെന്ന് ക്രൂരം കൊന്നൊടുക്കീടാം, കെണി
വെച്ചിടാം, ചതിച്ചിടാം മാർഗ്ഗമൊട്ടേറെ  മുന്നിൽ 

തൊട്ടു മുന്നിൽ ചോരയിൽ ഒരുവൻ പിടഞ്ഞാലും
എത്തി നോക്കുകില്ലാരും എന്തിനീ വയ്യാവേലി...?

അത്രമേൽ പ്രതികരിച്ചീടുവാൻ കഴിയാതെ
കഷ്ടമെങ്ങിനെ ദയ അറ്റവരായി നമ്മൾ..?!!

ഞാനെന്ന ഭാവം പേറി  ചുരുങ്ങിച്ചുരുങ്ങി  നാം
കൂപമ
ണ്ഡൂപങ്ങളായ് മയങ്ങിക്കിടപ്പവർ ....

സത്യധർമ്മങ്ങൾ കാറ്റിൽപ്പറത്തി ആർക്കോ വേണ്ടി
അച്ഛനെപ്പോലും കൊല്ലാൻ മടിക്കാത്തവർ ചുറ്റും

മുന്നിലായ്ത്തെളിയുന്ന ദുർവിധികളെൻ നെഞ്ചിൽ
പടഹധ്വനി മുഴക്കങ്ങൾ സൃഷ്ടിച്ചീടുമ്പോൾ 

 ആപത്തു വരും വഴിയോർക്കാതെ പ്രതികരി-
ച്ചെന്തിനീ ഭോഷത്തരം? എന്ന് ഞാൻ ചോദിച്ചു പോയ്.

പാവമീ മാതാവിന്റെ വ്യാകുല ചിന്തകളിൽ
മകൾ തൻ സുരക്ഷയ്ക്കാണുന്നത സ്ഥാനം നിത്യം...
.
എങ്കിലും അവളുടെവാക്കുകൾ  കേൾക്കേ  മുഖം
നമ്രമായ്, മൊഴിമുട്ടി നിന്നു ഞാൻ ഖിന്നയായി .

"അമ്മയെൻ അമ്മമാത്രം എന്നേപ്പോൽ നൂറായിരം
മക്കൾതൻ അമ്മയാണെൻ ഭാരത മാതാവവൾ 

നല്ലമക്കളെപ്പെറ്റ വയറിൻ തണുപ്പവൾ-
ക്കേകുവാൻ ഞാനും മുന്നിട്ടിറങ്ങാൻ കൊതിക്കുന്നു.

കേൾപ്പതില്ലേ ദുരന്തവാർത്തകൾ നിത്യം, നാടിൻ
സംസ്കാരത്തകർച്ചകൾ, പീഡനത്തുടർക്കഥ 

മദ്യവും ലഹരിയും  മയക്കുമരുന്നുമി-
ന്നെത്രയൊ മനസ്സിന്റെ സ്ഥിരത തെറ്റിക്കുന്നു.?


എന്തിനാണെൻ സോദരർ മക്കളെ, ബന്ധുക്കളെ
മന്ദബുദ്ധികളാക്കാൻ സൗകര്യമൊരുക്കുന്നു?

നഷ്ടമാക്കുന്നു ഉറ്റ ബന്ധങ്ങൾ, സൗഹൃദങ്ങൾ
നിത്യവും നടക്കുന്നു തെരുവിൽ കലഹങ്ങൾ...!



സ്വന്തം എന്നൊരു ബോധം നമ്മളിൽ വളർന്നീടിൽ
തിന്മകൾ ഉണ്ടാകുമോ ?ദുഷ്ടത  പെരുകുമോ ?

പട്ടിണി ഒടുങ്ങാത്ത കഷ്ടത, നൈരാശ്യങ്ങൾ
കഞ്ഞിയല്ലെന്നും കണ്ണീർ കുടിപ്പിക്കുന്നു വിധി...!

എത്രയോ പീഡനങ്ങൾ ഏറ്റു വാങ്ങുന്നീ നാട്ടിൽ
പെണ്ണിനും സ്വന്തം മാനം കാക്കുവാൻ കഴിയേണ്ടേ..

അമ്മതൻ തലമുറയ്ക്കന്യമാണിന്നിൻ സർവ-
തിന്മയും അതുണ്ടാക്കും വിപത്തിൻ വലിപ്പവും

കുടുംബത്തിന്റെ നാശം മാത്രമല്ലത് പുതു-
തലമുറയെ മന്ദബുദ്ധികളാക്കും മൊത്തം.

 ഇതിനു മാറ്റം വേണം ശക്തമാം തലമുറ
നാടിന്റെ രക്ഷയ്ക്കായിട്ടിവിടെ വളരണം.

അതിനായ് മടിക്കാതെ ഒരു കാൽ മുന്നോട്ടു ഞാൻ
വെയ്ക്കയാണത് വൻ മുന്നേറ്റമായ് വളരുവാൻ .

കൊച്ചിയല്ലിതെൻ കൊച്ചു സ്വർഗ്ഗമാണിവിടെവേ-
ണ്ടിത്തരം തോന്ന്യാസങ്ങൾ ഒത്തെതിർക്കണം നമ്മൾ.''

നിന്നുപോയ് നിശ്ശബ്ദയായ് അവൾ തൻ വാക്കിൻ മുന്നിൽ  
ഒന്നുമല്ല ഞാനെന്ന  ചിന്തയാൽ ഒരു മാത്ര.
 
കത്തി നിൽക്കുമൊരഗ്നിനാളമവളിൽ കാണ്‍കെ
എന്മനം അഭിമാനപൂരിതമായീടുന്നു.

വന്നിടും വിപത്തുകൾ എന്തുമാകട്ടെ ധീരം
പൊരുതൂ ...നാടിൻ  നന്മ ലക്ഷ്യമായ് കരുതൂ  നീ....

ഒന്ന് ഞാൻ പുണരട്ടെ മകളെ, നിന്നെപ്പെറ്റ-
തെൻ മഹാഭാഗ്യം, നിനക്കെന്നുമെന്നാശീർവ്വാദം...!!!




  



.