Monday, August 15, 2016


രാമരാവണയുദ്ധത്തിനിടയിൽ മേഘനാഥൻ ലക്ഷ്മണനെയും സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരപ്പടയെയും മായാപ്രകടനത്താൽ കബളിപ്പിച്ച് ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ച് മരണാസന്ന രാക്കി. അവരെ രക്ഷിക്കാൻ മൃതസഞ്ജീവനി വേണം. അതാകട്ടെ ലങ്കയിൽ നിന്നും വളരെ ദൂരെയാണ്  ഉള്ളത്. പുലരും മുമ്പ് അത് കിട്ടിയാൽ മാത്രമേ ലക്ഷ്മണനെയും മറ്റും രക്ഷിക്കാൻ പറ്റു .ജാംബവാന്റെ നിർദ്ദേശപ്രകാരം ഹിമാലയ സാനുക്കളിലെ മേരുപർവ്വതത്തിൽ വളരുന്ന ഔഷധച്ചെടികൾ കൊണ്ടുവരുവാൻ ഹനുമാനെയാണ് നിയോഗിച്ചത്.ഹനുമാൻ ആ സാഹസം ഏറ്റെടുത്ത് ഹിമാലയത്തിലേയ്ക്ക് പറന്നു. അവിടെയെത്തിയ ഹനുമാന്  ഔഷധച്ചെടികൾ ക്കിടയിൽ നിന്നും മൃതസഞ്ജീവനി മാത്രമായി പറിച്ചെടുക്കാൻ ക്ഷമയുണ്ടായില്ല. ഔഷധച്ചെടികൾ വളരുന്ന മഹാമേരുതന്നെ ഇളക്കിയെടുത്ത് ഹനുമാൻ തിരിച്ച് ലങ്കയിലേക്ക് പറന്നു. അങ്ങനെ വരുംവഴി മഹാമേരുവിന്റെ കുറച്ചുഭാഗം അടർന്നു താഴെ വീണു. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന, കണ്ണൂർജില്ലയിലെ ഏഴിമല അങ്ങനെയുണ്ടായതാണ് എന്ന് ഐതിഹ്യം. അതിന്റെ ഉയരം കൂടിയ ഭാഗം ആഞ്ജനേയഗിരി എന്നാണ് അറിയപ്പെടുന്നത്. അവിടെ ഒരു വലിയ ആഞ്ജനേയ പ്രതിമയുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണത്.
               ഇന്നത്തെ സ്വാതന്ത്ര്യദിന സന്തോഷയാത്ര അവിടേയ്ക്കായിരുന്നു. കണ്ണിനും കരളിനും കുളിർമ്മ പകരുന്ന ഹരിത ഭംഗി നുകർന്ന് ഞങ്ങൾ ആഞ്ജനേയ ഗിരിയിലെത്തി. ഹനുമാൻ പ്രതിമയ്ക്കരികിൽ നിന്നു നോക്കിയാൽ  താഴെ മനോഹരമായ  ഗ്രാമം കാണാം ...അതിനോട് ചേർന്ന് കടലും.
                കുറെ സമയം അവിടെ ചെലവഴിച്ചശേഷം ഞങ്ങൾ നേരെ എട്ടിക്കുളം ബീച്ചിലേക്കാണ് പോയത്.ഏഴിമല നേവൽ അക്കാദമിയുടെ ഗേറ്റുവരെ പോകാനേ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളു. നേരം ഉച്ചയായിരുന്നതിനാൽ അവിടെയുള്ള ഒരു ഹോട്ടലിൽ കയറി ഊണും കഴിഞ്ഞ് ഞങ്ങൾ കടൽത്തതീരത്തെത്തി.വൃത്തിയും ശുദ്ധിയുമുള്ള തീരം.ഒരിക്കലും അടങ്ങാത്ത കടലിന്റെ ഗദ്ഗദം കരയിലേക്ക് നിലയ്ക്കാതെ അലയടിച്ചെത്തി.നട്ടുച്ചയ്ക്കും വെയിലിന്റെ ചൂടറിഞ്ഞില്ല. ആൾത്തിര ക്കില്ലാതെ ഞങ്ങൾക്കായി മാത്രം പതിച്ചു തന്ന കടൽത്തീരം എന്ന് ഞങ്ങൾ തമാശ പറഞ്ഞു . പാറ ക്കെട്ടുകളുടെ മുകളിൽ വലിഞ്ഞു കയറി ഫോട്ടോയ്ക്ക്  പോസു ചെയ്തും സെല്ഫിയെടുത്തും ഞങ്ങൾ ആഹ്ലാദിച്ചു. (ഓ...ഒരു കാര്യം പറയാൻ വിട്ടു. ഈ വിജനതയെ മുതലെടുക്കാൻ ഞങ്ങൾക്കുമുമ്പേ രണ്ടുപേർ അവിടെയുണ്ടായിരുന്നു. എട്ടിക്കുളം ബീച്ചിനെ ഹവ്വാബീച്ചാക്കാൻ എത്തിയ അവർ, ഞങ്ങളെ കണ്ട് സദാചാരവാദികൾ എന്ന് തെറ്റിദ്ധരിച്ചാകാം സ്ഥലം വിട്ടത് , അവരെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകളെ ശരിവെച്ചു .അത് ഞങ്ങൾക്കു ചിരിക്കുള്ള വകയാകുകയും ചെയ്തു.) ഏറെ നേരം കടൽക്കാറ്റേറ്റും കടലലയുടെ തലോടൽ അനുഭവിച്ചും അവിടെ ചുറ്റിപ്പറ്റി നിന്നു.
       തിരിച്ചു വരും വഴി മറ്റൊരു സ്ഥലവും സന്ദർശിച്ചു. അതിവിശാലമായ ജലപ്പരപ്പ്.അവിടെ സ്വയം ചവുട്ടി നിയന്ത്രിക്കേണ്ട ബോട്ടിങ്ങ് സൗകര്യമുണ്ട്. ചുറ്റും കണ്ടൽക്കാടുകൾ വെച്ച് പിടിപ്പിച്ചിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാടായിപ്പാറയ്ക്കും അടുത്തിലയ്ക്കും അടുത്തുള്ള കക്കമ്പാറയിലാണ്ഈ മനോഹരമായ സ്ഥലം.ജലത്തിന്റെ വിശാലതകൊണ്ട് തന്നെ ഈ പ്രദേശത്തെ പരപ്പ് എന്നപേരിൽ അറിയപ്പെടുന്നു.ധാരാളം സന്ദർശകർ അവിടെ വരാറുണ്ട്. മനോഹാരിതയും സൗകര്യവും വർദ്ധിപ്പിക്കാനുള്ള ജോലികൾ ഇപ്പോഴും അവിടെ നടക്കുന്നു.
 

കൂടുതൽ കാര്യങ്ങൾ ചിത്രങ്ങൾ പറയും.

Thursday, August 11, 2016

സൗഹൃദ യാചന

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ഫുദ്ധിയാ എന്നു സ്വയം വിലയിരുത്തുന്ന ഒരാളുടെ സൗഹൃദ യാചന മ്യൂച്ചൽ ഫ്രണ്ട്സിന്റെ എണ്ണം നോക്കിയാണ് സ്വീകരിച്ചത്. അല്പസ്വല്പം വായനയും രചനയുമുണ്ടെന്നത് അധിക യോഗ്യതയായും കണ്ടു. സാധാരണ ഒരു നന്ദി വാക്കാണ് ഇൻ ബോക്സിൽ വരിക. പക്ഷെ വന്നത് “ഒന്നു ഹെല്പ് ചെയ്യുമൊ?“എന്ന ചോദ്യമാണ്. മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ നിര നിരന്നു. ആദ്യമായിത്തന്നെ ഒരു സഹായം അപേക്ഷിക്കുന്നു എന്നത് നിസാര കാര്യമൊന്നുമായിരിക്കില്ലല്ലൊ. വർദ്ധിച്ച ഉൽക്കണ്ഠയോടെയാണ് ഒരു ചോദ്യച്ചിഹ്നം
കൊടുത്തത്. അപ്പോൾ വരുന്നു തിരിച്ചൊരു ചോദ്യം.

 “സ്ഥലം എവിടെയാ...''
ഇനി അതറിയാഞ്ഞിട്ട് കാര്യം പറയാതിരിക്കേണ്ട എന്നു കരുതി മറുപടി കൊടുത്തു
 "കണ്ണൂർ”
അപ്പോൾ ധൈര്യമായി ഒരു സഹായാഭ്യർഥന...
"എനിക്കൊന്നു റീ ചാർജ് ചെയ്തു തരുമോ...?”
ഒട്ടും ആലോചിച്ചില്ല. മറുപടി കൊടുത്തു.
“നോ താങ്ക്സ്''
അപ്പോഴതാ അടുത്ത സംശയം.
“എന്തിനാ താങ്ക്സ്..?”
“അല്ല. ഇത്രയും അത്യാവശ്യമായ ഹെല്പ് ചോദിച്ചതിന്”
“വെൽകം”(ഹാവൂ...എന്തൊരു മര്യാദ...!)
“ഓക്കേ” എന്നു ഞാനും.
( ഫ്രണ്ട്സിനോടെല്ലാം പയ്യൻ ഈ ഹെല്പ് ചോദിക്കുകയും അവരെല്ലാം അത് ചെയ്തു കൊടുക്കുകയും ചെയ്തിരിക്കുമോ ആവോ...!! )

Tuesday, August 2, 2016

(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)

എല്ലാവരെയും
 സ്നേഹിക്കാനും വിശ്വസിക്കാനുമാണ്‌
എനിക്കിഷ്ടം.
പക്ഷേ
 അത് ചൂഷണം ചെയ്യപ്പെടുമ്പോൾ
എന്ത് ചെയ്യണമെന്നറിയാതെ
പകച്ചു പോകുന്നു.
(ഫീലിംഗ്സ് -ടെൻഷൻ, നിരാശ)
എന്റെ
കരളിന്നുള്ളിലും പേനാത്തുമ്പിലും
 ചിന്തയിലും സ്വപ്നത്തിലും ഭാവനയിലും നാവിൻ തുമ്പിലും...ലും ....ലും
 ഞാൻ കാത്തുസൂക്ഷിച്ചു വച്ചിരുന്ന എന്റെ അക്ഷരങ്ങൾ
എപ്പോഴാണ് 
എന്നോട് പറയാതെ ഇറങ്ങിപ്പോയതാവൊ...?!!
ആരോടു പരാതി പറയും...?
സത് മനസ്സുകളുടെ സഹായത്തോടെ
 ഏറെപ്പരതി കണ്ടു പിടിച്ച് കൊണ്ടുവരുമ്പോൾ 
എത്രയെത്ര പീഡനകഥകളാകും
 അവയ്ക്കെന്നോടു പറയാനുണ്ടാകുക....!!??
രണ്ടു ദിവസം മുന്പ് , എല്ലാരും ബഹുമാനത്തോടെ വിളിക്കുന്ന, പേരിൽ ,അല്പം കിറു കിറുപ്പ് ഉ ള്ള ഒരു രോഗത്തിന് (അലർജി) ചികിത്സ തേടി കുറച്ചു ദൂരെയുള്ള ഒരു പാരമ്പര്യവൈദ്യനെ കാണാൻ പോയി...വിട്ടുമാറാത്ത ജലദോഷം....നോണ്‍ സ്റ്റോപ്പ്‌ തുമ്മൽ ..(കാലാവസ്ഥയിലുള്ള ഏതു മാറ്റവും നിരീക്ഷിക്കാൻ , കാലാവസ്ഥാ നിരീക്ഷകർ എന്നെ എപ്പോകൊണ്ട് പോയെന്നു ചോദിച്ചാൽ മതി...)
കാറിന് അലർജി ഉണ്ടാക്കുന്ന റോഡ്‌ ആയതിനാൽ ബസ്സിലായിരുന്നു പോക്കുവരവ് .
വൈദ്യരെ കണ്ടു രോഗവിവരങ്ങൾ പറഞ്ഞു ...ഇന്നത്തെ ഫാസ്റ്റ് ഫുഡും , ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും വരുത്തി വയ്ക്കുന്ന ആരോഗ്യപ്രശ്നത്തെ പ്പറ്റിഒരു നല്ല ക്ലാസ് കേൾക്കുവാനുള്ള ഭാഗ്യം അപ്പോഴുണ്ടായി....പിന്നെ പൊതിഞ്ഞു കിട്ടിയ ഒരു കുപ്പി കഷായം,അരിഷ്ടം ,തലയിൽ തേക്കാനുള്ള എണ്ണ തുടങ്ങിയവയുമായി മടക്കയാത്ര.
ചുരുക്കിപ്പറയാം
വീട്ടിലെത്തുമ്പോഴേയ്ക്കും നടുവിനൊ രസ്ക്കിത ...ഇരിക്കാൻ മേലാ ...നിക്കാൻ മേലാ .ബസ്‌ യാത്രകൊണ്ട് കിട്ടിയ സമ്മാനം ...

എനിക്കൊന്നെ പറയാനുള്ളൂ .
മുഖ്യമന്ത്രി രാജി വയ്ക്കുക.