Monday, August 15, 2016


രാമരാവണയുദ്ധത്തിനിടയിൽ മേഘനാഥൻ ലക്ഷ്മണനെയും സുഗ്രീവന്റെ നേതൃത്വത്തിലുള്ള വാനരപ്പടയെയും മായാപ്രകടനത്താൽ കബളിപ്പിച്ച് ബ്രഹ്‌മാസ്‌ത്രം പ്രയോഗിച്ച് മരണാസന്ന രാക്കി. അവരെ രക്ഷിക്കാൻ മൃതസഞ്ജീവനി വേണം. അതാകട്ടെ ലങ്കയിൽ നിന്നും വളരെ ദൂരെയാണ്  ഉള്ളത്. പുലരും മുമ്പ് അത് കിട്ടിയാൽ മാത്രമേ ലക്ഷ്മണനെയും മറ്റും രക്ഷിക്കാൻ പറ്റു .ജാംബവാന്റെ നിർദ്ദേശപ്രകാരം ഹിമാലയ സാനുക്കളിലെ മേരുപർവ്വതത്തിൽ വളരുന്ന ഔഷധച്ചെടികൾ കൊണ്ടുവരുവാൻ ഹനുമാനെയാണ് നിയോഗിച്ചത്.ഹനുമാൻ ആ സാഹസം ഏറ്റെടുത്ത് ഹിമാലയത്തിലേയ്ക്ക് പറന്നു. അവിടെയെത്തിയ ഹനുമാന്  ഔഷധച്ചെടികൾ ക്കിടയിൽ നിന്നും മൃതസഞ്ജീവനി മാത്രമായി പറിച്ചെടുക്കാൻ ക്ഷമയുണ്ടായില്ല. ഔഷധച്ചെടികൾ വളരുന്ന മഹാമേരുതന്നെ ഇളക്കിയെടുത്ത് ഹനുമാൻ തിരിച്ച് ലങ്കയിലേക്ക് പറന്നു. അങ്ങനെ വരുംവഴി മഹാമേരുവിന്റെ കുറച്ചുഭാഗം അടർന്നു താഴെ വീണു. അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന, കണ്ണൂർജില്ലയിലെ ഏഴിമല അങ്ങനെയുണ്ടായതാണ് എന്ന് ഐതിഹ്യം. അതിന്റെ ഉയരം കൂടിയ ഭാഗം ആഞ്ജനേയഗിരി എന്നാണ് അറിയപ്പെടുന്നത്. അവിടെ ഒരു വലിയ ആഞ്ജനേയ പ്രതിമയുണ്ട്. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമയാണത്.
               ഇന്നത്തെ സ്വാതന്ത്ര്യദിന സന്തോഷയാത്ര അവിടേയ്ക്കായിരുന്നു. കണ്ണിനും കരളിനും കുളിർമ്മ പകരുന്ന ഹരിത ഭംഗി നുകർന്ന് ഞങ്ങൾ ആഞ്ജനേയ ഗിരിയിലെത്തി. ഹനുമാൻ പ്രതിമയ്ക്കരികിൽ നിന്നു നോക്കിയാൽ  താഴെ മനോഹരമായ  ഗ്രാമം കാണാം ...അതിനോട് ചേർന്ന് കടലും.
                കുറെ സമയം അവിടെ ചെലവഴിച്ചശേഷം ഞങ്ങൾ നേരെ എട്ടിക്കുളം ബീച്ചിലേക്കാണ് പോയത്.ഏഴിമല നേവൽ അക്കാദമിയുടെ ഗേറ്റുവരെ പോകാനേ സ്വാതന്ത്ര്യമുണ്ടായിരുന്നുള്ളു. നേരം ഉച്ചയായിരുന്നതിനാൽ അവിടെയുള്ള ഒരു ഹോട്ടലിൽ കയറി ഊണും കഴിഞ്ഞ് ഞങ്ങൾ കടൽത്തതീരത്തെത്തി.വൃത്തിയും ശുദ്ധിയുമുള്ള തീരം.ഒരിക്കലും അടങ്ങാത്ത കടലിന്റെ ഗദ്ഗദം കരയിലേക്ക് നിലയ്ക്കാതെ അലയടിച്ചെത്തി.നട്ടുച്ചയ്ക്കും വെയിലിന്റെ ചൂടറിഞ്ഞില്ല. ആൾത്തിര ക്കില്ലാതെ ഞങ്ങൾക്കായി മാത്രം പതിച്ചു തന്ന കടൽത്തീരം എന്ന് ഞങ്ങൾ തമാശ പറഞ്ഞു . പാറ ക്കെട്ടുകളുടെ മുകളിൽ വലിഞ്ഞു കയറി ഫോട്ടോയ്ക്ക്  പോസു ചെയ്തും സെല്ഫിയെടുത്തും ഞങ്ങൾ ആഹ്ലാദിച്ചു. (ഓ...ഒരു കാര്യം പറയാൻ വിട്ടു. ഈ വിജനതയെ മുതലെടുക്കാൻ ഞങ്ങൾക്കുമുമ്പേ രണ്ടുപേർ അവിടെയുണ്ടായിരുന്നു. എട്ടിക്കുളം ബീച്ചിനെ ഹവ്വാബീച്ചാക്കാൻ എത്തിയ അവർ, ഞങ്ങളെ കണ്ട് സദാചാരവാദികൾ എന്ന് തെറ്റിദ്ധരിച്ചാകാം സ്ഥലം വിട്ടത് , അവരെക്കുറിച്ചുള്ള ഞങ്ങളുടെ ധാരണകളെ ശരിവെച്ചു .അത് ഞങ്ങൾക്കു ചിരിക്കുള്ള വകയാകുകയും ചെയ്തു.) ഏറെ നേരം കടൽക്കാറ്റേറ്റും കടലലയുടെ തലോടൽ അനുഭവിച്ചും അവിടെ ചുറ്റിപ്പറ്റി നിന്നു.
       തിരിച്ചു വരും വഴി മറ്റൊരു സ്ഥലവും സന്ദർശിച്ചു. അതിവിശാലമായ ജലപ്പരപ്പ്.അവിടെ സ്വയം ചവുട്ടി നിയന്ത്രിക്കേണ്ട ബോട്ടിങ്ങ് സൗകര്യമുണ്ട്. ചുറ്റും കണ്ടൽക്കാടുകൾ വെച്ച് പിടിപ്പിച്ചിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മാടായിപ്പാറയ്ക്കും അടുത്തിലയ്ക്കും അടുത്തുള്ള കക്കമ്പാറയിലാണ്ഈ മനോഹരമായ സ്ഥലം.ജലത്തിന്റെ വിശാലതകൊണ്ട് തന്നെ ഈ പ്രദേശത്തെ പരപ്പ് എന്നപേരിൽ അറിയപ്പെടുന്നു.ധാരാളം സന്ദർശകർ അവിടെ വരാറുണ്ട്. മനോഹാരിതയും സൗകര്യവും വർദ്ധിപ്പിക്കാനുള്ള ജോലികൾ ഇപ്പോഴും അവിടെ നടക്കുന്നു.
 

കൂടുതൽ കാര്യങ്ങൾ ചിത്രങ്ങൾ പറയും.

1 comment:

nalina kumari said...

നന്നായിട്ടുണ്ട് ടീച്ചർ