Monday, January 18, 2016

വഴിയരികിലെ മരം.

.
കടന്നു പോകവേ കൈകൾ വീശിയെൻ 
കുഞ്ഞിലകളെ ഞെരിച്ചതും
കുളിരുനല്കുവാൻ  കൊതിച്ചോരെൻശാഖ
ഒടിച്ചെടുക്കുവാൻ ശ്രമിച്ചതും
പ്രണയസ്വപ്നങ്ങൾ പങ്കുവെയ്ക്കവെ
വെറുതെയെൻ  തൊലി പൊളിച്ചതും
തകർന്ന ബന്ധത്തിൽ മനം മടുത്തെന്റെ
ഉടലിൽ നിൻ  പകതീർത്തതും
പകൽ വെളിച്ചത്തെ ഭയന്ന് നീയെന്റെ
മറവിൽ ക്ലാന്തയായ് ഒളിച്ചതും
വെറുതെ കല്ലെടുത്തെറിയും ഭ്രാന്തിന്റെ
മുറിവ് ഞാൻ മെയ്യിൽ ഏറ്റതും

വഴിയെ പോകുവോർ വടിയെടുത്തെന്റെ
മുതുകിൽ താളമടിച്ചതും
ഒഴുകിടുമെന്റെ ഹൃദയരക്തത്താൽ
കൊടികൾ തൻ നിറം തീർത്തതും
ശ്വസനവേരുകൾ പിഴുതെറിഞ്ഞെന്റെ
ചുടുനിശ്വാസം നീ തടഞ്ഞതും
വെറുതെയെന്നു  നീ പറയുമെങ്കിലും
വെറുതെ വേദന സഹിച്ചു ഞാൻ
ഒടുവിൽ എന്തിനായ് തണലു തന്നോരെൻ
ചില്ലയിൽ ഭാരം  അളന്നു നീ 

അധിക നൊമ്പരച്ചൂടിനാലെന്റെ
ഇലകൾ തുള്ളി വിറച്ചു പോയ്‌
അരുതരുതെന്നു കരഞ്ഞു കേണിട്ടും
അടിവേരുപോലും അറുത്തവർ

അടിപതറി ഞാൻ അടിയവേ സൂര്യൻ
അധികവീര്യനായ് ജ്ജ്വലിച്ചതും 
അധികദൂരമല്ലപകടമെന്നെൻ
അടയും നേത്രത്തിൽ തെളിഞ്ഞതും
അത് പറയവെ  ചെവികൾ ഇല്ലാത്ത
അഹങ്കാരം പരിഹസിച്ചതും.
തലയുയർത്തുവാൻ അറിയാത്ത പുതു
തലമുറ കേട്ട് ചിരിച്ചതും 

വെറുതെ എന്ന് ഞാൻ കരുതിടാം
എല്ലാം വെറുതെയാകുമെന്നറിയുക 

അരികിലെത്തുന്നോരപകടങ്ങളെ
അറിയുന്നില്ലെന്നെന്നു നടിക്കുവോർ
അറിയണമെങ്കിൽ  ചൊറിയണം അന്ന്
അറിയും വഴിയെല്ലാം അടഞ്ഞെന്ന്.

5 comments:

സുധി അറയ്ക്കൽ said...

നല്ല അർത്ഥവത്തായ കവിത..

വരും തലമുറയ്ക്കായി ഒന്നും കരുതിവെക്കേണ്ടല്ലോ ഇന്നിന്‌.

വിനുവേട്ടന്റെ ബ്ലോഗിൽ നിന്ന് കയറിയതാണ്‌.ഇനിയും വരാം റ്റീച്ചർ!!!!

വിനുവേട്ടന്‍ said...

ദീപസ്തംഭം മഹാശ്ചര്യം...
നമുക്കും കിട്ടണം പണം...

അത്രയേയുള്ളൂ ടീച്ചറേ ഇന്നത്തെ കാലത്ത്‌...

കല്ലോലിനി said...

അരികിലെത്തുന്നോരപകടങ്ങളെ
അറിയുന്നില്ലെന്നെന്നു നടിക്കുവോർ
അറിയണമെങ്കിൽ  ചൊറിയണം അന്ന്
അറിയും വഴിയെല്ലാം അടഞ്ഞെന്ന്!!
അത്ര തന്നെ.!!

Bipin said...

കവിത കൊള്ളാം. ആദ്യത്തെ വരി അധികപ്പറ്റ്.തലക്കെട്ടിന്റെ ആവർത്തനം.കുറെക്കാര്യങ്ങൾ നീ എന്ന് സംബോധന ചെയ്തു പറയുന്നു. കുറെക്കാര്യങ്ങൾ വെറുതെ ആരോടെന്നില്ലാതെ. അത് ഭംഗിയായി തോന്നിയില്ല.

ജന്മസുകൃതം said...

sudhi,vinuvetta,kallolini bipin....
aareyum pratheekshichirunnilla. ennittum vannathil manassu niranja nandi.