Tuesday, December 29, 2015

അഭിരാമകുടുംബ സംഗമം

അഭിരാമകുടുംബ സംഗമം എന്നറിഞ്ഞപ്പോൾ മുതൽ എങ്ങനെ ആ ദിവസം അതിൽ  പങ്കെടുക്കാ മെന്ന  ആലോചന ആയിരുന്നു. ഏതാനും മാസമായി ബെഡ് റസ്റ്റ്‌ എന്ന അവസ്ഥയിലായിരുന്ന തിനാൽ വരുന്നകാര്യം ഒട്ടും പ്രതീക്ഷിക്കാവുന്നതായിരുന്നില്ല. എന്നാൽ ഒരു മാസം മുമ്പ് ഒരു മുംബൈ യാത്രയും ഒരു പൊതുപരിപാടിയും  നല്കിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ യാത്ര ഉറപ്പിച്ചു. എങ്കിലും ഒരു തുടർപരിശോധനയ്ക്ക് എന്ന പേരിട്ട് മാളയിലുള്ള എന്റെ വൈദ്യരെ കാണാൻ ഡിസം.22 നും, അന്ന് തന്നെ തിരിച്ചു യാത്ര ചെയ്യാൻ ബുദ്ധിമുട്ട് എന്ന  വ്യാജേന പിറ്റേന്നത്തേയ്ക്കും ട്രെയിൻ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.
പക്ഷേ പിന്നെയും തടസ്സമുണ്ടായി.പരിപാടിക്ക് മൂന്നു നാലു ദിവസം മുമ്പ് രണ്ടു കഷണം ഓറിയോ ബിസ്കറ്റ് അലർജിയായി എന്നെ കഷ്ടപ്പെടുത്തി. എന്നെ കണ്ടാൽ എനിക്ക് പോലും തിരിച്ചറിയാൻ പറ്റാത്ത വിധം ശരീരം ചൊറിഞ്ഞുവീർത്തു .ചൊറിച്ചിലടങ്ങിയപ്പോഴാകട്ടെ പുകച്ചിലും. അതിനേക്കാൾ  വരാൻ കഴിയില്ലല്ലോ എന്ന നിരാശയും...
(ഞാൻ ലീല എം ചന്ദ്രൻ എന്ന് നെറ്റിയിൽ  എഴുതി വരേണ്ടി വരും എന്നാണ് കരുതിയത്.)
എന്തായാലും 22 നു യാത്രപുറപ്പെടുമ്പോഴേയ്ക്കും കണ്ടാൽ ആരും പേടിച്ചോടില്ല എന്ന സമാധാന ത്തോടെ രാവിലെ പുറപ്പെട്ടു. നേരെ മാളയിലുള്ള ഡോക്ടറെ പോയി കണ്ടു. ടെസ്റ്റു റിസൾട്ട് കാണിച്ചു ഇപ്പോഴത്തെ സ്ഥിതിഗതികൾ വിലയിരുത്തി കെട്ട് കണക്കിന് മരുന്നുകളുമായി തൃശ്ശൂർക്ക്. ഇടയ്ക്കിടെ ചന്തുവേട്ടനെ വിളിച്ചു യാത്രയുടെ പുരോഗതി അറിയിച്ചിരുന്നു.ഏട്ടൻ എത്താൻ താമസമുണ്ടെന്നും ഗുരുജി നേരത്തെ എത്തിയിട്ടുണ്ടെന്നും അധികം വൈകാതെ ബോബിച്ചേട്ടായി
എത്തിച്ചേരുമെന്നും ഗുരുജിയുടെ നമ്പറിൽ വിളിച്ചാൽ കൃത്യമായ സ്ഥലം പറഞ്ഞു തരുമെന്നും ഏട്ടൻ അറിയിച്ചു.
ഞങ്ങളുടെ മകനെപ്പോലെ ഞങ്ങളെ സ്നേഹിക്കുന്ന തൃശ്ശൂരുള്ള സജീവനും ആതിരയ്ക്കും 9 വർഷത്തെ നീണ്ട ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷം കിട്ടിയ കണ്മണിയുടെ പേരിടീൽ 21 നു ആയിരുന്നു. അന്ന് വരാൻ കഴിയില്ലെന്നും 22 നു വരുമ്പോൾ കാണാമെന്നും പറഞ്ഞതിൻ  പ്രകാരം സജീവൻ കാത്ത് നിന്ന് ഞങ്ങളെയും കൂട്ടി ആതിരയുടെ വീട്ടിലേയ്ക്ക് പോയി.....കുഞ്ഞിനെ കണ്ട് അവരുമായി കുറച്ചുനേരം ചെലവഴിച്ചു. തിരിച്ച്  സജീവൻ തന്നെയാണ് ഞങ്ങളെ ലോഡ്ജിൽ എത്തിച്ചത്. 
മഞ്ഞളിന്റെ പേരുമായി സാമ്യമായ  ലോഡ്ജ് എന്ന് ചന്തുവേട്ടൻ പറഞ്ഞിരുന്നു.അവിടെത്തി ഗുരുജിയെ വിളിച്ചു. രണ്ടു മിനിട്ടു തികച്ചാകും മുമ്പ് തന്നെ രണ്ടു സൂര്യന്മാർ സ്റ്റെയർ കേസിൽ പ്രത്യക്ഷപ്പെട്ടു. രണ്ടുപേരും എനിക്ക് അറിയാവുന്നവർ. കൂത്തുകാരനെ ജനങ്ങൾ അറിയും.ജനങ്ങളെ കൂത്തുകാരൻ  അറിയില്ല എന്നതുപോലെ എന്നെ ആ മഹാപ്രതിഭകൾക്കറിയണം എന്നില്ലല്ലോ. അതുകൊണ്ട് കൈകൂപ്പി സ്വയം പരിചയപ്പെടുത്താൻ ശ്രമിച്ചു. അതിനു മുമ്പ് എന്നെ മനസ്സിലായ മട്ടിലായിരുന്നു അവരുടെ പെരുമാറ്റം.(എന്റെ രൂപം അവരെ ഒന്ന് സംശയിപ്പിച്ചിട്ടുണ്ടാകും എന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത്.)
നേരെ മുറിയിലേയ്ക്ക് ...അവിടെ അവരുടെ പ്രിയസഖിമാർ ...തറവാട്ടമ്മയുടെ ഗാംഭീര്യത്തോടെ ഗുരുപത്നിയും പ്രേമത്തിലെ ഒരു നായികയുടെ സ്റ്റൈലൻ മുടിയുമായി ശ്രീമതി ബോബിയും. കുശലങ്ങൾക്കു ശേഷം ഞങ്ങൾക്കായി അനുവദിച്ച മുറിയിൽ ഇരിക്കുമ്പോഴാണ് ഒരു പോലീസുകാരൻ കുടുംബസമേതം എത്തിയത്. അദ്ദേഹത്തിന്റെ അന്നത്തെയും പിറ്റേന്നത്തേയും ഡ്യൂട്ടി അഭിരാമത്തിനു വേണ്ടിയുള്ളതായിരുന്നു.(ഒരു വലിയ സല്യൂട്ട് സുരേഷ് )
അതിനിടയിൽ ഗുരുജിക്കും ചേട്ടായിക്കും 23നു  പ്രകാശനം നടത്താനുള്ള റഷീദ് തൊഴിയൂരിന്റെ രണ്ടുപുസ്തകങ്ങളടക്കം എന്റെ പുസ്തകങ്ങളും ആദരപൂർവം  സമർപ്പിച്ചിരുന്നു.അതിൽ കൈയൊപ്പ്‌ ചാർത്തണം എന്ന ഗുരുവാജ്ഞയും അനുസരിച്ചു.

7 മണിക്ക് എത്തുമെന്ന് പറഞ്ഞ ചന്തുവേട്ടനെ10 മണി ആയിട്ടും കാണാഞ്ഞ് വീണ്ടും വിളിച്ചു. താഴെ എത്തി എന്ന മറുപടി. ഗുരുജിയുടെ മുറിയിൽ  ചെല്ലുമ്പോൾ ഗുരുജിയുടെയും ചേട്ടായിയുടെയും പാതികൾ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ്. അവരോടൊപ്പം ഞാനും കൂടി . അല്പം കഴിഞ്ഞ പ്പോൾ സർഗ്ഗയും അമ്പിളിക്കുട്ടിയും (ഏട്ടത്തിയമ്മ യെന്നു വിളിക്കാൻപറ്റില്ലാലോ.)എത്തി.
പിന്നാലെ രണ്ടു സൂര്യന്മാരോടൊപ്പം പുതിയ സൂര്യനും അകമ്പടിയായി വാദ്യവും വാദ്യമേളക്കാരും. ലീലക്കുട്ടിയെന്ന ഒരു വിളിയിലൂടെ എന്നെ തൃപ്തയാക്കി ഒന്ന് വിശ്രമിക്കാൻ പോലും മെനക്കെടാതെ സംഗീതസപര്യയ്ക്കു തുടക്കമായി. പാട്ടിലും താള ത്തിലും ലയിച്ചു കുറച്ചു സമയം ചെലവഴിച്ചശേഷം ഞാൻ ഞങ്ങളുടെ മുറിയിലേയ്ക്ക് പിൻവാങ്ങി.
പിറ്റേന്ന് രാവിലെ എന്നെ സൂര്യകുടുംബത്തെ ഏല്പ്പിച്ച് ചന്ദ്രേട്ടൻ പുസ്തകക്കെട്ടുകൾ റെയിൽവേ സ്റ്റേഷനിൽ നിന്നും എടുത്ത് റഷീദിന്റെ ബന്ധുക്കൾക്ക് കൊടുക്കാൻ പോയി.പക്ഷേ  പറഞ്ഞ സമയം കഴിഞ്ഞിട്ടും അവരെത്തിയില്ല. ഒടുവിൽ ഭാരം എടുക്കരുത്എന്ന ഡോക്ടറുടെ വിലക്ക് കാര്യമാക്കാതെ പുസ്തകക്കെട്ടുകൾ എടുത്ത് 10 മണിയായപ്പോഴേയ്ക്കും ചന്ദ്രേട്ടൻ അഭിരാമ വേദിയിൽ എത്തി.
അതിനു മുമ്പേ ഞാൻ ത്രിമൂർത്തികൾക്കൊപ്പം സംഗമവേദിയിൽ എത്തിയിരുന്നു. പിന്നീടുള്ള സമയം അവിടുത്തെ മേളം എന്തായിരുന്നു എന്ന് പറഞ്ഞാൽ തീരൂല്ല. തിരിതെളിക്കൽ, ആദരിക്കൽ, അഭിരാമഗാനാവതരണം, അവാർഡ്‌ നല്കൽ, പുസ്തകപ്രകാശനം, പരിചയപ്പെടൽ അങ്ങനെ... അങ്ങനെ...അങ്ങനെ....ഈയുള്ളവളും പരിചയപ്പെടുത്തി. ഒരു കവിത ചൊല്ലണം എന്നുണ്ടായിരുന്നു. എല്ലാരേം പരിചയപ്പെട്ടിട്ടാകാം എന്ന് കരുതി.പക്ഷെ നിർഭാഗ്യവശാൽ പിന്നീട് അതിന് അവസരം ഒത്തില്ല.(രക്ഷപ്പെട്ടല്ലേ...!!)
നേരത്തെ പരിചയമുള്ള പലരെയും പിന്നെയും കണ്ടപ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാനാവില്ല. ഏട്ടനെ തിരുവനന്തപുരത്ത് അഞ്ജുകൃഷ്ണയുടെ പുസ്തകപ്രകാശനത്തിനാണ് ആദ്യം കണ്ടത്. ഗുരുജിയേയും ചേട്ടായിയേയും ഹരിശ്രീ ബുക്സിന്റെ പ്രകാശനത്തിന് എറണാകുളത്തു വെച്ചും .പോൾസൻ തേങ്ങാപ്പുരയ്ക്കലിന്റെ പുസ്തകപ്രകാശനത്തിനു പോൾസനെ മാത്രമല്ല വീണ്ടും ഗുരുജിയേയും, രാധാമീരയെയും മീരാ കൃഷ്ണയേയും കണ്ടു. മീരകൃഷ്ണയെ  പിന്നീടും പലപ്രാവശ്യം കണ്ടിരുന്നു.സർഗയെ പരിചയപ്പെട്ടത് ദുബൈയിൽ വെച്ചാണ്(നൈനീക നിധിയുടെ "മഞ്ഞുപോയ ശീർഷകങ്ങൾ " എന്ന പുസ്തകപ്രകാശനം സബീൽ പാർക്കിൽ വെച്ച് നടത്തിയപ്പോൾ.) ജിനിൽ,ഗ്രാമീണൻ , സാബുകൊട്ടോട്ടി,ബുദ്ധിമാനായ വിഡ്ഢിമാൻ,(ബ്ലോഗ്‌ തുടങ്ങിയകാലം മുതൽ സാബുവും വിഡ്ഢിമാനും   സുഹൃത്തുക്കൾ ആണ്‌. ), ലതിക പി  നന്ദിപുലം(മഹിതഭാസ്കറിന്റെ , "നോവുപാടം" ശ്രീജ വേണുഗോപാലിന്റെ "കൊടുവേലിപ്പൂക്കൾ " എന്നീ പുസ്തകപ്രകാശനത്തിന് സംഗീത നാടക അക്കദമിയിൽ വെച്ച്) ,നാൻസിത, ശ്രീക്കുട്ടി ,ജിൽജിത്ത് (മൂവരേയും എന്റെ "ദൈവം കല്ലിൽ എഴുതിയത് "എന്ന പുസ്തകപ്രകാശനവേളയിൽ)ബഷീർ വല്ലപ്പുഴ, ശിവനന്ദയുടെ "മഞ്ഞു പൂത്ത വെയിൽ  മരം" (ചങ്ങമ്പുഴ പാർക്ക്),പോൾസന്റെ ''ചാത്തനേറ് " എന്നിവയുടെ പ്രകാശന ത്തിന്...  മധുവേ ട്ടനും ഞാനും കണ്ണൂർ കവിമണ്ഡലം വേദിയിൽ ഒരുമിച്ചുള്ളവർ ...അങ്ങനെ ബ്ലോഗ്‌ മീറ്റിങ്ങുകളിലും പുസ്തകപ്രകാശന വേദികളിലും വെച്ച് പരിചയപ്പെട്ടവർ ഒരുപാടുപേർ ശ്രീനാരായണൻ മൂത്തേടത്ത് ,രാമകൃഷ്ണൻ സരയു.  പാവൂട്ടിച്ചേച്ചി, ദീപ കരുവാട്ട് തുടങ്ങിയവരെ പരിചയപ്പെടുത്താതെതന്നെ മനസ്സിലായി. മാലതിയമ്മ, വിജു നമ്പ്യാർ, നിഖിൽ തളിക്കുളം, അപ്പുക്കുട്ടൻ  തുടങ്ങിയവരെ പേര് പറഞ്ഞതേ തിരിച്ചറിഞ്ഞു.(നിഖിലിനെ ഒരിക്കലും മറക്കില്ലട്ടോടാ.. ഇനിയും നമുക്ക് വഴക്കുണ്ടാക്കണ്ടേ...!!) അജയ് കുമാർ ,കൃഷ്ണ രാജാ ശർമ്മയും  കുടുംബവും, വൈക്കം രാമചന്ദ്രനും കുടുംബവും, സരിത ഉണ്ണി,റഷീദിന്റെ ഭാര്യ,അമ്മ,മകൾ  ,മരുമകൻ, ദിവ്യ തുടങ്ങിയവരെയൊക്കെ പുതുതായി   മനസ്സിൽ പതിച്ചുവെച്ചു. രാജീവ്‌ പിള്ളത്തിന്റെ കവിത കേട്ട് ആസ്വദിച്ചു. ചുമരരികിൽ പതുങ്ങി  നിന്ന ഒരാളെ കണ്ടപ്പോൾ അമ്പിളിക്കുട്ടിയുടെ അനുജത്തിക്കുട്ടി യാണോ എന്ന് സംശയിച്ചു.പക്ഷേ അടുത്തുവന്നു പേര് പറഞ്ഞപ്പോഴാണ്  എന്റെ അമൃതക്കുട്ടിയാണെന്ന് മനസ്സിലായത്.(ലവ് യു ടാ )  ...
ഈ ആഘോഷത്തിനിടയിൽ ഞങ്ങളുടെ പുത്രന്റെ പ്രധാനപ്പെട്ട ഒരു  ഒഫീഷ്യൽ കടലാസ്സ്‌ വെസ്റ്റ് ഫോർട്ടിലെ ഒരു ഓഫീസിൽ എത്തിക്കേണ്ട കാര്യം പാടെ മറന്നുപോയി.അവൻ ബങ്കലൂരിൽ നിന്നും വിളിച്ചപ്പോഴാണ് ഓർമ്മ വന്നത്.സമയം ഉച്ചയാകാറായിരുന്നു.പിന്നെ ഓടിപ്പിടിച്ച് ഓഫീസിൽ പോയി കാര്യം സാധിച്ചു. അപ്പോഴേയ്ക്കും കരുണയില്ലാത്ത സമയം ഒളിമ്പിക്സ് റെയ്സ് നടത്തി വിജയിച്ചിരുന്നു.
ഊണ് കഴിക്കുന്നവർക്കും പായസം കുടിക്കുന്നവർക്കും അതിന്റെ മേന്മയേക്കുറിച്ച്  പ്രകീർത്തിക്കുന്ന വർക്കുമിടയിലൂടെ ഒരുപിടിച്ചോറും ഇത്തിരി മോരും കൂട്ടി വയറിനെ സമാധാനിപ്പിച്ച് ഞാൻ പോകുന്നേ പോകുന്നേ എന്ന് യാത്ര പറഞ്ഞു നടന്നു. പറഞ്ഞവരോടുതന്നെ വീണ്ടും വീണ്ടും പറഞ്ഞത് കേട്ടാകണം ഏട്ടൻ "അങ്ങനെയാകട്ടെ ലീലക്കുട്ടി.അസുഖമെല്ലാം വേഗം മാറും .ധൈര്യമായിരിക്ക് " എന്ന് സമാധാനിപ്പിച്ച് പറഞ്ഞയച്ചത്. 3.20 ന്റെ വണ്ടി പിടിക്കാനായിരുന്നു തിരക്കിട്ടത്. അതുകൊണ്ടുള്ള നഷ്ടം വല്ലാത്ത വേദനയാകുന്നു.പാട്ട് ,കവിത പുല്ലാംകുഴൽ.....അടിപൊളി ഡാൻസ് ....ശ്ശ്യോ...... ങാ.....ഇനിയും വസന്തം വരും അല്ലെ..?
ഏതൊരു മീറ്റ്‌ കഴിയുമ്പോഴും അവിടെ ഉണ്ടായിരുന്നിട്ടും ചിലരെ പരിചയപ്പെടാൻ പറ്റാത്ത വിഷമം ഉണ്ടാകാറുണ്ട്. ഇത്തവണ ആ പേര് വിജയ്‌ കരുണിന്റേതാണ്. ഉഷ ഷിനോജിന്റെ"കനൽ പെയ്യുന്ന കൃഷ്ണപക്ഷങ്ങൾ" എന്ന പുസ്തകപ്രകാശനച്ചടങ്ങിന്റെ ചർച്ചകൾക്കിടയിൽ പലവട്ടം കേട്ട പേരാണ്. അന്ന് വരാൻ  കഴിഞ്ഞില്ല. പിന്നെ അഭിരാമവാർത്ത പ്രക്ഷേപണത്തിന്റെ സമയത്താണ് ഞാൻ കണ്ടത് വിജയിനെ ആണെന്ന് മനസ്സിലായത്.(ഒരു ചിരിയുടെ ലാഞ്ചന ആ മുഖത്ത് കണ്ടിരുന്നെങ്കിൽ എപ്പം ഞാൻ കേറി പരിചയപ്പെട്ടു എന്ന് നോക്കിയാൽ മതി.) ഉം ....ഇനിയും വർഷം പൊഴിയും...
അല്ല ...കുറ്റം എന്റേത് തന്നെയാ...നിഖിൽ പറഞ്ഞതുപോലെ ഒരു ഫാഷൻകാരി എന്ന തോന്നലിൽ എന്നോട് മിണ്ടാൻ പലരും മടിച്ചിട്ടുമുണ്ടാകാം. ദുബൈയിൽ വെച്ചും മുംബൈയിൽ വെച്ചും ഒരു മരണവീട്ടിൽ വെച്ചും ഇങ്ങനത്തെ അപവാദം ഞാൻ കേട്ടിട്ടുണ്ട്.
(അതിനൊക്കെ പിന്നിൽ ഓരോ കഥകളുണ്ട് .അത് പിന്നെ പറയാം കേട്ടോ. ഇനിയും ഈ കാത്തിരിപ്പു തുടർന്നാൽ ആരുടെയൊക്കെ ക്ഷമനശിക്കും എന്ന് പ്രവചിക്കാനാകില്ല.)
ദേ ....ചില പേരുകൾ ഓർമ്മയിൽ മങ്ങൽ  സൃഷ്ടിച്ചിട്ടുണ്ട്. ക്ഷമിക്കുക  ഒരു ക്ലൂ തന്നു സഹായിക്കുമെങ്കിൽ ഇപ്പോഴേ നന്ദി പറയുന്നു. (ചില ആത്മാക്കൾ അവിടെ ചുറ്റിത്തിരിയുന്നത് കണ്ടിരുന്നു കേട്ടോ .ഒരു ഹായ് അവർക്ക്.)
അങ്ങനെ എല്ലാരും വളരെക്കാലം സുഖമായി ജീവിച്ചു.എന്നാൽ ഇനി  എല്ലാരും പോയി ഉറങ്ങിക്കോ. ശുഭരാത്രി..... മധുര സ്വപ്നങ്ങൾ........

No comments: