Wednesday, January 4, 2012

മരം

മരം
*******

പെരുവഴിയോരത്തുണ്ടൊരുമരം
പൊരി വെയിലേറ്റു തളര്‍ന്ന
പാന്ഥന്‌  തണലേകുവാന്‍
വെയിലേറെക്കൊണ്ടതാണീമരം.

ഇലകള്‍ പൊഴിച്ചും തളിര്‍ത്തും,
പൂവിരിയിച്ചും,
കൂടൊരുക്കാന്‍ കിളികള്‍ക്കു
ചില്ലകള്‍ കൊടുത്തും,
ഇത്തിക്കണ്ണികള്‍ക്കു ജീവന്‍ പകുത്തും
നാളേറെയായ്‌ നില്‍പ്പതുണ്ടീമരം.

വെയിലേറ്റു തളരാതെ,
കൊടുങ്കാറ്റിലിടറാതെ,
പെരുമഴയിലടിപതറാതെ,
കുത്തിയൊഴുകിപ്പോം മണ്ണിനെ
ഇറുക്കിപ്പിടിച്ചും,
കുട്ടിക്കുറുമ്പുകള്‍ മുറിവേല്‍പ്പിച്ച
തനുവില്‍ കലകള്‍ ബാക്കിവച്ചും
നില്‍ക്കയാണീമരം, നാളേറെയായ്‌.

ഓര്‍ക്കുവാനുണ്ടതിനേറെ പ്രതാപങ്ങള്‍
കാത്തു സൂക്ഷിച്ച സല്‍കൃത്യങ്ങള്‍,
പൊയ്പോയ കാല ചരിത്രങ്ങള്‍,
പഴം പുരാണങ്ങള്‍,
അശ്വമേധങ്ങള്‍,പടപ്പുറപ്പാടുകള്‍,
പാതിയില്‍ നിര്‍ത്തിയ സാമ്രാജ്യസ്വപ്നങ്ങള്‍,
പേരുകള്‍,പെരുമകള്‍,ക്രൂര നിയമങ്ങള്‍,
തേര്‍വാഴ്ചകള്‍,
താന്‍ പോരിമ കാട്ടിയ ഗര്‍വ്വുകള്‍,
സ്ഥാനമാനങ്ങള്‍ തന്‍ ആക്രാന്തങ്ങള്‍,
ബലപരീക്ഷകള്‍,നേട്ടങ്ങള്‍,
കോട്ടങ്ങള്‍ ,
വീര മൃത്യുവിന്‍ പതക്കങ്ങള്‍
ഓര്‍ക്കുവാനിനിയുമുണ്ടേറെ....

പ്രണയം.....മഹാസ്മാരകമായതും
സാമ്രാജ്യം ത്യജിച്ചതും,
പ്രണയം... വൈരൂപ്യത്തെ
ഹൃദയത്തിലേറ്റതും,
മഹായുദ്ധമായ്‌ പരിണമിച്ചതും,
പ്രണയം.... എരിതീയില്‍ മുളച്ചതും,
തനിയെ വളര്‍ന്നതും,
പ്രണയം ....തകര്‍ന്നതും ,
ഉന്മാദമായ്ത്തീര്‍ന്നതും ,
മരണം മാടി വിളിച്ചതും ,
ഫലമായ്‌ ചില്ലയില്‍ പിടഞ്ഞതും....
ഓര്‍ക്കുവാനുണ്ടതി നിനിയുമെ ത്രയോ ബാക്കി.

ഉണ്ടായിരുന്നു നന്മ തുളുമ്പുന്ന
ബന്ധങ്ങള്‍,
സ്നേഹ വിശ്വാസങ്ങള്‍ ,
ആദരവുകള്‍,
കള്ളവും ചതിയേതുമില്ലാ ദിനങ്ങള്‍,
ജ്ഞാന സുകൃതങ്ങള്‍....,
എന്തിനുചൊല്ലുന്നീ പഴം കഥപ്പാട്ടുകള്‍
എല്ലാം മനസ്സിലൊതുക്കി നില്‍ക്കയാണീമരം
നാളുകളേറെയായ്‌.


പിന്നെയുമൊതുങ്ങാത്തൊരോര്‍മ്മകള്‍...
മാനം മറന്ന നാടിന്റെ നോവുകള്‍,
മാറത്തടിച്ചു വിലപിക്കും മനസ്സുകള്‍,
നഷ്ട സ്വപ്നങ്ങള്‍,
വിലയറ്റവ്യക്തി ബന്ധങ്ങള്‍,
വിലപേശി വില്‍ക്കും മാംസങ്ങള്‍,
കടിച്ചു കീറപ്പെട്ട ബാല്യ കൗമാരങ്ങള്‍,
ചതിക്കുഴിയൊരുക്കി
കാത്തിരിക്കുന്ന കഴുകന്മാര്‍,
ഒറ്റക്കൈയിലും ശക്തി
സ്വരുക്കൂട്ടിയ ദുഷ്ട ജന്മങ്ങള്‍,
പരിഹാസച്ചെയ്തികള്‍,
ആയുധങ്ങള്‍ക്കു ദാഹമാറ്റുവാന്‍
പാവമിരകള്‍,
ഒരിക്കലുമടങ്ങാത്ത പകകള്‍,
അണപൊട്ടിയൊഴുകും രക്ത നദികള്‍....
പറയുവാനിനിയുമുണ്ടേറെ.

അല്ലെങ്കില്‍ എന്തു ചൊല്ലുവാന്‍...?
പുതു കഥയിതൊന്നുമാത്രം

പൊരിവെയിലേറ്റു തളര്‍ന്ന പാന്ഥന്‌
തണലേകി..
വെയിലേറെക്കൊണ്ട്‌
ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം.
************************

43 comments:

Unknown said...

kollaam

വേണുഗോപാല്‍ said...

പിന്നെയുമൊതുങ്ങാത്തൊരോര്‍മ്മകള്‍...
മാനം മറന്ന നാടിന്റെ നോവുകള്‍,
മാറത്തടിച്ചു വിലപിക്കും മനസ്സുകള്‍,
നഷ്ട സ്വപ്നങ്ങള്‍,
വിലയറ്റവ്യക്തി ബന്ധങ്ങള്‍,
വിലപേശി വില്‍ക്കും മാംസങ്ങള്‍,
കടിച്ചു കീറപ്പെട്ട ബാല്യ കൗമാരങ്ങള്‍,
ചതിക്കുഴിയൊരുക്കി
കാത്തിരിക്കുന്ന കഴുകന്മാര്‍,
ഒറ്റക്കൈയിലും ശക്തി
സ്വരുക്കൂട്ടിയ ദുഷ്ട ജന്മങ്ങള്‍,
പരിഹാസച്ചെയ്തികള്‍,
ആയുധങ്ങള്‍ക്കു ദാഹമാറ്റുവാന്‍
പാവമിരകള്‍,
ഒരിക്കലുമടങ്ങാത്ത പകകള്‍,
അണപൊട്ടിയൊഴുകും രക്ത നദികള്‍....
പറയുവാനിനിയുമുണ്ടേറെ.

ഇന്നിന്റെ ഈ നേര്‍കാഴ്ചകള്‍ ... പറയുവാനിനിയുമുണ്ട്
നല്ല വരികള്‍ ... നല്ല കവിത
അഭിനന്ദങ്ങള്‍

പ്രയാണ്‍ said...

തളിര്‍ത്തുനിറഞ്ഞൊരുമരം പോലൊരു കവിതയും.......

Unknown said...

nice one.

Gopikrishnan VS said...

"പൊരിവെയിലേറ്റു തളര്‍ന്ന പാന്ഥന്‌ തണലേകി വെയിലേറെക്കൊണ്ട്‌ ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം." -

നന്മമരം...

ഇന്നുണ്ടോ ആ മരം? വളരെ പ്രസക്തമായ ചോദ്യം...
ഒരുപാട് നീളം കൂടി മരത്തിനു... പക്ഷേ മരം തണലേകുന്നു. നിറയെ കായ്കനികള്‍ നല്‍കുന്നു...
ആശംസകള്‍!

ചന്തു നായർ said...

ഒരു കവിതയിൽ ഒരുപാട് കാര്യങ്ങൾ പറാഞ്ഞല്ലോ ...വളരെ ഇഷ്ടപ്പെട്ടീക്കവിത....പറായാനൊത്തിരിയുണ്ടെന്നാകിലും പറയാനെളുതല്ലതൊന്നും...ഇപ്പോൾോരു വലിയ നമസ്കാരം മാത്രം.....

Kaithamullu said...

പുതുവത്സരത്തില്‍ ആദ്യമായ് വായിക്കുന്ന കവിത ടീച്ചറുടേതായതില്‍ സന്തോഷം.

മരം എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരേണ്ടത് കവി കുഴൂര്‍ വിത്സനെയാണ് (പിന്നെ അനിലനേയും) പക്ഷേ ഈ നന്മമരത്തിന്നടുത്ത് നിന്നപ്പോള്‍ ഓര്‍മ്മ വന്നത് ബാലചന്ദ്രന്‍ മുല്ലശ്ശേരി മാസ്റ്ററുടെ
"വീട്ടിന്റെ തെക്കേപ്പുറ-
ത്തമ്പല നടയ്ക്കലാ
നാട്ടിലെ കുഞ്ഞുങ്ങളെ-
പ്പൂമാല ചാര്‍ത്താന്‍ മാത്രം
നോറ്റു നിഷ്കാമം നിത്യം
പൂക്കളാല്‍ നിലം മൂടും
കൂറ്റനാമിലഞ്ഞി"യെന്ന “കളിത്തോഴനെ”യാണ്.

2012 ല്‍ എല്ലാര്‍ക്കും നല്ലത് മാത്രം ആശംസിക്കുന്നു.

പട്ടേപ്പാടം റാംജി said...

നമ്മള്‍ക്ക് ലഭിക്കുന്നതിനെക്കുറിച്ച് മാത്രമെ നമ്മള്‍ നോക്കുന്നുള്ളു. അതെങ്ങിനെ എവിടെ നിന്ന്, എന്തെല്ലാം സഹനങ്ങള്‍ക്ക് ശേഷം നമുക്ക്‌ തരുന്നു എന്ന് ചിന്തിക്കാറില്ലല്ലോ...
പുതുവത്സരാശംസകള്‍.

ജീവി കരിവെള്ളൂർ said...

ഗതകാലസ്മരണകളേറെയുള്ള മരത്തിനെ ഇന്നിന്റെ നേർ‌സാക്ഷിയാക്കാനനുവദിക്കാതെ രക്തസാക്ഷിയാക്കുകയല്ലേ വികസനമെന്ന സ്വപ്നങ്ങൾ !

Mohamedkutty മുഹമ്മദുകുട്ടി said...

പുതു കഥയിതൊന്നുമാത്രം

പൊരിവെയിലേറ്റു തളര്‍ന്ന പാന്ഥന്‌
തണലേകി..
വെയിലേറെക്കൊണ്ട്‌
ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം....എല്ലാം പഴം കഥ പോലെ!.

Dr.Kanam Sankar Pillai MS DGO said...

Good

valsan anchampeedika said...

ഓർക്കുവാ.......ബാക്കി..

ഓർത്തുനിൽ‌പ്പാണിന്നും
തീയിൽക്കുരുത്തൊരു
വിത്തിൽ‌പ്പിറന്നൊരീപ്പൂമരം..

keraladasanunni said...

തണല്‍ നല്‍കാന്‍ മരവും ഭാരം ഇറക്കിവെക്കാന്‍ അത്താണിയും ദാഹം മാറ്റാന്‍ തണ്ണീര്‍പന്തലും. കഴിഞ്ഞുപോയ കാലത്തിന്‍റെ നന്മ. മരത്തിന്‍റെ മനസ്സിലൂടെ കാലത്തിന്നു വന്ന മാറ്റം ചിത്രീകരിച്ചത് ഏറെ ഭംഗിയായി. പുതു വര്‍ഷത്തില്‍ ഇതുപോലെ ഇനിയും നല്ല കവിതകള്‍ രചിക്കാനാവട്ടെ.

ente lokam said...

ഈ നന്മ മരം അവിടെ നിന്നോട്ടെ..അതിനെ
മുറിച്ചു കളയണ്ടായിരുന്നു....ഓര്‍മ്മകള്‍ എങ്കിലും
താലോലിക്കാന്‍ ഇന്നുകള്‍ക്ക് മറ്റെന്തു ആണ്‌ ഉള്ളത്...
ആസ്വദിച്ചു വായിച്ചു...ചിന്തിച്ചു...നല്ല കവിത...ലളിതം
സുന്ദരം...ആശംസകള്‍....

Manoraj said...

കൈതമുള്ള് ശശിയേട്ടന്‍ പറഞ്ഞു... കൂടുതല്‍ പറയുന്നതില്‍ അര്‍ത്ഥമില്ല..

കവിത നന്നായിട്ടുണ്ട്..

ഷെരീഫ് കൊട്ടാരക്കര said...

ആ മരം എന്നുമുണ്ടാകട്ടെ....

പാവപ്പെട്ടവൻ said...

പാന്ഥന്‌ തണലേകുവാന്‍
വെയിലേറെക്കൊണ്ടതാണീമരം...ഈ വരിയിൽ നിന്നും അവസാനത്തെ വരിയിലേക്ക് വെയിലേറെക്കൊണ്ട്‌
ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം. ...എത്തുമ്പോൾ ചെറിയ ഒരു കുഴപ്പമുണ്ട് ..(ക്കൊണ്ടതാണീമരം + ഉണ്ടായിരുന്നൊരു മരം ശ്രദ്ധിക്കുമല്ലോ

വീകെ said...

നന്നായിരിക്കുന്നു ലീലേച്ചി..
സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ മനുഷ്യന്റെ നന്ദികേടിന്റെ എത്ര എത്ര കഥകൾ അവർ പറയുമായിരുന്നു....
ആശംസകൾ...

Sabu Hariharan said...

നല്ല കവിത.
'ആക്രാന്തങ്ങൾ' എന്ന വാക്ക്‌.. അതു വേണോ?

രമേശ്‌ അരൂര്‍ said...

മരമായിരുന്നു ഞാൻ
പണ്ടൊരു മഹാ നദി-
ക്കരയിൽ നദിയുടെ പേരു
ഞാൻ മറന്നു പോയ്.
വയലാറിന്റെ പ്രശസ്തമായ കവിത ,,ബാക്കി കൂടി വായിക്കാം ,,വായിക്കണം ,
ബ്ലോഗില്‍ വായിച്ച മറ്റൊരു കവിത :
ദേ ഇവിടെ
ലീലേച്ചിയുടെ കവിതയും കൊള്ളാം .

Muralee Mukundan , ബിലാത്തിപട്ടണം said...

വിലയറ്റവ്യക്തി ബന്ധങ്ങള്‍,
വിലപേശി വില്‍ക്കും മാംസങ്ങള്‍,
കടിച്ചു കീറപ്പെട്ട ബാല്യ കൗമാരങ്ങള്‍,
ചതിക്കുഴിയൊരുക്കി
കാത്തിരിക്കുന്ന കഴുകന്മാര്‍,
ഒറ്റക്കൈയിലും ശക്തി
സ്വരുക്കൂട്ടിയ ദുഷ്ട ജന്മങ്ങള്‍,
പരിഹാസച്ചെയ്തികള്‍,
ആയുധങ്ങള്‍ക്കു ദാഹമാറ്റുവാന്‍
പാവമിരകള്‍,
ഒരിക്കലുമടങ്ങാത്ത പകകള്‍,
അണപൊട്ടിയൊഴുകും രക്ത നദികള്‍....
പറയുവാനിനിയുമുണ്ടേറെ....
പറഞ്ഞാലും,പറഞ്ഞാലും തീരാത്തവ..

സ്നേഹതീരം said...

ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിച്ച്..വെയിലില്‍ നിന്നുരുകി..സ്നേഹത്തണലേകി
.. ഒടുവില്‍ ഒരോര്‍മ്മയായ് മാറുന്ന മരം.. മെല്ലെ മെല്ലെ മാഞ്ഞുപോവുന്ന ഒരോര്‍മ്മ..

നല്ല കവിത, ടീച്ചറെ
അഭിനന്ദനങ്ങള്‍

Umesh Pilicode said...

ആ മരം ഈ മരം ആ മരം ഈ മരം ആ മരം ഈ മരം ...

റിനി ശബരി said...

പെരുവഴിയോരത്തുണ്ടൊരുമരം
പൊരി വെയിലേറ്റു തളര്‍ന്ന
പാന്ഥന്‌ തണലേകുവാന്‍
വെയിലേറെക്കൊണ്ടതാണീമരം..
നല്ല വരികള്‍ ..അമ്മ ..
മരവും ,മനുഷ്യ മനസ്സും..
ഉപമ മനോഹരം..
കണ്ടും കേട്ടും കൊടുത്തും
നാളേറെയായ് നില്പുണ്ടാ മരം .
ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍
നീളുമേറെ കാലമെങ്കിലും , വരികളില്‍ നിറയുന്നത്
ഇന്നിന്റേ മനസ്സിന്റേ തുടുപ്പുകള്‍.
കാലത്തിന്റേ കൈകളില്‍ കലിയുഗം
അരങ്ങ് വാഴുമ്പൊഴും നിശബ്ദനായീ
നില്പുണ്ടാ മരം..അവസ്സാനം
കടക്കല്‍ വീഴുന്ന വാള്‍ മൂര്‍ച്ച കാതോര്‍ത്ത്..
നന്നായീ പറഞ്ഞൂ അമ്മ ..ഇഷ്ടമായീ ..

ദേവന്‍ said...

ഈ കവിത വായിച്ചപ്പോള്‍ ബാലേട്ടന്‍ സിനിമയിലെ കഥാപാത്രത്തെ ആണ് ഓര്‍മ്മവന്നത് കാരണം ജീവിതകാലം മുഴുവന്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ചിലവഴിച്ചു ജീവിക്കുന്ന ചിലരെ എനിക്കറിയാം ചില തണല്‍ മരങ്ങള്‍ അവരുടെ ജീവിതം പലപ്പോഴും ആരും കാണാതെ പോകുന്നു... നല്ലകവിത

കെ.എം. റഷീദ് said...

വളരെ നന്നായിട്ടുണ്ട് എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍
പോര
കവിതയുടെ ചൂരും നേരിന്റെ നനവും ഒത്തിണങ്ങിയ
ഒരു ഓര്‍മപ്പെടുത്തല്‍ കവിത
ഒരുപാടിഷ്ടമായി

ഒരു യാത്രികന്‍ said...

ഇഷ്ടമായി ഈ മരക്കവിത.......സസ്നേഹം

മാനവധ്വനി said...

മരം ഇപ്പോൾ ബോൺസായ് ആയി സമ്പന്നരുടെ സ്വീകരണമുറിയിൽ ഢംബ് കേട്ട് വിഷമിച്ച് ഇരിക്കയല്ലേ..

മനോഹരമായിരുന്നു.
ഒത്തിരി പറഞ്ഞു..ഭാവുകങ്ങൾ നേരുന്നു.

പ്രൊഫ.ശ്രീലകം വേണുഗോപാല്‍ said...

'നില്‍ക്കയാണീമരം, നാളേറെയായ്‌.'
എന്നു വര്‍ത്തമാനകാലത്തിലും
‘ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം.‘
എന്നു ഭൂതകാലത്തിലും എഴുതിയതു് എന്താണാവോ..ആ മരം ഇപ്പോഴുമുണ്ടോ അതോ നശിപ്പിക്കപ്പെട്ടോ?
എന്നാലും ഈ മരസ്നേഹം ഇഷ്ടപ്പെട്ടു...

Sureshkumar Punjhayil said...

Nanma Maram ...!!!

Manoharam, Ashamsakal...!!!!

raghu said...

ente nattilum oru maram undayirunnu
aa maram vettyveezhthi avite
oru manthriyute BIMBUM sthapichu

കുസുമം ആര്‍ പുന്നപ്ര said...

നല്ല കവിതയാണു ടീച്ചറേ

Admin said...

പൊരിവെയിലേറ്റു തളര്‍ന്ന പാന്ഥന്‌
തണലേകി..
വെയിലേറെക്കൊണ്ട്‌
ഈ പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം.

ഇത് പോലെ തണലേകുന്ന മരങ്ങളെക്കാണാതെ പോവുന്നതാണ് നമ്മുടെ ശാപം.. നല്ല കവിത.. വളരെ ഇഷ്ടപ്പെട്ടു.

Echmukutty said...

വരാൻ വൈകിയെങ്കിലും നല്ല വരികൾ നൽകിയ ആഹ്ലാദത്തിൽ.......

അനില്‍കുമാര്‍ . സി. പി. said...

ഇഷ്ടമായി ടീച്ചറേ.

വി.എ || V.A said...

നാടിന്റെ ഉൾക്കാഴ്ചകൾ എടുത്തുപറഞ്ഞ് നന്നായി അവതരിപ്പിച്ചു. ശരിക്കും ഇത് ‘ഗദ്യകവിത’യാണ്. നല്ലത്. (‘ശ്രീ.പാവപ്പെട്ടവനും’ ‘പ്രഫസറും’ സൂചിപ്പിച്ചത് ശ്രദ്ധിക്കുമല്ലൊ.)

Kalavallabhan said...

പെരുവഴിയോരത്ത്‌
ഉണ്ടായിരുന്നൊരു മരം

Typist | എഴുത്തുകാരി said...

അങ്ങിനെ എത്രയെത്ര ഓർമ്മമരങ്ങൾ!

ManzoorAluvila said...

teacher thiruthalukal pavappettavan paranjathu enikkum thonni enkilum kavitha nallathu..

aaashamsakal

ജന്മസുകൃതം said...

എന്റെ മരത്തില്‍ കയ്യൊപ്പ് പതിച്ച എല്ലാവര്ക്കും ഞാന്‍ സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടെക്കാവുന്ന ആ മാറ്റം .... ഒരു മരം ഉണ്ട്.....ആ മരത്തിന്റെ ഗുണങ്ങളും ഓര്‍മ്മകളും പഴംപുരണങ്ങള്‍ എന്ന
നിലയില്‍ ശ്വാസം വിടാതെ പറഞ്ഞിട്ട് പെട്ടെന്ന് ചുവടു മാറ്റി...ഒരുപാട് പറയാനുണ്ടെങ്കിലും ഇനി പറയാന്‍ ഒന്നുമാത്രമേ ഉള്ളു പുതു കഥ
ഈ പെരു വഴിയോരത്ത് ഒരു മരം ഉണ്ടായിരുന്നു എന്ന് നിര്‍ത്തുകയാണ്....
.ഇന്ന് എവിടെ ഈ ഓര്‍മ്മകള്‍ക്കായി ഒരു മരം...?
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തില്‍ നിന്നും ,അത് വായനക്കാരെ ധരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്ന കാര്യം ബോധ്യമായി.
അടുത്ത രചനയില്‍ ഞാന്‍ അത് തീര്‍ച്ചയായും മനസ്സില്‍ വയ്ക്കുന്നതാണ്.

മേരി പെണ്ണ് said...

ഇഷ്ട്ടായിട്ടോ ടീച്ചറെ മേരി പെണ്ണിന് ഈ കവിത... ഇനിയും വരാം..

kochumol(കുങ്കുമം) said...

നന്മ മരം കാലത്തിന്റെ മാറ്റത്തെ നന്നായി ചിത്രീകരിച്ചു ..നല്ലകവിത

rajukanhirangad said...

best blog