Sunday, November 14, 2010

മകനോട്

മകനോട്

ലീല എം ചന്ദ്രന്‍

മകനെ,നിന്മഴുവിന്‍ മുനതേഞ്ഞുവോ?വീണ്ടു-
മരിയുക മടിയാതെ നിന്നമ്മതന്‍ ഗളം.

പ്രിയതരമച്ഛന്റെയാജ്ഞനിറവേറ്റുക
വരമായ് പുനര്‍ജ്ജന്മമേകാതിരിക്കുക.

അച്ഛന്റെ മകനായി നീ കേമനാകുക,
അമ്മയ്ക്ക് വേണ്ടിയാ മഴു മൂര്‍ച്ച കൂട്ടുക.

പലവട്ടംശിക്ഷയായ്‌ മരണം ലഭിക്കിലും
പുനര്‍ജ്ജന്മശിക്ഷയിതു തുടരെലഭിക്കയാല്‍,

മമനെഞ്ചില്‍നിത്യം ജ്വലിക്കുമീയഗ്നിയിനി
ഒരുനാളുമണയില്ല,തനയാ നിനയ്ക്കുക.

രേവാനദിയുടെയോളങ്ങളില്‍ പ്രേമ-
ലോലരാമിണകളെകണ്ടൊരാവേളയില്‍,

എന്‍ നഷ്ട സ്വപ്നത്തിന്നാഴങ്ങളോര്‍ത്ത് ഞാന്‍
ഗദ്ഗദകണ്ഠയായ്‌ നിശ്ചലം നിന്നു പോയ്‌ ;

ഓര്‍മ്മയെപ്പോലും കുളിരണിയിച്ചൊരാ
ദര്‍ശന സൗഖ്യത്തിലാണ്ടുപോയെന്‍ മനം.

അന്തരാത്മാവിലെ ചിന്തയും പാര്‍ക്കുവാന്‍
പ്രാപ്തനാം താപസ ശ്രേഷ്ഠന്‍ വിധിച്ചുടന്‍,

മനസ്സാലെ ചെയ്തൊരീ പാപ കര്‍മ്മത്തിനു
ശിക്ഷയാ,'യിവളെ വധിക്കെ'ന്നു നിര്‍ദ്ദയം.


അമ്മയെ കൊല്ലുവാനാകാതെ സോദരര്‍
നമ്ര ശിരസ്കരായ്‌ ശാപങ്ങളേല്‍ക്കവേ,

നിന്‍ വെണ്മഴു ചെന്നിണം നുകര്‍ന്നു ,നിന്റെ
ധീരകര്‍മ്മത്തിലോ താതനും പ്രീതനായ്‌.


അവിടെയാച്ചരിതത്തിന്നന്ത്യമായീടുവാന്‍
അരുതെന്നു മകനേ നീ എന്തേ നിനച്ചുപോയ്‌?

മതിയായി മതിയായി മതികെട്ട ജീവിതം
മടിയാതെയിനിയും നീ അരിയുക മല്‍ഗ്ഗളം.

അറിയാമെനിക്കില്ല മോക്ഷമിനിയൊരുനാളും
പുനരുയിരേകാന്‍ നിന്‍ താതനുണ്ടോര്‍ക്കുക,ആരുനിന്നച്ഛന്‍..!മഹാ താപസന്‍ ...!നൂറു -
നൂറു യാഗങ്ങള്‍ക്കുമന്ത്രം ജപിച്ചവന്‍,

എരിയും ഹോമാഗ്നിയില്‍ ഇന്നോളമര്‍പ്പിച്ച
ഹവ്യ നിക്ഷേപത്തിന്‍ ശക്തിയാര്‍ജ്ജിച്ചവന്‍.

നീയുമറിയുന്നതല്ലേ, കുമാരകാ
ധീര പാരമ്പര്യ കേള്‍വികള്‍! ശക്തികള്‍..!

തീക്ഷ്ണമാം നോട്ടത്താല്‍ ഗര്‍ഭം നിറപ്പവര്‍,
തീയില്‍ നിന്നും പുതു സൃഷ്ടി നടത്തുവോര്‍,

നൈവേദ്യച്ചോറില്‍ നിന്നമ്മയ്ക്കും പുത്രിക്കും,
ഒപ്പമായ്‌ സന്താന സൗഖ്യം കൊടുക്കുവോര്‍,

(ബന്ധങ്ങളെങ്ങനെ ചൊല്ലേണം?മാതുല-
നെന്നോ,നിരൂപിക്കില്‍ സോദരനാണവന്‍ )

സൃഷ്ടി സംഹാരങ്ങള്‍ കൈക്കുള്ളിലാക്കിയോര്‍
ഓര്‍ക്കുനീ,യെന്തെന്തു ധീര ചരിതങ്ങള്‍..!


എങ്കിലുമൊന്നു നീ കേള്‍ക്കണം പുത്രാ,
നിന്നമ്മതന്‍ വാക്കുകള്‍ നീഗ്രഹിച്ചീടണം,

കേവലയാമൊരു സ്ത്രീ ഞാ-നെനിക്കില്ല
വരദാനശക്തിയും ശാപാധീശത്വവും,

കല്‍പനാശേഷിയുമില്ലെനിക്കേതും
നിന്നച്ഛന്റെ സേവയ്ക്കായ്‌ ജീവിതം നീക്കിയോള്‍,

ആ തപശക്തി തെളിയിക്കുവാന്‍ വെറും
പാത്രമായ്ത്തീര്‍ന്നവള്‍,തീര്‍ത്തും നിരാശ്രയ.


കാലം മനസ്സില്‍ നല്‍കാമനാ വാജിതന്‍
അങ്കുശം പൊട്ടിച്ച നാളു ഞാനോര്‍ക്കുന്നു,

ദേഹം പുതു പുത്തന്‍ പുളകാങ്കുരങ്ങള്‍ക്കു-
വേദിക തീര്‍ത്തതും ആടിത്തിമിര്‍ത്തതും,

നീള്‍മിഴിത്തുമ്പിലായ്‌ സ്വപ്നം വിരിഞ്ഞതും,
ചെം നിണമാര്‍ന്നു കപോലം തുടുത്തതും,

പേരറിയാത്തൊരനുഭൂതി എന്‍ സിരാ-
തന്തുവില്‍ അഗ്നിയായാളിപ്പടര്‍ന്നതും,

എന്നും നിറനിലാവെന്നു നിനച്ചതും,
ഓര്‍മ്മയില്‍ തേന്മഴ തൂകയാണിപ്പോഴും.


അന്നെന്നെക്കണ്ടു നിന്നച്ഛന്‍ തപോധനന്‍..!
കണ്ടതില്ലന്നും ഞാന്‍, ആ തേജോ രൂപനെ...

എങ്കിലുമെന്‍ പ്രിയ താതന്റെയാജ്ഞയാല്‍,
ആ മഹാ താപസ ഹസ്തം പിടിച്ചു ഞാന്‍;

സുന്ദര സങ്കല്‍പ സ്വപ്നങ്ങള്‍ തുന്നിയ
മന്ദാര ശയ്യ പ്രിയനായൊരുക്കി ഞാന്‍.

മകനേ നീയറിയുക
,ന്നെല്ലാക്കിനാക്കളും
വെറുതെയായ്‌ മനമൊരുകല്ലായുറഞ്ഞുപോയ്‌...!


മൃദുല ഭാവങ്ങള്‍ തപം ചെയ്തുറക്കിയ
മുനിയുടെ ഭാര്യ ഞാന്‍,അല്ല, പരിചാരിക,

അഗ്നിഹോത്രങ്ങള്‍ക്കു പാതിയായ്‌ മാറുവാന്‍,
ഹോമദ്രവ്യങ്ങള്‍ ഒരുക്കി വച്ചീടുവാന്‍,

കല്‍പന കേള്‍ക്കുവാന്‍ മാത്രമായ്‌,യൂപത്തില്‍
ബന്ധിതമായെന്റെയീ ശപ്ത ജീവിതം.

സ്നേഹഭാവങ്ങളും,ഭോഗ സൗഖ്യങ്ങളു,
മേതുമെനിക്ക്‌ മരീചിക മാത്രമായ്‌.

എങ്കിലുമെന്‍ ഗര്‍ഭ പാത്രം നിനക്കും, നി-
ന്നഗ്രജന്മാര്‍ക്കും പിറവിതന്‍ ഗേഹമായ്‌,

എല്ലാം നിന്നച്ഛന്റെ താപസപ്രാഭവം,
പാരമ്പര്യത്തിന്റെ തനതാമാവര്‍ത്തനം.മകനേ, നിനക്കുമതറിയില്ലപെണ്ണിന്റെ
മനവും, മാതൃത്വത്തിന്‍ മഹനീയ ഭാവവും.

അച്ഛനോതിത്തന്ന വിജ്ഞാന വീഥിയില്‍
നീയറിഞ്ഞീടാത്ത നഗ്ന യാഥാര്‍ഥ്യങ്ങള്‍..

രേവാനദിതന്‍ പുളിനവുമെന്നന്തര്‍ദ്ദാഹവും
മോഹവും കണ്ടു തുടിച്ചെന്നാല്‍,

അറിയുക മകനേ നീ,യെല്ലാമറിയുമെ-
ന്നകമേ നിനയ്ക്കുന്ന നിന്‍ പ്രിയ താതനോ,

അറിഞ്ഞി,ല്ലറിയാന്‍ ശ്രമിച്ചി,ല്ലൊരിക്കലും
അബലയാമീ,യമ്മ തന്നാത്മ നൊമ്പരം.

നീറുമീ നോവിന്റെ ജ്വാലതന്‍ ചൂടില്‍നിന്‍
താ
തന്റെ യാഗാഗ്നി കേവലം ...,നിഷ്പ്രഭം...!!അരുമയാം മോഹങ്ങളായോഗ ശക്തിയാല്‍
അപമാനിതം,വ്യര്‍ഥം യൗവനമെങ്കിലും,

ശാപ വചസ്സുമായ്‌ നിന്നച്ഛനെന്‍ നേര്‍ക്കു-
ക്രുദ്ധനായെന്നുമാ തൃക്കണ്‍ മിഴിക്കിലും,

മകനേ,യിതെന്നാത്മ വചനം പിഴയൊന്നും
പ്രിയനെ മറന്നു ഞാന്‍ ചെയ്തില്ല നിശ്ചയം..!മതിയായി മതിയായി മതികെട്ട ജീവിതം
മഴു വീശിയെന്‍ തല കൊയ്തു നീ മാറ്റുക.

അതിനു മുമ്പെന്നന്ത്യ മോഹം ശ്രവിക്കുക,
അതു പൂര്‍ത്തിയാക്കുവാന്‍ നീ ശ്രമം ചെയ്യുക

മനസ്സോടെ നിന്നെ പ്രസവിക്കുവാന്‍ വീണ്ടും
എന്‍ ഗര്‍ഭ പാത്രത്തില്‍ നീയവതരിക്കുക,

എന്‍ മുലപ്പാലിലൂടെന്നെ നീയറിയുക,
എന്‍ മടിത്തട്ടിന്നലങ്കാരമാകുക,

പുനര്‍ജ്ജന്മമെങ്കിലും തീരാത്തൊരാശയെ-
ന്നപഹസിച്ചെന്നെ നീ നീറ്റാതിരിക്കുക,

മരണം ലഭിക്കിലുമിന്നുമാ മുനിവര്യന്‍
മൃത സഞ്ജീവനി മന്ത്രമോതുന്നതോര്‍ക്കുക

നിത്യമായ് മൃത്യുവും നല്‍കാന്‍ മടിക്കും നിന്‍
താതന്റെവാശി നീ ശീതീകരിക്കുക;

ഇവിടെ നീയച്ഛനേക്കാള്‍ കേമനാകുക
അമ്മതന്‍ മകനായി കര്‍മ്മങ്ങള്‍ ചെയ്യുക;

നിന്‍ തപ ശക്തി സ്വരുക്കൂട്ടി വയ്ക്കുക;
മഴുവിന്റെ വായ്ത്തല രാകി മിനുക്കുക;

ഇനിയും പിഴക്കാതിരിക്കാന്‍,പുനര്‍ജ്ജന്
ശിക്ഷാവിധിയെനിക്കേകാതിരിക്കുവാന്‍;

നിന്‍ മഴു പൊക്കി നീയാഞ്ഞാഞ്ഞു വീശുക;
എന്‍ ജന്മമെന്നേയ്ക്കുമായറുത്തീടുക;

മകനേ,ഇതമ്മതന്‍ അന്ത്യാഭിലാഷം നീ,
സാക്ഷാത്കരിക്കുക മോക്ഷമേകീടുക.


**********സമാപ്തം ************

14 comments:

keraladasanunni said...

രേണുകയുടെ ഹൃദയവ്യഥ ഒന്നാന്തരമായി അവതരിപ്പിച്ചു. നല്ല കവിത വായിക്കാന്‍ 
സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്.
അഭിനന്ദനങ്ങള്‍.

പ്രയാണ്‍ said...

നല്ലക്ഷമയുണ്ട്............ കുറച്ചുവരികളെഴുതുമ്പോഴേക്കുംതന്നെ എനിക്കു മതിയാവും പിന്നെ എങ്ങിനെ നിര്‍ത്തണമെന്നാണ് ആലോച്ക്കാറ്. നന്നായിട്ടുണ്ട് കവിത. ഇന്നലെ പ്രണയവും വായിച്ചുട്ടോ........... ഇന്നൊന്നൂടെ നോക്കാമെന്നു വിചാരിച്ചപ്പോള്‍കണ്ടില്ല.

Kunjubi said...

ഉഗ്രമാറ്റിക്...ചെറുശ്ശേരിയും എഴുത്തച്ചനും, കുഞ്ഞിരാമൻ നായരും,ഉള്ളൂരും, എന്തിനു ഈ ഞാനും കവിത എഴുത്തു നിർത്തുകയാണു നല്ലതെന്നു തോന്നുന്നു. ഞങ്ങളെ ഒക്കെ അടിച്ചു തറ പറ്റിച്ചില്ലെ. കൊള്ളാം..

jayarajmurukkumpuzha said...

makanodu ammaykku parayanullathu... aashamsakal....

Aneesa said...

കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ , നന്നായിരിക്കുന്നു

Thommy said...

Nalla varikal

ഉമ്മുഅമ്മാർ said...

എന്താ പറയുക ഇതിനൊന്നും അഭിപ്രായം പറയാൻ മാത്രം ഞാൻ വളർന്നിട്ടില്ല നല്ല വരികൾ വളരെ നന്നയിരിക്കുന്നു……… അമ്മയുടെ വ്യഥയും എല്ലാം ഇതല്ലെ കവിത……….

Pranavam Ravikumar a.k.a. Kochuravi said...

ആദ്യം തന്നെ ഇത്രയും വരികള്‍ എഴുതിയതിനു അഭിനന്ദനങ്ങള്‍.. ഒരു മകനോട്‌ അമ്മക്ക് പറയാനുള്ള കാര്യങ്ങളെല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു..

"മകനേ,ഇതമ്മതന്‍ അന്ത്യാഭിലാഷം നീ,
സാക്ഷാത്കരിക്കുക മോക്ഷമേകീടുക"

(ഈ അമ്മയുടെ അഭിലാഷം നമുക്ക് സഫലമാക്കാം)

ആശംസകളോടെ


Please see the same comment in

http://enikkuthonniyathuitha.blogspot.com/

ജയിംസ് സണ്ണി പാറ്റൂര്‍ said...

കൊച്ചുരവിയുടെ കമന്റ് ബോക്സ് വഴിയാണിവിടെ
എത്തുന്നത്. ആനുകാലിക പ്രസിദ്ധീകരങ്ങളില്‍
മാത്രമല്ല ബൂലോകത്തും മികച്ച കവിതകളുണ്ടെന്ന്
ഈ കവിത അടിവരയിട്ട് ഉത്ഘോഷിക്കുന്നു.

Vayady said...

കൊച്ചുരവിയുടെ കമന്റ് ബോക്സ് വഴിയാണ്‌ ഞാനും ഇവിടെ എത്തിയത്. അതുകൊണ്ട് നല്ലൊരു കവിത വായിക്കാന്‍ സാധിച്ചു. രവിക്ക് നന്ദി പറയുന്നു. നല്ലൊരു കവിത സമ്മാനിച്ചതിന്‌ താങ്കള്‍ക്ക് അഭിനന്ദനവും.

Vayady said...

ടീച്ചറേ, ടീച്ചറുടെ മിക്ക കവിതകളും ഞാന്‍ വായിച്ചു. ഞാനിനി ഇവിടത്തെ സ്ഥിരം അന്തേവാസിയായിരിക്കും. കവിതകളെല്ലാം എനിക്കത്രക്കിഷ്ടമായി :)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

വായിച്ചിടത്തോളം ഇഷ്ടമായി ..മൊത്തം വായിക്കാനുള്ള ക്ഷമ ഉണ്ടായില്ല ..

lekshmi. lachu said...

നല്ല വരികൾ വളരെ നന്നായിരിക്കുന്നു..കൊച്ചുരവിയുടെ കമന്റ് ബോക്സ് വഴിയാണ്‌ ഞാനും ഇവിടെ എത്തിയത്..

അമീന്‍ വി ചൂനുര്‍ said...

നല്ല വരികൾ വളരെ നന്നയിരിക്കുന്നു………