Friday, January 23, 2009

രാധാ മാധവം

നിന്‍ വിളി കേള്‍ക്കാന്‍ കൊതിച്ചു, എന്തേ-
യിന്നോളം നീ വിളിച്ചീലാ?
നിന്നെ വിളിക്കാന്‍ മടിച്ചു, നിന-
ക്കെന്നോടു കോപമായാലോ?

നിന്‍ കഥകള്‍ക്കായ്‌ തുടിച്ചു,മനം
ജന്മ സായൂജ്യമതെന്നാല്‍
എന്‍ കഥ ചൊല്ലിയതില്ല,നിന്റെ -
മാനസം നൊന്തു പോയാലോ?

നിന്‍ മുരളീരവം കേള്‍ക്കേ,ഉള്ളം
തുള്ളിത്തുളുമ്പുമെന്നാലും
പിന്‍ പാട്ടു പാടിയതില്ല, ശ്രുതി-
ഭംഗമായ്‌ ഞാന്‍ മാറിയാലോ?
നിന്‍ മിഴിക്കോണില്‍ത്തിളങ്ങും, പ്രേമ
വൈഡൂര്യമെന്‍ സ്വന്തമാക്കാന്‍
മോഹമെന്‍ ഹൃത്തിലുണ്ടെന്നാല്‍, അതി-
മോഹമായ്‌ നീ നിനച്ചാലോ?

നിന്‍ നിഴലായ്‌ നടന്നീടാന്‍,എന്നും
നിന്നിലലിയാന്‍ കൊതിച്ചു,
എങ്കിലും ദൂരെ ഞാന്‍ നിന്നു, മമ
ദര്‍ശനം ദോഷമായാലോ?

2

എല്ലാം മറക്കാന്‍ സഹിക്കാന്‍, മനം
കല്ലാക്കി മാറ്റാന്‍ ശ്രമിച്ചു
ഒന്നും സഫലമായില്ല കണ്ണാ
എങ്ങനെ നിന്നെ മറക്കാന്‍?

എങ്ങു തിരിഞ്ഞാലും കാണ്മൂ, നിന്റെ
ലീലാവിലാസ മാഹാത്മ്യം
എന്തിലും ദര്‍ശിപ്പതൊന്നേ, കണ്ണാ-
നിന്‍ പ്രതിച്ഛായകള്‍ മാത്രം.

നിന്‍ മുഖമോ? സന്ദേഹിച്ചു,വാനില്‍
പൗര്‍ണ്ണമിത്തിങ്കളെ കാണ്‍കെ,
നിന്‍ നറും പുഞ്ചിരിപ്പാലോ? നിശ
മന്ദമായ്‌ പാരിലൊഴുക്കി?

നിന്നധരത്തിന്‍ ചുവപ്പോ? സന്ധ്യ
തന്‍ ചായക്കിണ്ണത്തില്‍ ചേര്‍ത്തു?
നിന്നുടയാടതന്‍ ചേലോ? കണി-
ക്കൊന്നയില്‍ പൂക്കളായ്ത്തീര്‍ന്നൂ?

നിന്‍ നയനത്തിന്നഴകു ചേര്‍ത്തോ
നാന്മുഖന്‍ താമര തീര്‍ത്തൂ?
നിന്‍ പാദ പത്മം മുകര്‍ന്നോ, തത്ത-
തന്‍ മലര്‍ച്ചുണ്ടു ചുവന്നു?

നിന്‍ നിറം ഗര്‍ഭം ധരിച്ചോ? കടല്‍-
തന്‍ മണിക്കുഞ്ഞിനെപ്പെറ്റു?
നിന്നളകത്തിന്‍ ചുരുളോ? കടല്‍
വന്‍ തിരമാലയ്ക്കു നല്‍കീ?

നിന്‍ കിങ്ങിണി തന്‍ സ്വനമോ?, കാട്ടു-
ചോലകള്‍ തന്‍ സ്വന്തമാക്കീ?
നിന്‍ വേണു നാദത്തികവോ, കുയി-
ലിന്‍ സ്വരമാധുര്യമേറ്റീ?

നിന്‍ മാറില്‍ ചേര്‍ത്തതു കൊണ്ടോ, പൂര്‍ണ്ണ
ചന്ദ്രനും ശ്രീവത്സമുണ്ടായ്‌?
മൗലിയില്‍ ചൂടുകയാലോ, മയില്‍-
പ്പീലിതന്‍ ചാരുതയേറീ?

നിന്‍ സ്പര്‍ശനത്തിന്‍ കുളിരോ, ഇളം
കാറ്റിന്റെ കൈയില്‍ കൊടുത്തൂ?
നിന്‍ ദയാ വായ്പ്പിന്നമൃതോ, ആത്മ
ശാന്തിയായെന്നെപ്പുണര്‍ന്നു?

കാറിലും കാറ്റിലും കായല്‍ തിര-
ക്കോളിലും നിന്നെ ഞാനോര്‍ക്കേ,
ഇല്ല, മറക്കുവാ,നെന്നാല്‍ ,നിന-
ക്കെല്ലാം മറക്കാന്‍ കഴിഞ്ഞോ?

കാളിന്ദി തീരം മറന്നോ? ഗോക്കള്‍
മേയുന്ന മേടും മറന്നോ?
ഗോപികമാരൊത്തു ചേര്‍ന്ന, രാസ
ക്രീഡകളെല്ലാം മറന്നോ?

3

നിന്‍ വേണു കേള്‍ക്കാതെ കണ്ണാ, ഗോപ-
വൃന്ദങ്ങള്‍ക്കുണ്ടാമോ തോഷം?
ഇന്നില്ല പൂക്കള്‍ക്കു ഗന്ധം, വര്‍ണ്ണം
സന്ധ്യകള്‍ പോലും നിരാഭം.

പൂങ്കുയില്‍ പാടുന്നതില്ല, കരി-
വണ്ടു മുരളുന്നതില്ല,
ആണ്മയിലാടുന്നുമില്ല, എങ്ങും
വിങ്ങും വിമൂകത മാത്രം

ഈ യമുന നദി തീരത്തെന്നും
കാത്തിരിപ്പൂ നിന്നെ രാധ,
കണ്ണാ നീയില്ലാത്ത ജന്മം,എനി-
ക്കെന്നെന്നും നിര്‍ജ്ജീവമല്ലോ.

പോയ വസന്തമീത്തോപ്പില്‍ നറും
പൂക്കള്‍ വിടര്‍ത്തുമോ വീണ്ടും?
കേള്‍ക്കുവാനൊക്കുമോ കാതില്‍
തേനിമ്പം വളര്‍ത്തിടും രാഗം?

പണ്ടുനാമൊന്നായ്‌ രചിച്ച, ഗീതം
പാടുവാനൊക്കുമോ വീണ്ടും?
കാര്‍മുകില്‍ വര്‍ണ്ണാ,യെന്‍ കണ്ണാ
കനിഞ്ഞേകുമോ ദര്‍ശനഭാഗ്യം?

വഴി തെറ്റിയെങ്കിലുമൊന്നീ-യിട
വഴിയെ നീ വന്നെത്തിയെങ്കില്‍...!
രാജീവ നേത്രനേ,രാധയ്ക്കെന്നും
മോഹങ്ങള്‍ മാത്രമോ ബാക്കീ.....?
....................................
ഈ മാസത്തെ "തുഷാരം" ഓണ്‍ലൈന്‍ മാഗസീനില്‍ വന്ന കവിത ..
http://www.thusharam.com/article.asp?artId=319

14 comments:

പരമാര്‍ഥങ്ങള്‍ said...
This comment has been removed by the author.
പരമാര്‍ഥങ്ങള്‍ said...

കവിതയ്ക്ക് സുഗതകുമാരിയുടെ മണം.
ഏതിനും വളരെ നന്നായി

പരമാര്‍ഥങ്ങള്‍ said...

കാടാണു കാടിൻ കടൻമ്പിന്റെ തുമ്പത്ത്
കാൽ തൂക്കിയിട്ടിരിപ്പാണു രാധ....

hAnLLaLaTh said...

സാന്ദ്രമായ വരികള്‍...
ആശംസകള്‍...

മാണിക്യം said...

ഈ കവിത വായിക്കാന്‍
കഴിഞ്ഞതു ഭാഗ്യമായി കരുതുന്നു .
നല്ലൊരു കവിത
എല്ലാ നമയും നേരുന്നു ..

ബൈജു (Baiju) said...

ഇടയച്ചെക്കനെത്തേടിയുള്ള ആയര്‍വധുവിന്‍റ്റെ കാത്തിരിപ്പ്.

റ്റീച്ചര്‍, വളരെ നന്നായിരിക്കുന്നൂ................

സസ്നേഹം,
ബൈജു

Sapna Anu B.George said...

നല്ല കവിത

വിജയലക്ഷ്മി said...

nalla kavitha..nalla aashayam..enikkothhiri ishtamaayi..aashamsakal!

Yesodharan said...

Leela teachere,kavitha manoharamayittundu...vrindavanathiloode,kaalindee theerathu koodi oru yathra cheytha anubhoothi....ashamsakal......!!!

ഗൗരിനാഥന്‍ said...

എന്തോ വല്ലാണ്ടിഷ്ടായില്ല..ആവര്‍ത്തനം എന്നു തോന്നി

Sureshkumar Punjhayil said...

Manoharam... Ashamsakal...!!!

Manoraj said...

kavithayute syly evideyo keetumarannapole...sorry vimarsichathalla.. ketto.. pinne, ente blog nokki abhipryam ariyikkumallo?

ദേവരാജ് said...

sugatha kumaariyude raadhayevide vaayichappozhundaaya athe santhosham....chehcee nannaayittundu

ഷാജി നായരമ്പലം said...

വ്യാമോഹമെങ്കിലും തീര്‍ക്കാം-മോഹ
ശില്പങ്ങളെപ്പോഴുമാര്‍ക്കും