Saturday, April 12, 2008

മാറ്റം..അന്ന്.....

...മാറ്റം..പിണക്കം ഭാവിച്ചിട്ടും പുലഭ്യം പറഞ്ഞിട്ടും
വിട്ടുവീഴ്ചയെന്യേ നാം അന്യോന്യം പൊരുതവെ
ഓര്‍ക്കുവാന്‍ മറക്കുന്നു കാലവൃക്ഷത്തില്‍ നിന്നും
വല്‍സരമതിധൃതം കൊഴിഞ്ഞു തീരും സത്യം
ഓര്‍ക്കവേയത്യാശ്ചര്യമുണരുന്നുണ്ടെന്നാണീ -
താളഭ്രംശത്തിന്‍ ഭാരം നമ്മളില്‍ക്കടന്നേറി?
തങ്ങളില്‍ പകയുടെ തീക്കനലൂതിക്കത്തി-
ച്ചെന്തിന്നായ്‌ വൃഥാ കാരമുള്ളു പോല്‍ വ്യഥ പോറ്റി?
ഞാന്‍ ചിരിക്കവേ നിന്റെ വദനം കറുക്കുന്നു
നീ ചിരിക്കവേ ഞാനും കപടം ഭാവിക്കുന്നു
ഒപ്പമായ്‌ ഒരു ചിരി നാം സ്മരിക്കവേ കാലം
എത്രയോ കാതം ദൂരത്തെത്തിയെന്നറിയുന്നു
എന്നില്‍നിന്നുദ്ഗമിക്കും വാക്കുകള്‍ കേള്‍ക്കേ എതിര്‍-
വാക്കുനിന്നുടെ നാവിന്‍ തുമ്പിലിറ്റുനിന്നാലും,
ചൊല്ലില്ല,കഷ്ടം! വാശി, പിന്നെ നീ ചൊല്ലീടുമ്പോള്‍ ‍
കേള്‍ക്കുവാന്‍ കൂട്ടാക്കാതെ എന്‍ പക ജയിക്കുന്നു
കാണുവാന്‍ കൊതിയോടെ ഓടി ഞാനണയുമ്പോള്‍
‍ക്രൂരമാം ഭാവം പേറി നീ മുഖം തിരിക്കുന്നു
പിന്നെ നിന്‍ നയനങ്ങള്‍ എന്നിലേയ്ക്കെത്തീടുമ്പോള്‍ ‍
എന്നിലെയഹംബോധം നിന്‍ കാഴ്ച മറയ്ക്കുന്നു
ഓര്‍ക്കവേ അത്യത്ഭുതം  നിറയുന്നുണ്ടെന്നാണീ-
മോഹഭംഗത്തിന്നാഴം നമ്മളെ ദൂരത്താക്കി.....!?


..അന്ന്...
അന്നുനാം യുവത്വത്തിന്‍ തണ്ടുകള്‍ താങ്ങീടവെ
കണ്ടിരുന്ന കിനാക്കള്‍ വര്‍ണനങ്ങള്‍ക്കപ്പുറം
ചിന്തയില്‍പ്പോലും നറുപൂനിലാപ്പാലും-സിരാ-
തന്തുവില്‍ തുള്ളും രക്തത്തുടിപ്പും പ്രവാഹവും
ദൂരമെത്ര കാതമെന്നാലുമാഹൃദ്സ്പന്ദങ്ങള്‍‍
‍ചാരേ നിന്നല്ല,തന്നില്‍ തന്നെയെന്ന പോല്‍ കേട്ടു.
എന്നെ നീ പുണരുമ്പോള്‍ 
എന്‍ മനസ്സെന്നെവെടി 
ഞ്ഞമ്പുപോല്‍                                                                                                                       നിന്‍ഹൃത്തിനും
അപ്പുറത്തെത്തിനിന്നു                                                                                                                                                                                  
നീ വലം കാല്‍ വെയ്ക്കവെ ഒട്ടുമേ യത്നം കൂടാ-
തെന്‍ വലം കാലും മുന്നോട്ടെന്ന മട്ടായിരുന്നു.
രാവിലും പകലിലും നോവിലും നിനവിലും
രാഗാനുഭൂതികള്‍തന്‍ ഗാഡമാം ഭാവത്തിലും 
കൃത്യമായ്‌ പദം വച്ചു നൃത്തമാടിയോര്‍ മധു-
ഒപ്പമായ്‌ പാനം ചെയ്തു തൃപ്തരായ്ക്കഴിഞ്ഞവര്‍.
ഓര്‍ക്കുവാന്‍ വയ്യ, കണ്ണീര്‍ക്കടലിന്നാഴങ്ങളില്‍
‍നമ്മള്‍ നമ്മളെ വൃഥാ എന്തിനു മുക്കിത്താഴ്ത്തീ...?

11 comments:

കാപ്പിലാന്‍ said...

ഞാന്‍ ചിരിക്കവേ നിന്റെ വദനം കറുക്കുന്നു
നീ ചിരിക്കവേ ഞാനും കപടം ഭാവിക്കുന്നു

വളരെ സത്യമയിട്ടുള്ള ഒരു കാര്യമാണ് ഇത് .നന്നായി

സാരംഗി said...

ഓര്‍ക്കുവാന്‍ വയ്യ, കണ്ണീര്‍ക്കടലിന്നാഴങ്ങളില്‍
‍നമ്മള്‍ നമ്മളെ വൃഥാ എന്തിനു മുക്കിത്താഴ്ത്തീ...?

നന്നായിട്ടുണ്ട് കവിത.

ജന്മസുകൃതം said...

നന്ദി കാപ്പിലാന്‍ ... നന്ദി സാരംഗി....

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ബൂലോഗത്തെ നിത്യ സാന്നിധ്യമാകുക. കവിത നന്നായിട്ടുണ്ട്. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

ഭ്രാന്തനച്ചൂസ് said...

കൊള്ളാം.....

നാം എന്നും നമ്മളെന്നും ഉള്ള ഒരുമയിലേക്ക് നീ.... ഞാന്‍ എന്ന ചിന്ത വരുമ്പോളുണ്ടാകാവുന്ന അവസ്ഥ വളരെ നന്നായി എടുത്ത് കാട്ടിയിരിക്കുന്നു. ഒപ്പം " ഈഗോ " എന്ന പിശാചിന്റെ നീരാളിക്കരങ്ങളേയും........
മനോഹരമായിരിക്കുന്നു. ഭാവുകങ്ങള്‍......

ഗീത said...

വളരെ ആഴമുള്ള കവിത, ലീലാചന്ദ്രന്‍.
ഫോണ്ട് ഇത്തിരിക്കൂടി വലുതാക്കിയെങ്കില്‍ വായിക്കാന്‍ ഇത്തിരിക്കൂടി സുഖമുണ്ടായേനെ. പിന്നെ ഹൃത്ത്, തൃപ്തി എന്നിവയുടേ മംഗ്ലീഷ് ഇങ്ങനെ : hr^thth, thr^pthi
ഋ കാരം വരാന്‍ r^ type ചെയ്യുക.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വരികള്‍ നന്നായിരികുന്നു

Shooting star - ഷിഹാബ് said...

kaavyabhangiyundu kooduthal vishayangale pradhipaadichezhuthuka.

അജയ്‌ ശ്രീശാന്ത്‌.. said...

"ഓര്‍ക്കുവാന്‍ മറക്കുന്നു കാലവൃക്ഷത്തില്‍ നിന്നും
വല്‍സരമതിധ്രുതം കൊഴിഞ്ഞു തീരും സത്യം
ഓര്‍ക്കവേയത്യാശ്ചര്യമുണരുന്നുണ്ടെന്നാണി-
താളഭ്രംശത്തിന്‍ ഭാരം നമ്മളില്‍ക്കടന്നേറി?"

ലീല എം ചന്ദ്രന്‍..
കവിത നന്നായിട്ടുണ്ട്...

Sunith Somasekharan said...

ഓര്‍ക്കുവാന്‍ വയ്യ, കണ്ണീര്‍ക്കടലിന്നാഴങ്ങളില്‍
‍നമ്മള്‍ നമ്മളെ വൃഥാ എന്തിനു മുക്കിത്താഴ്ത്തീ...?
ഓര്‍ക്കുവാന്‍ വയ്യ, കണ്ണീര്‍ക്കടലിന്നാഴങ്ങളില്‍
‍നമ്മള്‍ നമ്മളെ വൃഥാ എന്തിനു മുക്കിത്താഴ്ത്തീ...?
kollam ...ishtappettu...

ഉപാസന || Upasana said...

നന്നായിരിക്കുന്നു
ആശംസകള്‍
:-)
ഉപാസന