Saturday, June 7, 2014

എന്റെ തീരുമാനം.

എന്റെ തീരുമാനം.

ഞാൻ  ഗൌരവത്തിലാകാൻ തീരുമാനിച്ചു.
അത്ര പാവമൊന്നുമല്ല എന്ന്
നാലാൾ അറിയട്ടെ.
ചാഞ്ഞ മരത്തിൽ  ഓടിക്കയറാം ...
നനഞ്ഞിടം കുഴിക്കാം
വിശ്വസിക്കുന്നവരെ ചതിക്കാം
ഇതൊക്കെയാണ് പലരുടെയും വിചാരം.
അങ്ങനെയുള്ള  ചിന്തയുമായി
എന്റെ  അരികിലേയ്ക്ക് വരുന്നവരെ
ഇനി പടിക്ക് പുറത്തു നിർത്തണം
എന്റെ സഹായം ആവശ്യമുള്ളവരോട് ..
എനിക്ക് ഒരു കരുണയും തോന്നില്ല.
മറ്റുള്ളവരെ സഹായിക്കേണ്ട ആവശ്യം എനിക്കെന്താ...?
നല്ല വാക്കുകൾ പറയാൻ ....
നന്മകൾ ചെയ്യാൻ
 (ഓ ആർക്ക് വേണം ങ്ങ്ടെ സഹായം.....!!
പാലം കടക്കുവോളം നാരായണാ...നാരായണാ)
മറ്റുള്ളവർക്കായി
കുരിശുകൾ ഏറ്റു വാങ്ങാൻ
ഒരുകരണത്തടിക്കുന്നവന്
മറുകരണം കാണിച്ചു കൊടുക്കാൻ
എനിക്ക് മനസ്സില്ല.
അവഹേളിക്കപ്പെടുമ്പോഴും
അഗ്നി എരിയുന്ന മനസ്സുമായി
ചിരിച്ചുകൊണ്ടുനിൽക്കാൻ
എന്നെ കിട്ടില്ല.
മാപ്പ് പറയാൻ വരുന്നവന്റെ തലയിൽ 
എനിക്ക് കാളിയ മർദ്ദനം ആടണം.
വീട്ടിൽ കയറി വന്നു ആളാകാൻ നോക്കുന്നവനെ
നിഷ്ക്കരുണം ആട്ടിപ്പുറത്താക്കണം.
ദൂരെ നിന്ന് കൊഞ്ഞനം കാട്ടുന്നവനെ
തട്ടിക്കളയാൻ ക്വട്ടേഷൻ കൊടുക്കണം
എനിക്ക് രസിക്കാത്ത കർമ്മങ്ങൾ ചെയ്യുന്നവർ
ആരായാലും അവർക്കെതിരെ
ഉടവാളെടുക്കണം.
ഭർത്താവിനോട് നിരന്തരം കലഹിക്കുന്ന
ഫെമിനിസ്റ്റ് ആകണം
മക്കളെ വരച്ച വരയിൽ നിർത്തുന്ന
അമ്മയാകണം
മരുമക്കളെ സ്ത്രീധനം കുറഞ്ഞതിന്റെ
പേരിൽ  പീഡിപ്പിക്കുന്ന അമ്മായിയമ്മയാകണം.
പൊങ്ങച്ചം പറഞ്ഞ് ക്ളബ്ബിൽ കയ്യടി നേടണം
കുതന്ത്രങ്ങളിലൂടെ സ്ഥാനമാനങ്ങൾ
കയ്പ്പിടിയിലൊതുക്കണം.
സ്വസ്ഥമായിക്കഴിയുന്നവന്റെ
സ്വൈര്യം കെടുത്തണം
മീഡിയയുടെ മുന്നിൽ  ആളാകാൻ
ഉന്നത നേതാവിന്റെ പേര് പറഞ്ഞ്
നാറ്റക്കേസാക്കണം....
ഹോ.....മിനിമം ഇത്രയെങ്കിലും ആയാൽ
 സമാധാനമായി....

പിന്നണിയിൽ 
"ഉം.... എന്താ ചിരിക്കുന്നത് ...?"
ഗൌരവത്തോടെ   ചോദിക്കുന്നു.
"ഏയ്‌....ഒന്നൂല്ല...." 
ശാന്തമായ പ്രതികരണം..
പിന്നെ ആവശ്യം.
"രാവിലെ തമാശ പറയാതെ പോയി
ഒരു കപ്പ് ചായ ഉണ്ടാക്കി കൊണ്ടുവാ...."
റോ ...!! ....ബെർതെ ഒരു ബലൂണ്‍ ...!!!!
അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ ആശ്വസിച്ചു.
  ആരും കേട്ടില്ല. :)

2 comments:

Unknown said...

ആരും കേട്ടില്ല. :)

Asha said...

Hahahaha.......ella agrahangalum reality kku munnil thakarnnadiyum!