Saturday, September 14, 2013

വീണ്ടും ഒരോണം 

ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍
‍സാന്ത്വനഗീതവുമായ്‌
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?

പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
‍പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍

‍കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
‍കൂട്ടരോടൊത്തു തുള്ളാന്‍
‍എത്തിയതാണോ നിങ്ങള്‍...?

ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
‍കോരനെ നീറ്റീടുമ്പോള്‍
‍കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍

‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?

ഓണസങ്കല്‍പ്പമെല്ലാം
മേളകളായിടുമ്പോൾ
‍ഓണക്കളികള്‍ തെരു -
ക്കൂത്തായി മാറിടുമ്പോൾ

‍പണ്ട് തിളങ്ങിയോ-
രോണ  നിലാവിന്റെ
ഓര്‍മ്മയിൽ മുങ്ങീടുവാൻ
‍എത്തിയതാണോ നിങ്ങള്‍...?

ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
‍പൊന്‍ വയലേലകളില്‍
‍ചെന്നിണം വാര്‍ന്നീടുമ്പോള്‍

നാണം മറന്നൊരീ
നാടിന്റെ പൊയ്മുഖം
കണ്ടു രസിച്ചീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...???

Tuesday, September 10, 2013

കുമ്പിളിൽ തന്നെ കഞ്ഞിഅത്തം പോയതറിഞ്ഞീല
തത്തകൾ തത്തിനടന്നീല
തുമ്പപ്പൂക്കൾ വിരിഞ്ഞീല,പൂ-
ത്തുമ്പികൾ പാറി രസിച്ചീല 


കുഞ്ഞുങ്ങൾ പൂക്കൂടയുമായ്‌
പൂവേ പൊലി പൊലി  പാടീല്ല.
വയലുകൾ ആടയണിഞ്ഞീല പൂ-
വാടിയലംകൃതമായീല 

ഓണത്തപ്പനെ വരവേൽക്കാൻ
പൂക്കളമെങ്ങും കണ്ടീല
ഓണനിലാവ്‌ തെളിഞ്ഞീല,നൽ 
ഓണസദ്യയൊരുങ്ങീല 


പൂവെയിൽ പുഞ്ചിരി തൂകീല്ല
മുകിലുകൾ വേദിയൊഴിഞ്ഞീല
എന്നിട്ടെന്തേ  കഞ്ഞിക്കായ്, ഈ
കോരൻ കുമ്പിൾ  നീട്ടുന്നു ...?

Tuesday, September 3, 2013

ഓർമ്മയിലെ ഓണംപൊന്നോണമെന്നോർമ്മയിൽ
പൂവിളിച്ചുണരുന്നു
വീശുമീ പ്പൂങ്കാറ്റിലും 
പൂമണം നിറയുന്നു 

മനസ്സിനുള്ളിൽ കാലം 
പൂക്കളമിടും  നേരം
പൂനുള്ളാൻ പോയില്ലെന്നാൽ 
പൂവിരൽ നൊന്തീടുന്നു.

ഓർമ്മയിൽ  തിളങ്ങുന്നെൻ 
നിറവിൻ  പൂക്കൂടയും 
കൂട്ടുകാർക്കൊപ്പം കൊട്ടി
പ്പാടിയ പാട്ടുകളും 

നീല സാഗരം പോലെ
കാക്കപ്പൂ നിറഞ്ഞോരാ 
കാറ്റാടി മേട്ടിൽ ച്ചാടി 
ക്കളിച്ചു തിമിർത്തതും.

പൂപൊലി പൊലി യെന്ന-
ങ്ങാരവം മുഴക്കിയാ-
തോടുകൾ വയലുകൾ
ഒക്കെയും താണ്ടിയതും


മുറ്റത്തും തൊടിയിലും 
തുമ്പകൾ ചിരിച്ചതും
മന്ദാരം മദമോടെ
തുമ്പിയോടിടഞ്ഞതും

കൂമ്പാള പ്പൊതികളിൽ 
പൂക്കൾ  പങ്കു വച്ചതും
ചെത്തിപ്പൂ കുറഞ്ഞെന്ന് 
പറഞ്ഞ് കരഞ്ഞതും 

ഒത്തിരിപ്പൂ ചൊരിഞ്ഞെൻ  
പൂക്കൂട നിറച്ചവൻ 
മറ്റാരും കാണാതെന്റെ 
മിഴിനീർ   തുടച്ചതും

പൂക്കളം ,ഊഞ്ഞാൽ,സദ്യ 
പുത്തനുടുപ്പിൻ മണം
ഒക്കെയെൻ ബാല്യത്തിന്റെ
സ്വത്തായിരുന്നു സത്യം

തിളക്കം മങ്ങാത്തൊരാ 
സ്മരണപ്പൂക്കൾ നിത്യം
ഒരുക്കി വയ്ക്കുന്നോണ 
പൂക്കളും പൊന്നോണവും 

ചാരുത തുളുമ്പുമാ 
പൂക്കളം കാണാൻ എന്നോ 
മാബലി വരുന്നതും 
പാർത്തു ഞാനിരിക്കുന്നു.

പൊന്നോണം പൊൻപൂക്കളം
പൂത്തുമ്പി  പൂക്കൂടകൾ
പണ്ടെന്നോ ഞാൻ കണ്ടൊരു 
പേക്കിനാവായിരുന്നോ...?

                   ***********