Saturday, December 29, 2012

അണയാത്ത ജ്യോതി...


http://www.youtube.com/kottottikkaran


അണയാത്ത ജ്യോതി..
**********************

പോകുക സഖി,വിടയേകുന്നു കണ്ണീരോടെ,
കാമഭ്രാന്തരില്ലാത്ത മറ്റൊരു ലോകത്തേക്ക്.

അന്നു നീ കൊളുത്തിയപ്രതിഷേധത്തിന്‍, അഗ്നി
കത്തിജ്ജ്വലിക്കുന്നിന്നും;ഭാരതഹൃദയത്തില്‍.
*** *** ***

ഓര്‍ക്കുകയാണ് ഞാനെന്‍ മാതൃഭൂമിതന്‍ മഹാ -
സംസ്കൃതി വിളങ്ങിയ നല്ല നല്ല നാളുകള്‍

ഭാരതം,സംസ്കാരത്തിന്‍ മാതൃകാ സ്ഥാനം,സ്ത്രീയെ,
മാന്യയായ്‌ കരുതിയ പുണ്യമാം പൂങ്കാവനം.

നാടിനെ സ്നേഹിച്ചവര്‍ അറിവിന്‍ മൊഴി മുത്താല്‍
നല്ലത് ചൊല്ലി, സ്ത്രീയെ ദേവതയായിക്കണ്ടു .!


അവള്‍ക്കായ് കാവ്യമെത്ര രചിച്ചു, പ്രകൃതിതന്‍
പ്രതിബിംബമെന്നെത്ര സ്തുതിഗീതികള്‍ പാടി...?! .

അവള്‍ക്കായ് സ്മാരകങ്ങള്‍ ഉയര്‍ത്തി പ്രഭൃതികൾ,
അവള്‍ക്കായ്‌ സാമ്രാജ്യങ്ങള്‍ ത്യജിച്ചു സുകൃതികള്‍ !

വിജയങ്ങള്‍ക്ക് പിന്നില്‍ ശക്തിയായിരുന്നവള്‍,
ലോക സംസ്കാരത്തിന്റെ അടിസ്ഥാനമായവള്‍ ....!

എത്രയോ വസന്തങ്ങള്‍ വിടര്‍ത്തിയവള്‍, സ്നേഹ -
വര്‍ത്തിയായ്‌,ഭൂവില്‍ ശാന്തിവിളക്കായ് തെളിഞ്ഞവള്‍....!

ത്യാഗമാണവള്‍,ക്ഷമാശീലയാണവള്‍, സീതാ -
ദേവിയാണവള്‍,ഝാന്‍സിറാണിയായ് ശോഭിച്ചവള്‍ ....!

ഐശ്വര്യലക്ഷ്മിയവള്‍ അക്ഷര സിദ്ധിയവള്‍
ഭദ്രകാളിയായ് ദുഷ്ടനിഗ്രഹം നടത്തുവോള്‍ ...!!

ഭാരത മാതാവിന്റെ അരുമപ്പെണ്‍കൊടികള്‍,
ഏറെയുണ്ടേറ്റു പാടാന്‍ അവര്‍ തന്‍ മാഹാത്മ്യങ്ങള്‍...!!

കൌതുകക്കുഞ്ഞായവള്‍ ഭൂമിയില്‍ ജനിക്കുന്നു;
ബാല്യകൌമാരങ്ങള്‍തന്‍ വേദിയില്‍, ആറാടുന്നു....!

യൗവനം പ്രകൃതിതന്‍ നിലനില്പിൻ, ഭാഗമായ്
പ്രണയമുഹൂര്‍ത്തങ്ങള്‍ തീര്‍ത്തവള്‍ രാജിക്കുന്നു...!!

ഭാര്യയായ് പുരുഷനെ പൂര്‍ണ്ണനാക്കുന്നു, പിന്നെ
അമ്മയായ് തലമുറ വളര്‍ത്തിയെടുക്കുന്നു,

'സ്ത്രീ'യെന്നതൊരു നാമം എങ്കിലും ജയിപ്പവള്‍
ജീവിതയാത്രയിതില്‍ ഭിന്നമാം വേഷങ്ങളില്‍.

കാലചക്രങ്ങള്‍ എത്ര കടന്നേ പോയ്, ഭാരതം
ഹീനമാം സംസ്കാരത്തിന്‍ ചുഴിയില്‍ പുതഞ്ഞുപോയ്‌.

എപ്പൊഴോ ദുര്‍ഭൂതങ്ങളിത്തിരു മണ്ണിന്‍ മാറില്‍
ദുഷ്ടത തന്‍ വിത്തുകള്‍ കൃത്യമായ് വിതച്ചു പോയ്...!

അമ്മ,പെങ്ങന്മാര്‍,കുഞ്ഞുമക്കളെന്നില്ല ഭേദം
അധമജന്മങ്ങള്‍ മണ്ണില്‍ പുളച്ചു മദിക്കുന്നു....!

സൗമ്യ,ശാരിമാര്‍,ജ്യോതി പേരിലെന്തിരിക്കുന്നു ?!
ജീവിതം പൊലിഞ്ഞതാം എത്രയോ പെണ്‍കിടാങ്ങള്‍......!!

അവരെ വീണ്ടുംവീണ്ടും കശക്കി ഞെരിക്കുവാന്‍
വാക്ശരങ്ങളുമായി കാത്തിരിക്കുന്നു ചിലര്‍ .. !

മാധ്യമങ്ങളീ വാര്‍ത്ത ഘോഷമാക്കുന്നു,പ്രാണന്‍
പിടയും പെണ്ണിന്‍ മാനം പിന്നെയും പന്താടുന്നു ...!

അച്ഛനെ ശങ്കയോടെ നോക്കിയിരിപ്പു മകള്‍,
മകളെ സ്നേഹിക്കുവാന്‍ അച്ഛനും പേടിക്കുന്നു....!

ചേട്ടനും കാട്ടീടുമോ ചീത്ത സ്വഭാവങ്ങള്‍,എ -
ന്നോര്‍ത്തനുജത്തി,യന്തര്‍മുഖിയായ് മാറീടുന്നു.?!

മകളെ മാറോടു ചേര്‍ത്തമ്മ വെന്തുരുകുന്നു,
അമ്മതന്‍ സ്വാന്തനവും അവളെ ഞടുക്കുന്നു...!!

തന്നിലേയ്ക്കൊതുങ്ങുവാന്‍ പെണ്ണവള്‍ പിടയുന്നു,
ചുറ്റിലും ഭയം മൌനസ്ഫോടനം തുടരുന്നു....!!

സ്വസ്ഥത സമാധാനം വെറും പാഴ് കിനാവുകള്‍
ഭാരതമശാന്തിതന്‍ തീയിലൂടൊഴുകുന്നു ...!

മാറുമോ സ്ഥിതിയിത് ?മാറണം! മനുഷ്യത്വം-
മരവിച്ചൊരു ലോകം നശിക്കുന്നതേ ഭേദം ..!

ഉണർന്നീടുക യുവജനതേ ,യലസത -
വെടിഞ്ഞീ രണഭൂവില്‍ ധീരമായ് പൊരുതുക ...!

ദുഷിച്ച ജന്മങ്ങളെ വേര്‍തിരിച്ചറിയുക
യുക്തമാം ശിക്ഷാവിധി നടപ്പില്‍ വരുത്തുക

ഒട്ടുമേ വേണ്ട, ദയാദാക്ഷിണ്യം, കടും ശിക്ഷ
കൊടുക്കുന്നതേ നല്ലൂ,കാലവിളംബമെന്യേ....!

കൊല്ലരുത്,വേരോടെ ഛേദിച്ചു കളയണം,
പുഴുത്തു ചത്തീടട്ടെ വിഷവിത്തുകള്‍ മൊത്തം ...!

നീതിപീഠമേ കണ്ണു തുറക്കൂ, പുതിയൊരു
ന്യായ വ്യവസ്ഥ വ്യക്തം എഴുതിച്ചേര്‍ക്കൂ ശക്തം...!!!

18 comments:

Shaleer Ali said...

അവള്‍ക്കായ് സ്മാരകങ്ങള്‍
ഉയര്‍ത്തി പ്രഭുതികള്‍,
അവള്‍ക്കായ്‌ സാമ്രാജ്യങ്ങള്‍
ത്യജിച്ചു സുകൃതികള്‍ !
വിജയങ്ങള്‍ക്ക് പിന്നില്‍
ശക്തിയായിരുന്നവള്‍,
നല്ല വരികള്‍ ഒത്തിരിയുണ്ട്..
ഇടക്കൊക്കെ വായിച്ചു തഴമ്പിച്ച ക്ലീഷേകളും..
ഒരു പാട് നീട്ടി വലിച്ചെന്ന് തോന്നി ..
ഒരു പക്ഷെ എന്റെ വെറും തോന്നലാവാം.. :)
ഇഷ്ടമാകുന്ന വരികള്‍ ഒത്തിരിയും ഉണ്ട് ...
ആശംസകള്‍...

Shaleer Ali said...

കാമാന്ധതക്കും പൈശാചികതയുടെ പുതിയ ആള്‍ രൂപങ്ങനളുടെ ക്രൂര വിനോദത്തിനും ഇരയായ സഹോദരിക്ക് അന്ത്യാഞ്ജലികളോടെ.......

വീകെ said...

നന്നായിരിക്കുന്നു കവിത...
ആ സഹോദരിക്ക് എന്റെ ആദരാഞ്ജലികൾ...

khader patteppadam said...

വീട്ടമ്മയെ ബലാൽസംഗം ചെയ്താൽ എം.എൽ.എ.... പ്രായപൂർത്തിയാവാത്തവളെയാണെങ്കിൽ മന്ത്രി, കൂട്ടബലാൽസംഗക്കാരനാണെങ്കിൽ സ്പീക്കർ .. അങ്ങനെയാണല്ലൊ നമ്മുടെ രാഷ്ട്രീയ നീതി. ആര്‌ ആരോട് പറയാൻ...?

വിധു ശങ്കര്‍ said...

നന്നായിരിക്കുന്നു ചേച്ചി ...

ജന്മസുകൃതം said...

നന്ദി ഷലീർ,നന്ദി വീകെ.

ജന്മസുകൃതം said...

നന്ദി കദർജി,
നന്ദി വിധു ശങ്കർ

Mizhiyoram said...

ആനുകാലികം പ്രസക്തം ഈ വരികള്‍. പക്ഷെ, ഇനിയും നമ്മള്‍ മറക്കും ഈ പെണ്‍കുട്ടിയെയും സംഭവത്തെയും മറ്റൊരു അനുഭവം ഉണ്ടാകും വരെ.

ഷാജു അത്താണിക്കല്‍ said...

ആശംസകൾ
ഇതിൽ എന്തോ കൂടുതൽ പറയാൻ കഴിയുന്നില്ല ഇനി

Sureshkumar Punjhayil said...

Vedanayode ...!

Manoharam, Ashamsakal...!!!

keraladasanunni said...

ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ. കവിത നന്നായി.

ente lokam said...

സൌമ്യം ആയി വന്നു പോയി ...
ജ്യോതി ആയി വന്നു പോയി...

ഗൊവിന്ദചാമിമാരും,'ബാലന്മാ'രും
ഉന്മാദത്തില്‍ വീണ്ടും വിലസുന്നു...
ആര് ആരെ രക്ഷിക്കും????
കവിത നന്നായി....

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ലീലാബഹനടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

രാമചന്ദ്രന്‍ ചാലക്കുടി said...

"അണയാത്ത ജ്യോതി" കവിതയുടെ പേരുതന്നെ വളരെ യുക്തം.

ഭാരത്‌ സ്ത്രീയുടെ രോഷം മുഴുവന്‍ പ്രകടമാക്കുന്ന കവിത.

നമുക്ക് ഗര്‍ജ്ജിച്ചു കൊണ്ടേയിരിക്കാം ....ഫലം കാണാതിരിക്കില്ല.

മാതൃരാജ്യം വിവസ്ത്രയാണിന്ന്....ആ വസ്ത്രം കൊണ്ടാണ് ജ്യോതിയെ പുതപ്പിച്ചത്.

കളവൂര്‍

ajith said...

എല്ലാ ബഹളവും കെട്ടടങ്ങി
ജ്യോതി വിസ്മൃതിയിലേയ്ക്കും

അൻവർ തഴവാ said...

മനോഹര വരികള്‍ ..പക്ഷെ ചുരുക്കാമായിരുന്നു...
'കാച്ചി കുറുക്കിയ കവിത' കുറേകൂടി സ്വാദിഷ്ടം അല്ലെ?

Madhusudanan P.V. said...


കവിത വായിച്ചു. ഇനി പറയാൻ ഒന്നും ബാക്കിയില്ലാത്തവിധം എഴുതിയതിൽ അഭിനന്ദനങ്ങൾ

RAGHU MENON said...

"കുറച്ചു വരികളിൽ കൂടുതൽചിന്തകൾ
വരുമ്പോഴാണ്, കവിതക്കഴക്"എന്ന്
കേട്ടിട്ടുണ്ട്!
ലളിതമായത് കാരണം, മനസ്സിലായി.
ഞാൻ ആ മേഖലിയിൽ അത്ര സുപരിചിതൻ അല്ലാത്തത് കൊണ്ടാകാം-
ഇനിയും കാണാം -