Monday, March 19, 2012

സാമീപ്യം


സാമീപ്യം 

കാഞ്ചനക്കൂട്ടിലിരുന്ന് നീ കുറുകുന്നത് ഞാൻ അറിയുന്നു
നിന്റെ ശബ്ദത്തിലെ നൊമ്പരം
നിന്റെ നെഞ്ചിലെ പിടയൽ...
ഒക്കെയും എനിക്കനുഭവിക്കാൻ കഴിയുന്നു.
മോണിട്ടറിൽ തെളിയുന്ന നിന്റെ രൂപം തൊട്ട്             
നിന്റെ സാമീപ്യവും എനിക്കറിയാൻ പറ്റുന്നുണ്ട്.
നിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ
ഓടിവന്ന് കെട്ടിപ്പിടിച്ച്, പരാതിയും പരിഭവവും
ആവശ്യങ്ങളും എന്റെ ചെവിയിൽ പട്ടികയായി നിരത്തുന്ന
നിന്റെ ബാല്യ കൌമാരങ്ങളാണെന്റെ ഓർമ്മയിൽ
ന്റെ ഒപ്പമായിരുന്നതിനേക്കാൾ നൂറിരട്ടിയായി
ഇന്നു നിന്നെ ഞാൻ ഓർക്കുന്നു,
നിന്നോടു സംസാരിക്കുന്നു.
നിന്നെഞാൻ സ്നേഹിക്കുന്നു..
എന്റെ മുന്നിലെ നേർത്ത തിരശ്ശീലയ്ക്കപ്പുറം നീയുണ്ട്.
എന്റെ കാതിൽ സ്പർശിക്കുന്ന പതുപതുത്ത പഞ്ഞിക്കുള്ളിൽ
നിന്റെ സ്വരമുണ്ട്.
നീ അകലെയല്ല ,നമ്മൾക്കിടയിൽ ദൂരമില്ല.
നീ ഒറ്റയ്ക്കുമല്ല;
എപ്പൊഴും നിന്നോടൊപ്പം
ഞങ്ങളും ഉണ്ടല്ലൊ. 
 പ്രവാസികളായ എല്ലാ മക്കള്‍ക്കുമായി ഈ കവിത സമര്‍പ്പിച്ചിരിക്കുന്നു.

16 comments:

K@nn(())raan*خلي ولي said...

ലീലേച്ചീ,
കൂടെയുണ്ടെന്നൊക്കെ പറഞ്ഞിട്ട് കല്ലും തല്ലും തെറിയും വരുമ്പോള്‍ ഓടാനല്ലേ!
വേല മനസിലിരിക്കട്ടെ.
ഹമ്പടാ!

(പ്രവാസികള്‍ക്ക് സമര്‍പ്പിക്കൂ ഈ കവിത)

yesodharan said...

നീ അകലെയല്ല ,നമ്മൾക്കിടയിൽ ദൂരമില്ല.
നീ ഒറ്റയ്ക്കുമല്ല;
എപ്പൊഴും നിന്നോടൊപ്പം
ഞങ്ങളും ഉണ്ടല്ലൊ.

yesodharan said...
This comment has been removed by the author.
കുഞ്ഞൂസ്(Kunjuss) said...

സാന്ത്വനമാകുന്നു ഈ വാക്കുകള്‍ , ഒറ്റക്കല്ല എന്നറിയുന്നതിന്റെ ആശ്വാസവും ...!

mini//മിനി said...

അകലെയുള്ളവർ മോണിറ്ററിലൂടെ കടന്ന് വന്ന് സംസാരിക്കുമ്പോൾ ശരിക്കും വീട്ടിലുണ്ടെന്ന തോന്നൽ, ഏത് യാത്രാവേളയിലും മൊബൈലിലൂടെ ശബ്ദം കേൾക്കുമ്പോൾ തൊട്ടടുത്ത് തന്നെയുണ്ടെന്ന തോന്നൽ,,
അതിമനോഹരമീ കവിതതൻ ഭാവന,,,

അന്ന്യൻ said...

അതിമനോഹരം...

Echmukutty said...

ശരിയാണ്. ടെക്നോളജിയെ വയറു നിറച്ച് കുറ്റം പറയുമ്പോഴും മൊഒബൈലും മോണിറ്ററും തരുന്ന ആശ്വാസം ചില്ലറയല്ല. ചില റിംഗ് ടോണുകളും പച്ചവിളക്കുകളും ജീവിതത്തെ സമ്പന്നമാക്കുന്നുണ്ട്.

അഭിനന്ദനങ്ങൽ, ടീച്ചർ.

ente lokam said...

ഒരമ്മയുടെ മനസ്സ് തൊട്ടു അറിയുന്നു ഈ വരികളില്‍....മക്കളുടെ സാമീപ്യം
ശബ്ദവും കാഴ്ചയും ആയി മനസ്സിനെ
ഉലക്കുമ്പോള്‍ അതില്‍ എങ്കിലും ആശ്വാസം കണ്ടെത്താന്‍ എപ്പോഴത്തെയും പോലെ compromise ചെയ്യുന്ന അമ്മ മനസ്സ്..
അഭിനന്ദനങ്ങള്‍...

Rejeesh Sanathanan said...

ടെക്നോളജിയുടെ വളർച്ചയിൽ ബന്ധങ്ങളുടെ അകലം കുറയ്ക്കാൻ ഒരു പരിധി വരെയെങ്കിലും കഴിയുന്നു എന്നത് ആശ്വാസകരം തന്നെ.....

ബഷീർ said...

അകലെയിരുന്ന് ഈ മകന്റെ മനവും നിറഞ്ഞു ..ഈ അമ്മയുടെ സ്നേഹത്തില്‍..

Akbar said...

അകലത്തെങ്കിലും വളരെ അടുത്തു. വിരല്‍ത്തുമ്പില്‍... . പക്ഷെ...

Abdulkader kodungallur said...

സത്യം തുറന്ന് പറയുന്നതില്‍ പരിഭവമരുത് . ഈ കവിത അപൂര്‍ണ്ണമാകുന്നു. ഒരു കവിത പിറക്കുമ്പോള്‍ പാലിക്കേണ്ട ശുചിത്വവും , പരിപാലന കര്‍മ്മവും , നീതി നിവ്വഹണവും ഈ കാവ്യ പിറവിയില്‍ നടന്നിട്ടില്ല . വെറും തറയില്‍ വിരിച്ചിട്ട കീറപ്പായില്‍ പിറന്നു വീഴാന്‍ വിധിക്കപ്പെട്ട ഈ കുഞ്ഞിനെ തൂത്തു വൃത്തിയാക്കുവാന്‍ അമ്മയെന്ന കവി (കവയിത്രി) മിനക്കെട്ടില്ല എന്നു മനസ്സിലാക്കുവാന്‍ ഈ കാവ്യ പൈതലിന്റെ മുഖവും ഉടലും കണ്ടാലറിയാം . വേണമെങ്കില്‍ എനിക്കും പറയാം ഹായ് എന്തു ചന്തം , എത്ര മനോഹരം എന്നൊക്കെ. ഇല്ല അങ്ങിനെ ഒരു കാപട്യം എനിക്കാവില്ല ഈ ജന്മം . പൊറുക്കണം . ടീച്ചര്‍ തന്നെ ഈ കവിതയെ ഒന്നു പൊളിച്ചടുക്കൂ... നന്നാവും ..ഭാവുകങ്ങള്‍

വി.എ || V.A said...

...യാഥാർത്ഥ്യബോധത്തോടെ, ‘കവിത’എന്ന് പലരേയുമ്പോലെ പറയാതെ, ‘ഗദ്യകവിത’ എന്നുതന്നെ കൊടുത്തതിന് പ്രത്യേകമായ പ്രശംസ. ‘ദുരന്തങ്ങ’ളുടെ നേരേവിപരീതമായെഴുതിയ ഈ മാതൃസ്നേഹമസൃണമായ ഹൃദയാവിഷ്കാരം വളരെ നന്നായിട്ടുണ്ട്. രണ്ടുവശവും കാണാനാകുമെന്നതിന്റെ തെളിവ്. (‘ഓണമാണല്ലോ നാളെ’യെന്ന ആശയലയനവും പദഭംഗിയും ചേർന്ന ‘കവിത’യുടെ അടുത്തെങ്ങും എത്തിയില്ലല്ലോ റ്റീച്ചറേ, ധൃതിയിലെഴുതിയതാണെന്ന് സൂചന തരുന്നു.)

Unknown said...

നമ്മുക്ക് ഇടയില്‍ ദൂരത്തെ സാങ്കേതികം കൊണ്ട് അടുത്ത് ആക്കാം എന്നാല്‍ മനസുകള്‍ തമ്മിലുള്ള ദൂരം എങ്ങനെ കുറയ്ക്കും ....
ഒരു പ്രവാസി ഈ കവിതയെ വായിക്കുന്നു

മാനവധ്വനി said...

വരികൾ പറയുന്നത് സത്യങ്ങൾ തന്നെ.. എങ്കിലും ഒരമ്മയുടെ സ്നേഹ സ്പർശം കഠിന പ്രതലങ്ങൾക്ക് നൽകാനാവില്ലല്ലോ?.. സ്പർശനം സ്പർശനം തന്നെ..
ഉപകരണങ്ങളിലെ ദർശനം, വെറുതെയുള്ള ദർശനവും, സ്വനം വെറുതെയുള്ള സ്വനവും ആകുന്നു..
ആശംസകൾ നേരുന്നു

ചിന്താക്രാന്തൻ said...

പ്രിയപെട്ടവനെ അല്ലെങ്കില്‍ പ്രിയപെട്ടവളെ പിരിഞ്ഞു ജീവിക്കുന്ന പ്രവാസികളുടെ ജീവിതമാണ് ഈ കവിത.
ഭാവുകങ്ങള്‍