Saturday, January 1, 2011

എന്റെ സ്വപ്നം


ലീല എം ചന്ദ്രന്‍


***ഒന്ന് ***

എനിക്കുണ്ടൊരു സ്വപ്നം എന്നുടെ നാടും വീടും
വിശ്വപ്രേമത്തിന്റെ ഉറവിടമാകണം.

ചോര ചോരയെയറിഞ്ഞാദരിക്കണം
അന്യരല്ലെന്ന ബോധം നമ്മിലുളവായ്ത്തീര്‍ന്നീടണം,

ചിരിച്ചു വരുന്നവര്‍ക്കുള്ളിലെഭാവം പാര്‍ത്ത്‌
പടിക്കു പുറത്തുനാമിറക്കി നിറുത്തണം.

മേനി വാക്കുകള്‍ക്കുള്ളിലൊളിക്കും ചതിയുടെ
തിളക്കം കാണാനുള്‍ക്കണ്ണെപ്പൊഴും തുറക്കണം,

പണ്ടു മാബലി വാണ നാടായിത്തീര്‍ന്നീടണം
നന്മകളെന്‍ നാടിന്റെ മുഖമുദ്രയാകണം.

ഇല്ലൊരവതാരവും നന്മയെ പാതാളത്തില്‍
തള്ളുവാനെത്തില്ലെന്റെ നാട്ടിലെന്നെന്നുമോണം .

ഗാന്ധിജി
പിറന്നൊരു നാടിത്‌, വേറെത്രയോ-
പുണ്യാവതാരങ്ങള്‍ക്കു ജന്മമേകിയീ ഗൃഹം ,

നാടിനെ സ്നേഹിച്ചവര്‍ നല്‍കിയൊരാദര്‍ശങ്ങള്‍
മറന്നോര്‍, കരിതേയ്ക്കാന്‍ മത്സരിച്ചവര്‍ നമ്മള്‍,

പിതൃഹത്യ ചെയ്തവര്‍ മാതൃ ഹത്യ ചെയ്തവര്‍
സോദരനേയും ക്രൂരം കൊന്ന ശാപമേറ്റവര്‍,

നമ്മളീ നാടിന്നധ:പ്പതനം കൊതിപ്പവര്‍
നമ്മള്‍ നമ്മളെത്തിന്നു കൊഴുപ്പാന്‍ ശ്രമിപ്പവര്‍,

നമ്മളീ മണ്ണുഴുത്‌ വിദ്വേഷം വിതപ്പവര്‍
നമ്മളീ മണ്ണില്‍ വൃഥാ ചെഞ്ചോരയൊഴുക്കുവോര്‍.

നമ്മളീനാട്ടില്‍ നൂറു മതിലു കെട്ടി ,ബാധ-
യേറ്റപോല്‍ നാടിന്‍ മുഖം വൈകൃതമാക്കിത്തീര്‍ത്തോര്‍ ,

നമ്മളമ്മതന്‍ നെഞ്ചും പിളര്‍ന്നു പിച്ചിച്ചീന്തി,
എന്റേതി,തെന്റേത,തെന്നവകാശം സ്ഥാപിപ്പോര്‍,

പത്തു കാശിന്നായ്‌ കാലുനക്കുവോര്‍, നടുറോഡില്‍
പെറ്റ തള്ളതന്‍ തുണിയുരിക്കാ,നുളുപ്പറ്റോര്‍,

പെങ്ങളെ വിലപേശി വില്‍ക്കുവോര്‍, വധുക്കളെ
പൊന്നിനായ്‌, പണത്തിനായഗ്നിയിലെരിക്കുവോര്‍,

സജ്ജനങ്ങളെത്തുപ്പി പുലഭ്യം പറയുവോര്‍,
ദുര്‍ജ്ജനങ്ങള്‍ക്കായ്‌ പ്രാണനൊടുക്കാനുത്സാഹിപ്പോര്‍,

കൊള്ളയും കൊള്ളിവയ്പ്പും ഗുണമായ്‌ ചിന്തിക്കുവോര്‍,
കോഴയും ശുപാര്‍ശയും ഫാഷനായ്‌ കരുതുവോര്‍...!

കഷ്ടം..!എന്തപരാധം...!എത്ര ഹീനമാം കൃത്യം..!
എന്തിനിങ്ങനെ മണ്ണില്‍ ദുഷ്ടത പെരുകുന്നു...?!

തങ്ങളില്‍ തിരിയാതെ തല്ലിയും കൊന്നും തിന്നും
എന്തിനായ്‌ കായേന്മാരീമന്നിതിലലയുന്നു...?!

* * ******രണ്ട്‌ *********

ആരെനിക്കന്യന്മാര്‍..? പിന്നാരാണെന്‍ ശത്രു...?സത്യം,
ഏവരും എന്‍ ബന്ധുക്കള്‍ എത്രയും വെണ്ടപ്പെട്ടോര്‍.

ക്രിസ്റ്റഫറാണെന്‍ താതന്‍, വിഷ്ണുവെന്‍ പ്രിയ കാന്തന്‍
അബ്ദുവും അന്തോനിയും അര്‍ജുനനുമെന്‍ മക്കള്‍

ലൈലയെന്‍ സ്നുഷ,യാക്കോബെന്നുടെ മരുമകന്‍
രാമനും മുഹമ്മദും എന്‍ പ്രിയ സഹോദരര്‍,

ആമിന സഹോദര പത്നിയാ,ണിസഹാക്കോ, രാമന്റെ
ശ്വശുരനാ,ണിസ്മയില്‍ ശ്വശ്രുഭ്രാതന്‍...

സത്യമാണുറ്റോര്‍, വേണ്ടപ്പെട്ടവര്‍,ശത്രുക്കളെ-
യിത്തറവാട്ടില്‍ നിന്നും തുരത്താനൊന്നിക്കേണ്ടോര്‍.


* * ******മൂന്ന്*********

ജസുരി എനിക്കേകു,ദേവനാഥ, നിന്‍ മറ്റു-
വിശിഷ്ടായുധമെല്ലാം കനിവില്‍ നിരത്തുക,

കൃഷ്ണ പാഞ്ചജന്യം,സുദര്‍ശന ചക്രം, പോരാ-
യെനിക്കു വേണം നിന്റെ ബുദ്ധിയും തന്ത്രങ്ങളും,

അര്‍ജുനാ ഗാണ്ഡീവവുംപാശുപതാസ്ത്രവും,പി-
ന്നമ്പൊഴിഞ്ഞീടാത്ത നിന്നാവനാഴിയും വേഗം.

സൃഷ്ടി, സ്ഥിതി, സംഹാരശക്തിയെന്‍ കരങ്ങള്‍ക്ക്‌
കിട്ടുവാനനുഗ്രഹം കനിവോടരുളുക.

അക്രമപ്പിശാചിനെ തുരത്തീടട്ടെ, ദുഷ്ട-
ധര്‍മ്മികളെ ജസുരി വീശി ഞാനൊതുക്കട്ടെ,

ഇനിയും ഗാന്ധിമാരെ കൊല്ലുവാന്‍ തോക്കേന്തുന്ന
ഗോഡ്സെമാരുടെ നെഞ്ചില്‍ അമ്പു ഞാനയക്കട്ടെ,

പത്തവതാരങ്ങള്‍ക്കും സാദ്ധ്യമാകാത്ത ദുഷ്ട
നിഗ്രഹത്തിന്നായ്‌ മറ്റൊരവതാരമാകട്ടെ

* ** ****നാല് *******

ശുദ്ധമാമൊരു മനം മര്‍ത്യരില്‍ പുലരുവാന്‍
ഇപ്പൊഴീക്കെട്ടും വേഷമഴിച്ചു മാറ്റീടണം.

ചിരിച്ചു കാണിപ്പവര്‍ക്കുള്ളിലെ ദ്വയഭാവം
തുടച്ചു നീക്കി പുത്ത നൈശ്വര്യമേറ്റിടണം

മനസ്സില്‍
മാലാഖമാര്‍ സ്വസ്തികള്‍ പാടീടണം
അധരം തിരു നാമം തുടരെ ജപിക്കണം

ആത്മാവില്‍ വിശ്വപ്രേമ മുറവിട്ടൊഴുകണം
പുണ്യ ഗംഗകളായി ഭൂതലം നിറയണം.

ആരെയും നിന്ദിക്കായ്ക, ആരെയും ദ്രോഹിക്കായ്ക,
ആരിലും ശത്രുഭാവം വളര്‍ത്താന്‍ ശ്രമിക്കായ്ക,

ക്രിസ്തുവും ശ്രീബുദ്ധനും ഗാന്ധിയും പകര്‍ന്നൊരാ-
സത്യ ധര്‍മ്മാദികളാം സദ്ഗുണഗണമെല്ലാം

നിറഞ്ഞാത്മാവില്‍ സ്നേഹമുജ്ജലിക്കണം അതിര്‍-
തിരിച്ച മതിലുകള്‍ തകര്‍ത്തങ്ങെറിയണം

തിന്മയെ പാതാളത്തില്‍ ചവുട്ടിത്താഴ്ത്തീടണം
നന്മതന്‍ ശ്വാദ്വലങ്ങള്‍ മുളപ്പിച്ചെടുക്കണം..

എനിക്കുള്ളതാ സ്വപ്നം എന്നുടെ വീടും നാടും
പ്രപഞ്ചത്തില്‍ സ്വര്‍ഗ്ഗം എന്ന പേര്‍ നേടീടണം.
******* ****** *****

81 comments:

ente lokam said...

പത്തു കാശിനായ് കാലു നക്കുവോര്‍
പെറ്റ തള്ള തന്‍ തുണി ഉരിക്കാനുളുപ്പറ്റൊര്‍
----
എനിക്കുള്ളതാ സ്വപ്നം............

വൈദ്യുതി പ്രവാഹം പോലെ വരികള്‍.തീഷ്ണം ആയ വികാര പ്രകടനം. നിസ്സഹായതയില്‍ ഉഴലുന്ന
മനസ്സില്‍ സ്വപ്നം കാണുന്ന സ്വര്‍ഗ്ഗ ഭൂമിയോടെ ഉപസംഹാരം. കൊള്ളാം.അഭിനന്ദനങ്ങള്‍.

ബിജുകുമാര്‍ alakode said...

തീര്‍ച്ചയായും ഈ സ്വപ്നങ്ങള്‍ പൂവണിയാന്‍ ഞാനും കാത്തിരിയ്ക്കുന്നു. നല്ല വരികള്‍..
പുതുവര്‍ഷത്തിലെ ഈ കവിതയ്ക്ക് അഭിനന്ദനങ്ങള്‍.

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മനോഹരമായ സ്വപ്നം ... ആശംസകള്‍ !

ഹംസ said...

പെങ്ങളെ വിലപേശി വില്‍ക്കുവോര്‍, വധുക്കളെ
പൊന്നിനായ്‌, പണത്തിനായഗ്നിയിലെരിക്കുവോര്‍,


വരികള്‍ ശക്തമാണ്...

പുതുവത്സരാശംസകള്‍

Sapna Anu B.George said...

ലീലച്ചേച്ചി, ഈ പുതുവര്‍ഷകവിതക്ക് അഭിനന്ദനങ്ങള്‍ .

Manoraj said...

ശക്തമായ വരികളാണല്ലോ ഇക്കുറി. ഈ സ്വപ്നങ്ങളൊക്കെ പൂവണിയട്ടെ.

പുതുവത്സരാശംസകള്‍

Valsan Anchampeedika said...

Ee puthuvalsarathil ella swapnangalum saphalamakatte ennaasamsikkunnu..

വിരല്‍ത്തുമ്പ് said...

ആദ്യമായാണ് ഞാന്‍ ഇവിടെ വന്നത്...

ഒരു സ്ത്രീ എന്ന ചുറ്റുമതിലില്‍ നിന്നുകൊണ്ട് ആ മനസ്സിലെ നന്മകള്‍ ഒരു കവിത രൂപത്തില്‍ വായനക്കാരായ ഞങ്ങള്‍ക്കെല്ലാം പുതുവത്സരസമ്മാനമായി നല്‍കിയ കവിയത്രി നിനക്ക് പ്രണാമം...

ഇനിയും ഞങ്ങള്‍ ഇത്തരം ക്യാവ്യാത്മകവരികള്‍ അവിടെനിന്നും പ്രതീക്ഷിക്കുന്നു...

തുടരട്ടെ ഇനിയും അങ്ങയുടെ അക്ഷരപ്രയാണം.....

layasarath said...

Dearest Mamma,

Really I feel this is a set of motivational poems, which you conveyed in an energetic form. Lets hope the facts you mentioned in the poem will be an inspirational quote to the young generation...

Kollam mamma

Love
Molu

വിജയലക്ഷ്മി said...

പ്രിയ സഹോദരിക്കും കുടുംബത്തിനും ആയുരാരോഗ്യസമ്പല്‍സമൃദ്ധമായ പുതുവല്സരമായിരിക്കട്ടെയെന്നു പ്രാര്‍ത്ഥനയോടെ ..
വിജയലക്ഷ്മി .
പിന്നെ കവിത നന്നായിട്ടുണ്ട് നല്ലാശയം.. ഈ സ്വപ്ന സാക്ഷാത്കാരം അത്ര എളുപ്പമല്ല .നമുക്ക് ഒത്തിരി കാത്തിരിക്കേണ്ടിവരും.

പട്ടേപ്പാടം റാംജി said...

ജസുരി എനിക്കേകു,ദേവനാഥ, നിന്‍ മറ്റു-
വിശിഷ്ടായുധമെല്ലാം കനിവില്‍ നിരത്തുക,

കൃഷ്ണ പാഞ്ചജന്യം,സുദര്‍ശന ചക്രം, പോരാ-
യെനിക്കു വേണം നിന്റെ ബുദ്ധിയും തന്ത്രങ്ങളും,

അര്‍ജുനാ ഗാണ്ഡീവവുംപാശുപതാസ്ത്രവും,പി-
ന്നമ്പൊഴിഞ്ഞീടാത്ത നിന്നാവനാഴിയും വേഗം.

ഇത്രയും കിട്ടിയാല്‍ പോലും പോരാതായിരിക്കുന്നു ഇന്നത്തെ കാലത്ത്‌. ഓരോ വരികളും നമ്മെ നോക്കി കണ്ണ് മിഴിക്കുന്നുണ്ട്. ആയുധങ്ങള്‍ക്ക് ബലം പോരാതെ മിഴിച്ചിരിക്കുന്ന നമ്മളും.
വളരെ ഇഷ്ടപ്പെട്ടു.
പുതുവല്‍സരാശംസകള്‍.

'മുല്ലപ്പൂവ് said...

സ്വപ്നങ്ങള്‍ പൂവണിയട്ടെ..
ആശംസകളോടെ,
ജോയ്സ്.

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

yes, I am praying. may god bless for it

keraladasanunni said...

ഒറ്റവാക്കില്‍ വിലയിരുത്തട്ടെ. " ഗംഭീരം ".
എല്ലാവിധ ആശംസകളും.

അച്ചൂസ് said...

ചേച്ചീ...
ആദ്യം തന്നെ മനസ്സു നിറഞ്ഞോരു കയ്യടിയും ഒപ്പം പുതുവത്സാരാശംസകളും. കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കുന്നതിനൊപ്പം...പുത്തന്‍ മാറ്റങ്ങളേയും പേരെടുത്ത് പറഞ്ഞ് ഓര്‍മ്മിപ്പിക്കുന്നു. അതിശക്തം ...മനോഹരം...!!

“ഗാന്ധിജി പിറന്നൊരു നാടിത്‌, വേറെത്രയോ-
പുണ്യാവതാരങ്ങള്‍ക്കു ജന്മമേകിയീ ഗൃഹം ,“

ഈ വരികളില്‍ മാത്രം അല്പം വായനാ സുഖം നഷ്ടപ്പെട്ടു (എനിക്കാണേ..) ആ വായിച്ചു വന്ന ഇമ്പം കിട്ടിയില്ല. അതു കൊണ്ട് ഞാന്‍ അത് ഇങ്ങനെയാക്കി വായിച്ചു.

“ ഗാന്ധിജി പിറന്നൊരു നാടിത്‌, പിന്നയുമെത്രയോ -
പുണ്യാജന്മങ്ങള്‍ ജനിച്ചൊരീ മണ്ണ് ”

പിന്നെ ജസുരി ആണോ. അതോ ജാസുരിയോ...? അല്ല ഇതെന്താ സാധനം ..വജ്രായുധം തന്നേ...?

കണ്ണൂരാന്‍ / K@nnooraan said...

ചില വരികളില്‍ ചോര മണക്കുന്നതു കണ്ണൂരുകാരി ആയതിനാല്‍ ആയിരിക്കുമല്ലേ!

ടീച്ചറെ, ആശംസകള്‍.

priyadharshini said...

I pick some words from others....

"
മനോഹരം...!!
തീഷ്ണം...!!
ഗംഭീരം....!! "

നിശാസുരഭി said...

കവിത നന്നായിരിക്കുന്നു
ആശംസകള്‍ക്കൊപ്പം ഐശ്വര്യപൂര്‍ണ്ണമായ പുതുവര്‍ഷവും നേരുന്നു

Kalavallabhan said...

കലിയുഗത്തിൽ നടക്കുന്ന കാര്യങ്ങളിൽ കവിയിത്രിയുടെ ദു:ഖവും രോഷവുമെല്ലാം ആദ്യം പ്രകടമാക്കി പിന്നെ നല്ലൊരു നാളിനെ സ്വപ്നം കാണുകയും അത് എങ്ങനൊക്കെയായിരിക്കണമെന്നും സ്വപ്നം കാണുകയും ചെയ്യുന്ന ഈ കവിത വളരെ നന്നായിട്ടുണ്ട്.
ഈ പുതുവത്സരത്തിൽ ഏവരും ഈ സ്വപ്നം സാക്ഷാത്കരിക്കുവാൻ അവനവനായ് ശ്രമിക്കട്ടെ...
പുതുവത്സരാശംസകൾ.

Jishad Cronic said...

മനോഹരം...

ലീല എം ചന്ദ്രന്‍.. said...

ആദ്യ നന്ദി 'എന്റെ ലോക'ത്തിന്

ബിജു,
കാത്തിരിക്കാന്‍ വിധിക്കപ്പെട്ടവര്‍ നമ്മള്‍ അല്ലേ...
സ്വപ്നം കാണാന്‍ ആരുടേയും സമ്മതം വേണ്ടല്ലോ.

മനോഹര സ്വപ്നം എന്നതിന്ന് നടുവില്‍ 'നടക്കാത്ത' എന്ന ധ്വനി കൂടി കണ്ടെത്താം അല്ലേ കേപിസു?

ഹംസ...സ്വപ്ന....വന്നതിനും ചൊന്നതിനും നന്ദി.
.

ലീല എം ചന്ദ്രന്‍.. said...

മനു, വത്സന്‍ , ഇക്കുറി അല്പം മാറ്റം ആകട്ടെ എന്ന് കരുതി ,പുതുവല്സരമല്ലേ?
നന്ദിയോടൊപ്പം പുതുവത്സരാശംസകളും.

ലീല എം ചന്ദ്രന്‍.. said...

സ്വപ്ന സാക്ഷാത്കാരം എളുപ്പമല്ലെന്നറിയാം.എന്നാലും സ്വപ്നം കാണാനെങ്കിലും ആയില്ലെങ്കില്‍
പിന്നെന്തു ജീവിതം അല്ലേ 'വിജയേച്ചി '?


'മോളൂ' ....ചക്കരെ ഉമ്മ ....

'വിരല്‍ത്തുമ്പി'ല്‍ ഞാനും ആദ്യമായാണ് തൊട്ടത്....നല്ലവര്‍ക്കുകള്‍ ആണല്ലോ.
അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദിയുണ്ട്.
.

ലീല എം ചന്ദ്രന്‍.. said...

റാംജി ,
ആയുധങ്ങള്‍ പോരാതെ വന്നതികൊണ്ടാണ് സൃഷ്ടി സ്ഥിതി സംഹാര ശക്തി കിട്ടുവാന്‍ അനുഗ്രഹം ചോദിച്ചതും പതിനൊന്നാമത്തെ അവതാരമാകാന്‍ കൊതിച്ചതും....
വരികള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് നന്ദിയുണ്ട്.

മുല്ലപ്പൂ ,
കേരള ദാസനുണ്ണി ,
പ്രദീപ്‌,പ്രാര്‍ത്ഥനകളും ആശംസകളും സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു.

ലീല എം ചന്ദ്രന്‍.. said...

അച്ചു...അഭിപ്രായത്തിന് നന്ദി.
“ഗാന്ധിജി/ പിറ/ ന്നൊരു/ നാടിത്‌, /വേറെ/ത്രയോ-
പുണ്യാവ/ താര/ ങ്ങള്‍ക്കു /ജന്മമേ /കിയീ /ഗൃഹം ,“
ഈ വരികള്‍ ഒന്ന് കൂടി ചൊല്ലി നോക്കു...വൃത്ത നിയമങ്ങള്‍ ഒന്നും നോക്കേണ്ട.എങ്കിലും കേകയുടെ ഈണം ആകാം.
ഈ ഈണവും താളവും മുഴുനീളം പുലര്‍ത്താന്‍ ശ്രമിച്ചിരുന്നു എന്നാണ് കരുതുന്നത്...
അച്ചുവിന് തടസ്സം അനുഭവപ്പെട്ടെങ്കില്‍ എന്റെ ശ്രമം വിജയിച്ചില്ലെന്ന് സമ്മതിക്കുന്നു.

ലീല എം ചന്ദ്രന്‍.. said...

കണ്ണൂരാനേ....,ചോരയുടെ മണം എനിക്ക് തീരെ ഇഷ്ടമില്ലട്ടോ.
ചോര മണക്കാത്ത നാടിനായി സ്വപ്നം കാണുന്നവളാ ഞാന്‍...
നമ്മുടെ കണ്ണൂരും മറ്റുള്ളവര്‍ക്ക് പേടി സ്വപ്നമാകതിരിക്കട്ടെ

പ്രിയ...,
നിശാസുരഭി
കലാവല്ലഭന്‍ ,
ജിഷു,എല്ലാര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും പുതുവത്സരാശംസകളും....
വീണ്ടും വരുമല്ലോ.
ഞാന്‍ അറിയിക്കാം

അഷ്ക്കർ തൊളിക്കോട് said...

നന്നായിരിക്കുന്നു...
തുടരുക ആശംസകള്‍

സാബിബാവ said...

സ്വപ്നം കാണാനും ആഗ്രഹിക്കാനും ആരുടെ അനുവാദവും വേണ്ടല്ലോ വരികളില്‍ നിഴലിക്കുന്നു തീഷ്ണത
ചോര മണക്കാത്ത നാടിനെ കുറിച്ചുള്ള സ്വപ്നം പുലരട്ടെ കവിത നന്നായി

jayanEvoor said...

ഗംഭീര എഴുത്ത്!

എല്ലാവരിലും നന്മ വിരിയട്ടെ!

പുതുവർഷം നല്ലതു കൊണ്ടുവരട്ടെ!

salam pottengal said...

really touching. comes like a lightning, yes. the reader get restless, that proves the effort.

ginan said...

ananthathayil layikkunna swapnam.enkilum ee swapnatthinu otthiri maduramundu. nanmmayude madhuramulla vaakkukal, varikal nannaayiriykkunnu. ente aashamsakal

ലീല എം ചന്ദ്രന്‍.. said...

അഷ്കര്‍,
സായി,
ഡോക്ടര്‍ ,
സലാം ,
ജിനന്‍ ....
എല്ലാവര്ക്കും നന്ദിയും
പുതുവത്സരാശംസകളും .

ആളവന്‍താന്‍ said...

പത്തവതാരങ്ങള്‍ക്കും സാദ്ധ്യമാകാത്ത ദുഷ്ട
നിഗ്രഹത്തിന്നായ്‌ മറ്റൊരവതാരമാകട്ടെ.....
നല്ല വരി....

appachanozhakkal said...

ലീലചേച്ചിയുടെ കവിത അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!നിങ്ങളൊക്കെ എന്തു കൊണ്ട് ഒത്തിരി എഴുതുന്നില്ല എന്നതാണ് ഞാന്‍ ആകുലപ്പെടുന്നത്.
ഇനിയും ധാരാളം എഴുതണം.

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍ ....

ginan said...

http://ginadevanveliyanad.blogspot.com/

കുസുമം ആര്‍ പുന്നപ്ര said...

വളരെ നല്ല ഒരു കവിത,യെന്നേ ഇതിനെ പറയാന്‍ എനിയ്ക്കാകുന്നുള്ളു.ഈസ്വപ്നങ്ങള്‍
പൂവണിയുന്നൊരു നല്ല നാളേയ്ക്കായ് നമുക്കു കാത്തിരിയ്ക്കാം.

അലി said...

സ്വപ്നങ്ങൾ പൂവണിയട്ടെ.
പുതുവർഷത്തെ പിടിച്ചുലച്ച ഈ വരികൾക്ക് അഭിനന്ദനങ്ങൾ!

ഒരു യാത്രികന്‍ said...

theekshnamaaya varikal. swapnangal poovaniyatte.....sasneham

sreee said...

ഈ സ്വപ്നങ്ങൾ സത്യമായിത്തീർന്നിരുന്നെങ്കിൽ എന്നു വെറുതെ മോഹിക്കാം. പണ്ടത്തെ മാവേലിനാടു സ്വപ്നം കാണനല്ലെ നമുക്കൊക്കെ പറഞ്ഞിട്ടുള്ളൂ. ഒരു നിമിഷമെങ്കിലും അങ്ങനെ ആയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോയി. കവിത ഇഷ്ട്ടമായി.

അനീസ said...

കവിത നന്നായി, നല്ല ആശയം, ഒരിക്കലും നടക്കാത്ത സ്വപ്നം എന്നെ പറയാനാകു, ഈ സ്വപ്നം യാഥാര്‍ത്യമാകണമെങ്കില്‍ ഒന്നേ ഉള്ളൂ , ലോകത്തുള്ള എല്ലാവരിലും ഈ ആശ ഉദിക്കണം , എങ്കിലും ഈ അവസ്ഥയ്ക്ക് അല്പമെങ്കിലും അയവ് വരട്ടെ എന്ന് പ്രാര്‍ഥിക്കാം, ഇത് വായിക്കൂ , ചുവപ്പ്

Muneer N.P said...

"എന്റെ സ്വപ്നം"
ലോകരുടെ മുഴുവന്‍ സ്വപ്നമായിരുന്നെങ്കിലെന്നാഗ്രഹിച്ചു പോകുന്നു.
മതങ്ങളെല്ലാം നില കൊള്ളുന്നത് മനുഷ്യരെ
നേര്‍വഴിയിലെക്കു നയിക്കാനാണെങ്കിലും
മതങ്ങളെ മുതലെടുത്ത് മനുഷ്യനെ മത്സരിപ്പിക്കുന്നതാണല്ലോ
ഭൂരിപക്ഷരും ചെയ്യുന്നത്..
ശാന്തിയുടെയും സമാധാനത്തിന്റെയും നല്ലൊരു സ്വപ്നം പൂവണിയട്ടെ എന്നു പ്രാര്‍ത്ഥിക്കാം ..

Ashraf Ambalathu said...

"എന്‍റെ സ്വപ്നം" എന്നൊരു ലിങ്ക് mail ല്‍ കണ്ടപ്പോള്‍, ഇത്രയ്ക്കു ശക്തവും വിഗാര പരവുമായ ഒരു മനസ്സിന്റെ ഉടമയില്‍ നിന്നും ഉത്ഭവിച്ച വാക്കുകളായിരിക്കും എന്ന് ഞാന്‍ കരുതിയില്ല. ഈ വരികള്‍ക്ക് ഒരു അഭിപ്രായം പറയാന്‍ മാത്രം യോഗ്യനാണോ എന്നതിലും ഉണ്ടെനിക്കൊരു സംശയം. രഹസ്യമായെങ്കിലും നമ്മളില്‍ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങളാണ് കവിതയിലെ വരികള്‍.
"പുഞ്ചിരിപോലും ധര്‍മ്മമാണ്" എന്ന മഹത് വചനത്തെ അനുസ്മരിച്ചു കൊണ്ട്, ഒരായിരം അഭിനന്ദനങ്ങളോടെ.

ബിഗു said...

സ്വപ്നങ്ങള്‍ പൂവണിയട്ടെ. പുതുവല്‍സരാശംസകള്‍ :)

girishvarma balussery... said...

എത്രയെത്ര നല്ല ചിന്തകള്‍. സ്വസ്ത സുന്ദരമായ ഒരു ലോകം കണ്മുന്‍പില്‍ തെളിഞ്ഞു വരുന്നു. ഈ നല്ല മനസ്സിന് നന്മകള്‍ നേര്‍ന്നുകൊണ്ട്......

കുഞ്ഞൂസ് (Kunjuss) said...

മാനവികതയുടെ ഈ സ്വപ്നം എന്നെങ്കിലും ഒരിക്കല്‍ പൂവണിയും എന്ന്‌ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം ല്ലേ... അല്ല,നമുക്ക് ഇതിനായി പരിശ്രമിക്കാം.ഒന്ന്,രണ്ട്,മൂന്ന്.....അങ്ങിനെയങ്ങിനെ എല്ലാ മനസുകളിലേക്കും ഈ സ്വപ്നത്തെ പകര്‍ന്ന്,പകര്‍ന്ന് ലോകം മുഴുവന്‍ വ്യാപിപ്പിക്കാം. അതിനായി ഇവിടെ നിന്നു തന്നെ നമുക്ക് തുടങ്ങാം.... കൈകോര്‍ക്കാം...

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

സ്വപ്നം പൂവനിയുക തന്നെ ചെയ്യും. ശുഭാപ്തിവിശ്വാസം ഉണ്ടായിരിക്കുക.

ജീവി കരിവെള്ളൂര്‍ said...

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം എന്നു പറയേണ്ടി വരികയാണെങ്കില്‍ ഞാനും ഇന്നില്‍ ജീവിക്കുന്നെന്ന് പറയേണ്ടി വരുമല്ലോ .
ഭൂമിയില്‍ നന്മയ്ക്ക് നിലനില്പുണ്ടാവരുതെന്നുറപ്പിച്ചല്ലേ അവതാരങ്ങള്‍ മോക്ഷം നല്‍കുവാനായി ഭൂമിയിലേക്കിറങ്ങുന്നത് . നാമതിനെ ആഘോമായി കൊണ്ടാടും .
ചരിത്രത്തിലും സ്ഥിതി വ്യത്യസ്ഥമല്ലല്ലോ . അവതാരങ്ങള്‍ ഗോഡ്സെയും മറ്റുമായി പുനരവതരിക്കുന്നു . പിന്നെയും ശേഷിക്കുന്ന നന്മയില്‍ നമുക്ക് സ്വപ്നം കാണാം നവലോകത്തിനായ് . വികാര തീഷ്ണമായ വരികള്‍

MyDreams said...

ഒരുപാട് കാര്യങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറയുന്നു എന്ന് തോനി പോയി അപ്പോഴാണ്‌ ഇതിനു ഇടയില്‍ ***ഒന്ന് *** രണ്ടു ***എന്ന് ഒക്കെ കണ്ടത് ..
കവിതകള്‍ കൊള്ളാം ....വലിയ വലിയ കാര്യങ്ങളെ കുറിച്ച് പറയുന്നു ....അത് കൊണ്ട് തന്നെ ചിലത് ഒക്കെ ഗ്രഹിച്ചു എടുക്കാന്‍ ഇത്തിരി വിഷമിച്ചു .
എങ്കിലും ഒന്ന് പറയട്ടെ ...ഇത് പോലെ ഉള്ള അത് ഒക്കെ ഒരുപാട് പേര്‍ പറഞ്ഞു വെച്ച് പോയതാ എന്നത് കൊണ്ട് പ്രസക്തി ഇല്ല എന്ന് അല്ല
എന്നിരുനാലും ................

ജയിംസ് സണ്ണി പാറ്റൂര്‍ said...

കവിത സമൂഹത്തിന്റെ ഖഡ്ഗമാകുന്നു
വെട്ടി വീഴ്ത്തുക തിന്മകളെ

ചെറുവാടി said...

നല്ല വരികള്‍. ഭംഗിയായി
പുതുവര്‍ഷ ആശംസകള്‍

രമേശ്‌അരൂര്‍ said...

കത്തി നില്‍ക്കുന്ന ആസുര കാലത്തില്‍ പുതിയ മാനിഫെസ്റ്റോ രചിക്കുകയാണ് നന്മ പുലരാന്‍ കൊതിക്കുന ഈ കവിത ..ഇതും നല്ലോരായുധമാണ് ...ആശംസകള്‍

സുജിത് കയ്യൂര്‍ said...

kavitha kaadu kayarunna puthiya kaalathinu kulirkaattinte eenamaayi,ee varikal.aashwaasam.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇമ്മണികാര്യങ്ങൾ പറഞ്ഞുവല്ലോ ഇത്തിരി വരികളിൽ കൂടി...

hafis said...

nalla swapnangal.................... ishtaayi.....

യൂസുഫ്പ said...

കവിത ഞാനിന്നലെ കേട്ടു.
മൊഴിയായ്,റ്റീച്ചർ തൻ നാവിൽ നിന്നും.
കവിത ഇന്നു ഞാൻ വായിച്ചു
വരികളായ്, റ്റീച്ചർ തൻ ‘ജന്മസുകൃതത്തിൽ നിന്നും.

നാമെല്ലാം ഒന്നാണെന്നും ഒന്നാകണമെന്നും ഉണർത്തിയ കവിത.

ലീല എം ചന്ദ്രന്‍.. said...

Jan 6 (1 day ago)
ശോഭ
ഞാൻ എന്താ പറയേണ്ട്, ലീലേ. അപാരം തന്നെ. ഈ സ്വപ്നങ്ങളൊക്കെതന്നെയാൺ എനിക്കുമുള്ളത്. വെറും നടക്കാത്ത മൂഢസ്വപ്നങ്ങൾ, അല്ലേ? ഏതായാലും വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ!

ലീല എം ചന്ദ്രന്‍.. said...

ഷാജി
സ്വപ്നമൊന്നിതേ മട്ടില്‍ വേദിയില്‍ നിറച്ച,തില്‍
ശക്തമായ് നിരത്തിയതൊക്കെയും നിരൂപിച്ചാല്‍
മെച്ചമാ,യെന്നാല്‍പ്പലേ ശീലുകള്‍ സ്ഫുടം ചെയ്താല്‍
തീര്‍ച്ചയാണിതില്‍ക്കേക വീഴ്ച്കയില്ലാതെ നില്ക്കും!

വീ കെ said...

എന്തൊരു നല്ല നടക്കാത്ത സ്വപ്നം...!!

ആശംസകൾ....

Shukoor said...

വളരെ നന്നായി.

ഇ.എ.സജിം തട്ടത്തുമല said...

സാമൂഹ്യതിന്മകൾ എല്ലാം കവിതയിൽ പച്ചയ്ക്ക് വരച്ചുകാട്ടിയിട്ടുണ്ട്. ഒപ്പം അതൊന്നുമില്ലാത്ത നല്ലൊരു നാളേയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പും പ്രതീക്ഷകളും. നല്ല നാളെയെക്കുറിച്ചുള്ള ചിന്തകൾ നല്ലമനസുകളെ സദാ പിന്തുടരും. എല്ലാ ആകുലതകൾക്കുമിടയിലും. തീർച്ചയായും നല്ല നാളേയ്ക്കുവേണ്ടി ഒരു ദളമർമ്മാരമായെങ്കിലും നാമോരോരുത്തരും മാറണം. ആശംസകൾ!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എന്റെ സുന്ദരിടീച്ചറമ്മേ...

എന്ത് രസായിട്ടാ ടീച്ചറമ്മ ഈ കവിത ചൊല്ല്യേ. ആ സന്ധ്യാനേരത്ത് കായൽ‌പ്പരപ്പിലെ ഓളങ്ങൾപോലും കാതോർത്തു നിന്നു കാണും. അത്രയും മനോഹരായിരുന്നു.. മനസ്സിൽ തട്ടുന്ന വരികൾ‌..

സ്നേഹപൂർവ്വം
പ്രവീൺ‌ വട്ടപ്പറമ്പത്ത്

chithrangada said...

ഞാനിവിടെ ആദ്യമായാണ് ,എത്താന്
വൈകിയല്ലോ എന്ന വിഷമം ഇപ്പോള് ...
അസ്സലായി വരികള് ,ഒരുപാടിഷ്ടമായി .
ഇനിയും വരാം .........

Joy Palakkal ജോയ്‌ പാലക്കല്‍ said...

എനിക്കുണ്ടൊരു സ്വപ്നം........
മനോഹരമായിരിക്കുന്നു..

സ്നേഹത്തിന്റെ പങ്കുവയ്ക്കലുകളെ ഉണര്‍ത്താനുതകുന്ന ഒരു ഹൃദയഹാരിയായ പോസ്റ്റ്‌!!

pournami said...

എന്താണോ ഇന്നു നടക്കുന്നത് ,എല്ലാം വരികളില്‍ മനോഹരമായി എത്തിച്ചു

Echmukutty said...

ഈ സ്വപ്നം പൂവണിയട്ടെ.
നല്ല നാളെയുടെ സ്വപ്നം!
അഭിനന്ദനങ്ങൾ ടീച്ചർ.

Anees Hassan said...

വൈകി വന്നതിന്‌ ക്ഷമിക്കുക .....

ഉമ്മുഫിദ said...

very nice. enjoyed reading

www.ilanjipookkal.blogspot.com

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ said...

ഹ്രദ്യം! ആശയ സമ്പുഷ്ടം!

തികഞ്ഞ പാരസ്പര്യത്തിന്റെ പ്രതീകങ്ങളയിരുന്ന നമുക്കിടയില്‍ ആരാണു മതില്‍കെട്ടുകള്‍ സ്ഥാപിച്ചത്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനുമാണു നമ്മുടെ പൂര്‍വ്വീകരും അവര്‍ നെഞ്ചിലേറ്റിയിരുന്ന മതങ്ങളുമെല്ലാം നമ്മെ പഠിപ്പിച്ചത്..... എന്നാലും ആരൊക്കെയൊ... എന്തിന്റെയൊ പേരില്‍ നമ്മെ പോരടിപ്പിക്കുന്നു.........

സ്നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും വാക്താക്കളാകാന്‍ നമുക്ക് കഴിയട്ടെ!

എല്ലാ ആശംസകളും!

തെച്ചിക്കോടന്‍ said...

ഈ നല്ല സ്വപനങ്ങള്‍ പൂവണിയട്ടെ എന്നാശംസിക്കുന്നു.

കവിത വളരെ നന്നായി.

നിശാസുരഭി said...

മെയില്‍ കിട്ടീരുന്നു കേട്ടൊ :)

പള്ളിക്കരയില്‍ said...

സുന്ദരം, സുഭഗം ഈ സ്വപ്നം.
ആശയഗംഭീരം.
അതിമനോഹരം അവതരണം.
പ്രത്യാശയെ പ്രോജ്ജ്വലിപ്പിക്കുന്നൂ ഈ കവിത.

നന്ദി.

വീ കെ said...

ചേച്ചിയുടെ സ്വപ്നം(ഒരിക്കലും നടക്കാത്ത) വായിച്ചു. കലികാല വിശേഷം കൊള്ളാം.ഇങ്ങനെയൊക്കെ നടക്കുമെന്നുള്ളതു കൊണ്ടാണ് ഇത് കലികാലമെന്നു പറയുന്നത്. പിന്നെ എത്രയൊക്കെ ആയുധങ്ങൾ ഉണ്ടായാലും കലിബാധ തീരാതെ ഒന്നു കൊണ്ടും ഫലമില്ല ചേച്ചി. ചേച്ചിയുടെ സ്വർഗ്ഗരാജ്യം എന്ന സ്വപ്നത്തിനു പകരം സ്വന്തം വീടിനു വേണമെങ്കിൽ ’സ്വർഗ്ഗം’എന്നു പേരിടാം... അതിനപ്പുറത്തുള്ളതൊക്കെ അതിമോഹം മാത്രം.. നന്നായിരിക്കുന്നു കവിതകൾ.., ആശംസകൾ...

ലീല എം ചന്ദ്രന്‍.. said...

@വീ കെ
നടക്കാത്ത സ്വപ്നങ്ങളെങ്കിലും നമുക്ക് കാണാം .ഒന്നും കാണാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലേ?
@Shukoor ..
വളരെ നന്ദി
@ ഇ.എ.സജിം തട്ടത്തുമല
ആശംസകള്‍ക്ക് നന്ദി

ലീല എം ചന്ദ്രന്‍.. said...

@പ്രവീണ്‍ വട്ടപ്പറമ്പത്ത്

വിശേഷണം ചേര്‍ത്ത് എനിക്ക് പൊക്കം കൂട്ടി...

മനോഹരമായ വക്പ്രയോ ഗത്തിലൂടെ എന്റെ ചിന്തകളെ കൊച്ചി ക്കായല്‍പ്പരപ്പില്‍ ഊഞ്ഞാലാട്ടി ...

ശ്ശ്യോ എനിക്ക് വയ്യ.....

പിടിച്ചോ നന്ദിവാക്കുകള്‍....
@ chithrangada .

വന്നതില്‍ നന്ദിയുണ്ട്.


ഇനിയും വരണം ........ഞാന്‍ ലിങ്ക് തരാം.
Joy Palakkal ജോയ്‌ പാലക്കല്‍

നല്ലവാക്കുകള്‍ക്ക് നന്ദി

ഇനിയും വരുമല്ലോ.

ലീല എം ചന്ദ്രന്‍.. said...

@ pournami said...
നന്ദി പൌര്‍ണമി.Blogger
@ Echmukutty said...


അഭിനന്ദനങ്ങക്ക് നന്ദി എച്ച്മു....


@ Anees Hassan said...

വൈകിയാലും വന്നല്ലോ സന്തോഷമായി.

ഇനിയും വരുമല്ലോ.അല്ലെ?@ ഉമ്മുഫിദ ഒരുപാടു നന്ദിയുണ്ട് കേട്ടോ.

ലീല എം ചന്ദ്രന്‍.. said...

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍

സ്നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും വാക്താക്കളാകാന്‍ നമുക്ക് കഴിയട്ടെ!അതെ അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം.

ആശംസകള്‍ക്ക് നന്ദി@ തെച്ചിക്കോടന്‍
നല്ലവാക്കുകള്‍ക്ക് വളരെ നന്ദി@നിശാസുരഭി

എന്നിട്ടെന്തേ മറുപടി തന്നില്ല?
ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു clsbuks@gmail.com

@ പള്ളിക്കരയില്‍
അതിമനോഹരം ഈ വാക്കുകള്‍
സന്തോഷം തോന്നുന്നു
നന്ദി.

nikukechery said...

ഇന്നിന്റെ വിഹ്വലതകൾ,
നാളെയുടെ സ്വപ്നങ്ങൾ,
അതിനിടയിൽ നിഗ്രഹവും.
നന്നായി ചേച്ചി.

വിജയലക്ഷ്മി said...

നല്ല സ്വപ്നം ..നല്ല കവിത .തീഷ്ണമായ വരികള്‍

Salam said...

കാലം കൊതിക്കുന്ന കവിത

മനു കുന്നത്ത് said...

തീക്ഷ്ണമായ വരികള്‍ .......!! നന്നായി അവതരിപ്പിക്കാനും കഴിഞ്ഞു....!! ഒരുപാട് സൃഷ്ടികള്‍ ആ വിരല്‍തുമ്പില്‍ നിന്നും പിറവിയെടുക്കട്ടേയെന്നാശംസിക്കുന്നു......!!(ഇപ്പോ തൂലിക ഇല്ലല്ലോ അല്ലെ......??)