Wednesday, June 23, 2010

വേലികള്‍

വേലികള്‍.
******
വേലികള്‍ വേലികള്‍ ചുറ്റിലും വേലികള്‍
വേലിയിതെന്തൊരു വേലി..!!!!

പിച്ചവച്ചീടുന്ന പിഞ്ചുകുഞ്ഞിന്‍ മുമ്പില്‍
കെട്ടിയൊരുനല്ല വേലി,

മുറ്റത്തു നില്‍ക്കുന്ന കൊച്ചുതൈത്തെങ്ങിന്റെ
ചുറ്റിലുമുണ്ടൊരു വേലി.

മേയും പശുക്കള്‍ പറമ്പില്‍ കടക്കാതെ
വേലിയൊന്നുണ്ട്‌ പടിക്കല്‍,

സ്വന്തം വളപ്പിനു ചുറ്റിലുമായ്‌ കരി-
ങ്കല്ലുകളാലൊരു വേലി.

ഗ്രാമങ്ങള്‍ നാടുകള്‍ രാജ്യങ്ങളൊക്കെയും
വേര്‍തിരിക്കാനുണ്ട്‌ വേലി.

മുള്ളുവേലി കമ്പിവേലി,കരിമ്പാറ-
ക്കല്ലാല്‍ ചമയ്ക്കുന്നു വേലി.

വേലിയുമായ്ബന്ധമില്ലെങ്കിലും മാ-
വേലിയിലുണ്ടൊരു വേലി,

വേലിയിപ്പോള്‍ വയ്യാവേലികളായ്‌ വന്നു
വേലിക്കല്‍ എത്തിനില്‍ക്കുന്നു .

വേലീലിരിക്കുന്ന വേണ്ടാതീനം
മടിശ്ശീലയിലോ വയ്യാവേലി

അമ്മയിയമ്മയും നാത്തൂന്മാരും
പുതുപ്പെണ്ണിനെന്നും പെരും വേലി

കെട്ടിയ പെണ്ണിനു തലിച്ചരടിനാല്‍
കെട്ടിയോന്‍ തീര്‍ക്കുന്നു വേലി

പള്ളികള്‍, മോസ്ക്കുകള്‍, അമ്പലം ചുറ്റിലും
നാനാതരമുണ്ടു വേലി

ആപത്തു സ്ഥാനങ്ങള്‍ കെട്ടിത്തിരിച്ചതാ-
കാണാം ഉറപ്പുള്ള(?) വേലി

നട്ടുനനച്ചതും കെട്ടിപ്പൊതിഞ്ഞതും
ഒക്കെ സൂക്ഷിക്കുവാന്‍ വേലി..

നന്മയും സോദര സ്നേഹവും സല്‍ഗുണ-
മൊക്കെയും വേലിക്കകത്തായ്‌...

വേലികള്‍ക്കുള്ളിലൊതുങ്ങുന്നു മാനവ
ജീവിത ചര്യകളെല്ലാം

വേലിയിവന്‍ താരം വേലിയിവന്‍ കേമന്‍
എങ്ങു തിരിഞ്ഞാലും വേലി.


ഗാന്ധിക്കു ചുറ്റിലും നാരായണ ഗുരു -
സ്വാമിക്കു ചുറ്റിലും വേലി

വേലികളെത്ര എന്നാലിവ യൊന്നുമ -
ല്ലീവിശ്വനാശത്തിന്‍ വേലി.

മര്‍ത്യ മനസ്സിനു ചുറ്റിലുമായ്‌ക്കാണും
കെട്ടാത്ത വേലിതാന്‍ വേലി.
******************************

20 comments:

ഷാജി നായരമ്പലം said...

വയ്യാവേലിയൊരെണ്ണം വെറുതേ
കയ്യില്‍ ചുറ്റിയണിഞ്ഞു
നഞ്ഞാണെന്നതറിഞ്ഞില്ലതു ഹാ!
തന്നേ ഓടിയകന്നൂ !!!

എന്നു ഇന്നു കാലത്തു ഞാന്‍ എഴുതി ഞാന്‍ ആശ്വസിച്ചതേ ഉള്ളു......കൊള്ളാം ടീച്ചര്‍

Manoraj said...

ടിച്ചറേ,

മർത്ത്യനു ചുറ്റും തീർത്തൊരു വേലി
നാശത്തിൽ കോശമാം വേലി...


സത്യങ്ങൾ വേലിക്കെട്ടിനുള്ളിൽ മറച്ചുവെക്കാൻ കഴിയില്ല. അർത്ഥവത്തായ വരികൾ..

പാവപ്പെട്ടവൻ said...

ന്മയും സോദര സ്നേഹവും സല്‍ഗുണ-
മൊക്കെയും വേലിക്കകത്തായ്‌...

ശരിയാണ് മനസ്സില്‍ വേലികള്‍ തീര്‍ത്ത മനുഷ്യര്‍ ചുറ്റും നടുവില്‍ ഉള്ളിലൊരു വെലിയുമായി നമ്മളും

ബയാന്‍ said...

ഇന്നത്തെ ഗള്‍ഫ് ന്യൂസില്‍ ഇവിടത്തെ വിദേശകാര്യമന്ത്രിയുടെ ഒരു പ്രസ്താവന ഇങ്ങിനെയായിരുന്നു.

WORLD MUST INTEGRATE.

More effective integration among the world countries to address global issues including shortage in food, water scarcity and climate change.

പക്ഷികളെ പോലെ പറന്ന് നടക്കാന്‍ വേലികളില്ലാത്ത ഒരു ലോകം ഇന്ന് കുഞ്ഞുങ്ങള്‍ക്ക് പോലും അന്യം. അല്ലെങ്കില്‍ ആരാ ഈ വേലികള്‍ പണിതത്. എന്തിനായിരുന്നു. വേലികള്‍ക്ക് കാവലിരിക്കുന്നതും ആയുധ നിര്‍മ്മാണവുമില്ലെങ്കില്‍ ഈ ഭൂമി എത്ര സുന്ദരമായേനെ.


ഭാഷാ, നിറം, മതം, ദൈവം, അങ്ങിനെ വേലികള്‍ എന്തായാലും നമ്മുടെ ആവശ്യങ്ങള്‍ ഒന്ന് തന്നെയാണ്.

Sapna Anu B.George said...

നന്നായിട്ടുണ്ട് ലീലച്ചേച്ചി........ ചിലവേലികള്‍ ഗുണം ചെയ്യാറുമുണ്ട്.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈ വേലിയും നന്നായിരിക്കുന്നു.

ഫസല്‍ ബിനാലി.. said...

നിറമിട്ട മതിലിന്‍ ഹൃദയം
കല്ലാണെന്ന് കാറ്റ് നാടുനീളെ പാടി...
നിറംകെട്ട വേലികളൊക്കെയും
മതിലിന്‍ അലിവില്ലാത്ത കരളുറപ്പിനാല്‍
വലിച്ചെറിയപ്പെട്ടന്ന് മറുകാറ്റേറ്റു പാടി..
മറയിട്ടു നിന്നെങ്കിലും വേലികള്‍
അങ്ങിങ്ങ് ദ്വാരമിട്ട് ഹൃദയം തുറന്നിരുന്നു
വേലിത്തറിക്കൊമ്പിലെ അടക്കാക്കിളിയും
വേലിത്തണല്‍പ്പറ്റി ഇമയണച്ച മണിപ്പൂച്ചയും
മതിലില്‍ വന്നലച്ച ഗദ്ഗദങ്ങള്‍ കേട്ടൊളിച്ചുവോ?.
തൊടിയില്‍ നിന്നും തൊടിയിലേക്ക്
വേലിക്കടിയിലൂടെ വേരുകള്‍ പായിച്ച്
പ്രണയം പകുത്ത് ആലിംഗനം ചെയ്ത,
ചക്കര മാവിന്‍റെ വേരുകള്‍ മതില്‍ത്തറയില്‍
മുരടിച്ചതും മാമ്പൂ പൊഴിച്ചതുമാരു കണ്ടു?.
ചായമിട്ട് സ്വര്‍ണ്ണക്കവാടം തീര്‍ത്ത്
മനസ്സുകളില്‍ അതിരിട്ട് മതിലുകള്‍ മൂകം
വേറിട്ടിരിക്കാന്‍ കന്‍മതില്‍ തീര്‍ത്തവര്‍
ഹൃദയം തകര്‍ന്നകത്തിരിക്കവേ, യീമതിലുകള്‍-
ബന്ധനത്തിന്‍ പുതു തലങ്ങള്‍ തീര്‍ക്കുന്നു.

velikalekkaal mathilukalaanippoal prashnam teechare..
well
congratzzz

Yesodharan said...

മനുഷ്യര്‍ മനസ്സുകളില്‍ വേലി കെട്ടി തിരിച്ചു പരസ്പരം തിരിച്ചറിയാനാവാത്ത വിധം മാറി പോയിരിക്കുന്നു...
കാലഘട്ടത്തിനു ചേര്‍ന്ന രചന...നന്നായിട്ടുണ്ട്....
ആശംസകള്‍...

lekshmi. lachu said...

ശെരിയാണ്...ചുറ്റിലും വേലികള്‍..
അരുത്..അരുതെന്ന് പറയും വേലികള്‍..
വേലിക്കുള്ളില്‍ അകപ്പെട്ട മനുഷ്യര്‍ നമ്മള്‍..

അനില്‍കുമാര്‍ . സി. പി. said...

മനുഷ്യമനസ്സുകളില്‍ വേലിക്കെട്ടുകള്‍ തീര്‍ത്ത് മനുഷ്യഹൃദയങ്ങളെ കൊട്ടിയടക്കുന്നവര്‍ അവര്‍ ചെയ്യുന്നത് എന്താണെന്ന് അറിഞ്ഞിരുന്നെങ്കില്‍!

സ്നേഹതീരം said...

വളരെ നല്ല വരികള്‍. ആശയവും അതു പോലെ തന്നെ.
അഭിനന്ദനങ്ങള്‍

Jishad Cronic said...

കൊള്ളാം ടീച്ചര്‍...

Abdulkader kodungallur said...

നല്ലൊരു ചിന്ത വളരെ ലളിതമനോഹരവരികളില്‍ ഒതുക്കിയിരിക്കുന്നു. വേലികളില്ലാത്ത ഒരുലോകം നമുക്ക് സ്വപ്നം കാണാം .

വഴി വളരെ വളപ്പാണെങ്കിലും വേലികെട്ടി-
കഴിവതുമൊഴിവാക്കീ കാരണോന്മാര്‍ കലാപം .

ജന്മസുകൃതം said...

ഷാജി ,മനോരാജ് ,പാവപ്പെട്ടവന്‍ യരലവ , ഒരു നന്ദി പറയാന്‍ വൈകി വന്നതിലും അഭിപ്രായം അറിയിച്ചതിലും .

സപ്ന ,
തിരക്കിനിടയിലും ഓടി വന്നല്ലോ .

ഫസല്‍ ,
വേലിയായാലും മതിലായാലും മനസ്സ് തുറക്കില്ലെന്നതല്ലേ പ്രധാന പ്രശ്നം .

സഗീര്‍ ,
ഒരു പാട് വേലികള്‍ക്കിടയില്‍ ഈ ഒരു വയ്യാ വേലിയും ...അല്ലേ ?

യെശോഭായ്
അത് സത്യം ....എന്ത് ചെയ്യാന്‍ ...!!!

ലക്ഷ്മി ,
നമ്മള്‍ വേലിക്കകത്താണോ,പുറത്താണോ ?ചുറ്റും കാണുന്നതുകൊണ്ട് നമ്മളും മറ്റുള്ളവര്‍ കെട്ടിയ വേലിക്ക കത്തായി തോന്നുന്നു .അല്ലേ ?

അനില്‍കുമാര്‍
,അറിയുന്നില്ലെന്നതുതന്നെയാനല്ലോ പ്രശ്നം ...

ജിഷാദ് ,.സ്നേഹതീരം ....സ്നേഹം നിറഞ്ഞ നന്ദി ...

അബ്ദുല്‍ ഖാദര്‍ ,
പണ്ടുള്ളവര്‍ കലാപം ഒഴിവാക്കാന്‍ കെട്ടിയത് ,ഇന്ന് കലാപത്തിനു കാരണമാകുന്നു എന്ന പുരോഗതി ആണ് ഉള്ളത് അല്ലേ?!! നന്ദി .

Anil cheleri kumaran said...

മര്‍ത്യ മനസ്സിനു ചുറ്റിലുമായ്‌ക്കാണും
കെട്ടാത്ത വേലിതാന്‍ വേലി.

ശരിയാണ്.

Pranavam Ravikumar said...

Chilappol Ee Velikal Gunam Cheyyaarumundu!

mini//മിനി said...

മനുഷ്യമനസ്സിലുള്ള ഒരു വലിയ വേലി; അതാണല്ലൊ എല്ലാ വയ്യാവേലിക്കും കാരണം.

Kalavallabhan said...

നമ്മുടെ മുഖ്യമന്ത്രിയെ മറന്നോ ?

വേലിയ്ക്കകത്തുശങ്കരനച്ചുതാനന്ദൻ
മുഖ്യനാണെങ്കിലുമപ്പാർട്ടികൾക്കുള്ളിൽ
വേലിചാടുന്നോരൊക്കെയും ചേർന്നാ
മുഖ്യനേയും വേലിക്കുള്ളിലാക്കി

ഒരു നുറുങ്ങ് said...

ഇപ്പോള്‍ വേലി പണ്ടേപോലെ
വിള തിന്നാറില്ല!

the man to walk with said...

മര്‍ത്യ മനസ്സിനു ചുറ്റിലുമായ്‌ക്കാണും
കെട്ടാത്ത വേലിതാന്‍ വേലി..
ishtaayi