Thursday, December 11, 2008

മഴയൊഴുകുന്നു

ഇന്നോളം ഞാന്‍
കണ്ടതില്ലിങ്ങനെ
നിറമനമോടെ,
നിര്‍വൃതിയോടെ
മഴയെ
ഉള്‍ക്കാമ്പിലേ-
ക്കാവാഹിക്കുമീ
പ്രകൃതിഭാവം.
ഇല്ലൊരു ചലനവുമീ-
ത്തൈത്തെങ്ങോലയില്‍,
ഉയരമേറുമീ വന്‍ ദാരുവില്‍,
തളിരില ചൂടുമീ മുരിങ്ങയില്‍,
ചെറു കായ്കള്‍ പേറുമീ പപ്പായയില്‍.
നിറമനമോടെ
നിര്‍വൃതിയോടെ
സ്വീകരിക്കയായ്‌
ഇളം കുളിരോടെ.
പുളിമരത്തിന്‍
ചെറുതാമിലകളും
വിറയാര്‍ന്നു നില്‍ക്കുന്നഹോ.
ഒരു കുഞ്ഞു തെന്നല്‍ പോലുമി-
വര്‍ഷപാതത്തിനെതിരായ്‌
വീശുന്നതില്ല,
പടഹധ്വനികളുമായ്‌
എത്തിയതില്ലിടിയും
കണ്ണഞ്ചിക്കുമൊരു
സൗദാമിനിയും.
കേള്‍ക്കുന്നതൊരു
മര്‍മ്മരം,
കാതിനിമ്പം
വളര്‍ത്തുമൊരു ഗീതം
പെയ്യുകയല്ലിതു മഴ
ഒഴുകുന്നു നിര്‍വിഘ്നം
പ്രിയ തരമൊരു
തലോടലിന്‍ സുഖ-
മറിഞ്ഞൊരു നേര്‍ത്ത വിറയല്‍...
സുന്ദരിതന്‍ മിഴിപ്പീലിയുടെ ചഞ്ചലത...
അതു മാത്രമീ പുല്‍ക്കൊടിത്തുമ്പിലും
പൂവിന്നിതളിലും.
കനിഞ്ഞൊഴുകുകയാണീ
മഴ
വെയിലിന്‍ കൊടും താപമേറ്റുഴറിയ
മേദിനിയില്‍ നിന്നുയരുമൊരു
ചുടുവീര്‍പ്പടക്കുവാന്‍
‍അകലേയ്ക്കകലേയ്ക്കല-
ഞ്ഞൊടുവില്‍ തളര്‍ന്നവശരാം
വേരുകള്‍ക്കാശ്വാസമേകുവാന്‍,
ഇടതടവില്ലാ-
തൊഴുകുകയാണീമഴ
പ്രകൃതിതൻ  ‍അപൂര്‍വ സുന്ദരമാ-
മൊരാര്‍ദ്രഭാവം...!
ഇതാണമ്മതന്‍
സ്നേഹ ലാളനം
പ്രിയതരമാം
ഒരാശ്ലേഷണം.

16 comments:

കാപ്പിലാന്‍ said...

ഒരു നല്ല മഴ പെയ്തിറങ്ങിയ അനുഭൂതി .നല്ല മഴയാണ് നാട്ടില്‍ അല്ലേ :).ഇതിന്റെ വൃത്തവും ,ഗുരു ലഘു ഇതെല്ലാം തിരിച്ച് എഴുതിക്കാണിച്ചു കഴിഞ്ഞു ക്ലാസില്‍ കയറിയാല്‍ മതി .നല്ലൊരു പദ്യം .

മാളൂ said...

പ്രകൃതിതന്
‍അപൂര്‍വ സുന്ദരമാ-
മൊരാര്‍ദ്രഭാവം...!
ഇതാണമ്മതന്‍ സ്നേഹ ലാളനം
പ്രിയതരമാം ഒരാശ്ലേഷണം.

വായിച്ചു തീരുമ്പോള്‍
ധനുമാസത്തിലെ
കുളിരൂറുന്ന നിലാവും
മഴ നൂലുകളും
പെയ്തിറങ്ങുന്നു മനസ്സില്‍
നല്ലൊരനുഭവം ..

ശ്രീ said...

നല്ലൊരു മഴ നനഞ്ഞ സുഖം.
:)

G.manu said...

so nice

സ്നേഹതീരം said...

വളരെ നന്നായിരിക്കുന്നു.

കനല്‍ said...

ശരിക്കും ഒരു മഴ നനഞ്ഞ സുഖമുണ്ട് ടീച്ചറേ...

പനി പിടിക്ക്വോ ? ആവോ?

vidhusankar said...

പറയാതെ പെയ്തൊഴിയുന്ന പെരുമഴ..
ഈ വരികളിലൂടെന്നും തിരിച്ചു വരുന്നു...
മനോഹരം.. പെയ്തൊഴിയാത്ത പുതുമഴയുടെ ഗന്ധം..

കുറുമാന്‍ said...

മരുഭൂമിയിലിരുന്നിട്ടും ഒരു മഴ നനഞ്ഞ സുഖം. നന്നായിരിക്കുന്നു ടീച്ചറേ.

രണ്‍ജിത് ചെമ്മാട്. said...

നല്ല കവിത!

മാണിക്യം said...

നല്ലൊരു കവിത..
വായിച്ചു തീര്‍ന്നിട്ടും മനസ്സില്‍ മഴ.
, ഇതാണമ്മതന്‍ സ്നേഹ ലാളനം
പ്രിയതരമാം ഒരാശ്ലേഷണം

പ്രകൃതിയാം അമ്മതന്‍ ആശ്ലേഷം!!

ആശംസകള്‍ !!

ലീല എം ചന്ദ്രന്‍.. said...

മഴയുടെ കുളിരില്‍ എന്നോടൊപ്പം നനയാന്‍ ഈ വഴി

വന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

പോകും മുന്‍പ്‌ ഒന്നുകൂടി വായിക്കണേ....
തെല്ലു മാറ്റം........,

സാക്ഷി പറയാന്‍ മുന്‍പില്ലാതിരുന്ന ചിലരും ഉണ്ട്‌

ak47urs said...

മഴയെ ജനലിലൂടെ ആസ്വദിക്കാ‍ന്‍...തിമര്‍ത്തു പെയ്യുന്ന മഴയുടെ ആരവത്തിനു ചെവി കൊടുത്ത്
മൂടിപ്പുതച്ചുറങ്ങാന്‍... പിന്നെ നനഞ്ഞ് കുളിക്കാന്‍..പല ഭാവങ്ങളുള്ള മഴയെ ആസ്വദിക്കാ‍നും പല ഭാവങ്ങള്‍... നന്നായിട്ടുണ്ട്.. കഴിഞ്ഞ വാരം ഈ മരുഭൂമിയേയും ആര്‍ദ്രമാക്കി...

'മുല്ലപ്പൂവ് said...

:)

ജോസ്‌മോന്‍ വാഴയില്‍ said...

ഒന്ന് മഴ നനയാന്‍ കൊതിപ്പിച്ചു...!!!

ഈ കവിതയിലൂടെ ഞാനൊന്ന് നനഞ്ഞൂന്നുള്ളത് സത്യം തന്നെ...!! എന്നാലും...!! എനിക്കിപ്പോ നാട്ടില്‍ പോണം... ഒന്ന് മഴ നനയണം...!!!

മനോഹരമായിരിക്കുന്നൂ അമ്മേ...!!!

ഗീതാഗീതികള്‍ said...

ഈ പെരുമഴക്കവിതയൊരു
കുളിര്‍മഴയായ് പെയ്തിറങ്ങുന്നു
മനമിതില്‍, കുളിരുലാവുന്നൂ.....

പരമാര്‍ഥങ്ങള്‍ said...

ലീലാമ്മേ,അമ്മയ്ക്ക് കുഞ്ഞാവാൻ മോഹമില്ലെങ്കിലും
അമ്മതന്നാശ്ലേഷമനുഭവിക്കാൻ കഴിയുന്നാല്ലൊ!ഭാഗ്യം.