Friday, June 20, 2008

കമലയോട്‌...............




കമലേ, നീയെന്തിനീ
നീര്‍മാതളത്തിന്റെ
കദനം നിനയ്ക്കാ-
തൊളിച്ചുപോയി...?
കരളില്‍ പ്രണയത്തിന്
‍തിരി തെളിച്ചാരുനിൻ
‍കനവുകള്‍ പോലും
കവര്‍ന്നെടുത്തു..?
നീലാംബരികളും
നീര്‍ത്തടാകങ്ങളും
നീ പരിപാലിച്ച
പൂവനവും,
നിന്റെ-നിശ്വാസ-
മുറഞ്ഞ പ്രകൃതിയും,
നിന്റെ സങ്കല്‍പം
നിറച്ച ദിനങ്ങളു-
മെന്തിനു വിസ്മൃത
വീഥിയില്‍ തള്ളി നീ-
യെന്തിനു പോയി
മരീചി തേടി...?
പരശതം സ്വപ്നങ്ങൾ
‍നിന്നാദര്‍ശത്തിനെ
പടുതയിടീക്കാ-
നൊരുങ്ങിയെന്നോ?
മറക്കുടക്കുള്ളില്‍നി-
ന്നിനിയും പുറത്തേയ്ക്കു
മറനീക്കിയെത്തുവാ-
നൊക്കുമെന്നോ?
ജരയും നരയും
പ്രകൃതിതന്‍ കല്‍പന-
യ്ക്കെതിരില്ല,സ്വാര്‍ഥത-
യേറുകിലും,
കാലം കനിഞ്ഞു നല്‍-
കീടും ജരാനര
മക്കനക്കുള്ളില്‍
ഒതുങ്ങീടുമോ?

8 comments:

Inji Pennu said...

സ്ത്രീ എഴുത്തുകാര്‍ എന്ന ബ്ലോഗ് ഇവന്റില്‍ പങ്കെടുത്തതിനു വളരെ നന്ദി.
അതൊരു കവിതാ രൂപത്തിലായതില്‍ വളരെ സന്തോഷം. അങ്ങിനെ ഒരു എന്റ്രി ആദ്യാണ്. :)

മുസാഫിര്‍ said...

എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് , എന്തിനായിരുന്നു ഇങ്ങിനെ ഒരു ഒളീച്ചോട്ടം എന്ന്.

ഗീത said...

ഞാനും അതുതന്നെ പറയുന്നു. പിറന്ന നാടിനോട് പിണങ്ങിപോകണ്ടായിരുന്നു. പൊരുതി ജീവിക്കണമായിരുന്നു....

എന്നാലും ചിലപ്പോള്‍ എല്ലാം സഹിയാതാകുമ്പോള്‍ ഒളിച്ചോടാന്‍ തോന്നുമായിരിക്കും .
നല്ല കവിത ടീച്ചര്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒളിച്ചോട്ടങ്ങള്‍ അനിവാര്യമായതാകും...

മാണിക്യം said...

"ജരയും നരയും
പ്രകൃതിതന്‍ കല്‍പനയ്ക്കെതിരില്ല,
സ്വാര്‍ഥതയേറുകിലും,
കാലം കനിഞ്ഞു നല്‍കീടുമാ വൈകൃതം
മക്കനക്കുള്ളില്‍ ഒതുങ്ങീടുമോ?"


age gracefully!
തര്‍ജ്ജിമ ചെയ്താല്‍ ആ എഫക്റ്റ് പോകും
മനസ്സില്‍ പ്രണയം സൂക്ഷിച്ച എഴുത്തുകാരി
എന്ന് ഞാന്‍ മാധവികുട്ടിയെ പറ്റി കരുതുന്നു..
വര്‍ദ്ധക്യത്തെ വൈകൃതം വിളിക്കമോ?

ശരിയാണ് “മാധവികുട്ടി”
പോകരുതായിരുന്നു മരീചിക തേടി ..

Unknown said...

കരളില്‍ പ്രണയത്തിന്
‍തിരി തെളിച്ചാരുനിന്
‍കനവുകള്‍ പോലും
കവര്‍ന്നെടുത്തു..?

അങ്ങനെ ഒരു പരദൂഷണം കേട്ടിരുന്നു കുറെ മുന്‍ബ്...

girishvarma balussery... said...

നീര്‍മാതളത്തിന്റെ കഥാകാരി മലയാളമണ്ണ് വിട്ട് മറ്റൊരു ദേശം തേടി പോയി....അവിടെയിരുന്നും വിങ്ങുന്ന ആ ഹൃദയം കാണാം നമുക്ക്.... നാലപാട്ടില്‍ വന്നു പോകുന്നത് കാണാം.. നീര്‍മാതളത്തിന്റെ ചോട്ടില്‍ ഇരുന്നു പോവുന്നത് കാണാം...നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചു കൊണ്ട് അവര്‍ ഇന്നും ഇവിടെ തന്നെ ഉണ്ട്.. നമ്മുടെ മനസ്സില്‍ നിന്നും അവര്‍ എവിടെ പോകാന്‍..?

വി.എ || V.A said...

ഉപനിഷത്തുക്കളിൽകിട്ടാത്ത ശാന്തിതേടി അനന്തവിഹായസ്സിൽ തേടിയാൽ നേടുമോ ശാന്തിയും സ്നേഹവും സൌഭാഗ്യവും..?