Friday, March 7, 2008

സ്വപ്ന സൗധം

ഈ  നിശീഥിനി തന്‍ പൊൻ തുരുത്തിലിരു-
ന്നേകയായ് ഞാൻ മെനഞ്ഞിന്നൊരുമാളിക
എന്‍റെ സ്വപ്നങ്ങളാം സേവകര്‍ കാത്തിടും
സ്വര്‍ഗ്ഗീയ ശാന്തി തുളുമ്പിടും  മന്ദിരം
നിത്യ നിശ്ശബ്ദത കട്ടപിടിച്ചതാ-
ണിത്തറവാട്ടിന്നകത്തളമൊക്കെയും
ഏകാന്തതയുടെ സാമ്രാജ്യമിന്നിതി-
ലില്ലൊരു നേര്‍ത്ത ചിലമ്പിന്റെ നാദവും 
ഇവിടെയില്ലകിടില്‍ വിഷപ്പാല്‍ ചുരത്തുന്ന
ധേനുവും ,ധേനുവിന്‍ ഓമല്‍ക്കിടാങ്ങളും
വര്‍ണഭേദങ്ങളാല്‍ സീമതിരിച്ചങ്ങുയരെ-
പ്പറക്കും കൊടിതോരണങ്ങളും
ഏതോ ചുവന്ന തെരുവിന്‍റെ സന്തതി
നാട്ടില്‍വിതച്ച പുഴുത്ത സന്മാര്‍ഗ്ഗവും
ഇവിടെങ്ങുമില്ല സുഗന്ധം പരത്തുന്ന
പാലയും ദാഹാര്‍ദ്രയായൊരു യക്ഷിയും
ഇല്ലിവിടുത്സവച്ചന്തയിലെ വില-
പേശലും തിക്കും തിരക്കും സ്വരങ്ങളും
ഈ നിമിഷങ്ങളെ പേടിപ്പെടുത്തുവാന്‍
കാലന്‍പരുന്തിന്‍ ചിറകടിയൊച്ചയും.
ഏകാന്ത സ്വപ്നത്തിന്‍ മാധുര്യമേറ്റുവാന്‍
പ്രാണനിലാനന്ദ ദീപം തെളിക്കുവാന്‍
ഒന്നുമാത്രം മതി നിന്‍റെ സ്നേഹം സഖേ
വന്നീടുകീ,സ്വപ്നസൗധത്തിലേയ്ക്കുനീ.

18 comments:

മയൂര said...

ബ്ലോഗുലഗത്തിലേക്ക് സ്വാഗതം, എല്ലാ ഭാവുകങ്ങളും ... :)

ഇളംതെന്നല്‍.... said...

സുസ്വാഗതം......

ഹരിയണ്ണന്‍@Hariyannan said...

മനോഹരമായ വരികള്‍ ഈ ബ്ലോഗിനെ സ്വപ്നസൌധമാക്കുന്നു!!

ശ്രീമതി.ലീല.എം.ചന്ദ്രന്‍ ഇനി ബൂലോകത്തിലും അറിയപ്പെടട്ടെ....ബ്ലോഗുലോകത്തിന്റെ സുകൃതമായി!!

മഴത്തുള്ളി said...

അതിമനോഹരമായിരിക്കുന്നു കവിത.

ബൂലോഗത്തിലേക്ക് സ്വാഗതം.

കനല്‍ said...

ബൂലോകത്തിലിനി വായിക്കാന്‍ കൊള്ളാവുന്ന ഇത്തരം കവിതകള്‍ കൂടി കിട്ടുമെന്ന് പ്രതീക്ഷിക്കാം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ടീച്ചറേ എന്നു വിളിക്കുന്നതിനെക്കാളും എനിക്കിഷ്ടം അമ്മേ എന്നു വിളിക്കാനാ,ഞാന്‍ അങ്ങിനെ വിളിക്കൂ,എന്റെ അമ്മയും ഒരു ടീച്ചറായിരുന്നു.ഇപ്പോള്‍ റിട്ടേറായി,ശരത്താണ്‌ എനിക്കീ സൈറ്റ്‌ അഡ്രസ്സ്‌ തന്നത്‌.തുടക്കം ഗംഭീരമായിരിക്കുന്നു.തുടര്‍ന്നും പ്രതീക്ഷിച്ച്‌ ഒരു മകന്‍

ഏറനാടന്‍ said...

ശ്രീമതി ലീല എം. ചന്ദ്രന് എന്റേയും വക സ്വാഗതം. കവിത മനോഹരമെന്ന് പ്രത്യേകം പറയേണ്ടല്ലോ. പ്രൊഫൈല്‍ വായിച്ച് വാ പൊളിച്ചിരുന്നതേയുള്ളൂ. :) നമ്മളൊക്കെ ആ സ്ഥാനങ്ങളില്‍ എത്തുവാന്‍ ഇനിയെത്ര കടമ്പകള്‍ എന്നറിയില്ല! എല്ലാ വിധ ഭാവുകങ്ങളും ഞാന്‍ നേരുന്നു...

കണ്ണുര്‍ സ്വദേശിയല്ലേ, അവിടെ ഞായറാഴ്ച ഒരു ബ്ലോഗ് ശില്‍‌പശാല അരങ്ങേറുന്നുണ്ട്. നേരില്‍ കാണാനും പരിചയപ്പെടാനും കഴിയുമെന്ന് ആഗ്രഹിക്കുന്നു.

സുല്‍ |Sul said...

വരികള്‍ മനോഹരമാണ്.
ബൂലോഗത്തേക്ക് സ്വാഗതം.

-സുല്‍

കാപ്പിലാന്‍ said...

കുറച്ചു നാളിനു ശേഷം നല്ല ഒരു കവിത കണ്ടു.സന്തോഷം,ഇനിയും തുടര്‍ന്നെഴുതുക.ടീച്ചറെ.എല്ലാ ഭാവുകങ്ങളും

ശരത് അമ്മയുടെ മോന്‍ ആണെന്നരിഞ്ഞതില്‍ സന്തോഷം

,, said...

നന്നായിരിക്കുന്നു.

സാരംഗി said...

സുസ്വാഗതം!

മാണിക്യം said...

ലീലടിച്ചറെ
ബൂലോകത്തേക്ക് സ്വാഗതം !

ഒന്നുമാത്രം മതി നിന്‍റെ സ്നേഹം സഖേ
വന്നീടുകീ,സ്വപ്നസൗധത്തിലേയ്ക്കുനീ.


വന്നു. ഇനി ഇവിടെ കാണും .
ശരത്തിന്റെ അമ്മയെ കണ്ടതില്‍ സന്തോഷം.
സ്നേഹാശംസകളോടെ,മാണിക്യം.

ഗീത said...

സ്നേഹമുണ്ടെങ്കില്‍ പിന്നെ മറ്റെന്തുവേണം?
നല്ല കവിത. ശൈലിയും ആശയവും നന്ന്‌.

Sapna Anu B.George said...

സുസ്വാഗതം പറയണ്ട സമയം കഴിഞ്ഞു എങ്കിലും, ഒരു സ്വാഗതം കൂടി കിടക്കട്ടെ.....

ഒന്നുമാത്രം മതി നിന്‍റെ സ്നേഹം സഖേ
വന്നീടുകീ,സ്വപ്നസൗധത്തിലേയ്ക്കുനീ........

വന്നു ദാ എത്തി ഞാന്‍ നി സൌധത്തില്‍
ഇന്നിനി പേരീതില്‍നിന്നും അദൃശ്യമാം
നിന്‍ സൌഹൃദസൌധത്തിലെക്കു ഞാന്‍,
സ്വീകിക്കെന്നെ നീ സ്വപ്നമായി,സപ്നയായി.

ജന്മസുകൃതം said...

സ്വീകരിക്കുന്നു,സ്വപ്നാ,
നിന്നെയെന്‍ സാമ്രാജ്യത്തിന്‍
സ്വപ്നമായ്‌,അല്ല,നിത്യ-
സത്യമായ്‌ തന്നെ പ്രിയേ..!

Sapna Anu B.George said...

നിത്യ സത്യത്തിന്റെ ബ്ലോഗില്‍ ഇടക്കു സന്ദര്‍ശിക്കാന്‍ മറക്കരുത്...

kamalayode said...

Kamalayod is a good poem.Congratulations.Fr.Cyriac

kamalayode said...
This comment has been removed by a blog administrator.