Friday, December 18, 2015

നീറുമോരോർമ്മ.



പൊട്ടിച്ചിരിക്കും നിലാവിൻ മടിത്തട്ടി-
ലിത്തിരി നേരം തനിച്ചിരിക്കട്ടെ ...ഞാൻ
ഈ നിമിഷത്തിന്നനുഭൂതിയെന്നിലെ
ചേതനയ്ക്കുള്ളിലോരഗ്നിയായ് നീറവേ
ആ ചുടുജ്ജ്വാലയിൽ കത്തിയെരിയുന്നെൻ
മോഹഭംഗത്തിൻ ശവമഞ്ചമൊക്കെയും.

ഓർക്കുന്നു ഞാൻ, അന്നു നിൻ മിഴിക്കുള്ളിലെ
പൊൻ ചിരി മുത്തുകൾ നീണ്ടുവന്നെൻ ഹൃത്തിൽ
ഉന്മേഷമായ് ,ഉഷ്ണ ജ്ജ്വാലയായ് ,പൊള്ളുന്ന
നൊമ്പരമായ്, ബാലബിംബം പൊഴിക്കുന്ന
കാഞ്ചനരശ്മിയായ് , നീലനിലാവിന്റെ സൗന്ദര്യമായ് ,
നിശീഥിനിയിൽ  പൂക്കും പൊന്നാമ്പലായ്,
ആമ്പലിനുള്ളിലൂറീടുന്ന തേൻകണമായ് ,
മൂളുംഭൃംഗമായ് ,രാവിന്റെ തേങ്ങലായ് ,
തേങ്ങും രാപ്പാടിയായ്, പൂവുകൾ
തിങ്ങി നിറഞ്ഞ പൂങ്കാവന ശോഭയാ,
യേതോ മധുരാനുരാഗത്തിൻ താളത്തിൽ
എന്നിലെ എന്നെ മറന്ന നിമിഷങ്ങൾ.
നീ നിറച്ചെന്നിൽ പുതിയോരുഭാവവു-
മേകാന്ത സ്വപ്നത്തിൻ ശീതള ച്ഛായയും
നീ നിറച്ചെന്നുള്ളിൽ പേരറിയാത്തൊരു
രാഗാർദ്രമോഹത്തിൻ നിർവൃതിപ്പൂക്കളും.
അന്നു ഞാൻ യാചിച്ചു നിൻ കരൾക്കൂടതിൽ
ഒന്നെനിക്കന്തിയുറങ്ങാനിടത്തിനായ്,

അത്യുന്നശൃംഗത്തിലായാലും , ജീവനെ
മൃത്യുവിൻ മാറിലെറിയേണ്ടിവന്നാലും
യാത്രാമൊഴിചൊല്ലി ഞാനിറങ്ങാം, നിന്റെ
പാട്ടിനു പല്ലവിയായിടാം , ജീവിത
പാതയിലൂടെ കൈകോർത്തു നടന്നീടാം ,
കാവ്യവും ഭാവവും പോലിണ ചേർന്നിടാം.

എന്നു ഞാൻ ചൊന്നതബദ്ധമെന്നോതി നീ
എന്തിനായന്നെന്നെ വിട്ടുപോയി സഖേ ...?

Monday, December 14, 2015

വിശ്വസിക്കാനാകുമോ?



"ആരുമില്ലേ ഇവിടെ..."
മുറ്റത്തുനിന്ന് ഒരു സ്ത്രീ ശബ്ദം. അതിനു മറുപടിയായി അകത്തുനിന്നും നാട്ടുകാർ ഓമനച്ചേച്ചി എന്ന് വിളിക്കുന്ന സ്ത്രീയുടെ ദീനസ്വരം കേട്ടു .
"ആരാത്? ഇങ്ങു കേറി വന്നോളൂ. എനിക്ക് എണീക്കാൻ വയ്യാതെ കിടക്കുകയാ"
ആഗത ഉള്ളിലേയ്ക്ക് കയറിച്ചെന്നു. കട്ടിലിൽ തളർന്നുകിടക്കുന്ന ഓമനച്ചേച്ചിയുടെ അരികിലെത്തി ആർദ്രതയോടെ ചോദിച്ചു.
"എന്താ പറ്റിയത്?..
" വയ്യ ..രണ്ടുകാലിനും വേദനയാ...കുറെനാളായി തുടങ്ങീട്ട് ...."
"ഒറ്റയ്ക്കാണോ? അപ്പോൾ ആരും സഹായത്തിനില്ലാതെ എങ്ങനെയാ..കാര്യങ്ങൾ നടക്കുന്നത്?"
" മോളുണ്ടായിരുന്നു അവളെ കെട്ടിച്ചു വിട്ടു. ദൂരെയാ...അവൾക്കിവിടെ വന്നു നില്ക്കാൻ പറ്റില്ലല്ലോ. അയൽക്കാർ നല്ലവരാ.... അവർ വരും...ലേശം വെള്ളം അനത്തിത്തരുന്നത് അവരാ..."
"ഇപ്പോഴും കാലിനു വേദനയുണ്ടോ?"
"ഉണ്ട്...കുറെ ചികിത്സിച്ചതാ..ഒരു കുറവുമില്ല. ഇപ്പം വേദനയൊക്കെ ഒരു ശീലമായി....പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ ഒക്കെ സഹിക്കാൻ കഴിയുന്നുണ്ട് .."
"കാലിനും കൈക്കുമൊക്കെ നല്ല നീരുണ്ടല്ലോ .ഒരു കാര്യം ചെയ്യാം..ഇവിടെ എണ്ണയോ കുഴമ്പോ ഇരുപ്പുണ്ടേൽ എടുത്തു തന്നാൽ ഞാനൊന്നു തടവിത്തരാം."
അവരുടെ വാക്കുകളിലെ സൗമ്യത ഓമനച്ചേച്ചിക്ക് സാന്ത്വനമായി.
"എവിടെയോ കുറച്ചിരിപ്പുണ്ട്.എവിടെയാണോ...ആവോ"
"ഞാൻ നോക്കാം."
അവർ ജനലരികിലിരുന്ന ഒരു കുപ്പി കണ്ടെടുത്തു.
"ഇതല്ലേ...ഇതിൽ അല്പം ഉണ്ടല്ലോ "
ഒരു ചെറിയകുപ്പിയുടെ അടിയിൽ പേരിനുമാത്രം എണ്ണ
"ഒന്നെഴുന്നേറ്റിരിക്കൂ ...ഞാൻ പിടിക്കാം."
ആസ്ത്രീയുടെ കൈത്താങ്ങിൽ ഓമനച്ചേച്ചി എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
അവർ ഓമനച്ചേച്ചിയുടെ കാലുകളിൽ മെല്ലെ എണ്ണ പുരട്ടിത്തടവി....
പിന്നെ കൈപിടിച്ച് എഴുന്നേല്പ്പിച്ചു നിർത്തി. ഓമനച്ചേച്ചി ആഗതയെ നോക്കി നിറഞ്ഞമിഴികളോടെ കൈകൂപ്പി.
"ആശ്വാസം തോന്നുന്നുണ്ടോ?"
മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.നന്ദിയോടെ അവരുടെ മുന്നിൽ തൊഴുതു നില്ക്കാനേ ഓമനച്ചേച്ചിക്ക് കഴിഞ്ഞുള്ളൂ.
മെല്ലെ അവരുടെ തോളിൽ രണ്ടുപ്രാവശ്യം തട്ടി ആ സ്ത്രീ പറഞ്ഞു.
"ഒക്കെ ശരിയാകും. എനിക്ക് അല്പം വെള്ളം തരാമോ ..?"
ഓമനച്ചേച്ചി സന്തോഷത്തോടെ ഒട്ടും പ്രയാസം കൂടാതെ നടന്ന് അകത്തുപോയി ഒരു ഗ്ലാസ് വെള്ളവുമായി തിരിച്ചു വന്നു. പക്ഷേ വെള്ളം ചോദിച്ചയാൾ അവിടുണ്ടായിരുന്നില്ല.അവിടെയെല്ലാം ഓടിനടന്നു പരതിയിട്ടും വന്ന സ്ത്രീയെ കാണാൻ ഓമനച്ചേച്ചിക്കു കഴിഞ്ഞില്ല...അവർ അമ്പരന്നു. നിത്യവും കൈകൂപ്പി പ്രാർഥിക്കുന്ന പരിശുദ്ധമാതാവിന്റെ കൊച്ചുരൂപത്തിൽ നോക്കി അവർ നെഞ്ചിൽ കൈവെച്ച് ഉറക്കെ വിളിച്ചു..
"എന്റെ മാതാവേ .."
അമ്പരപ്പ് കൂട്ടിയ മറ്റൊരു കാഴ്ചയാണ് അവരപ്പോൾ കണ്ടത്.
മാതാവിന്റെ രൂപത്തിൽ എണ്ണ പുരണ്ടിരിക്കുന്നു. മാത്രമല്ല അല്പം മാത്രം എണ്ണ അവശേഷിച്ചിരുന്ന ആ കൊച്ചുകുപ്പിയിൽ എണ്ണ  നിറഞ്ഞ്നില്ക്കുന്നു.
ഇത് കൃത്യം ഒരു വർഷം മുമ്പ് നടന്നതാണ്. ഇതിന്റെ തുടർക്കഥ ചെറിയ കാര്യമല്ല.
അന്ന് നിറഞ്ഞ ആ കുപ്പി പിന്നെ ഒഴിഞ്ഞിട്ടില്ല.എത്രയെടുത്താലും തീരാത്ത അക്ഷയപാത്രമായി ഇന്നും ഓമനച്ചേച്ചിയുടെ വീട്ടിലെ ആ കുപ്പിയിൽ നിന്നും എണ്ണ ഒഴുകുകയാണ്. പ്രത്യേകിച്ചും ബുധൻ,ശനി ദിവസങ്ങളിൽ. ഓമനച്ചേച്ചി വീട്ടിൽ ഉള്ളപ്പോൾ മാത്രമേ അത് സംഭവിക്കുന്നുള്ളു എന്നതും ശ്രദ്ധേയം. ഇത് തട്ടിപ്പാണെന്ന് വിധിച്ചവരും എണ്ണ ഒഴിക്കുന്നവരെ കണ്ടുപിടിക്കാൻ ഒളിച്ചു കാത്തിരുന്നവരും ഒട്ടേറെ .പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച് ഇന്ന് കാസർകോട് ജില്ലയിലെ ബളാൽ എന്ന ഗ്രാമം ഒരു തീർഥാടനകേന്ദ്രമായി മാറുകയാണ്. എത്ര പേർ ചെന്നാലും അവർക്ക് ബളാൽ മാതാവിനോട് പ്രാർഥിക്കാം ..അവരുടെ ആവശ്യങ്ങൾ സാധിച്ചുതരുവാൻ അപേക്ഷിക്കാം. രണ്ട് സ്പൂണ്‍ എണ്ണ വാങ്ങി തിരികെപ്പോരാം.
കൂടുതൽ വേദനഅനുഭവിക്കുന്നവരുടെ തലയിൽ കൈവെച്ച് ഓമനച്ചേച്ചി പ്രാർഥിക്കാറുണ്ട്.അപ്പോൾ അവർക്ക് മാതാവിന്റെ അനുഗ്രഹം ലഭിക്കുന്നതിന് നാട്ടുകാരും സാക്ഷികൾ. ആ വേദന ഏറ്റു വാങ്ങിയതു പോലെ ഓമനച്ചേച്ചിയുടെ ശരീരത്തിൽ ചിലപ്പോൾ അഞ്ചു തിരുമുറിവുകൾ പ്രത്യക്ഷപ്പെടും അല്ലെങ്കിൽ ചാട്ടവാറടിയുടെ പാടുകൾ തെളിയും .പിന്നെ കുറെ നേരത്തേയ്ക്ക് ഓമനച്ചേച്ചി അവശയായിരിക്കും.
രോഗശാന്തി ലഭിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഓമനച്ചേച്ചിയുടെ ജീവിതത്തിനു വഴിത്തിരിവായ ആ അത്ഭുത സന്ദർശന ത്തിന് ശേഷം അവരുടെ രോഗം നിശേഷം മാറി. എങ്കിലും സാധാരണക്കാരിൽ സാധാരണക്കാരിയായിത്തന്നെ അവർ ബളാലിൽ ജീവിക്കുന്നു.ആരും അവരെ ദൈവമായി വണങ്ങുന്നില്ല. നേർച്ച കാഴ്ചകൾ അർപ്പിക്കുന്നില്ല.അവരും ആരെയും കെട്ടിപ്പിടിക്കുന്നില്ല. മറ്റുള്ളവർക്ക് മുത്താൻ കാലുകൾ നീട്ടിക്കൊടുക്കുന്നില്ല.എന്നിട്ടും അവിടേയ്ക്ക് നാൾക്കുനാൾ ജാതി മത വർഗ്ഗഭേദമെന്യേ ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു.
എന്താണിതിന്റെ രഹസ്യം..?
മനുഷ്യചിന്തയ്ക്കതീതമായ കാര്യങ്ങൾ ലോകത്തിൽ സംഭവിക്കാറുണ്ട് എന്നത് സത്യം.എന്റെ ഒരു സുഹൃത്തിനു അബുദാബി യിൽ വെച്ചുണ്ടായ അനുഭവം അവൾ പറഞ്ഞത് എനിക്കോർമ്മയുണ്ട്. തികച്ചും അപ്രതീക്ഷിത മായ സന്ദർഭത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം അവൾക്ക് ലഭിച്ചു. ഒരിക്കലല്ല, രണ്ടു വട്ടം.സമാനമായ ഒരനുഭവം എനിക്കുമുണ്ടായി....ഒരു രാത്രി ആകാശ സൗന്ദര്യം നോക്കി നിന്ന എന്റെ കണ്ണിൽ ഗദ്സമനിൽ പ്രാർഥനാനിരതനായി മുട്ടു കുത്തി നില്ക്കുന്ന യേശു കൃസ്തുവിന്റെ രൂപം തെളിഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃ തിയോടെ ഞാൻ ഏറെ നേരം ആരൂപം നോക്കി നിന്നു. ആരോടും ഞാനത് പറഞ്ഞില്ല. എന്റെ വെറും തോന്നൽ എന്ന പരിഹാസം ഞാനെന്തിനു ചോദിച്ചു വാങ്ങണം...?എന്റേയും സുഹൃത്തിന്റെയുമൊക്കെ അനുഭവം തികച്ചും വ്യക്തിപരം ആയതിനാൽ തോന്നൽ അല്ല എന്ന് സ്ഥാപിക്കാൻ തെളിവൊന്നുംകൊടുക്കാനില്ല. എന്നാൽ ലോകത്തിന്റെ പലഭാഗത്തും ഇതുപോലുള്ള ദർശനങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതാണ്.അതും പറഞ്ഞറിവേ ഉള്ളു. ഇത് നമ്മുടെ നാട്ടിൽ ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും അനുഭവമുണ്ടാകുന്നു എന്നറിയുമ്പോൾ അത് വെറുതെ തോന്നലെന്നു കരുതി തള്ളിക്കളയാൻ കഴിയുമോ?എണ്ണ ഒഴുകുമ്പോഴും ഓമനച്ചേച്ചിക്ക് ദർശനം കിട്ടുമ്പോഴും നാട്ടുകാർക്ക്‌ കിട്ടുന്ന ശുദ്ധമായ എണ്ണയുടെയും മുല്ലപ്പൂവിന്റെയും സുഗന്ധങ്ങൾ വെറും തോന്നലുകൾ
മാത്രമോ ?
ഇത് എന്റെ സൃഷ്ടിയല്ല.സുഹൃത്തുക്കളിലേയ്ക്ക് ഈ അറിവ് എത്തിക്കാൻ ഞാൻ വെറുമൊരു നിമിത്തം മാത്രം. എനിക്കറിയാൻ കഴിയാത്ത കാര്യങ്ങൾ ഇനിയും ഇതിനിടയിൽ ഉണ്ടാകും.അനുഭവസ്ഥർ തീർച്ചയായും അത് വെളിപ്പെടുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാം.
ബളാൽ മാതാവ് എന്ന് അടിച്ച് സേർച്ച്‌ ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
.

വീഡിയോ യിൽ നേർക്കാഴ്ച്ചകളും.

Wednesday, December 9, 2015

ഗൃഹാതുരതയുടെ കുഴിയാനകൾ

ഗൃഹാതുരതയുടെ കുഴിയാനകൾ
********************************


   മഹാനഗരത്തിന്റെ അസ്വസ്ഥതകൾ ക്കിടയിലിരുന്ന്  ആറു  വയസ്സുകാരി മകൾക്ക്  അമ്മ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കഥകൾ ഗൃഹാതുരത്വത്തോടെ പറഞ്ഞു കൊടുത്തു.ജനിച്ചു വളർന്ന നഗരത്തിന്റെ തിക്കും തിരക്കും ഇഷ്ടപ്പെടുന്ന മകൾ.സെക്കണ്ട് സ്റ്റാൻഡേർഡിൽഎങ്കിലും ഹൈ ടെക് യുഗത്തിന്റെ വിജ്ഞാന വീഥിയിൽ സ്വയം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവൾ. അവളോട് മലയാളത്തിൽ സംസാരിക്കുകയും മലയാള നാടിന്റെ മഹത്ത്വം വർണ്ണിക്കുകയും ചെയ്യുമ്പോൾ താല്പ്പര്യത്തോടെയും അതിശയത്തോടെയും കേട്ടിരിക്കാൻ മകൾക്ക് ഇഷ്ടമാണ് .ആ ഇഷ്ടം  കാണുന്നതാകട്ടെ അമ്മയ്ക്ക് അളവറ്റ ആനന്ദവും.ഓരോന്ന് കേൾക്കുമ്പോഴും നൂറു നൂറു സംശയങ്ങൾ  അവൾക്കുണ്ടാകും. അടുത്ത അവധിക്ക്   നാട്ടിൽ പോകണം എന്നാ നിർബന്ധത്തോടെയാകും സംഭാഷണം അവസാനിക്കുക.
അങ്ങനെ പല അവധികൾ കഴിഞ്ഞിട്ടും അവളുടെ ആഗ്രഹം സഫലമായില്ലെന്നത് മറ്റൊരു സത്യം.

  അന്നത്തെ വിവരണം നാട്ടിൻ  പുറത്തെ വീടിന്റെ ചുറ്റും കാണുന്ന കുഴിയാനയെക്കുറിച്ചായിരുന്നു. കൂട്ടുകാരോടൊത്ത് കളിക്കുമ്പോൾ കുഴിയാനകളെ പിടിക്കുന്നതും കൈവെള്ളയിൽ വെച്ച് കളിപ്പി ക്കുന്നതും എല്ലാം കേട്ടിട്ടും പതിവിനു വിപരീതമായി ഒന്നും മിണ്ടാതെ കണ്ണു മിഴിച്ചിരിക്കുന്ന മകളോട് അമ്മ ചോദിച്ചു.
 "എന്തേ ....ഇന്ന് നിനക്ക് സംശയം ഒന്നുമില്ലേ..?"

അവളുടെ ആകാംക്ഷയും സംശയവും അത്ഭുതവും അമ്പരപ്പുമെല്ലാം ഒരു ചോദ്യത്തിൽ ഒതുങ്ങി.

"ഇത്രേം വലിയ എലിഫന്റ് ആരുംകാണാതെ കുഴിയിൽ ഒളിച്ചിരുന്നു വെന്നും അതിനെ കയ്യിലെടുത്ത് കളിപ്പിച്ചു എന്നുമൊക്കെ പറഞ്ഞത് സത്യമാണോ മമ്മ...?"

അതോ അവളെ പറ്റിക്കാൻ പറഞ്ഞതാണോ എന്ന സംശയം അവളുടെ മുഖത്ത് നിറഞ്ഞു നില്ക്കുന്നത് കണ്ട് മറുപടി പറയാൻ കഴിയാതെ ചിരിച്ചുമറിയുന്ന അമ്മയെ നോക്കി മകൾ അന്തം വിട്ടു നിന്നു.

Thursday, December 3, 2015

പരിണാമ കഥകൾ സൂചിപ്പിക്കുന്നത്


പരിണാമ കഥകൾ സൂചിപ്പിക്കുന്നത്

                          ***

എല്ലാവരും അമ്മേ എന്ന്  വിളിച്ചത്
ഒരേ ഒരാളെയാണ്
അച്ഛൻ വിളിച്ച വിളി മക്കളും
മരുമക്കളും ആവർത്തിച്ചു.
അപ്പോൾ പെറ്റമ്മയെ
വിളിക്കാൻ കുറച്ചുകൂടി
കൊഞ്ചലുള്ള  വിളി
സ്വീകരിച്ചു
 അമ്മച്ചി എന്ന്
പിന്നെ അമ്മ എന്ന വിളിക്ക്
ആവർത്തനം വരാതിരിക്കാൻ
മക്കളെ ശീലിപ്പിച്ചു
മറ്റൊരു സംബോധന
അമ്മയിൽ നിന്നും
അമ്മച്ചിയിൽ നിന്നും
പകർന്നു കിട്ടിയ
സ്നേഹംതന്നെയാണ്
മക്കളിലേയ്ക്കും
ചൊരിഞ്ഞത്....പക്ഷേ
ലോകം കൈവെള്ളയിൽ
ഒതുക്കിയ
ഇന്നിന്റെ മക്കൾ
നേടിയെടുത്ത അറിവുകളിൽ
അവർ കണ്ടെത്തി
ഒരു മൃതശരീരം
സ്വപ്നങ്ങളും വിചാരങ്ങളും
വികാരങ്ങളും ഇല്ലാത്ത
അലങ്കരിച്ചൊരുക്കി
കെട്ടി വാർത്ത
വെറും പിരമിഡ്
മമ്മി.

Monday, August 31, 2015

തീവ്രവാദി

തീവ്രവാദി

വെട്ടിയരിഞ്ഞീടണം ഒട്ടേറെത്തല,യെന്റെ-
പ്രജ്ഞയിൽ തീവ്രചിന്തയുരുകിത്തിളയ്ക്കുന്നു.
മാബലി പണ്ടുവാണ മാതൃകാനാടാണത്രെ
കള്ളവാക്കോതിയെന്നെ കൊതിപ്പിച്ചല്ലോ വൃഥാ.

സൗമ്യമായ് എൻ  ക്ഷോഭത്തെ അടക്കിനിർത്തി,കാന്തൻ 
പറഞ്ഞു ,"കൊണ്ടുവരാം, നിന്നാശ സാധിച്ചീടാം  ''
കാത്തു ഞാൻ നില്ക്കേ , തിരിച്ചെത്തിയെൻ കൈയിൽ, ഒരു 
പാക്കറ്റ് തന്ന് ചൊല്ലി "വെട്ടിയെറിയൂ  തല,

 
ബാക്കിയുള്ളത് വൃത്തിയാക്കി നീ നന്നായ്ക്കറി 
വെയ്ക്കുക, നല്ല പുഴ മൽസ്യമാണിത് പ്രിയേ "

Friday, July 31, 2015

സ്വരക്ഷ

                 നിറഞ്ഞുമുറ്റിയ കാടു വെട്ടിത്തെളിക്കാനാണ് പതിവ് ജോലിക്കാരിയായ മേരി മുതലാളിയുടെ പറമ്പിൽ എത്തിയത്.... ഒറ്റയ്ക്കെയുള്ളു .അല്പം പേടി തോന്നിയെങ്കിലും അത് കാര്യമാ ക്കാതെ നല്ല മൂർച്ചയുള്ള വാക്കത്തി കൊണ്ട് മുൾപ്പടർപ്പുകളും കുറ്റി ച്ചെടികളും വെട്ടി നിരത്തിക്കൊണ്ടിരുന്നു. പലപ്പോഴും പാമ്പും പഴുതാരയും മറ്റു ക്ഷുദ്രജീവികളുമൊക്കെ മേരിയെ നോട്ടമിട്ടിട്ടുള്ളതാ ണ്. പക്ഷെ മേരി അതൊന്നും കാര്യമാക്കാറില്ല. മുതലാളി പറഞ്ഞ ജോലി ആത്മാർത്ഥമായി ചെയ്യുക എന്നതാണ് മേരിയുടെ ലക്‌ഷ്യം.              
            അപ്പോഴതാ കുറ്റിക്കാട്ടിൽ നിന്നും ഓടിവന്ന ഒരു കുറുക്കൻ മേരിയുടെ നേരെ കുതിച്ചു ചാടി കയ്യിൽ ഒറ്റക്കടി. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പേടിച്ചു പോയ മേരി നിലവിളിയോടെ ശക്തി യിൽ കൈകുടഞ്ഞപ്പോൾ കുറുക്കൻ തെറിച്ചു ദൂരെ വീണു...എണീറ്റ്‌ നിന്ന കുറുക്കന്റെ വായിൽ നിന്നും നുരയും പതയും ഒഴുകുന്നുണ്ടായി രുന്നു. പേ കുറുക്കനാണെന്ന് തിരിച്ചറിഞ്ഞ മേരി ശരിക്കും അന്ധാ ളിച്ചു. ഉച്ചത്തിലുള്ള കരച്ചിലിനിടയിൽ കുറുക്കനെ ആട്ടിയോടി ക്കാൻ ശ്രമിച്ചെങ്കിലും കുറുക്കൻ അവരുടെ നേരെ വീണ്ടും കുതിച്ചെ ത്തി. കുറുക്കനും മേരിയും തമ്മിലുള്ള കടിപിടിക്കൊടുവിൽ തന്റെ കയ്യിലിരുന്ന മൂർച്ചയുള്ള വാക്കത്തികൊണ്ട് മേരി കുറുക്കന്റെ കഴു ത്തിനു തന്നെ പലതവണ വെട്ടി. കുറുക്കൻ ചത്തു. 
              നിലവിളികേട്ട് മുതലാളിയും മറ്റുള്ളവരും വരുമ്പോൾ കാ ണുന്നത് രക്തം ഒഴുകുന്ന കൈകളുമായി നിൽക്കുന്ന മേരിയേയും ചത്തുകിടക്കുന്ന കുറുക്കനെയും ആണ്. എല്ലാവരും കൂടി മേരിയുടെ മുറിവുകൾ കഴുകി വൃത്തിയാക്കി നേരെ ആസ്പത്രിയിലെത്തിച്ചു . പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് മേരിക്കു മാത്രമല്ല മുതലാ ളിക്കും കുടുംബത്തിനും കൂടി വേണ്ടി വന്നു...
   (ഇനി മേരിക്ക് വേറെ ശിക്ഷ ഉണ്ടാകുമോ എന്നറിയില്ല, വെട്ടിക്കൊല്ലുന്നതിനു പകരം കുറുക്കനെ പിടിച്ചു വന്ധ്യംകരണം നടത്താത്തതിന്)

Tuesday, July 7, 2015

പ്ലിംഗ്. പ്ലിംഗ്


             കഴിഞ്ഞ ദിവസം പുസ്തകസംബന്ധമായ ആവശ്യത്തിനായി ഞങ്ങൾ കണ്ണൂർ പോയി. പോയകാ ര്യം കഴിഞ്ഞപ്പോൾ സമയം ഒരു മണി. ഇനി ഭക്ഷണം കഴിച്ചിട്ടു പോകാം. ഞങ്ങൾ തീരുമാനിച്ചു .ഞങ്ങൾ സാധാരണ പോകുന്ന ഒരു ഹോട്ടലുണ്ട്. അവിടെയ്ക്ക് തന്നെ വെച്ച് പിടിച്ചു. 
                സാമാന്യം നല്ല തിരക്കുള്ള ഒരു കൊച്ചു ഹോട്ടൽ. ആളൊഴിയുന്നതിനനുസരിച്ചു ഓരോരുത്തർ ഭക്ഷണം കഴിക്കും .അല്പസമയത്തിനു ള്ളിൽ ഞങ്ങൾക്കും സീറ്റ് കിട്ടി. ഇലയിട്ടു ഭക്ഷണം വിളമ്പു ന്ന തിനിടയിൽ രണ്ടുപേർ ഞങ്ങളുടെ അരികിലൂടെ അകത്തേയ്ക്ക് വന്ന് കൈകഴുകാനായി വാഷ്‌ ബേസിനടു ത്തേയ്ക്ക് പോയി. പലരും അങ്ങനെ വന്നു പോയെങ്കിലും ഇവരെ ശ്രദ്ധിക്കാൻ പ്രത്യേ ക കാരണമുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അച്ഛനും മകളുമാണെന്നു മനസ്സിലാകും. പക്ഷെ മകളുടെ മുടിയെക്കാൾ നീണ്ടമുടിയാണ് അച്ഛനുള്ളത് . രണ്ടാളും അത് അഴിച്ചു വിടർത്തിയിട്ടിരിക്കുകയാണ്. കളറൊക്കെ തേച്ചു ഭംഗിയാക്കിയതെങ്കിലും അത് ചോറിൽ പാറി വീണാൽ പണിയാകു മല്ലോ എന്ന് പറഞ്ഞു ഞങ്ങൾ ചിരി അടക്കി..
              അച്ഛന്റെ വേഷം പാന്റ്സും ഷർട്ടുമാണ്. മോൾക്ക് ഒരു ത്രീ ഫോർത്ത് പാന്റ്സും ടീ ഷർട്ടും .ഞങ്ങൾ ഭക്ഷണം കഴിച്ചു തുടങ്ങിയതിൽ പിന്നെയാ ണ് അവർക്ക് കിട്ടിയത്.
പെട്ടെന്ന് തെല്ലു ഞടുക്കത്തോടെ, ആകാംക്ഷയോടെ, ഞങ്ങളാ കാഴ്ച കണ്ടു. ആ അച്ഛൻ ഏകദേശം പതിനേഴോ പതിനെട്ടോ വയസ്സു പ്രായമുള്ള മകൾക്ക് വാരിക്കൊടുക്കുന്നു. 

                    അയ്യോ... എന്തോ വൈകല്യം ഉള്ള മോളാണല്ലോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? പക്ഷെ കയ്യിൽ ഉള്ള മൊബൈ ലിൽ ചാറ്റ് തുടരുന്ന മകൾക്ക് പ്രകടമായ കുറവുകൾ ഒന്നും കണ്ടില്ല. എല്ലാവരുടെയും ശ്രദ്ധ അവരിലാ യിരുന്നു.പക്ഷെ അവരോ ...അവരുടെ മാത്രം ലോകത്തും.
                എന്നിലെ നിശ്ശബ്ദ വിപ്ലവകാരി ആളിക്കത്തി. ചെന്ന് അവരുടെ കാരണക്കുറ്റിക്കു ഒന്ന് പൊട്ടിക്കണം.ഇങ്ങനെയാണോടോ മക്കളെ വളർത്തണത് എന്ന് ചോദിച്ച് അച്ഛനിട്ടും, നാണം കെട്ടവളെ..എന്ന് വിളിച്ച് മോൾക്കിട്ടും..(അങ്ങനെ മനുഷ്യർക്ക് എന്തൊക്കെ മോഹങ്ങൾ അല്ലെ?)
ഞങ്ങൾ ഭക്ഷണം കഴിഞ്ഞ് കാശും കൊടുത്ത് ഇറങ്ങിപ്പോരാൻ നേരം ചന്ദ്രേട്ടനും പരിചയക്കാര നായ കാഷ്യറും എന്തോ സംസാരിക്കുന്നത് കണ്ട് ഞാൻ തിരിച്ചു ചെന്നു. ഇത്രയേ ഞാൻ കേട്ടുള്ളൂ.
"എന്തൊക്കെയോ ബിസിനസ്സുമായി നടക്കുന്ന ആളാ ...ഇത് സ്ഥിരം കാഴ്ചയാ.... ഓരോരോ ശീലങ്ങൾ ...അവനു അയാൾ പഠിപ്പിച്ചു കൊടുത്ത ഈ സ്വഭാവ വൈകല്യമല്ലാതെ മറ്റൊരു കുഴപ്പവുമില്ല...."
ഞാൻ ചന്ദ്രേട്ടനെ തോണ്ടി.
"മകനോ?''
ചിരിയോടെ ചന്ദ്രേട്ടൻ പറഞ്ഞു.
"അതെ...അത് പെണ്ണല്ല, ആണാ.അയാളുടെ മകൻ..."
(പ്ലിംഗ്)