Wednesday, April 19, 2017

മംഗളം ഭവന്തു !

 മംഗളം ഭവന്തു !

 "കല്യാണമല്ലേ ....നാലാളറിഞ്ഞു വേണം നടത്താൻ
ആഘോഷത്തിന് ഒരു കുറവും വരരുത്.
അലങ്കാരങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ.
നാട്ടാര് ഭ്രമിക്കണം.
നമ്മൾ ആഢ്യന്മാർ, അത് എപ്പോഴും ഓർമ്മയിൽ വേണം
പണം ഇല്ലെങ്കിൽ കടം വാങ്ങണം.
അടുത്ത ബന്ധുക്കളെ മാത്രമല്ല അകന്ന ബന്ധുക്കളെയും പോയിക്കണ്ടു ക്ഷണിക്കണം . നേരെത്തെകൂട്ടി പട്ടിക തയ്യാറാക്കണം. ആരും ഒഴിഞ്ഞു പോയി എന്ന പരിഭവം കേൾക്കാനിടവരുത്തരുത്.
വീട്ടുകാർക്കെല്ലാം വിലയേറിയ വസ്ത്രങ്ങൾ എടുക്കണം.
 പെണ്ണിനുള്ള കല്യാണസാരി അൻപതിനായിരത്തിൽ കുറഞ്ഞത് ചിന്തിക്കേണ്ട .
 താലിമാല 10 പവന്റെതായാലും മതി.
നാട്ടിലെ പ്രമാണിമാരെയും ആദരിക്കാൻ ഒട്ടും മടി കാണിക്കരുത്.
ദക്ഷിണ കൊടുക്കാൻ കുറച്ചധികം തുക കരുതി വെയ്ക്കണം.
നമ്മുടെ പ്രൗഢി കാക്കണമല്ലോ.
കിട്ടാവുന്നതിൽ  മുന്തിയ  ഓഡിറ്റോറിയം  തന്നെ ബുക്ക് ചെയ്യണം.
വേനല്ക്കാലമല്ലേ, ഏ സി നിർബന്ധം .
വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കണം.
ബുഫേ തന്നെ ആയിക്കോട്ടെ.
വരുന്നവർക്കും പോകുന്നവർക്കും വാഹനസൗകര്യം ഏർപ്പെടുത്തണം.
എത്ര ശ്രദ്ധിച്ചാലും എന്തെങ്കിലും കുറവുകൾ വരാം .
അതൊന്നും പ്രശ്നമാക്കേണ്ട.
പൊന്നിൽ പുളിശ്ശേരി വെച്ച് കൊടുത്താലും മുറുമുറുക്കാൻ ആളുണ്ടാകും.
അതൊക്കെ ഏതു കല്യാണത്തിനും സാധാരണമാണ്."
ചുറ്റിലുംനിന്നുയർന്ന താല്പര്യങ്ങൾ,
നിർദ്ദേശങ്ങൾ,
ഓർമ്മപ്പെടുത്തലുകൾ....
എല്ലാം കേട്ട  ന്യൂ ജെൻ ചെക്കൻ ചോദിച്ചു.
"ഇതിനെല്ലാം കൂടി ഏകദേശം എത്ര ചെലവ് വരും ?"
"ലക്ഷങ്ങൾ ...."
ചെക്കന്റെ കണ്ണിൽ പൊന്നീച്ച കുത്തി.
"എവിടെനിന്നുണ്ടാക്കും ?"
"അതൊന്നും പറഞ്ഞിട്ടുകാര്യമില്ല . അല്ലെങ്കിൽ നാട്ടുകാരെന്തു കരുതും നമ്മളെപ്പറ്റി. നമ്മുടെ അന്തസ്സ്...ആഭി ജാത്യം....കുലമഹിമ... !!"
"നാട്ടുകാരും വീട്ടുകാരും സഹായിക്കുമോ?"
"അയ്യേ...അത് നമ്മുടെ അന്തസ്സിനു ചേരുന്നതാണോ? ആരോടും ഒന്നും വാങ്ങാൻ പാടില്ല. നമ്മൾ തന്നെ എല്ലാം കാണണം . എന്തായാലും ബാങ്ക് ലോണിന് അപേക്ഷ കൊടുക്കണം."
"ആരു തിരിച്ചടയ്ക്കും?"
"നല്ല ജോലിയില്ലേ നിനക്ക് . നിന്റെ ശമ്പളത്തിൽ നിന്നും പിടിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണം. കുറച്ചൊക്കെ നീ കരുതിയിട്ടുണ്ടാകുമല്ലോ''
ചെക്കന്റെ ചിന്തകളിൽ കുരുക്കുകൾ മുറുകി.
ഒരു ജോലി കിട്ടി ജീവിതം ഒന്ന് പച്ചപിടിക്കുമെന്നു തോന്നിയപ്പോഴാണ് ഒരു കുടുംബത്തെപ്പറ്റി ചിന്തിച്ചത്.  പ്രായം കടന്നു പോകുന്നു. ഭാവിയെപ്പറ്റി ചില കണക്കു കൂട്ടലുകളൊക്കെ ഉണ്ട്. മനസ്സിനിണങ്ങിയ ഒരു പെൺകുട്ടിയെ കണ്ടെത്തുകകൂടി ചെയ്തപ്പോൾ സ്വസ്ഥമായ ഒരു കുടുംബജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾക്ക് നിറഭംഗി വർദ്ധിക്കുകയായിരുന്നു.
ഇനി എന്താ ചെയ്ക?
ചെക്കന്റെ ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി തുടുത്തു.
"നാലാളറിയണം എന്ന് നിർബന്ധമാണോ?"
"പിന്നല്ലാതെ ...!"
"ശരി ...എന്നാൽ അങ്ങനെ തന്നാകട്ടെ."
പിന്നെ താമസിച്ചില്ല. വേണ്ട ഏർപ്പാടുകൾ ചെയ്ത് അടുത്ത ദിവസം തന്നെ തന്റെ പെണ്ണിനേം കൂട്ടി വിവാഹം രജിസ്റ്റർ ചെയ്ത്  ഒരു കൊച്ചു കുടുംബം കരു പിടിപ്പിക്കാനുള്ള ആത്മ വിശ്വസ ത്തോടെ ചെക്കൻ ജീവിതത്തിലേക്ക് നടന്നു കയറി.
ഒരു നിമിഷം അമ്പരന്നു നിന്ന കാറ്റ് ചെവിയോട് ചെവി പകർന്ന്
 ഗ്രാമം കടന്ന്  നഗരം കടന്ന്  രാജ്യം കടന്ന്  ലോകം മുഴുവൻ ചുറ്റി ..
അങ്ങനെ...അങ്ങനെ ...അങ്ങനെ...No comments: