Sunday, March 25, 2012

പൂവും മുള്ളും


പൂവും മുള്ളും 
 
പനിനീർ മലർ തന്ന്
നീയെന്നെയാഹ്ലാദത്തിൻ
ഗിരിശൃംഗത്തിൽ കേറ്റി -
യിരുത്തി കനിവോടെ.
എത്ര സുന്ദരമീപ്പൂ....
എത്ര സുഖദ ഗന്ധം...
എനിക്കായ്  തന്ന പൂക്കൾ-
ക്കൊക്കെയും നന്ദി.... നന്ദി....

അറിഞ്ഞതില്ലെ ,നെഞ്ചിൽ
തറഞ്ഞമുള്ളാൽ,,നിണം-
പടർന്നൊഴുകി, പനീർ -
പ്പൂവിന്നു വർണമേറി .

ഭംഗിയേറിയ പൂവിൻ
പിന്നിലുണ്ടല്ലൊ,കൂർത്ത-
മുള്ളുകൾ, ലോകതത്വം
എന്നുമോർമ്മിച്ചീടുവാൻ.

സത്യമാണീ മുൾ കളാ-
ലെൻ ഹൃദ് നിണമൊഴുക്കിൽ
മുക്കിയല്ലാതെ പണ്ടേ
തന്നതില്ലൊരു പൂവും.

എന്തിനെന്നു ഞാൻ നിന്നോ-
ടാരായുന്നതേയില്ല,
തന്നിടുന്നല്ലൊ പൂവും
മുള്ളുകൾക്കിടയിലും.



Monday, March 19, 2012

സാമീപ്യം


സാമീപ്യം 

കാഞ്ചനക്കൂട്ടിലിരുന്ന് നീ കുറുകുന്നത് ഞാൻ അറിയുന്നു
നിന്റെ ശബ്ദത്തിലെ നൊമ്പരം
നിന്റെ നെഞ്ചിലെ പിടയൽ...
ഒക്കെയും എനിക്കനുഭവിക്കാൻ കഴിയുന്നു.
മോണിട്ടറിൽ തെളിയുന്ന നിന്റെ രൂപം തൊട്ട്             
നിന്റെ സാമീപ്യവും എനിക്കറിയാൻ പറ്റുന്നുണ്ട്.
നിന്റെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ
ഓടിവന്ന് കെട്ടിപ്പിടിച്ച്, പരാതിയും പരിഭവവും
ആവശ്യങ്ങളും എന്റെ ചെവിയിൽ പട്ടികയായി നിരത്തുന്ന
നിന്റെ ബാല്യ കൌമാരങ്ങളാണെന്റെ ഓർമ്മയിൽ
ന്റെ ഒപ്പമായിരുന്നതിനേക്കാൾ നൂറിരട്ടിയായി
ഇന്നു നിന്നെ ഞാൻ ഓർക്കുന്നു,
നിന്നോടു സംസാരിക്കുന്നു.
നിന്നെഞാൻ സ്നേഹിക്കുന്നു..
എന്റെ മുന്നിലെ നേർത്ത തിരശ്ശീലയ്ക്കപ്പുറം നീയുണ്ട്.
എന്റെ കാതിൽ സ്പർശിക്കുന്ന പതുപതുത്ത പഞ്ഞിക്കുള്ളിൽ
നിന്റെ സ്വരമുണ്ട്.
നീ അകലെയല്ല ,നമ്മൾക്കിടയിൽ ദൂരമില്ല.
നീ ഒറ്റയ്ക്കുമല്ല;
എപ്പൊഴും നിന്നോടൊപ്പം
ഞങ്ങളും ഉണ്ടല്ലൊ. 
 പ്രവാസികളായ എല്ലാ മക്കള്‍ക്കുമായി ഈ കവിത സമര്‍പ്പിച്ചിരിക്കുന്നു.

Monday, March 5, 2012

വിഭ്രാന്തികള്‍
***************

അറിയാമെനി,ക്കങ്ങുണ്ടാദിത്യന്‍ 
ആകാശത്തി,ലമ്പിളി ക്കീറും,പിന്നെ
താരകക്കുഞ്ഞുങ്ങളും ,
നീറുമീ,മീനച്ചൂടില്‍ തേടിടും കുളിര്‍നീരും.
കൈകളിലൊതുക്കുവാന്‍
നേരമിന്നധികമായ് .
      ആരുമറിയാത്തോരീ  വീഥിയില്‍ ജ്വലിക്കുമീ-
തീക്കനല്‍ തണുപ്പിക്കാന്‍ പോന്നിടും വിരല്‍സ്പര്‍ശം,
 ഏറിടും പ്രണയത്തീത്തിരതന്‍  വേലിയേറ്റം ,
എങ്ങനെ കരേറുമെന്നറിയാതുഴറുന്നു ....?!

   ഏറുമങ്ങുച്ചസ്ഥമായ്,തിരിച്ചോരിറക്കത്തിന്‍
ഊക്കി,ലെങ്ങെവിടെയ്ക്കീ  യാത്രയെന്നറിവീല.

പാതിയടഞ്ഞ മിഴി ജാലകം തുറക്കുവാന്‍
ആരോരാള്‍ പ്രണയപ്പൂച്ചാവിയുമായി വരും ...?
ലാവപോല്‍ ഉറഞ്ഞോരെന്‍  ഹൃത്തിതില്‍ നിന്നും കുളിര്‍
നീരുറവൊഴുക്കുവാന്‍   എത്തുമോ പ്രിയനവന്‍...?
                ********************