Friday, March 7, 2008

സ്വപ്ന സൗധം

ഈ  നിശീഥിനി തന്‍ പൊൻ തുരുത്തിലിരു-
ന്നേകയായ് ഞാൻ മെനഞ്ഞിന്നൊരുമാളിക
എന്‍റെ സ്വപ്നങ്ങളാം സേവകര്‍ കാത്തിടും
സ്വര്‍ഗ്ഗീയ ശാന്തി തുളുമ്പിടും  മന്ദിരം
നിത്യ നിശ്ശബ്ദത കട്ടപിടിച്ചതാ-
ണിത്തറവാട്ടിന്നകത്തളമൊക്കെയും
ഏകാന്തതയുടെ സാമ്രാജ്യമിന്നിതി-
ലില്ലൊരു നേര്‍ത്ത ചിലമ്പിന്റെ നാദവും 
ഇവിടെയില്ലകിടില്‍ വിഷപ്പാല്‍ ചുരത്തുന്ന
ധേനുവും ,ധേനുവിന്‍ ഓമല്‍ക്കിടാങ്ങളും
വര്‍ണഭേദങ്ങളാല്‍ സീമതിരിച്ചങ്ങുയരെ-
പ്പറക്കും കൊടിതോരണങ്ങളും
ഏതോ ചുവന്ന തെരുവിന്‍റെ സന്തതി
നാട്ടില്‍വിതച്ച പുഴുത്ത സന്മാര്‍ഗ്ഗവും
ഇവിടെങ്ങുമില്ല സുഗന്ധം പരത്തുന്ന
പാലയും ദാഹാര്‍ദ്രയായൊരു യക്ഷിയും
ഇല്ലിവിടുത്സവച്ചന്തയിലെ വില-
പേശലും തിക്കും തിരക്കും സ്വരങ്ങളും
ഈ നിമിഷങ്ങളെ പേടിപ്പെടുത്തുവാന്‍
കാലന്‍പരുന്തിന്‍ ചിറകടിയൊച്ചയും.
ഏകാന്ത സ്വപ്നത്തിന്‍ മാധുര്യമേറ്റുവാന്‍
പ്രാണനിലാനന്ദ ദീപം തെളിക്കുവാന്‍
ഒന്നുമാത്രം മതി നിന്‍റെ സ്നേഹം സഖേ
വന്നീടുകീ,സ്വപ്നസൗധത്തിലേയ്ക്കുനീ.