Tuesday, July 19, 2011

ദുരിത യാത്ര


ഡല്‍ഹി യാത്ര കഴിഞ്ഞ്‌ വളരെ പ്രതീക്ഷയോടെയാണ് ജൂലായ്‌ 7 ന് മുംബൈയിലേക്ക് പുറപ്പെട്ടത്.അവിടെ ജൂലായ്‌ പത്തിന് ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കണം എന്നതായിരുന്നു പ്രധാനപരിപാടി.അതിനു ശേഷം ഒരു മുംബൈ ദര്‍ശനം .....കഴിഞ്ഞതവണ മുംബൈയില്‍ ഒരു ഓട്ട പ്രദിക്ഷണം നടത്തിയിരുന്നെങ്കിലും ഒന്നും വേണ്ട വിധത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല അതിന്റെ കുറവ് പരിഹരിച്ച് ഇപ്രാവശ്യത്തെ യാത്ര ഗംഭീരമാക്കണമെന്ന് കരുതി വേണ്ടത്ര തയ്യാറെടുപ്പുകള്‍ പോകും മുന്‍പേ ചെയ്തിരുന്നു.

ജൂലായ്‌ പത്തിനുള്ള പരിപാടി ഗംഭീരമായി നടന്നു.

പക്ഷെ പിറ്റേന്ന് മഴ മുംബൈ ദര്‍ശന്‍ യാത്ര മുടക്കി.മഴയില്ലെങ്കില്‍ യാത്ര വ്യാഴാഴ്ച എന്ന് ഉറപ്പിച്ചു.

അടുത്ത ദിവസം പൂനയില്‍ ഒരു ബന്ധുവിനെ കാണാന്‍ പോയി.പൂനയിലേയ്ക്കുള്ള എക്സ്പ്രസ് ഹൈവേയും പ്രകൃതി ദൃശ്യങ്ങളും ചെറു മഴയിലും ആഹ്ലാദകരമായിരുന്നു













പോയത് ബസ്സിലും തിരിച്ചു പോന്നത് ട്രെയിനിലും ആണ്.
താനയില്‍ ആയിരുന്നു ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത് .
എന്നാല്‍ ഞങ്ങള്‍ സഞ്ചരിച്ച ലാസ്റ്റ് ബോഗി പ്ലാറ്റ് ഫോമിനു പുറത്താണ് നിന്നതെന്നതിനാല്‍ താനയിലെത്തിയ കാര്യം ഞങ്ങളറിഞ്ഞില്ല.
സംശയം തോന്നി ബോഗിയുടെ മുന്‍ വാതിലിലെത്തി നോക്കുമ്പോഴാണ് കാര്യം വ്യക്തമായത്.

അപ്പെഴെയ്ക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു.
വരും വരായ്കകളെപ്പറ്റി ചിന്തിക്കാന്‍ നേരം ഉണ്ടായില്ല.
മുന്‍പില്‍ നിന്ന ഞാന്‍ ആദ്യം ചാടിയിറങ്ങി. അകലേയ്ക്ക് ഓടി മാറണം എന്നാണ് ആഗ്രഹിച്ചെങ്കിലും വണ്ടി എന്നെ വല്ലാതെ ആകര്‍ഷിച്ചു പിടിച്ചടിപ്പിക്കുന്നു എന്നാണ് തോന്നിയത്.എന്തായാലും പിന്നാലെ ചാടിയിറങ്ങിയ എന്റെ രക്ഷകന്റെ കൈകള്‍ എന്നെ വണ്ടിക്കു വിട്ടു കൊടുക്കാന്‍ തയ്യാറായില്ല.അപ്പോഴൊന്നും തോന്നിയില്ലെങ്കിലും എല്ലാരും ആ നിമിഷത്തിന്റെ ഭീകരതയെപ്പറ്റി ഉത്ക്കണ്‍ഠ
പ്പെട്ടപ്പോള്‍ ശരിക്കും പേടിച്ചു പോയി.

അടുത്ത ദിവസവും പുറത്ത്‌ പോകാനുള്ള സൗകര്യം കിട്ടിയില്ല.അന്നായിരുന്നു മുംബൈയെ വിറപ്പിച്ച ബോംബു സ്ഫോടനം
.അതിന്റെ പരിണിത ഫലമായി മുംബൈദര്‍ശന്‍ പ്ലാനും ക്യാന്‍സല്‍ ആയി. മാത്രമല്ല അന്ന് പെരുമഴയും ആയിരുന്നു.

അന്ന് ഞങ്ങളുടെ സുഹൃത്തിന്റെ രണ്ട്‌ ബന്ധുക്കള്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ നേത്രാവതിക്ക് ടിക്കറ്റെടുത്തിരുന്നു.അവര്‍ സ്റ്റേഷനിലെക്ക് വരാന്‍ ഏര്‍പ്പാടാക്കിയ ടാക്സി മഴകാരണം വരില്ലെന്ന് അറിയിച്ചു അതിനാല്‍ കിട്ടിയ ബസ്സില്‍ അവര്‍ സ്റ്റേഷനിലെ യ്ക്ക് പുറപ്പെട്ടു.

പക്ഷെ റോഡില്‍ വെള്ളം നിറഞ്ഞതിനാല്‍ ബസ്സ്‌ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ വഴിയില്‍ ആയി.അവര്‍ക്ക് ട്രെയിനില്‍ പോകാനായില്ല എന്നുമാത്രമല്ല ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുള്ള സൌകര്യവും കിട്ടിയില്ല മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വെള്ളം ഇറങ്ങാതെ വന്നതിനാല്‍ അവര്‍ ലഗ്ഗേജുകളും ചുമന്നു അരയൊപ്പം വെള്ളത്തിലൂടെ കിലോമീറ്ററുകള്‍ നടന്നു എങ്ങനൊക്കയോ സുഹൃത്തിന്റെ വീട്ടില്‍ തിരിച്ചെത്തി.

മഴ ഞങ്ങളുടെ യാത്രയും അവതാളത്തില്‍ ആക്കുമോയെന്ന വിഭ്രാന്തിയിലായി ഞങ്ങള്‍.ശനിയാഴ്ച ഉച്ചയ്ക്ക് കുര്‍ളയില്‍ നിന്നെത്തുന്ന നേത്രാവതിഎക്സ്പ്രസ്സില്‍ തന്നെയാണ് ഞങ്ങള്‍ക്കും മടങ്ങേണ്ടത്.എന്നാല്‍ വെള്ളിയാഴ്ച മഴ പെയ്യാതിരുന്നത് ഞങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍ ശനിയാഴ്ച രാവിലെ അന്തരീക്ഷം വല്ലാതെ മൂടിക്കെട്ടി ക്കിടന്നു.ഇടയ്ക്കിടെ ശക്തമല്ലാത്ത മഴയും ഉണ്ടായി.എങ്കിലും നേരത്തെ ഇറങ്ങിയതിനാല്‍ കുഴപ്പമൊന്നും കൂടാതെ പതിനൊന്നു മണിയായപ്പോഴെയ്ക്കും ഞങ്ങള്‍ താന സ്റ്റേഷനില്‍ എത്തി അപ്പോഴേയ്ക്കും മഴയും തുടങ്ങി.

കൃത്യ സമയത്തുതന്നെ ട്രെയിന്‍ വന്നു.ലഗ്ഗെജുകളുമായി ഞങ്ങള്‍ കയറി .സീറ്റിലും താഴെയുമൊക്കെ ചെളിയും വെള്ളവും...
വെള്ളമി
ല്ലാത്ത സ്ഥലം നോക്കി ലഗ്ഗെജുകള്‍ ഒതുക്കിവച്ചു.
ഞങ്ങളുടെ മടക്കയാത്ര തുടങ്ങി
കൂപ്പയിലെ മറ്റു യാത്രക്കാരെ പരിചയപ്പെട്ടു.

വരുമ്പോള്‍ കരുതിയിരുന്ന ഉച്ചഭക്ഷണം കഴിച്ചു .
ആശ്വാസത്തോടെ കിനാവുകള്‍ കണ്ടു.
പതിനെട്ടു മണിക്കൂര്‍ മതി നേത്രാവതി കണ്ണൂരെത്താന്‍ .മഴക്കാലമായതിനാല്‍ യാത്രാസമയം രണ്ടുമണിക്കൂര്‍ അധികമാക്കിയതുകൊണ്ട് ഇരുപതു മണിക്കൂര്‍ വേണം.എങ്ങനെ ആയാലും നാളെ പത്തുമണിക്ക് മുന്‍പ് വീട്ടിലെത്താം.

ഷട്ടര്‍ ഇട്ടിരുന്നതിനാല്‍ പുറം കാഴ്ചകള്‍ സാധ്യമായില്ല .കുറെ നേരം വെറുതെ ഇരുന്നു പിന്നെ കിടന്നു ...ഉറങ്ങിയും ഉണര്‍ന്നും സമയം കടന്നുപോയി.

രാത്രി എട്ട് മണിയായപ്പോള്‍ ഏതോ സ്റ്റേഷനില്‍ വണ്ടി നിന്നു.രാത്രി ഭക്ഷണവും കഴിഞ്ഞ്‌ എല്ലാവരും ഉറക്കത്തിനുള്ള ഒരുക്കത്തിലായി.വണ്ടി പുറപ്പെട്ടിട്ട് ആകാം ഉറക്കം എന്ന് കരുതിയവര്‍
വലഞ്ഞു ഒന്‍പതു മണിയായിട്ടും വണ്ടി പോകുന്നില്ല.
പത്തു മണി...പതിനൊന്നുമണി... പന്ത്രണ്ടുമണി.....
മുറു മുറു പ്പുകള്‍ക്കിടയില്‍ വീണ്ടും വണ്ടി ഓട്ടം തുടങ്ങി ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു ശേഷം ഏതോ സ്റ്റേഷനില്‍ വണ്ടി നില്‍ക്കുമ്പോഴേയ്ക്കും അധികം പേരും നല്ല ഉറക്കത്തിലായിരുന്നു.

നാട്ടിലെത്താന്‍ ഇനി രണ്ട്‌ മൂന്ന് മണിക്കൂറുകള്‍ മതിയല്ലോ എന്ന സമാധാനത്തോടെയാണ് ഉണര്‍ന്നത്.
അപ്പോഴാണ് അറിയുന്നത് ,രണ്ട്‌ മണിക്ക് ശേഷം വണ്ടി അനങ്ങിയിട്ടെയില്ല.
പാളത്തില്‍   മണ്ണിടിഞ്ഞു വീണു കിടക്കുന്നു.
മണ്ണ് മാറ്റല്‍ തുടരുകയാണ്.
എട്ടുമണി ആകുമ്പോഴേയ്ക്കും വണ്ടി പുറപ്പെട്ടെക്കും ....
അത് പ്രതീക്ഷമാത്രം .
അത് പത്തുമണി എന്നായി
പന്ത്രണ്ടു മണി എന്നായി.
മണ്ണ് മാത്രമല്ല പാറയും ഇടിഞ്ഞു വീണു എന്ന സൂചനകള്‍ കിട്ടി.

മണ്ണും പാറയും നീക്കുന്തോറും പിന്നെയും പിന്നെയും വീണുകൊണ്ടിരിക്കുന്നു
മാത്രമല്ല പാറ വീണ് പാളം
വളഞ്ഞെന്നും അത് മാറ്റുകയാണ് എന്നും അറിഞ്ഞു.

അതിന്റെ രൂക്ഷത അറിയാഞ്ഞിട്ടാകാം യാത്രക്കാരുടെ ക്ഷമ അറ്റു.ചിലര്‍ സ്റ്റേഷന്‍ മാസ്റ്ററും ആയി കലഹിച്ചു.
അയാളെന്തു ചെയ്യാന്‍ .ബഹളം മൂത്തപ്പോള്‍ വണ്ടി പുറപ്പെടാന്‍ അയാള്‍ സിഗ്നല്‍ കൊടുത്തു.

അരമണിക്കൂര്‍......

അടുത്ത സ്റ്റേഷന്‍ വരെ .
വണ്ടി വീണ്ടും അവിടെനിന്നു .ഇനി രണ്ട്‌ മണിക്ക് യാത്രതുടരുമെന്ന അറിയിപ്പ് .രണ്ടര....മൂന്ന്‌....മൂന്നര
നാല്....വീണ്ടും ഇങ്ക്വിലാബ് മുഴങ്ങി...ഒച്ച.... ബഹളം ...

ധാരാളം പോലീസുകാര്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നു.

ചാനലുകാര്‍ എത്തി...അവര്‍ക്ക് ചുറ്റും കൂട്ടം കൂടിനിന്ന്
യാത്രക്കാര്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
ഭക്ഷണത്തിന് മാത്രം കുറവില്ല.പഴം പൊരിയും വടയും ധാരാളം .

എന്നാല്‍ കൈകഴുകാന്‍ വെള്ളമില്ല
വെള്ളമില്ലാതെ കക്കൂസുകള്‍ ദുര്‍ഗന്ധപൂരിതമായി.
അപ്പോള്‍ അറിയിപ്പുകിട്ടി.ബസ്സില്‍ ഷിഫ്റ്റ് ചെയ്യാന്‍ യാത്രക്കാര്‍ തയ്യാറാകണമെന്ന്
ലെഗ്ഗേജുകളും കെട്ടിപ്പെറുക്കി ഇറങ്ങി...
ഏറെനേരം ആയിട്ടും ബസില്ല . റോഡില്‍ വെള്ളം കൂടിയതിനാല്‍ ബസ് വരില്ലെന്ന് ...
ബഹളം വര്ധിച്ചപ്പോഴെയ്ക്കും മൂന്ന്‌ നാല് ബസ്സുകള്‍ എത്തി .എല്ലാരും വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോഴെയ്ക്കും  പിന്നെയും അറിയിപ്പ് അതേ ട്രെയിനില്‍ തന്നെ യാത്രക്കാര്‍ കയറണം എന്നും വണ്ടി ഉടന്‍ പുറപ്പെടുന്നതാണ്‌ എന്നും .

ഭാരമേറിയ ലഗ്ഗേജുകളും ചുമന്നു തിരികെ വണ്ടിയിലേയ്ക്ക് നനഞ്ഞു കുളിച്ച്.

സമയം അഞ്ചര .....
കൂക്കിവിളിയോടെ നേത്രാവതി പിന്നെയും ഓടിത്തുടങ്ങി ....കടന്നു പോരുമ്പോള്‍ കണ്ടു പ്രശ്ന ബാധിത സ്ഥലം...
രണ്ട്‌ ജെ സി ബി ...പാറകള്‍ മുറിച്ചു മാറ്റാനുള്ള മെഷ്യനുകള്‍....പത്തിരുപതു ജോലിക്കാര്‍ ....വീണുകിടക്കുന്ന വലിയ പാറ....മാറ്റി ഇട്ടിരിക്കുന്ന മണ്കൂനകള്‍
കമ്പി മതില്‍ തകര്‍ന്നു കിടക്കുന്നു ...ഇനിയും തീര്‍ന്നില്ല ഇപ്പോള്‍ വീഴും എന്ന മട്ടില്‍ തൂങ്ങി നില്‍ക്കുന്ന പാറക്കല്ലുകള്‍....
നേത്രാവതിക്ക് മുന്‍പേ പോയ ഹാപ്പ എക്സ്പ്രസ് കടന്നു നിമിഷങ്ങള്‍ക്കകമാണ് മണ്ണിടിഞ്ഞതും വലിയ പാറ വീണതും ...

ഭൂമിയറിയാതെയെന്ന വിധം ട്രെയിന്‍ മെല്ലെ പ്രശ്ന സ്ഥലം കടന്നു ..

കടന്നുപോരുമ്പോള്‍ ഞങ്ങളെപ്പോലെ കുടുങ്ങിക്കിടന്ന പല വണ്ടികളും കണ്ടു.
ഞങ്ങളുടെ പിന്നാലെ പുറപ്പെട്ട വണ്ടികളും ഇതേപോലെ കാത്തുകെട്ടി കിടക്കുകയായിരുന്നില്ലേ...?ഭക്ഷണസൌകര്യം ഇല്ലാത്ത വണ്ടികളും അക്കൂട്ടത്തില്‍ ഉണ്ടായിരിക്കില്ലേ...?എന്തായാലും ജീവിതത്തില്‍ ഇങ്ങനൊരനുഭവം ആദ്യം.
അനുഭവം.....! അതും വേണമല്ലോ .
പിന്നീട് അനിഷ്ട സംഭവങ്ങള്‍ ഏതുമില്ലാതെ ഞങ്ങള്‍ ഒരു ദിവസം വൈകി വീട്ടിലെത്തി.









വീഴാന്‍ മുട്ടി നില്‍ക്കുന്ന പാറക്കഷണങ്ങള്‍





വീണ് കിടക്കുന്ന പാറ


.തിരുവനന്തപുരം -കുര്‍ള നേത്രാവതി എക്സ്പ്രസ്.(ട്രെയിനില്‍ നിന്നുള്ള ദൃശ്യം )