Monday, December 14, 2015

വിശ്വസിക്കാനാകുമോ?



"ആരുമില്ലേ ഇവിടെ..."
മുറ്റത്തുനിന്ന് ഒരു സ്ത്രീ ശബ്ദം. അതിനു മറുപടിയായി അകത്തുനിന്നും നാട്ടുകാർ ഓമനച്ചേച്ചി എന്ന് വിളിക്കുന്ന സ്ത്രീയുടെ ദീനസ്വരം കേട്ടു .
"ആരാത്? ഇങ്ങു കേറി വന്നോളൂ. എനിക്ക് എണീക്കാൻ വയ്യാതെ കിടക്കുകയാ"
ആഗത ഉള്ളിലേയ്ക്ക് കയറിച്ചെന്നു. കട്ടിലിൽ തളർന്നുകിടക്കുന്ന ഓമനച്ചേച്ചിയുടെ അരികിലെത്തി ആർദ്രതയോടെ ചോദിച്ചു.
"എന്താ പറ്റിയത്?..
" വയ്യ ..രണ്ടുകാലിനും വേദനയാ...കുറെനാളായി തുടങ്ങീട്ട് ...."
"ഒറ്റയ്ക്കാണോ? അപ്പോൾ ആരും സഹായത്തിനില്ലാതെ എങ്ങനെയാ..കാര്യങ്ങൾ നടക്കുന്നത്?"
" മോളുണ്ടായിരുന്നു അവളെ കെട്ടിച്ചു വിട്ടു. ദൂരെയാ...അവൾക്കിവിടെ വന്നു നില്ക്കാൻ പറ്റില്ലല്ലോ. അയൽക്കാർ നല്ലവരാ.... അവർ വരും...ലേശം വെള്ളം അനത്തിത്തരുന്നത് അവരാ..."
"ഇപ്പോഴും കാലിനു വേദനയുണ്ടോ?"
"ഉണ്ട്...കുറെ ചികിത്സിച്ചതാ..ഒരു കുറവുമില്ല. ഇപ്പം വേദനയൊക്കെ ഒരു ശീലമായി....പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ ഒക്കെ സഹിക്കാൻ കഴിയുന്നുണ്ട് .."
"കാലിനും കൈക്കുമൊക്കെ നല്ല നീരുണ്ടല്ലോ .ഒരു കാര്യം ചെയ്യാം..ഇവിടെ എണ്ണയോ കുഴമ്പോ ഇരുപ്പുണ്ടേൽ എടുത്തു തന്നാൽ ഞാനൊന്നു തടവിത്തരാം."
അവരുടെ വാക്കുകളിലെ സൗമ്യത ഓമനച്ചേച്ചിക്ക് സാന്ത്വനമായി.
"എവിടെയോ കുറച്ചിരിപ്പുണ്ട്.എവിടെയാണോ...ആവോ"
"ഞാൻ നോക്കാം."
അവർ ജനലരികിലിരുന്ന ഒരു കുപ്പി കണ്ടെടുത്തു.
"ഇതല്ലേ...ഇതിൽ അല്പം ഉണ്ടല്ലോ "
ഒരു ചെറിയകുപ്പിയുടെ അടിയിൽ പേരിനുമാത്രം എണ്ണ
"ഒന്നെഴുന്നേറ്റിരിക്കൂ ...ഞാൻ പിടിക്കാം."
ആസ്ത്രീയുടെ കൈത്താങ്ങിൽ ഓമനച്ചേച്ചി എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
അവർ ഓമനച്ചേച്ചിയുടെ കാലുകളിൽ മെല്ലെ എണ്ണ പുരട്ടിത്തടവി....
പിന്നെ കൈപിടിച്ച് എഴുന്നേല്പ്പിച്ചു നിർത്തി. ഓമനച്ചേച്ചി ആഗതയെ നോക്കി നിറഞ്ഞമിഴികളോടെ കൈകൂപ്പി.
"ആശ്വാസം തോന്നുന്നുണ്ടോ?"
മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.നന്ദിയോടെ അവരുടെ മുന്നിൽ തൊഴുതു നില്ക്കാനേ ഓമനച്ചേച്ചിക്ക് കഴിഞ്ഞുള്ളൂ.
മെല്ലെ അവരുടെ തോളിൽ രണ്ടുപ്രാവശ്യം തട്ടി ആ സ്ത്രീ പറഞ്ഞു.
"ഒക്കെ ശരിയാകും. എനിക്ക് അല്പം വെള്ളം തരാമോ ..?"
ഓമനച്ചേച്ചി സന്തോഷത്തോടെ ഒട്ടും പ്രയാസം കൂടാതെ നടന്ന് അകത്തുപോയി ഒരു ഗ്ലാസ് വെള്ളവുമായി തിരിച്ചു വന്നു. പക്ഷേ വെള്ളം ചോദിച്ചയാൾ അവിടുണ്ടായിരുന്നില്ല.അവിടെയെല്ലാം ഓടിനടന്നു പരതിയിട്ടും വന്ന സ്ത്രീയെ കാണാൻ ഓമനച്ചേച്ചിക്കു കഴിഞ്ഞില്ല...അവർ അമ്പരന്നു. നിത്യവും കൈകൂപ്പി പ്രാർഥിക്കുന്ന പരിശുദ്ധമാതാവിന്റെ കൊച്ചുരൂപത്തിൽ നോക്കി അവർ നെഞ്ചിൽ കൈവെച്ച് ഉറക്കെ വിളിച്ചു..
"എന്റെ മാതാവേ .."
അമ്പരപ്പ് കൂട്ടിയ മറ്റൊരു കാഴ്ചയാണ് അവരപ്പോൾ കണ്ടത്.
മാതാവിന്റെ രൂപത്തിൽ എണ്ണ പുരണ്ടിരിക്കുന്നു. മാത്രമല്ല അല്പം മാത്രം എണ്ണ അവശേഷിച്ചിരുന്ന ആ കൊച്ചുകുപ്പിയിൽ എണ്ണ  നിറഞ്ഞ്നില്ക്കുന്നു.
ഇത് കൃത്യം ഒരു വർഷം മുമ്പ് നടന്നതാണ്. ഇതിന്റെ തുടർക്കഥ ചെറിയ കാര്യമല്ല.
അന്ന് നിറഞ്ഞ ആ കുപ്പി പിന്നെ ഒഴിഞ്ഞിട്ടില്ല.എത്രയെടുത്താലും തീരാത്ത അക്ഷയപാത്രമായി ഇന്നും ഓമനച്ചേച്ചിയുടെ വീട്ടിലെ ആ കുപ്പിയിൽ നിന്നും എണ്ണ ഒഴുകുകയാണ്. പ്രത്യേകിച്ചും ബുധൻ,ശനി ദിവസങ്ങളിൽ. ഓമനച്ചേച്ചി വീട്ടിൽ ഉള്ളപ്പോൾ മാത്രമേ അത് സംഭവിക്കുന്നുള്ളു എന്നതും ശ്രദ്ധേയം. ഇത് തട്ടിപ്പാണെന്ന് വിധിച്ചവരും എണ്ണ ഒഴിക്കുന്നവരെ കണ്ടുപിടിക്കാൻ ഒളിച്ചു കാത്തിരുന്നവരും ഒട്ടേറെ .പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും വെല്ലുവിളിച്ച് ഇന്ന് കാസർകോട് ജില്ലയിലെ ബളാൽ എന്ന ഗ്രാമം ഒരു തീർഥാടനകേന്ദ്രമായി മാറുകയാണ്. എത്ര പേർ ചെന്നാലും അവർക്ക് ബളാൽ മാതാവിനോട് പ്രാർഥിക്കാം ..അവരുടെ ആവശ്യങ്ങൾ സാധിച്ചുതരുവാൻ അപേക്ഷിക്കാം. രണ്ട് സ്പൂണ്‍ എണ്ണ വാങ്ങി തിരികെപ്പോരാം.
കൂടുതൽ വേദനഅനുഭവിക്കുന്നവരുടെ തലയിൽ കൈവെച്ച് ഓമനച്ചേച്ചി പ്രാർഥിക്കാറുണ്ട്.അപ്പോൾ അവർക്ക് മാതാവിന്റെ അനുഗ്രഹം ലഭിക്കുന്നതിന് നാട്ടുകാരും സാക്ഷികൾ. ആ വേദന ഏറ്റു വാങ്ങിയതു പോലെ ഓമനച്ചേച്ചിയുടെ ശരീരത്തിൽ ചിലപ്പോൾ അഞ്ചു തിരുമുറിവുകൾ പ്രത്യക്ഷപ്പെടും അല്ലെങ്കിൽ ചാട്ടവാറടിയുടെ പാടുകൾ തെളിയും .പിന്നെ കുറെ നേരത്തേയ്ക്ക് ഓമനച്ചേച്ചി അവശയായിരിക്കും.
രോഗശാന്തി ലഭിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഓമനച്ചേച്ചിയുടെ ജീവിതത്തിനു വഴിത്തിരിവായ ആ അത്ഭുത സന്ദർശന ത്തിന് ശേഷം അവരുടെ രോഗം നിശേഷം മാറി. എങ്കിലും സാധാരണക്കാരിൽ സാധാരണക്കാരിയായിത്തന്നെ അവർ ബളാലിൽ ജീവിക്കുന്നു.ആരും അവരെ ദൈവമായി വണങ്ങുന്നില്ല. നേർച്ച കാഴ്ചകൾ അർപ്പിക്കുന്നില്ല.അവരും ആരെയും കെട്ടിപ്പിടിക്കുന്നില്ല. മറ്റുള്ളവർക്ക് മുത്താൻ കാലുകൾ നീട്ടിക്കൊടുക്കുന്നില്ല.എന്നിട്ടും അവിടേയ്ക്ക് നാൾക്കുനാൾ ജാതി മത വർഗ്ഗഭേദമെന്യേ ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു.
എന്താണിതിന്റെ രഹസ്യം..?
മനുഷ്യചിന്തയ്ക്കതീതമായ കാര്യങ്ങൾ ലോകത്തിൽ സംഭവിക്കാറുണ്ട് എന്നത് സത്യം.എന്റെ ഒരു സുഹൃത്തിനു അബുദാബി യിൽ വെച്ചുണ്ടായ അനുഭവം അവൾ പറഞ്ഞത് എനിക്കോർമ്മയുണ്ട്. തികച്ചും അപ്രതീക്ഷിത മായ സന്ദർഭത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം അവൾക്ക് ലഭിച്ചു. ഒരിക്കലല്ല, രണ്ടു വട്ടം.സമാനമായ ഒരനുഭവം എനിക്കുമുണ്ടായി....ഒരു രാത്രി ആകാശ സൗന്ദര്യം നോക്കി നിന്ന എന്റെ കണ്ണിൽ ഗദ്സമനിൽ പ്രാർഥനാനിരതനായി മുട്ടു കുത്തി നില്ക്കുന്ന യേശു കൃസ്തുവിന്റെ രൂപം തെളിഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത നിർവൃ തിയോടെ ഞാൻ ഏറെ നേരം ആരൂപം നോക്കി നിന്നു. ആരോടും ഞാനത് പറഞ്ഞില്ല. എന്റെ വെറും തോന്നൽ എന്ന പരിഹാസം ഞാനെന്തിനു ചോദിച്ചു വാങ്ങണം...?എന്റേയും സുഹൃത്തിന്റെയുമൊക്കെ അനുഭവം തികച്ചും വ്യക്തിപരം ആയതിനാൽ തോന്നൽ അല്ല എന്ന് സ്ഥാപിക്കാൻ തെളിവൊന്നുംകൊടുക്കാനില്ല. എന്നാൽ ലോകത്തിന്റെ പലഭാഗത്തും ഇതുപോലുള്ള ദർശനങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതാണ്.അതും പറഞ്ഞറിവേ ഉള്ളു. ഇത് നമ്മുടെ നാട്ടിൽ ഒരു ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും അനുഭവമുണ്ടാകുന്നു എന്നറിയുമ്പോൾ അത് വെറുതെ തോന്നലെന്നു കരുതി തള്ളിക്കളയാൻ കഴിയുമോ?എണ്ണ ഒഴുകുമ്പോഴും ഓമനച്ചേച്ചിക്ക് ദർശനം കിട്ടുമ്പോഴും നാട്ടുകാർക്ക്‌ കിട്ടുന്ന ശുദ്ധമായ എണ്ണയുടെയും മുല്ലപ്പൂവിന്റെയും സുഗന്ധങ്ങൾ വെറും തോന്നലുകൾ
മാത്രമോ ?
ഇത് എന്റെ സൃഷ്ടിയല്ല.സുഹൃത്തുക്കളിലേയ്ക്ക് ഈ അറിവ് എത്തിക്കാൻ ഞാൻ വെറുമൊരു നിമിത്തം മാത്രം. എനിക്കറിയാൻ കഴിയാത്ത കാര്യങ്ങൾ ഇനിയും ഇതിനിടയിൽ ഉണ്ടാകും.അനുഭവസ്ഥർ തീർച്ചയായും അത് വെളിപ്പെടുത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കൂടുതൽ കാര്യങ്ങൾ നിങ്ങൾക്ക് അന്വേഷിക്കാം.
ബളാൽ മാതാവ് എന്ന് അടിച്ച് സേർച്ച്‌ ചെയ്‌താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും
.

വീഡിയോ യിൽ നേർക്കാഴ്ച്ചകളും.

No comments: