Thursday, December 5, 2013

മേധാവി




ആരുനീ എൻ സ്വത്ത് തട്ടിപ്പറിക്കുവാൻ
ആരെൻ സിംഹാസനം കയ്യടക്കീടുവാൻ
മിണ്ടാതെ പോകുക പോകും വഴിക്ക് നിൻ
കാൽപ്പാടുകൾ പോലും ശേഷമാക്കീടാതെ

അമ്മ,സഹോദരി ,ഭാര്യ ,മരുമകൾ 
ചേടിവേലയ്ക്കായി വന്ന പരിചാരിക
ആരാണ് നീയെന്നതോർക്കുന്നതില്ല ഞാൻ
ആരായാലുമെനിക്കില്ലൊരു പ്രശ്നവും 


ഞാനാണധികാരി എന്നുടെ തീർച്ചകൾ
കല്ലിൽ രചിച്ച ലിഖിതമെന്നോർക്കുക.
എന്റെ സഹായം നിനക്കുവേണെങ്കിൽ നീ
നിന്റെ ഇഷ്ടങ്ങളിന്നെല്ലാമടക്കുക 


ആർത്തി കാണിച്ചെന്നെ കോപിഷ്ടനാക്കാതെ
ആദരവോടെ നീ  എന്നും നമിക്കുക
പോയ്ക്കൊൾക ഞാൻ വഴികാണിച്ചു തന്നതി-
ന്നപ്പുറമിപ്പുറം തെറ്റാതെ കൃത്യമായ് 



എൻ  പേരിൽ  കേമത്തം കാട്ടാതിരിക്കുക
എന്റെയിഷ്ടങ്ങളതുപോൽ പാലിക്കുക.
എന്റെ സ്വത്തുക്കളിൽ കണ്ണുവച്ചീടാതെ
ഞാൻ തരും ഭിക്ഷ നീ കൈ നീട്ടി വാങ്ങുക 


ദൈവമാണെന്ന് ഭാവിക്കാതെ ശാന്തമായ്
ദൈവനാമം ജപിച്ചങ്ങു കഴിയുക
സ്വന്തം  വിചാരവികാരങ്ങളൊക്കെയും
സ്വന്തം മടിശ്ശീലയ്ക്കുള്ളിലൊതുക്കുക.


മൌനമാണെപ്പോഴും നല്ലതെന്നോർക്കുക
മൌനം വെടിഞ്ഞാൽ വരും ശിക്ഷയേൽക്കുക
കിട്ടാക്കനിക്കായി വാശിപിടിക്കാതെ
കിട്ടുന്നതിൽ തൃപ്തയായി നീ മേവുക....

***           ***               ***               ***

Monday, November 4, 2013

നവലോകം




അമ്മയാണത്രേ  അമ്മ
പറയാൻ നാണം തോന്നു-
ന്നെന്തൊരു പേക്കോലമീ
തള്ളതൻ രൂപം കാണാൻ


പെറ്റു വളർത്തിയത്രെ -
യിത്ര ഗർവെന്തിനതിൽ
ഏതൊരു പെണ്ണും ചെയ്യും
ജോലി താനല്ലോയിത്


പകരം വേണം    കൂലി
എന്നവകാശപ്പെടാൻ
കമ്പനി കരാർ ജോലി
ഏൽപ്പിച്ച്‌ ചെയ്യിച്ചതോ?

വയസ്സായ് ഒരുമൂലയ്-
ക്കിരുന്നാൽ മതി, നക്കാൻ
കൊടുക്കാമെന്നാലില്ല
അനുസരണ ലേശം

അലഞ്ഞു തിരിഞ്ഞാലെ
കിഴവി തൃപ്തയാകൂ
കഴുത്ത് ഞെരിച്ചങ്ങു
കൊന്നാലോ എന്നേ തോന്നൂ

കൃത്യമായ് മൂന്നു നേരം
ഭക്ഷണം കൊടുത്താലും
മെച്ചമാം വിഭവങ്ങൾ
കട്ടുതിന്നിടും നാശം

ഭാര്യവീട്ടുകാർ ,വമ്പർ ,
വരുമ്പോൾ പേക്കോലമീ,
ഉമ്മറപ്പടി തന്നിൽ
ഇരിക്കും ദുശ്ശകുനം

എങ്ങനെ  സഹിക്കുമീ
മാരണം,  വൃത്തിയെന്ന -
തയൽപക്കത്ത് കൂടി
പോയതേയില്ല കഷ്ടം

രോഗമാണെങ്കിൽ കൂടെ
യുണ്ട് കൂടോടെ ,കണ്ണിൽ
തിമിരം ,കാതിൽ വെടി  -
യൊച്ചയും മൃദുഗീതം

എണ്ണ ,കുഴമ്പ് ,കൂട്ടു -
കഷായവുമുണ്ടേറെ
നീക്കിവയ്ക്കേണ്ടും തുക
ഒട്ടുമേ കുറവല്ല

വീട്ടുകാരി, യെൻഭാര്യ
യോഗ്യയാണവൾ പണം 
നോക്കിയേ ചെലവാക്കൂ,
ജന്മസൗഭാഗ്യം തന്നെ   

കുതിച്ചു പായും പുതു -
തലമുറയ്ക്ക്  വിഘ്നം
കിടപ്പൂ ശാപം പോലീ -
 മുടന്തൻ കുതിരകൾ

നടപ്പിൽ വരുത്തണം
നിയമം ,ജീവിതത്തിൽ
നിന്ന്,വിരമിക്കുവാൻ
കൃത്യമായ്  ഒരു പ്രായം

അപ്പോഴുണ്ടാകും ചുറു
ചുറുക്കുള്ളോരു ലോകം
പുതുരക്തത്തിൻ ശക്തി
സ്രോതസ്സാം നവലോകം .

Saturday, September 14, 2013

വീണ്ടും ഒരോണം



 

ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍
‍സാന്ത്വനഗീതവുമായ്‌
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?

പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
‍പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍

‍കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
‍കൂട്ടരോടൊത്തു തുള്ളാന്‍
‍എത്തിയതാണോ നിങ്ങള്‍...?

ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
‍കോരനെ നീറ്റീടുമ്പോള്‍
‍കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍

‍മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...?

ഓണസങ്കല്‍പ്പമെല്ലാം
മേളകളായിടുമ്പോൾ
‍ഓണക്കളികള്‍ തെരു -
ക്കൂത്തായി മാറിടുമ്പോൾ

‍പണ്ട് തിളങ്ങിയോ-
രോണ  നിലാവിന്റെ
ഓര്‍മ്മയിൽ മുങ്ങീടുവാൻ
‍എത്തിയതാണോ നിങ്ങള്‍...?

ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
‍പൊന്‍ വയലേലകളില്‍
‍ചെന്നിണം വാര്‍ന്നീടുമ്പോള്‍

നാണം മറന്നൊരീ
നാടിന്റെ പൊയ്മുഖം
കണ്ടു രസിച്ചീടുവാന്‍
‍എത്തിയതാണോ നിങ്ങള്‍...???

Tuesday, September 10, 2013

കുമ്പിളിൽ തന്നെ കഞ്ഞി



അത്തം പോയതറിഞ്ഞീല
തത്തകൾ തത്തിനടന്നീല
തുമ്പപ്പൂക്കൾ വിരിഞ്ഞീല,പൂ-
ത്തുമ്പികൾ പാറി രസിച്ചീല 


കുഞ്ഞുങ്ങൾ പൂക്കൂടയുമായ്‌
പൂവേ പൊലി പൊലി  പാടീല്ല.
വയലുകൾ ആടയണിഞ്ഞീല പൂ-
വാടിയലംകൃതമായീല 

ഓണത്തപ്പനെ വരവേൽക്കാൻ
പൂക്കളമെങ്ങും കണ്ടീല
ഓണനിലാവ്‌ തെളിഞ്ഞീല,നൽ 
ഓണസദ്യയൊരുങ്ങീല 


പൂവെയിൽ പുഞ്ചിരി തൂകീല്ല
മുകിലുകൾ വേദിയൊഴിഞ്ഞീല
എന്നിട്ടെന്തേ  കഞ്ഞിക്കായ്, ഈ
കോരൻ കുമ്പിൾ  നീട്ടുന്നു ...?

Tuesday, September 3, 2013

ഓർമ്മയിലെ ഓണം



പൊന്നോണമെന്നോർമ്മയിൽ
പൂവിളിച്ചുണരുന്നു
വീശുമീ പ്പൂങ്കാറ്റിലും 
പൂമണം നിറയുന്നു 

മനസ്സിനുള്ളിൽ കാലം 
പൂക്കളമിടും  നേരം
പൂനുള്ളാൻ പോയില്ലെന്നാൽ 
പൂവിരൽ നൊന്തീടുന്നു.

ഓർമ്മയിൽ  തിളങ്ങുന്നെൻ 
നിറവിൻ  പൂക്കൂടയും 
കൂട്ടുകാർക്കൊപ്പം കൊട്ടി
പ്പാടിയ പാട്ടുകളും 

നീല സാഗരം പോലെ
കാക്കപ്പൂ നിറഞ്ഞോരാ 
കാറ്റാടി മേട്ടിൽ ച്ചാടി 
ക്കളിച്ചു തിമിർത്തതും.

പൂപൊലി പൊലി യെന്ന-
ങ്ങാരവം മുഴക്കിയാ-
തോടുകൾ വയലുകൾ
ഒക്കെയും താണ്ടിയതും


മുറ്റത്തും തൊടിയിലും 
തുമ്പകൾ ചിരിച്ചതും
മന്ദാരം മദമോടെ
തുമ്പിയോടിടഞ്ഞതും

കൂമ്പാള പ്പൊതികളിൽ 
പൂക്കൾ  പങ്കു വച്ചതും
ചെത്തിപ്പൂ കുറഞ്ഞെന്ന് 
പറഞ്ഞ് കരഞ്ഞതും 

ഒത്തിരിപ്പൂ ചൊരിഞ്ഞെൻ  
പൂക്കൂട നിറച്ചവൻ 
മറ്റാരും കാണാതെന്റെ 
മിഴിനീർ   തുടച്ചതും

പൂക്കളം ,ഊഞ്ഞാൽ,സദ്യ 
പുത്തനുടുപ്പിൻ മണം
ഒക്കെയെൻ ബാല്യത്തിന്റെ
സ്വത്തായിരുന്നു സത്യം

തിളക്കം മങ്ങാത്തൊരാ 
സ്മരണപ്പൂക്കൾ നിത്യം
ഒരുക്കി വയ്ക്കുന്നോണ 
പൂക്കളും പൊന്നോണവും 

ചാരുത തുളുമ്പുമാ 
പൂക്കളം കാണാൻ എന്നോ 
മാബലി വരുന്നതും 
പാർത്തു ഞാനിരിക്കുന്നു.

പൊന്നോണം പൊൻപൂക്കളം
പൂത്തുമ്പി  പൂക്കൂടകൾ
പണ്ടെന്നോ ഞാൻ കണ്ടൊരു 
പേക്കിനാവായിരുന്നോ...?

                   ***********