ശ്രാന്തമാമെന്‍ ഹൃത്തിലേയ്ക്കോമല്‍
സാന്ത്വനഗീതവുമായ്
വന്നതെങ്ങെങ്ങുനിന്നോ
പൊന്നോണത്തുമ്പികളേ...?
പാട്ടുമറന്നവീണ,
പാഴ്ശ്രുതി മീട്ടിടുമ്പോള്‍
പാണനെത്തേടിത്തേടി
പൊന്‍ തുടി തേങ്ങീടുമ്പോള്‍
കേട്ടു മറന്നൊരാ
പാട്ടിന്റെ താളത്തില്‍
കൂട്ടരോടൊത്തു തുള്ളാന്‍
എത്തിയതാണോ നിങ്ങള്‍...?
ഓണത്തിന്‍ പാഴ്ക്കിനാക്കള്‍
കോരനെ നീറ്റീടുമ്പോള്‍
കോരന്റെ കുമ്പിളിന്നും
ശുന്യത പേറീടുമ്പോള്‍
മാബലി വാണൊരാ
നല്ലകാലത്തിന്റെ
ഓര്‍മ്മയുണര്‍ത്തീടുവാന്‍
എത്തിയതാണോ നിങ്ങള്‍...?
ഓണസങ്കല്‍പ്പമെല്ലാം
മേളകളായിടുമ്പോൾ
ഓണക്കളികള്‍ തെരു -
ക്കൂത്തായി മാറിടുമ്പോൾ
പണ്ട് തിളങ്ങിയോ-
രോണ നിലാവിന്റെ
ഓര്‍മ്മയിൽ മുങ്ങീടുവാൻ
എത്തിയതാണോ നിങ്ങള്‍...?
ചിങ്ങപ്പുലരി നിറം
മങ്ങിത്തെളിഞ്ഞീടുമ്പോള്‍
പൊന്‍ വയലേലകളില്‍
ചെന്നിണം വാര്‍ന്നീടുമ്പോള്‍
നാണം മറന്നൊരീ
നാടിന്റെ പൊയ്മുഖം
കണ്ടു രസിച്ചീടുവാന്‍
എത്തിയതാണോ നിങ്ങള്‍...???
2 comments:
ഞാനും എത്താൻ ഇത്തിരി വൈകി ...
നന്നായി എഴുതി .. വീണ്ടു വരാം ഇത് വഴി .
സസ്നേഹം ,
ആഷിക് തിരൂർ
ചോദ്യങ്ങളുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ നന്നായിരിക്കുന്നു. ആശംസകള്‍
Post a Comment